സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
വയോജനങ്ങള്‍ക്ക് താങ്ങായി 'എല്‍ഡര്‍ലൈന്‍'; സഹായത്തിന് വിളിക്കാം 14567 എന്ന നമ്പറിലേക്ക്
प्रविष्टि तिथि:
15 JUL 2026 6:07PM by PIB Thiruvananthpuram
രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അന്തസ്സും സുരക്ഷിതത്വവും ഉള്‍ക്കൊള്ളലുമുള്ള ജീവിതസാഹചര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യനീതിശാക്തീകരണ മന്ത്രാലയം വിവിധ ജനക്ഷേമ പദ്ധതികള്‍ ഊര്‍ജിതമായി നടപ്പിലാക്കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള 'എല്‍ഡര്‍ലൈന്‍ 14567' (Elderline 14567) എന്ന ദേശീയ ഹെല്‍പ്പ്‌ലൈന്‍ സംവിധാനത്തിലൂടെയും,'അന്തസ്സോടെയുള്ള വാര്‍ദ്ധക്യം' ക്യാമ്പയിന്റെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'പ്രതിജ്ഞയെടുക്കല്‍' പദ്ധതിയിലൂടെയുമാണ് മന്ത്രാലയം ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്നത്.
പ്രായമായ ഓരോ പൗരനും അര്‍ഹമായ ആദരവും സംരക്ഷണവും ശാക്തീകരണവും ഉറപ്പുവരുത്തുന്ന ഒരു കാരുണ്യമുള്ള സമൂഹം കെട്ടിപ്പടുക്കുകയാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി, ക്യാമ്പയിനില്‍ പങ്കാളികളാകുന്നവര്‍ക്ക് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തോടുള്ള തങ്ങളുടെ സമര്‍പ്പണത്തിന്റെ പ്രതീകമായി ഡിജിറ്റല്‍ പ്രതിജ്ഞാബദ്ധതാ സര്‍ട്ടിഫിക്കറ്റും (Certificate of Commitment) മന്ത്രാലയം വിതരണം ചെയ്യുന്നുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവര്‍ക്ക് ആവശ്യമായ പിന്തുണ സമയബന്ധിതമായി എത്തിക്കുന്നതിലും ഈ പദ്ധതികള്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുതിര്‍ന്ന പൗരന്മാരോടുള്ള ബഹുമാനം കേവലം ഒരു സാമൂഹിക ഉത്തരവാദിത്തമല്ല, മറിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അനുകമ്പയുള്ളതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ ദേശീയ പ്രതിജ്ഞാബദ്ധതയാണെന്ന് കേന്ദ്ര സാമൂഹിക നീതിശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ സുരക്ഷിതത്വത്തോടും അന്തസ്സോടും ബഹുമാനത്തോടും കൂടി ജീവിക്കുന്ന ഒരു സമൂഹ സൃഷ്ടിക്കായി മന്ത്രാലയത്തിന്റെ 'ഏജിംഗ് വിത്ത് ഡിഗ്‌നിറ്റി' (Ageing with Digntiy) പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പ്രതിജ്ഞയെടുക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
രാജ്യത്തുടനീളമുള്ള മുതിര്‍ന്ന പൗരന്മാരുടെ പരാതികളും ആശങ്കകളും പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സൗജന്യ അഖിലേന്ത്യാ ഹെല്‍പ്പ്‌ലൈന്‍ സേവനമാണ് 'എല്‍ഡര്‍ലൈന്‍'(14567). മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാനും അടിയന്തര സഹായങ്ങള്‍ തേടാനുമായി ഈ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.

2021 ഒക്ടോബര്‍ ഒന്നിന് രാജ്യത്തിന് സമര്‍പ്പിച്ച ഈ ഹെല്‍പ്പ്‌ലൈന്‍ സംവിധാനം, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കുന്നുണ്ട്. സഹായം ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, മാനസിക പിന്തുണ, അടിയന്തര ഇടപെടലുകള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഒരു ഏകജാലക പ്ലാറ്റ്‌ഫോമായി ഇത് പ്രവര്‍ത്തിക്കുന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്കായി എല്‍ഡര്‍ലൈന്‍ (14567) ഹെല്‍പ്പ്‌ലൈന്‍ വഴി വിപുലമായ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍, ഡേകെയര്‍ സെന്ററുകള്‍, പരിചാരകര്‍, മുതിര്‍ന്നവര്‍ക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. കൂടാതെ നിയമപരമായ പ്രശ്‌നങ്ങള്‍, പെന്‍ഷന്‍ സംബന്ധമായ കാര്യങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, സംരക്ഷണ ചുമതലകള്‍, തര്‍ക്ക പരിഹാരങ്ങള്‍ എന്നിവയിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ സംവിധാനം ഉറപ്പാക്കുന്നു. ഇവയ്ക്ക് പുറമെ, പീഡനം, അവഗണന എന്നിവ നേരിടുന്ന വയോജനങ്ങള്‍ക്കുള്ള സഹായം, അടിയന്തര രക്ഷപ്പെടുത്തലുകള്‍, ഭവനരഹിതരായ വയോജനങ്ങളെ തിരികെ കുടുംബങ്ങളുമായി ഒന്നിപ്പിക്കല്‍ തുടങ്ങിയ നേരിട്ടുള്ള ഇടപെടലുകളും എല്‍ഡര്‍ലൈന്‍ നടത്തുന്നുണ്ട്. ഒറ്റപ്പെടല്‍, ഉത്കണ്ഠ, കുടുംബ തര്‍ക്കങ്ങള്‍, മറ്റ് മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവ അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും ഈ ഹെല്‍പ്പ്‌ലൈന്‍ വഴി നല്‍കുന്നു.
ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ക്ക് പുറമെ, കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴില്‍ 'പ്രതിജ്ഞയെടുക്കല്‍' ക്യാമ്പയിനും സജീവമായി നടന്നുവരുന്നുണ്ട്. വയോജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുമെന്ന് പ്രതിജ്ഞ ചെയ്യാനും, പ്രായഭേദമന്യേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതില്‍ പങ്കാളികളാകാനും രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി.
കുടുംബത്തിലും സമൂഹത്തിലുമുള്ള മുതിര്‍ന്ന പൗരന്മാരെ ജീവിതകാലം മുഴുവന്‍ ആദരിക്കാനും സ്‌നേഹിക്കാനും അവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കാനുമാണ് ഈ ജനകീയ പ്രതിജ്ഞയിലൂടെ പൗരന്മാര്‍ ലക്ഷ്യമിടുന്നത്. വയോജനങ്ങളോട് ദയയോടും കരുണയോടും സഹാനുഭൂതിയോടും കൂടി പെരുമാറാന്‍ ഈ പ്രതിജ്ഞ ആഹ്വാനം ചെയ്യുന്നു. മുതിര്‍ന്നവരുടെ അറിവ്, വിവേകം, അനുഭവസമ്പത്ത് എന്നിവയ്ക്ക് മൂല്യം കല്‍പ്പിക്കാനും, അവര്‍ക്ക് പിന്തുണ നല്‍കി അവരുടെ ശബ്ദമായി മാറാനും ഈ ബോധവല്‍ക്കരണ പരിപാടി ഊന്നല്‍ നല്‍കുന്നു. പ്രായമായവരുടെ അവകാശങ്ങളെയും താല്പര്യങ്ങളെയും കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്‍ക്കും എതിരെ നിലകൊള്ളുക എന്നിവയും ഇതിന്റെ ഭാഗമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബഹുമാനവും സ്‌നേഹവും അന്തസ്സും നല്‍കുന്ന, അവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്നും ഈ പ്രതിജ്ഞ ഉറപ്പുനല്‍കുന്നു.
മന്ത്രാലയത്തിന്റെ ഈ ക്യാമ്പയിന് പൊതുജനങ്ങളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുതിര്‍ന്നവരുടെ പരിചരണത്തോടും സാമൂഹിക ഉത്തരവാദിത്തത്തോടുമുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് 5.36 ലക്ഷത്തിലധികം പൗരന്മാര്‍ ഇതിനോടകം തന്നെ ഈ ദേശീയ പ്രതിജ്ഞ എടുത്തുകഴിഞ്ഞു.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തോടുള്ള തങ്ങളുടെ സമര്‍പ്പണത്തിന്റെ പ്രതീകമായി പങ്കാളികള്‍ക്ക് ഒരു ഡിജിറ്റല്‍ പ്രതിജ്ഞാബദ്ധതാ സര്‍ട്ടിഫിക്കറ്റ് (Certificate of Commitment) ലഭിക്കുന്നതാണ്.
'അന്തസ്സോടെയുള്ള വാര്‍ദ്ധക്യം' എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കാനും, ഈ ദേശീയ പ്രതിജ്ഞയുടെ ഭാഗമാകാനും രാജ്യത്തെ പൗരന്മാരോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കായി നടത്തുന്ന ഈ രാജ്യവ്യാപക മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
***
(रिलीज़ आईडी: 2285177)
आगंतुक पटल : 6