യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ശാരീരിക ക്ഷമതയുടെ സന്ദേശം ആഗോളതലത്തിൽ ഉയർത്തിക്കാട്ടിക്കൊണ്ട്, ഗ്ലാസ്‌ഗോയിലെ ഇന്ത്യൻ സമൂഹത്തോടൊപ്പം 'ചിയർ ഫോർ ഭാരത്' സൈക്ലിംഗ് സംരംഭത്തിന് കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വം നൽകി

"നമ്മുടെ ആരോഗ്യത്തേയും പരിസ്ഥിതിയേയും ഭൂമിയേയും സംരക്ഷിക്കാൻ സൈക്ലിംഗ് സഹായിക്കും": ഡോ. മൻസുഖ് മാണ്ഡവ്യ

प्रविष्टि तिथि: 23 JUL 2026 3:24PM by PIB Thiruvananthpuram

'ചിയർ ഫോർ ഭാരത്' സംരംഭത്തിന് കീഴിൽ ശാരീരിക ക്ഷമത, ആരോഗ്യകരമായ ജീവിതശൈലി, സാമൂഹിക പങ്കാളിത്തം എന്നിവയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്, കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ അംഗങ്ങളോടൊപ്പം സൈക്ലിംഗ് റാലിയിൽ പങ്കെടുത്തു. 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് പ്രചോദനമേകാനും കായിക പ്രവർത്തനങ്ങൾ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കുമെന്ന പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുമായി കേന്ദ്രമന്ത്രിക്കൊപ്പം അണിചേർന്ന ഇന്ത്യൻ സമൂഹത്തിൻ്റെ ആവേശകരമായ പങ്കാളിത്തത്തിന് ഈ ചടങ്ങ് സാക്ഷ്യം വഹിച്ചു.

കായിക വിനോദത്തിൻ്റേയും ശാരീരിക ക്ഷമതയുടേയും സാർവത്രിക ഭാഷയിലൂടെ ഇന്ത്യൻ പ്രവാസി സമൂഹവുമായുള്ള ജനസമ്പർക്കം കൂടുതൽ ശക്തിപ്പെടുത്തുന്നതിനോടൊപ്പം, സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ പ്രതിഫലനമായിരുന്നു ഈ സംരംഭം. സൈക്ലിംഗ് റാലിക്കിടെ ഡോ. മാണ്ഡവ്യ, പങ്കെടുത്തവരുമായി സംവദിക്കുകയും ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലുള്ള അവരുടെ ആവേശത്തെ അഭിനന്ദിക്കുകയും ചെയ്തു.


2026-ലെ കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനായി ഇന്ത്യൻ കായിക താരങ്ങൾ ഗ്ലാസ്‌ഗോയിൽ എത്തിയിട്ടുണ്ടെന്നും, ഇന്ത്യൻ സംഘത്തിന് പിന്തുണ നൽകുന്നതിനായി 'ചിയർ ഫോർ ഭാരത്' സംരംഭത്തിന് കീഴിൽ ഇന്ത്യൻ പ്രവാസി സമൂഹം ഒന്നിച്ച് അണിനിരന്നത് കാണുന്നത് ഏറെ പ്രോത്സാഹജനകമാണെന്നും ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഓരോ വ്യക്തിക്കും ഓരോ സമൂഹത്തിനും ശാരീരിക ക്ഷമത അനിവാര്യമാണെന്ന ശക്തമായ ആഗോള സന്ദേശമാണ് ഈ സൈക്ലിംഗ് പരിപാടിയിലൂടെ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് പിന്നിലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണം അനുസ്മരിച്ച കേന്ദ്രമന്ത്രി, ഇന്ത്യൻ പ്രവാസി സമൂഹത്തിൻ്റെ ആവേശകരമായ പങ്കാളിത്തം ഈ പ്രസ്ഥാനവുമായുള്ള അവരുടെ തുടർച്ചയായ ബന്ധത്തേയും ലോകമെമ്പാടും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.



ആരോഗ്യമുള്ള പൗരന്മാരെന്ന അടിത്തറയിൽ മാത്രമേ വികസിത രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് ഊന്നിപ്പറഞ്ഞ ഡോ. മാണ്ഡവ്യ, ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ സജീവമായി പങ്കാളികളാകാനും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് സംഭാവന നൽകാനും എല്ലാ ഇന്ത്യക്കാരോടും അഭ്യർത്ഥിച്ചു. ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം മലിനീകരണം കുറയ്ക്കുന്നതിലൂടെയും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിലൂടെയും ഒട്ടനവധി സമകാലിക വെല്ലുവിളികൾക്ക് സൈക്ലിംഗ് പരിഹാരം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "നമ്മുടെ ആരോഗ്യത്തേയും പരിസ്ഥിതിയേയും ഭൂമിയേയും സംരക്ഷിക്കാൻ സൈക്ലിംഗിന് സാധിക്കുമെന്ന സന്ദേശമാണ് ഈ സൈക്ലിംഗ് സംരംഭത്തിലൂടെ ഞങ്ങൾ ലോകത്തിന് നൽകാൻ ആഗ്രഹിക്കുന്നത്," അദ്ദേഹം പറഞ്ഞു.

2026-ലെ കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഗ്ലാസ്‌ഗോയിലെത്തിയ ഡോ. മാണ്ഡവ്യ, അവിടെയുള്ള ഇന്ത്യൻ കായിക താരങ്ങൾ, ഉദ്യോഗസ്ഥർ, ഇന്ത്യൻ സമൂഹം എന്നിവരുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. കായികരംഗത്തെ മികവും കൂടുതൽ ആരോഗ്യകരമായ ഇന്ത്യയെന്ന ദീർഘവീക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര  ഗവൺമെൻ്റിൻ്റെ തുടർച്ചയായ ശ്രമങ്ങളാണ് ഇതിലൂടെ അദ്ദേഹം ഉയർത്തിക്കാട്ടുന്നത്.

 

****

 


(रिलीज़ आईडी: 2288537) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , Urdu , हिन्दी , Tamil