രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രൊബേഷണർമാർ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

വനസംരക്ഷണത്തിൽ സമൂഹവും പങ്കാളികളാകുമ്പോൾ, സംരക്ഷണ ശ്രമങ്ങൾ കൂടുതൽ ഫലപ്രദവും ദീർഘകാലം നിലനിൽക്കുന്നതുമായിരിക്കും: രാഷ്ട്രപതി ദ്രൗപദി മുർമു

प्रविष्टि तिथि: 17 JUL 2026 2:16PM by PIB Thiruvananthpuram

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രൊബേഷണർമാർ ഇന്ന് (2026 ജൂലൈ 17) രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി.

 



 

ഇവർ വനങ്ങളുടെ ഭരണനിർവ്വഹണ ചുമതലയുള്ള ഉദ്യോഗസ്ഥർ മാത്രമല്ല, മറിച്ച് ഇന്ത്യയുടെ പ്രകൃതി പൈതൃകത്തിൻ്റെ സംരക്ഷകർ കൂടിയാണെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം എന്നീ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇവരുടെ ഉത്തരവാദിത്തം കൂടുതൽ നിർണ്ണായകമായിരിക്കുകയാണ്. ഈ വെല്ലുവിളികൾ നേരിടുന്നതിൽ വനങ്ങൾക്ക് കേന്ദ്രസ്ഥാനമാണുള്ളത്. അതിനാൽ, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം സുസ്ഥിര വികസനത്തിനായുള്ള ആഗോള ശ്രമങ്ങൾക്കും സംഭാവന നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു. ഭൂമിയിലെ ജീവൻ്റെ നിലനിൽപ്പിന് ആധാരം വനങ്ങളായതിനാൽ, വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുവ ഉദ്യോഗസ്ഥരോട് രാഷ്ട്രപതി ആഹ്വാനം ചെയ്തു.

 



 

വനങ്ങളിലും പരിസരങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ ന്യായമായ അഭിലാഷങ്ങളും പരിസ്ഥിതി സംരക്ഷണവും പരസ്പരം പൊരുത്തപ്പെട്ടുപോകേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വികസനവും വനസംരക്ഷണവും പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങളായി കാണരുത്. പ്രകൃതിക്കും സമൂഹത്തിനും ഒരുപോലെ അഭിവൃദ്ധി കൈവരിക്കാൻ കഴിയുന്ന പരിഹാരങ്ങൾക്കായി പ്രവർത്തിക്കാൻ യുവ ഉദ്യോഗസ്ഥരോട് അവർ ആവശ്യപ്പെട്ടു. വനസംരക്ഷണം, പുനഃസ്ഥാപനം, സുസ്ഥിര ഉപജീവന മാർഗ്ഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങളിൽ ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്നും അവർ എടുത്തുപറഞ്ഞു. ഗോത്ര സമൂഹങ്ങൾ, വനവാസികൾ, സ്ത്രീകൾ, കർഷകർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ അഭിപ്രായങ്ങളും ആശങ്കകളും മനസ്സിലാക്കുന്നത് ഉദ്യോഗസ്ഥർക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുമെന്ന് അവർ പറഞ്ഞു. വനസംരക്ഷണത്തിൽ സമൂഹവും പങ്കാളികളാകുമ്പോൾ, സംരക്ഷണ ശ്രമങ്ങൾ കൂടുതൽ ഫലപ്രദവും ദീർഘകാലം നിലനിൽക്കുന്നതുമായി മാറുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

 



 

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും രാജ്യ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നതാണ് പൊതുസേവനത്തിൻ്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. 2047-ഓടെ വികസിത ഭാരതം എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിൽ പരിസ്ഥിതി സുരക്ഷ അവിഭാജ്യ ഘടകമാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥരെന്ന നിലയിൽ, ഇന്ത്യയുടെ പുരോഗതി ഹരിതാഭവും, എല്ലാവരേയും ഉൾക്കൊള്ളുന്നതും, സുസ്ഥിരവുമായി നിലനിർത്തുന്നതിൽ യുവ ഉദ്യോഗസ്ഥർ നിർണ്ണായക പങ്ക് വഹിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 



 

ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ രണ്ട് ബാച്ചുകളിലെ പ്രൊബേഷണർമാർ ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമിയിൽ പ്രൊഫഷണൽ പരിശീലനം നേടിവരികയാണ്. 2024 ബാച്ചിൽ 111 ഓഫീസർ ട്രെയിനികളും, 2025 ബാച്ചിൽ 131 ഓഫീസർ ട്രെയിനികളുമാണുള്ളത്. ഇരു ബാച്ചുകളിലും ഭൂട്ടാനിൽ നിന്നുള്ള രണ്ട് ഓഫീസർ ട്രെയിനികൾ വീതവും ഉൾപ്പെടുന്നു.
 

രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

SKY

****


(रिलीज़ आईडी: 2285739) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati