രാജ്യരക്ഷാ മന്ത്രാലയം
ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ സൈന്യം പൂർണ്ണജ്ജമെന്ന് കാർഗിൽ വിജയ് ദിവസ് 2026ൻ്റെ തലേന്ന് രാജ്യരക്ഷ മന്ത്രി വ്യക്തമാക്കി
प्रविष्टि तिथि:
25 JUL 2026 9:10PM by PIB Thiruvananthpuram
"ശത്രുവിൻ്റെ ലക്ഷ്യങ്ങൾ മാറ്റവുമില്ലാതെ തുടരുകയും നിഴൽ യുദ്ധങ്ങൾ, നുഴഞ്ഞുകയറ്റം തുടങ്ങിയ കുതന്ത്രങ്ങൾ സദാ പ്രയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ" ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ സൈന്യം പൂർണ്ണജ്ജമാണെന്ന് കാർഗിൽ വിജയ് ദിവസ് 2026 ൻ്റെ തലേന്ന്(ജൂലൈ25,2026) ദ്രാസിൽ നടന്ന അനുസ്മരണ പരിപാടിയിൽ രാജ്യരക്ഷ മന്ത്രി ശ്രീ.രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. 1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരജവാന്മാർക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. അത്യന്തം കഠിനമായ സാഹചര്യങ്ങളിൽ അവർ പ്രകടിപ്പിച്ച ധൈര്യവും ദൃഢനിശ്ചയവും ദേശസ്‌നേഹവും സൈന്യത്തെയും രാജ്യത്തെയും ഇന്നും പ്രചോദിപ്പിക്കുന്നതായി രാജ്യരക്ഷ മന്ത്രി പറഞ്ഞു.

ഇന്ത്യൻ സായുധ സേനയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് രാജ്യരക്ഷ മന്ത്രി ശ്രീ.രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. ധീരരായ സൈനികരുടെ ദേശസ്‌നേഹവും ദൃഢനിശ്ചയവും അചഞ്ചലമായി തുടരുന്നിടത്തോളം, ഒരു ശത്രുവും രാജ്യത്തെ ദുഷ്ടലാക്കോടെ വീക്ഷിക്കാൻ ധൈര്യപ്പെടില്ലെന്ന് ശ്രീ. രാജ്‌നാഥ് സിംഗ് പറഞ്ഞു. സായുധ സേനയുടെ ധൈര്യവും സമർപ്പണവും ഓരോ ഇന്ത്യക്കാരനും സുരക്ഷിതത്വബോധം നൽകുന്നുവെന്നും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കാർഗിൽ യുദ്ധവിജയത്തിൽ ഇന്ത്യ അഭിമാനിക്കുന്നുണ്ടെങ്കിലും സുരക്ഷാ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന കാര്യം രാജ്യം ഓർമ്മിക്കണമെന്ന് ബാരഖാനയിലെ സൈനികരുമായി സംവദിക്കവേ, രാജ്യരക്ഷ മന്ത്രി പറഞ്ഞു. സൈനികരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെൻ്റിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. സൈനികർക്ക് നൂതന ആയുധങ്ങൾ, ആധുനിക ഉപകരണങ്ങൾ, ലോകോത്തര പരിശീലനം എന്നിവ നൽകിക്കൊണ്ട് ആധുനികവൽക്കരിക്കുന്നതിനായി ഗവണ്‍മെൻ്റ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്ന പ്രതിരോധ സേനയെ ശ്രീ. രാജ്‌നാഥ് സിംഗ് അഭനന്ദിച്ചു, ഇന്ത്യൻ സൈനികരുടെ ധീരതയുടെയും പ്രതിബദ്ധതയുടെയും ഗാഥകൾ ദേശീയതലത്തിൽ മാത്രമല്ല, ആഗോളതലത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. "ഈ നൂറ്റാണ്ട് നമ്മുടേതാണ്; ഭാവി നമ്മുടേതാണ്. സ്വാശ്രയത്വത്തിലേക്കുള്ള നമ്മുടെ മുന്നേറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ, വരും കാലങ്ങളിൽ നമ്മുടെ പ്രതിരോധ സേന ലോകത്തിലെ ഏറ്റവും മികച്ചതായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്," അദ്ദേഹം പറഞ്ഞു.
വിശ്വനാഥൻ സ്റ്റേഡിയത്തിൽ നടന്ന "ശൗര്യ ഭോജ്" (ധീരതയുടെ വിരുന്ന്) പരിപാടിയിൽ ഡ്രോണുകൾ, റോബോട്ടിക് മ്യൂളുകൾ തുടങ്ങിയ ആധുനിക സൈനിക സാങ്കേതികവിദ്യകളടക്കമുള്ള പ്രദർശനങ്ങൾ, ആർമി ആയോധനകലകളുടെ പരിശീലനങ്ങൾ, ലഡാക്ക് മേഖലയുടെ പാരമ്പര്യവും പൈതൃകവും ഉയർത്തിക്കാട്ടുന്ന സാംസ്കാരിക പ്രകടനങ്ങൾ എന്നിവയും ഉൾപ്പെട്ടിരുന്നു. പരിപാടിക്ക് ശേഷം, രാജ്യരക്ഷ മന്ത്രി ശ്രീ. രാജ്‌നാഥ് സിംഗ് ലഡാക്ക് ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന,കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, കാർഗിൽ യുദ്ധവീരന്മാർ, ധീരതാ പുരസ്‌ക്കാര ജേതാക്കൾ, വീർ നാരിസ് (സൈനികസേവനത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾ), വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങൾ, വിശിഷ്ട വ്യക്തികൾ, തദ്ദേശീയ പൗരന്മാർ എന്നിവർക്കൊപ്പം ശൗര്യ ഭോജിൽ പങ്കെടുത്തു.


ശൗര്യ സന്ധ്യ
"ശൗര്യ ഭോജിൽ" പങ്കെടുക്കുന്നതിന് മുമ്പ്, ശ്രീ. രാജ്‌നാഥ് സിംഗ് കാർഗിൽ യുദ്ധ സ്മാരകത്തിൽ നടന്ന "ശൗര്യ സന്ധ്യ" പരിപാടിയിൽ പങ്കെടുത്തു. അവിടെ ഓപ്പറേഷൻ വിജയ് -ൽ പങ്കെടുത്ത ധീരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനായി ദേശഭക്തി ഗാനങ്ങൾ ആലപിക്കപ്പെട്ടു. ചടങ്ങിൽ, കാർഗിൽ യുദ്ധത്തിലെ 10 വീരയോദ്ധാക്കളുടെ കുടുംബാംഗങ്ങളെ അവരുടെ ധൈര്യത്തിനും, സഹിഷ്ണുതയ്ക്കും, ത്യാഗത്തിനും ആദരിച്ചു.

"വീരോം കി മിട്ടി" (ധീര സൈനികരുടെ ബഹുമാനാർത്ഥം ശേഖരിച്ച മണ്ണ്) അടങ്ങിയ ഒരു കലശം രാജ്യരക്ഷ മന്ത്രിക്ക് സമ്മാനിച്ചു. വിവിധ മതപണ്ഡിതർ നടത്തിയ പ്രാർത്ഥനകൾക്ക് ശേഷം, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും ദേശീയ ഗാനവും ഉണ്ടായിരുന്നു. തുടർന്ന്, യുദ്ധത്തിൽ പരമമായ ത്യാഗം ചെയ്ത സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രാജ്യരക്ഷ മന്ത്രി സ്മാരകത്തിൽ ദീപം തെളിച്ചു.
യുദ്ധ് സൻസ്മരൻ
ലാമോചെൻ വ്യൂ പോയിൻ്റിൽ നടന്ന 'യുദ്ധ് സൻസ്മരൻ' എന്ന പരിപാടിയോടെയാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ അടുത്ത ബന്ധുക്കളും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. യുദ്ധ് സൻസ്മരൻ ചലച്ചിത്ര പ്രദർശനവും ഓപ്പറേഷൻ വിജയിലെ 40 വീരന്മാരുടെ അസാധാരണമായ ധീരതയും ശൗര്യവും വിവരിക്കുന്ന ചെറുവീഡിയോയുടെ പ്രദർശനവും ഉണ്ടായിരുന്നു. ധീരജവാന്മാരുടെ അടുത്ത ബന്ധുക്കളെ ആദരിക്കുകയും, കുടുംബാംഗങ്ങൾ സൈനികരെക്കുറിച്ചുള്ള തങ്ങളുടെ ഓർമ്മകൾ പങ്കുവെയ്ക്കുകയും ചെയ്തു.
ഗൗരവമയ് സംസ്‌കൃതി
വിശ്വനാഥൻ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞുള്ള പരിപാടി ലഡാക്ക് സ്കൗട്ട്സ് റെജിമെൻ്റൽ സെൻ്ററിൻ്റെ ബാൻഡിൻ്റെ ദേശഭക്തി സംഗീത പ്രകടനങ്ങളോടെ ആരംഭിച്ചു. തുടർന്ന് കോർപ്സ് ഓഫ് മിലിട്ടറി പോലീസ് സെൻ്റർ ആൻഡ് സ്കൂളിലെ "ശ്വേത് അശ്വ" ടീമിൻ്റെ ശ്രദ്ധേയമായ മോട്ടോർസൈക്കിൾപ്രദർശനവും നടന്നു. നൈപുണ്യമുള്ള റൈഡിംഗ്, അച്ചടക്കം, ടീം വർക്ക്, പ്രൊഫഷണലിസം എന്നിവ സൈനികർ പ്രകടമാക്കി. വിദ്യാർത്ഥികൾ വർണ്ണാഭമായ ദേശീയോദ്ഗ്രഥന നൃത്തം അവതരിപ്പിച്ചു.
ഉയർന്ന പ്രദേശങ്ങളിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇന്ത്യൻ സൈന്യം നൂതന സാങ്കേതികവിദ്യകൾ എങ്ങനെ കൂടുതലായി ഉപയോഗിക്കുന്നുവെന്ന് പരിപാടിയിൽ പ്രദർശിപ്പിച്ചു. പരിപാടിക്ക് ശേഷം 'വിജയ് ഭോജ്' നൃത്തം നടന്നു. വിശിഷ്ട വ്യക്തികൾ, മുൻ സൈനികർ, സൈനികർ, വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾ എന്നിവരിൽ സ്മരണകളുടെയും കൃതജ്ഞതയുടെയും ഐക്യദാർഢ്യത്തിൻ്റെ യും മനോഭാവം പ്രതിഫലിച്ചു.
2026 ജൂലൈ 26 ന് 'ശ്രാദ്ധാഞ്ജലി സമാരോഹ്' എന്ന പരിപാടിയിൽ രാജ്യരക്ഷ മന്ത്രി രാഷ്ട്രത്തിനുവേണ്ടി 'ഓപ്പറേഷൻ വിജയ്'-ൽ പങ്കെടുത്ത ധീരജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കും. കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച 545 ധീരന്മാർക്കും - ഇന്ത്യൻ സൈന്യത്തിലെ 537 പേർ, വ്യോമസേനയിലെ 5 പേർ, അതിർത്തി സുരക്ഷാ സേനയിലെ ഒരാൾ, രണ്ട് സാധാരണ പൗരന്മാർ - ഈ അനുസ്മരണ ചടങ്ങുകളിൽ ശ്രദ്ധാഞ്ജലി അർപ്പിക്കും.
****
(रिलीज़ आईडी: 2289619)
आगंतुक पटल : 8