ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

'ആർ എസ് എസ് @100: ഒരു നൂറ്റാണ്ടിൻ്റെ സേവനം, ഐക്യം,സമർപ്പണം'എന്ന പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു

प्रविष्टि तिथि: 17 JUL 2026 6:58PM by PIB Thiruvananthpuram

ശ്രീ. ശ്യാം ജാജു ,ശ്രീ. അനുപം ത്രിവേദി എന്നിവർ  ചേർന്ന് രചിച്ച “ആർ എസ് എസ്@100: എ സെഞ്ച്വറി ഓഫ് സർവീസ്, യൂണിറ്റി & സാക്രിഫൈസ്” (ആർ എസ് എസ് @100: ഒരു നൂറ്റാണ്ടിൻ്റെ   സേവനം, ഐക്യം,സമർപ്പണം) എന്ന പുസ്തകം  ഉപരാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ, ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ ഇന്ന് പ്രകാശനം ചെയ്തു.

തനിക്ക് ദീർഘകാലമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ  (ആർ.എസ്.എസ്.) നൂറാം വാർഷികം അടയാളപ്പെടുത്തുന്ന  ഒരു പുസ്തകത്തിൻ്റെ   പ്രകാശനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് വ്യക്തിപരമായ ബഹുമതിയായി കരുതുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച ഉപരാഷ്ട്രപതി പറഞ്ഞു. ഒരു തമിഴ് കവിത ഉദ്ധരിച്ചുകൊണ്ട്,ആർ.എസ്.എസ്. എന്ന  സംഘടനയെ അദ്ദേഹം വിശുദ്ധ ഗംഗാനദിയോട് ഉപമിച്ചു. മറ്റുള്ളവരുടെ ക്ഷേമത്തിനായി സ്വാർത്ഥതയില്ലാതെ ഒഴുകുന്ന ഗംഗയെപ്പോലെ, കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ യാത്രയിൽ സംഘത്തെ നയിച്ച സേവനമനോഭാവത്തിൻ്റെ   പ്രതീകമാണ് ആർ.എസ്.എസ്. എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ‌.എസ്‌.എസിൻ്റെ   ധാർമ്മികതയെ പകർത്തിയതിന് എഴുത്തുകാരെ അഭിനന്ദിച്ച ശ്രീ. രാധാകൃഷ്ണൻ, ഇന്ത്യയുടെ സാംസ്കാരിക വേരുകൾ, പൈതൃകം, പാരമ്പര്യങ്ങൾ എന്നിവയെ പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പുനർനിർമ്മിക്കുകയും ചെയ്യുക എന്നതാണ് സംഘത്തിൻ്റെ   യാത്രയെന്ന് പറഞ്ഞു.പുസ്തകത്തിൻ്റെ   തലക്കെട്ടായ 'സേവനം, ഐക്യം, സമർപ്പണം'  എന്നതിനെ പരാമർശിക്കവേ , ഈ ആദർശങ്ങളാണ്  സ്വയംസേവകർക്ക്  തലമുറകളായി  പ്രചോദനമേകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിൽ ‘സേവനം’ എന്നത് സമൂഹത്തോടുള്ള നിസ്വാർത്ഥ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു; ‘ഐക്യം’ എന്നത് ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ മറികടക്കുന്ന ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുന്നു; നിലനിൽപ്പുള്ള പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നത് സമർപ്പണത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും നിസ്വാർത്ഥ പരിശ്രമത്തിലൂടെയുമാണെന്ന് 'സമർപ്പണം' നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

ശാഖകളിലെ ദൈനംദിന പ്രവൃത്തികളിലൂടെ സ്വഭാവരൂപീകരണത്തിനും നേതൃത്വ വികസനത്തിനും ആർ.എസ്.എസ്. നൽകുന്ന പ്രാധാന്യത്തെയും ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. പുസ്തകത്തിലെ  വരികൾ ഉദ്ധരിച്ചുകൊണ്ട്, "യുവാക്കളുടെ അസംസ്കൃത ഊർജ്ജത്തെ ദേശീയ സ്വഭാവത്തിലേക്ക് രൂപപ്പെടുത്തിയെടുക്കുന്ന ആത്മാവിൻ്റെ   ഒരു പണിശാലയാണ് ശാഖ" എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തന്നിൽ അർപ്പിതമായ ഏതൊരു ഉത്തരവാദിത്തവും സമർപ്പണത്തോടെയും മികവോടെയും നിർവ്വഹിച്ചുകൊണ്ട് അതിൻ്റെ   അന്തസ്സ് ഉയർത്തുന്നതിലാണ് ഒരു ‘സ്വയംസേവകൻ്റെ  ’ യഥാർത്ഥ വ്യക്തിത്വം അടങ്ങിയിരിക്കുന്നതെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.


ആർ.എസ്.എസ്. ഇന്ത്യയുടെ നാഗരിക പൈതൃകം, വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ, ഭാഷകൾ, ആത്മീയ ചിന്തകൾ എന്നിവയിൽ അഭിമാനം വളർത്തിക്കൊണ്ട് സാംസ്കാരിക തുടർച്ചയും ദേശീയ ബോധവും നിരന്തരമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന്   ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ആർ.എസ്.എസി ആർ.എസ്.എസിൻ്റെ     ശതാബ്ദി ലക്ഷക്കണക്കിന് സ്വയംസേവകരുടെ സമർപ്പണത്തെ അംഗീകരിക്കാനുള്ള അവസരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിശ്ചയദാർഢ്യം, പ്രതിജ്ഞാബദ്ധത, തങ്ങളേക്കാൾ വലിയ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാനുള്ള സാധാരണക്കാരുടെ സന്നദ്ധത എന്നിവയാണ് പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിന് ആധാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സ്വയംസേവകൻ പ്രധാനമന്ത്രിപദത്തിൽ : മോദി യുഗം" ("A Swayamsevak as PM: The Modi Era") എന്ന അധ്യായത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒരു സാധാരണ സ്വയംസേവകനിൽ നിന്നും 'പ്രധാന സേവകൻ'  എന്ന പദവിയിലേക്ക് വളർന്ന യാത്രയെ ഈ പുസ്തകം അടയാളപ്പെടുത്തുന്നുവെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. നിസ്വാർത്ഥ സേവനത്തിനും രാഷ്ട്രനിർമ്മാണത്തിനുമുള്ള ആർ.എസ്.എസിൻ്റെ   നിലപാടുകളെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഭരണത്തിൻ്റെ   കേന്ദ്രബിന്ദുവായി 'സേവനവും' 'രാജ്യം ആദ്യം' എന്ന തത്വവും നിരന്തരം ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാമന്ത്രി ശ്രീ. രാജ്‌നാഥ് സിംഗുമായുള്ള തൻ്റെ   സംഭാഷണം അനുസ്മരിച്ചുകൊണ്ട്, ജയപ്രകാശ് നാരായണൻ്റെ   'സമ്പൂർണ്ണ വിപ്ലവ'ത്തിൽ  നിന്ന് പ്രചോദനം ഉൾക്കൊണ്ട്,  പ്രസ്ഥാനത്തിൻ്റെ   താഴെത്തട്ടിലുള്ള പ്രവർത്തകരായാണ് തങ്ങൾ ഇരുവരും പൊതുജീവിതം ആരംഭിച്ചതെന്ന് ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ഒരു ചെറിയ അരുവിയിൽ നിന്ന് ആരംഭിച്ച് ശക്തമായ നദിയായി മാറുന്ന ഗംഗയുമായി സാമ്യപ്പെടുത്തി, ആർ.എസ്.എസും എളിയ തുടക്കത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിൽ ഒന്നായി വളർന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷാമന്ത്രി ശ്രീ. രാജ്‌നാഥ് സിംഗ്, ഡൽഹി നിയമസഭാ സ്പീക്കർ ശ്രീ. വിജേന്ദർ ഗുപ്ത, ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്സ് പ്രസിഡൻ്റ്  ശ്രീ. രാം ബഹാദൂർ റായ്, ആർ.എസ്.എസ്. ക്ഷേത്ര സംഘചാലക് ശ്രീ. പവൻ ജിൻഡാൽ, പുസ്തകത്തിൻ്റെ   സഹരചയിതാക്കളായ ശ്രീ. ശ്യാം ജാജു, ശ്രീ. അനുപം ത്രിവേദി, പ്രഭാത് പ്രകാശൻ മാനേജിംഗ് ഡയറക്ടർ ശ്രീ. പ്രഭാത് കുമാർ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
 
****

(रिलीज़ आईडी: 2285971) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil