ബഹിരാകാശ വകുപ്പ്
വിക്രം-1 വിക്ഷേപണ വിജയത്തോടെ ആഗോള ബഹിരാകാശ ശക്തിയായി ഇന്ത്യ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാഴികക്കല്ലായ ബഹിരാകാശ പരിഷ്കാരങ്ങളെ ശരിവെക്കുന്നതാണ് ഈ ചരിത്ര ദൗത്യമെന്ന് ഡോ. ജിതേന്ദ്ര സിംഗ്
प्रविष्टि तिथि:
18 JUL 2026 5:15PM by PIB Thiruvananthpuram
സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ ഭ്രമണപഥ വിക്ഷേപണ വാഹനമായ വിക്രം-1 ൻ്റെ വിജയകരമായ വിക്ഷേപണം, അതിവേഗം വളരുന്ന ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽ പ്രധാന ശക്തിയായി ഉയർന്നുവരുന്ന ഇന്ത്യയുടെ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നുവെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതല വഹിക്കുന്ന സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ-പൊതുപരാതി പരിഹാരം, പെൻഷൻ മന്ത്രാലയം, ആണവോർജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് പറഞ്ഞു. രാജ്യത്തിൻ്റെ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ചരിത്രപരമായ തീരുമാനത്തെ ശക്തമായി ശരിവെക്കുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം വിവരിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ നടന്ന മിഷൻ ആഗമൻ ദൗത്യത്തിൻ്റെ വിജയകരമായ വിക്ഷേപണത്തിന് ഡോ. ജിതേന്ദ്ര സിംഗ് സാക്ഷ്യം വഹിച്ചു. വിക്രം-1 ഉപഗ്രഹത്തെ നിശ്ചിത താഴ്ന്ന ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചതോടെ, ഇന്ത്യൻ മണ്ണിൽ നിന്ന് ഒരു ഭ്രമണപഥ വിക്ഷേപണം നടത്തുന്ന ആദ്യത്തെ ഇന്ത്യൻ സ്വകാര്യ കമ്പനിയായി സ്കൈറൂട്ട് എയറോസ്‌പേസ് മാറി. ഇന്ത്യയുടെ ബഹിരാകാശ യാത്രയിൽ നിർണ്ണായക നാഴികക്കല്ലാകുന്ന ഈ ദൗത്യം, ബഹിരാകാശ വകുപ്പ്, ഐ.എസ്.ആർ.ഒ, ഇൻ-സ്‌പേസ്, രാജ്യത്തെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവയുടെ കൂട്ടായ ശ്രമങ്ങളിലൂടെ സാധ്യമായ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയുടെ വളരുന്ന കരുത്ത് പ്രകടമാക്കുന്നു.
ഈ ചരിത്രനേട്ടത്തിൽ സ്കൈറൂട്ട് എയറോസ്‌പേസ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ വികസിക്കുന്ന ബഹിരാകാശ ആവാസവ്യവസ്ഥയ്ക്ക് അഭിമാനകരമായ ഒരു നാഴികക്കല്ലാണിതെന്നും, രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന ശാസ്ത്രീയ മികവ്, സംരംഭകത്വ മനോഭാവം, നവീകരണത്തിൽ അധിഷ്ഠിതമായ വികസനം എന്നിവയുടെ പ്രതിഫലനമാണ് ഈ വിജയമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
സ്‌കൈറൂട്ട് എയറോസ്‌പേസ് സ്ഥാപകരായ പവൻ കുമാർ ചന്ദനയേയും ഭരത് ഡാക്കയേയും അഭിനന്ദിച്ച ഡോ. ജിതേന്ദ്ര സിംഗ്, ഇന്ത്യയുടെ ബഹിരാകാശ മേഖല സ്വകാര്യ സംരംഭങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള ധീരമായ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരുന്നില്ലെങ്കിൽ രാജ്യം ഈ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിക്കില്ലായിരുന്നുവെന്ന് പറഞ്ഞു. ഈ പരിഷ്‌കാരങ്ങൾ ഇന്ത്യയിലെ നവസംരംഭകരുടെ അപാരമായ കഴിവുകൾ പുറത്തെടുക്കാൻ സഹായിച്ചുവെന്നും, ദേശീയ ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ അവർക്ക് അവസരമൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകോത്തര സാങ്കേതികവിദ്യകൾ പൂർണ്ണമായും ഇന്ത്യയിൽ തന്നെ വിഭാവനം ചെയ്യാനും വികസിപ്പിക്കാനും ഇവിടെ നിന്ന് തന്നെ വിക്ഷേപിക്കാനും സാധിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ഈ മാറ്റങ്ങൾക്ക് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ബഹിരാകാശ ആവാസവ്യവസ്ഥയെ മാറ്റിമറിച്ച, പൊതുമേഖലയും സ്വകാര്യ മേഖലയും തമ്മിലുള്ള സുഗമവും ഫലപ്രദവുമായ സഹകരണ ചട്ടക്കൂട് രൂപപ്പെടുത്തിയതിന് ഇൻ-സ്‌പേസ്, ഐ.എസ്.ആർ.ഒ, ബഹിരാകാശ വകുപ്പ് എന്നിവയേയും മന്ത്രി അഭിനന്ദിച്ചു. ദീർഘവീക്ഷണത്തോടെയുള്ള നയരൂപീകരണവും ശാസ്ത്രീയ മികവും സംരംഭകത്വ പാടവവും ഒത്തുചേരുമ്പോൾ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള സാങ്കേതിക നേട്ടങ്ങൾ എങ്ങനെ കൈവരിക്കാമെന്നതിൻ്റെ പ്രതിഫലനമാണ് വിക്രം-1 ൻ്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൈറൂട്ട് ടീമുമായുള്ള തൻ്റെ ദീർഘകാല ബന്ധം അനുസ്മരിച്ച ഡോ. ജിതേന്ദ്ര സിംഗ്, കമ്പനി സ്ഥാപകരുടെ യാത്ര തുടക്കം മുതൽ തന്നെ അടുത്തറിയാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് പറഞ്ഞു. അവരുടെ സാങ്കേതിക ആത്മവിശ്വാസം, സർഗ്ഗാത്മകത, നൂതന സമീപനം എന്നിവയെ എപ്പോഴും അഭിനന്ദിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളുടെ അശ്രാന്ത പരിശ്രമം, ശാസ്ത്രീയ മികവ്, ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള ബഹിരാകാശ സാങ്കേതികവിദ്യകൾ നിർമ്മിക്കാനുള്ള ഇന്ത്യയിലെ യുവ സംരംഭകരുടെ ദൃഢനിശ്ചയം എന്നിവയുടെ ഫലമാണ് ഇന്നത്തെ ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പ്രഥമ ഭ്രമണപഥ ദൗത്യത്തെ സംബന്ധിച്ചിടത്തോളം വിക്രം-1 അസാധാരണമായ സാങ്കേതിക പക്വതയാണ് പ്രകടിപ്പിച്ചതെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഡമ്മി മാസ്സുകൾ മാത്രം വഹിച്ചുകൊണ്ട് ലോകമെമ്പാടും നടക്കുന്ന പല ആദ്യ വിക്ഷേപണങ്ങളിൽ നിന്നും വ്യത്യസ്തമായി, ഭ്രമണപഥത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ പരീക്ഷിച്ച് ബോധ്യപ്പെടുന്നതിനായി രൂപകൽപ്പന ചെയ്ത പരീക്ഷണ പേലോഡുകളാണ് വിക്രം-1 വഹിച്ചിരുന്നത്. ഇന്ത്യൻ-അന്തർദ്ദേശീയ പങ്കാളികളിൽ നിന്നുള്ള ഉപഭോക്തൃ പേലോഡുകളും സാങ്കേതികവിദ്യാ പ്രദർശനങ്ങളും ഈ ദൗത്യത്തിൻ്റെ ഭാഗമായിരുന്നു. ഇത് ഇന്ത്യയുടെ വാണിജ്യ വിക്ഷേപണ ശേഷിയിലുള്ള ആഗോള ബഹിരാകാശ സമൂഹത്തിൻ്റെ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
2020-ൽ നടപ്പിലാക്കിയ ചരിത്രപരമായ പരിഷ്‌കാരങ്ങൾക്ക് ശേഷം ഇന്ത്യയുടെ ബഹിരാകാശ മേഖല ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വിക്ഷേപണ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന സ്ഥാനത്ത്, ഇന്ന് ഇന്ത്യയിൽ 400-ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകളും രാജ്യത്തെ ആദ്യത്തെ ബഹിരാകാശ യുണികോണും നിലവിലുണ്ട്. നിലവിൽ ഏകദേശം 9 ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥയെ അടുത്ത ദശകത്തിൽ 44 ബില്യൺ ഡോളറായി ഉയർത്തുകയെന്നതാണ് ദേശീയ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നയപരമായ പരിഷ്‌കാരങ്ങൾക്ക് നവീകരണത്തെ ത്വരിതപ്പെടുത്താനും ആഗോളതലത്തിൽ മത്സരക്ഷമതയുള്ള സംരംഭങ്ങൾ സൃഷ്ടിക്കാനും ഇന്ത്യയെ ലോകത്തെ മുൻനിര ബഹിരാകാശ രാജ്യങ്ങളുടെ നിരയിലേക്ക് ഉയർത്താനും കഴിയുമെന്നതിൻ്റെ തെളിവാണ് വിക്രം-1 ൻ്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത വിക്രം-1, 350 കിലോഗ്രാം വരെയുള്ള പേലോഡുകളെ താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള രാജ്യത്തെ ആദ്യ സ്വകാര്യ ഭ്രമണപഥ വിക്ഷേപണ വാഹനമാണ്. ഏകദേശം 22 മീറ്റർ ഉയരമുള്ള ഈ വിക്ഷേപണ വാഹനം നിരവധി തദ്ദേശീയ സാങ്കേതിക മുന്നേറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഇന്ത്യയിലെ ആദ്യത്തെ ഓൾ-കാർബൺ കോമ്പോസിറ്റ് ഓർബിറ്റൽ റോക്കറ്റ്, ഓർബിറ്റൽ അഡ്ജസ്റ്റ്‌മെൻ്റ് മൊഡ്യൂളിന് കരുത്തേകുന്ന 100 ശതമാനം 3D-പ്രിൻ്റഡ് ലിക്വിഡ് എൻജിൻ, അത്യാധുനിക അൾട്രാ-ലോ-ഷോക്ക് ന്യൂമാറ്റിക് സെപ്പറേഷൻ സംവിധാനങ്ങൾ, രാജ്യത്തെ ഏറ്റവും നീളം കൂടിയ മോണോലിത്തിക് കാർബൺ-കോമ്പോസിറ്റ് റോക്കറ്റ് ഘട്ടങ്ങളിലൊന്ന് എന്നിവ ഇതിൻ്റെ പ്രത്യേകതകളാണ്. ഈ വിജയകരമായ ദൗത്യത്തിലൂടെ പ്രൊപ്പൽഷൻ, ഏവിയോണിക്‌സ്, ടെലിമെട്രി, നാവിഗേഷൻ, ഫ്ലൈറ്റ്-കൺട്രോൾ തുടങ്ങിയ നിർണ്ണായക സംവിധാനങ്ങളുടെ കാര്യക്ഷമത ബോധ്യപ്പെട്ടു. ഇത് ഇന്ത്യയിൽ നിന്നുള്ള ഭാവിയിലെ വാണിജ്യ ഭ്രമണപഥ വിക്ഷേപണ സേവനങ്ങൾക്ക് ശക്തമായ അടിത്തറ പാകിയിരിക്കുകയാണ്.
വിക്രം-1 ൻ്റെ വിജയകരമായ വിക്ഷേപണം ഒരു ഒറ്റപ്പെട്ട ദൗത്യത്തിൻ്റെ വിജയത്തേക്കാൾ ഉപരിയാണെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ധീരമായ നയ പരിഷ്‌കാരങ്ങളുടേയും ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തത്തിൻ്റേയും പിന്തുണയോടെ, ഇന്ത്യയുടെ നൂതനാശയങ്ങൾ ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തുന്ന ഒരു പുതിയ യുഗത്തിൻ്റെ തുടക്കത്തെയാണ് അടയാളപ്പെടുത്തുന്നത്. അന്താരാഷ്ട്ര ബഹിരാകാശ മേഖലയിൽ വിശ്വസനീയവും ആശ്രയിക്കാവുന്നതുമായ ഒരു അത്യാധുനിക സാങ്കേതിക പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഈ ദൗത്യം കൂടുതൽ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആകാശം ഇനി ഒരു പരിധിയല്ല," ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.




***
(रिलीज़ आईडी: 2286193)
आगंतुक पटल : 13