കുട്ടികൾ ഉൾപ്പെടെയുള്ള ഉപയോക്താക്കൾക്ക് തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ ഇന്റർനെറ്റ് അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ഗവണ്മെന്റ് നയങ്ങളുടെ ലക്ഷ്യം.
നിയമപരമായ ചട്ടക്കൂട്:
2000-ലെ വിവരസാങ്കേതികവിദ്യ നിയമവും (IT Act), 2021-ലെ വിവരസാങ്കേതികവിദ്യ ( ഇടനില പ്ലാറ്റ്ഫോമുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മാധ്യമങ്ങൾക്കായുള്ള ധാർമ്മിക ചട്ടങ്ങളും ) ചട്ടങ്ങളും (IT Rules) ചേർന്ന് ഡിജിറ്റൽ ക്ഷേമം, ഉപയോക്തൃ സംരക്ഷണം, ഉത്തരവാദിത്വമുള്ള ഡിജിറ്റൽ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് രൂപീകരിച്ചിട്ടുണ്ട്.
ഇടനിലക്കാരുടെ (Intermediaries) കടമകൾ:
ഐടി ചട്ടങ്ങൾ പ്രകാരം, ഇടനില പ്ലാറ്റ്ഫോമുകൾ ചുമതലകൾ നിർവഹിക്കുമ്പോൾ കൃത്യമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കുട്ടികൾക്ക് ഹാനികരമായതോ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നതോ ആയ വിവരങ്ങൾ ഹോസ്റ്റ് ചെയ്യാനോ പ്രദർശിപ്പിക്കാനോ അപ്‌ലോഡ് ചെയ്യാനോ തിരുത്താനോ പ്രസിദ്ധീകരിക്കാനോ കൈമാറാനോ അപ്‌ഡേറ്റ് ചെയ്യാനോ പങ്കിടാനോ പാടില്ലെന്ന് ഉപയോക്താക്കളെ അറിയിക്കുകയും വേണം.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഐടി ചട്ടങ്ങളിൽ വരുത്തിയ സമീപകാല ഭേദഗതികൾ:
അധികാരമുള്ള കോടതിയുടെ ഉത്തരവോ, ബന്ധപ്പെട്ട ഗവൺമെന്റിൽ നിന്നോ അതത് ഏജൻസികളിൽ നിന്നോ വ്യക്തമായ കാരണം വ്യക്തമാക്കുന്ന അറിയിപ്പോ ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളോടും മറ്റ് ഇടനില പ്ലാറ്റ്ഫോമുകളോടും സമീപകാല ഭേദഗതികൾ ആവശ്യപ്പെടുന്നു.
വിവര സംരക്ഷണം (Data Protection):
കൂടാതെ, ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ പ്രോസസ്സിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി 2023-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് (DPDP Act) പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.
കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമപരമായ ഘടന ഡിപിഡിപി ആക്ട് നൽകുന്നു.
ഇത് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കുന്നു. കൂടാതെ, കുട്ടികളെ ട്രാക്ക് ചെയ്യൽ, സ്വഭാവ നിരീക്ഷണം (behavioural monitoring), കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ (targeted advertising) തുടങ്ങി അവരുടെ ക്ഷേമത്തിന് ഹാനികരമായ ഇടപെടലുകളെ ഇത് നിരോധിക്കുന്നു.
ഓൺലൈൻ പണമിടപാട് ഗെയിമുകൾ നിരോധിക്കൽ:
2025-ലെ പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ആക്ട്, യുവാക്കൾക്കിടയിലെ ഡിജിറ്റൽ അടിമത്തവും സാമ്പത്തിക നഷ്ടവും പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്
ഹാനികരമായ ഉള്ളടക്കങ്ങൾ തടയൽ:
നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനോ ലഭ്യത തടയുന്നതിനോ ഉള്ള മുന്നറിയിപ്പ് ഇടനിലക്കാർക്ക് നൽകാൻ 2000-ലെ ഐടി ആക്ടിലെ സെക്ഷൻ 79(3)(b) വ്യവസ്ഥ ചെയ്യുന്നു. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഇത്തരം ഇടനിലക്കാർക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുമെതിരെ ഗവൺമെന്റ് നിരന്തരം നടപടിയെടുക്കാറുണ്ട്. അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിനും ഐടി ആക്ടിലെ 67, 67A വകുപ്പുകൾ, ബിഎൻഎസിലെ (BNS) 294-ാം വകുപ്പ്, 1986-ലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് നിരോധിക്കുന്ന നിയമത്തിലെ വകുപ്പ് 4 എന്നിവ ലംഘിച്ചതിന്ക ഴിഞ്ഞ രണ്ട് വർഷത്തിനിടെ 50 ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ഇന്ത്യയിൽ പൊതുജനങ്ങൾക്ക് ലഭ്യമാകാത്ത വിധം ഗവൺമെന്റ് നിരോധിച്ചത്.
ഡിജിറ്റൽ അടിമത്തം:
15 നും 29 നും ഇടയിൽ പ്രായമുള്ള കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളിയായി 2025-26 ലെ സാമ്പത്തിക സർവേ ഡിജിറ്റൽ അടിമത്തത്തെ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രായത്തിലുള്ള ഭൂരിഭാഗം പേർക്കും സ്മാർട്ട്‌ഫോണും ഇന്റർനെറ്റും ലഭ്യമാണ്..
ബൗദ്ധിക വികസനം, പഠന നിലവാരം, തൊഴിൽ ശേഷി, സാമൂഹിക ബന്ധങ്ങൾ, മാനസികാരോഗ്യം എന്നിവയെ ഡിജിറ്റൽ അടിമത്തം രൂക്ഷമായി ബാധിക്കുന്നുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. ഇത് ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ, സൈബർ ആക്രമണം എന്നിവയ്ക്കും സാമൂഹ്യ മാധ്യമങ്ങൾ , ഗെയിമിംഗ്, ഓൺലൈൻ ചൂതാട്ടം എന്നിവയിലുള്ള അമിതമായ താല്പര്യം മൂലമുള്ള സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നു.
ബോധവൽക്കരണ പരിപാടികൾ:
വിവര സുരക്ഷാ രംഗത്ത് പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ സൈബർ ഉത്തരവാദിത്വത്തെക്കുറിച്ചും സൈബർ സുരക്ഷയുടെ വിവിധ വശങ്ങളെക്കുറിച്ചും പൊതുവായ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനുമായി 'ഇൻഫർമേഷൻ സെക്യൂരിറ്റി എജ്യുക്കേഷൻ ആൻഡ് അവെയർനെസ്' (ISEA) പദ്ധതി ഗവൺമെന്റ് നടപ്പിലാക്കുന്നുണ്ട്.
ഇതുവരെ, രാജ്യത്തുടനീളം സ്കൂൾ/കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, ക്രമസമാധാന പാലകർ, ഗവൺമെന്റ് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 11.37 ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ച് 6,650 ബോധവൽക്കരണ ശിൽപ്പശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ കൈപുസ്തകങ്ങൾ , ഹ്രസ്വ വീഡിയോകൾ, പോസ്റ്ററുകൾ, ലഘുലേഖകൾ, കുട്ടികൾക്കായുള്ള കാർട്ടൂൺ കഥകൾ തുടങ്ങിയ ബഹുഭാഷാ ബോധവൽക്കരണ സാമഗ്രികൾ അച്ചടി, ഇലക്ട്രോണിക്, സാമൂഹ്യ മാധ്യമങ്ങൾ വഴിയും, www.isea.gov.in, https://staysafeonline.in/ എന്നീ വെബ്‌സൈറ്റുകൾ വഴിയും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്റർനെറ്റ് ഉപയോക്താക്കളെ സൈബർ ആക്രമണങ്ങളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും ബോധവൽക്കരിക്കുന്നതിനും കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുമായി CERT-In അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലും സുരക്ഷാ നിർദ്ദേശങ്ങളും ബോധവൽക്കരണ പോസ്റ്ററുകളും വിവരചിത്രങ്ങളും വീഡിയോകളും പതിവായി പങ്കുവെക്കുന്നുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2020 ജൂലൈയിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിനായുള്ള 'PRAGYATA' മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സുരക്ഷിതവും ഫലപ്രദവുമായ ഓൺലൈൻ പഠനത്തിന് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും ഉത്തരവാദിത്വപൂർണമായ ഉപയോഗവും വിദ്യാർത്ഥികളുടെ ക്ഷേമവും ഇത് പ്രോത്സാഹിപ്പിക്കുന്നു.
ഡിജിറ്റൽ മര്യാദകളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, അധ്യാപകർക്കുള്ള സൈബർ സുരക്ഷാ പരിശീലനം, 'സൈബർ സുരക്ഷയ്ക്കായുള്ള കൈപ്പുസ്തകങ്ങൾ ' പ്രസിദ്ധീകരിക്കൽ, സൈബർ സുരക്ഷാ ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂളുകളിൽ സൈബർ ക്ലബ്ബുകൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയിലൂടെ CBSE ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്.
NCERT പാഠ്യപദ്ധതിയിൽ സൈബർ സുരക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്. XI, XII ക്ലാസുകളിൽ "സാമൂഹിക ആഘാതങ്ങൾ" (Societal Impacts) എന്ന അധ്യായം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ CIET-NCERT സൈബർ സുരക്ഷയെക്കുറിച്ചുള്ള പഠനസാമഗ്രികളും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യാ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ലോക്സഭയിൽ സമർപ്പിച്ച (22.07.2026) വിവരങ്ങളാണ് ഇവ.