പഞ്ചായത്തീരാജ് മന്ത്രാലയം
ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളിലുടനീളം ഡിജിറ്റൽ അടിസ്ഥാന സൗകര്യ വർദ്ധനവിനായി ദാൻവീർ പദ്ധതിക്ക് തുടക്കമായി
പോസ്റ്റഡ് ഓണ്‍:
29 JUL 2026 7:55PM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള ഗ്രാമപഞ്ചായത്തുകളുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പൗര പങ്കാളിത്ത സംരംഭമായ ദാൻവീർ, കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ് ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തുകളിലെ കമ്പ്യൂട്ടർ വിടവ് നികത്താൻ മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ദീർഘകാലാടിസ്ഥാനത്തിൽ പൗരാധികാരമുള്ള ഒരു ആവാസവ്യവസ്ഥയായി പരിണമിക്കുന്നതിനും രൂപകൽപ്പന ചെയ്ത ഒന്നാണ് ദാൻവീർ. ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകൾക്കായി കണ്ടെത്തപ്പെട്ട സാങ്കേതിക, അടിസ്ഥാനസൗകര്യ ആവശ്യങ്ങളിലേക്ക് സംഭാവന നൽകാൻ പൗരന്മാരെയും സംഘടനകളെയും സഹായിക്കുന്ന സുതാര്യവും, പൂർണ്ണമായും ഡിജിറ്റലായതും, പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കുന്നതുമായ ഒരു പ്ലാറ്റ്‌ഫോമാണിത്. തദ്ദേശീയ തലത്തിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനായി സുതാര്യവും, ബാധ്യതയുള്ളതും, സുഗമവുമായ ഒരു സംവിധാനം നൽകിക്കൊണ്ട്, സമൂഹത്തിലെ സേവനമനോഭാവത്തിന് ഈ പദ്ധതി ഒരു ഔദ്യോഗിക രൂപം നൽകുന്നു. പഞ്ചായത്തി രാജ് മന്ത്രാലയത്തിന്റെ ഈ സംരംഭം നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററുമായും ഡിജിഹാട്ടുമായും സഹകരിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്.
ഓരോ ഗ്രാമപഞ്ചായത്തും ഡിജിറ്റൽ സൗകര്യങ്ങളുള്ളതും, കണക്റ്റിവിറ്റിയുള്ളതും, ഭാവിയെ നേരിടാൻ സജ്ജവുമാണെന്ന് ഉറപ്പാക്കുന്നതിലൂടെ, 'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ദാൻവീർ എന്ന് സംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട്, ശ്രീ വിവേക് ഭരദ്വാജ് പറഞ്ഞു. ലോകമെമ്പാടുമുള്ള പൗരന്മാർക്ക് തങ്ങളുടെ ജന്മനാടിൻ്റെ വികസനത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകിക്കൊണ്ട് തങ്ങളുടെ വേരുകളുമായി വീണ്ടും ബന്ധപ്പെടാനുള്ള ഒരു അവസരം ഈ പദ്ധതി നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനതലത്തിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിവർത്തനാത്മക പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഒരു ഗ്രാമപഞ്ചായത്തിലെ കമ്പ്യൂട്ടർ ഇനി വെറുമൊരു റെക്കോർഡ് സൂക്ഷിപ്പ് ഉപകരണം മാത്രമല്ലെന്നും; മറിച്ച് അത് വേഗത്തിലുള്ള സേവന വിതരണത്തിനും, മികച്ച സുതാര്യതയ്ക്കും, മെച്ചപ്പെട്ട ഭരണത്തിനും വഴിതെളിക്കുന്ന ഒന്നാണെന്നും നിരീക്ഷിച്ചു. ദാൻവീറിനെ വെറുമൊരു സംഭാവനയായി കാണരുത്, മറിച്ച് തദ്ദേശ സ്വയംഭരണം ശക്തിപ്പെടുത്തുന്നതിലും ഡിജിറ്റൽ ഇന്ത്യയുടെ ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിലും പൗരന്മാരെയും സ്ഥാപനങ്ങളെയും സജീവ പങ്കാളികളാകാൻ പ്രാപ്തരാക്കുന്ന പങ്കാളിത്തത്തിനുള്ള ഒരു വേദിയായി കാണണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആന്ധ്രാപ്രദേശിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഈ ചടങ്ങിൽ പങ്കെടുത്ത സംസ്ഥാന ഉദ്യോഗസ്ഥർ ഈ സംരംഭത്തെ പ്രശംസിക്കുകയും, കമ്പ്യൂട്ടറുകൾ സംഭാവന നൽകി ഗ്രാമപഞ്ചായത്തുകളെ പിന്തുണയ്ക്കാൻ തങ്ങളുടെ സംസ്ഥാനങ്ങളിലെ നിരവധി പൗരന്മാരും ജീവകാരുണ്യ പ്രവർത്തകരും ഇതിനകം തന്നെ വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. പഞ്ചായത്ത് തലത്തിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് രാജ്യത്തെ പൊതുജനസേവന വിതരണത്തിൻ്റെ കാര്യക്ഷമതയും സുതാര്യതയും പ്രാപ്യതയും ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീമതി മുക്ത ശേഖർ; ജോയിന്റ് സെക്രട്ടറി ശ്രീമതി പാൽക്ക സാഹ്നി; ഡയറക്ടർ ശ്രീ വിപുൽ ഉജ്ജ്വൽ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള സംസ്ഥാന പഞ്ചായത്തിരാജ് വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ദാൻവീറിനെ കുറിച്ച്
ഇന്ത്യയുടെ ദീർഘകാല സന്നദ്ധസംഭാവനാ പാരമ്പര്യത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ദാൻവീർ, വിശ്വാസ്യത, സുതാര്യത, സുഗമമായ പങ്കാളിത്തം എന്നിവ വർദ്ധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയായുള്ള ഒരു സ്ഥാപനപരമായ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മുൻകാല സന്നദ്ധ സംഭാവന മാതൃകകളുടെ അനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഈ സംരംഭം പരിശോധിച്ച് ഉറപ്പുവരുത്തിയ സ്ഥാപനപരമായ ആവശ്യങ്ങൾ, മാനദണ്ഡമാക്കിയ സംഭാവനാ ഓപ്ഷനുകൾ, പൂർണ്ണമായ ഡിജിറ്റൽ ട്രാക്കിംഗ്, നേരിട്ടുള്ള വിതരണം എന്നിവ ഉൾപ്പെടുത്തുന്നു. അതിലൂടെ പൊതുസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ പൗരന്മാർക്ക് പങ്കാളികളാകാൻ സാധിക്കുന്ന വിശ്വസനീയവും മാനദണ്ഡമാക്കിയതുമായ ഒരു സംവിധാനം ഇത് സൃഷ്ടിക്കുന്നു. "നിങ്ങളുടെ ഗ്രാമത്തിന് തിരികെ നൽകുക" എന്ന ആപ്തവാക്യം പേറുന്ന ദാൻവീർ പൂർണ്ണമായും സന്നദ്ധ അടിസ്ഥാനത്തിലുള്ള ഒന്നാണ്. 'മേരി പഞ്ചായത്ത്' മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ദാൻവീർ , വ്യക്തികളെയും സ്ഥാപനങ്ങളെയും യോഗ്യരായ ഗ്രാമപഞ്ചായത്തുകളിലേക്ക് നേരിട്ട് നിലവാരമുള്ളതും ഗുണമേന്മയുള്ളതുമായ കമ്പ്യൂട്ടർ ബണ്ടിലുകൾ സംഭാവന ചെയ്യാൻ പ്രാപ്തരാക്കുന്നു. ഈ പദ്ധതി 'മേരി പഞ്ചായത്ത്' ആപ്പിനെ 'ഡിജിഹാട്ട്' മാർക്കറ്റ് പ്ലേസുമായി സംയോജിപ്പിക്കുന്നു. ഇത് സംസ്ഥാന അടിസ്ഥാനത്തിലുള്ള സാങ്കേതിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി മുൻകൂട്ടി അംഗീകരിച്ച കമ്പ്യൂട്ടർ ബണ്ടിലുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ ദാതാക്കളെ സഹായിക്കുന്നു. വിതരണ വിവരങ്ങൾ സ്വയം പൂരിപ്പിക്കപ്പെടുന്നതിനാൽ അധിക പേപ്പർവർക്കുകളുടെ ആവശ്യം വരുന്നില്ല. ദാതാക്കൾക്ക് തങ്ങളുടെ സംഭാവന അയക്കുന്നത് മുതൽ ഇൻസ്റ്റാലേഷൻ വരെ ട്രാക്ക് ചെയ്യാനും അവരുടെ പിന്തുണയ്ക്കുള്ള അംഗീകാരമായി ഡിജിറ്റൽ പ്രശംസാപത്രം സ്വീകരിക്കാനും സാധിക്കും. യോഗ്യരായ ഗ്രാമപഞ്ചായത്തുകളുടെ പട്ടികയും സംഭാവന നൽകുന്ന പ്രക്രിയയും ഉൾപ്പെടെയുള്ള ഈ സംരംഭത്തിൻ്റെ വിശദാംശങ്ങൾ മേരി പഞ്ചായത്ത് ആപ്പിലൂടെ ലഭ്യമാണ്.
ഇന്ത്യയിൽ രണ്ടര ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളുണ്ട്. ഇവയാണ് താഴെത്തട്ടിലുള്ള ജനാധിപത്യത്തിന്റെയും പ്രാദേശിക സേവന വിതരണത്തിന്റെയും അടിത്തറ. ഇ-ഗ്രാം സ്വരാജ്, മേരി പഞ്ചായത്ത്, സഭാ സാർ, ഓഡിറ്റ് ഓൺലൈൻ, ഗ്രാം മഞ്ചിത്ര തുടങ്ങിയ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടുന്ന കേന്ദ്ര മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഭരണ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് 'ദാൻവീർ' രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകൾ പരിഹരിക്കാനും, ഓരോ ഗ്രാമപഞ്ചായത്തിനും പൗരകേന്ദ്രീകൃത സേവനങ്ങൾ വേഗത്തിലും സുതാര്യമായും നൽകാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. സ്വന്തം ഗ്രാമങ്ങളിൽ നിന്ന് മാറി താമസിക്കുന്ന പൗരന്മാർക്കും വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിനും , തങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ വികസനത്തിനായി സംഭാവനകൾ നൽകാൻ വിശ്വസനീയവും സുതാര്യവുമായ ഒരു സംവിധാനം ഈ പദ്ധതി നൽകുന്നു. 'ദാൻവീർ' എന്ന ഈ സംരംഭത്തിലൂടെ, ഗ്രാമീണ മേഖലയിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പങ്കാളികളാകാനും, അത് വഴി ഡിജിറ്റലി ശാക്തീകരിക്കപ്പെട്ടതും സ്വയംപര്യാപ്തവുമായ ഒരു ഗ്രാമീണ ഭാരതം കെട്ടിപ്പടുക്കുന്നതിലേക്ക് അർത്ഥപൂർണ്ണമായി സംഭാവന നൽകാനും പൗരന്മാർക്ക് സാധിക്കും.


***
( റിലീസ് ഐ.ഡി: 2291517)
സന്ദര്‍ശക കൗണ്ടര്‍ : 35