PIB Backgrounder
ഇന്ത്യന്‍ സമുദ്ര അതിർത്തികളുടെ കാവൽക്കാർ
प्रविष्टि तिथि:
13 JUL 2026 11:25AM by PIB Thiruvananthpuram
നാവിക പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളിലും ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സന്തുലിത കപ്പൽ വ്യൂഹത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ സമുദ്ര ശക്തി നിലകൊള്ളുന്നത്. നീലഗിരി, സന്ധായക്, അർനാല വിഭാഗങ്ങള്‍ ഈ ശേഷിയുടെ മൂന്ന് സുപ്രധാന സ്തംഭങ്ങളെ പ്രതിനിധീകരിക്കുന്നു. അടുത്തിടെ കമ്മീഷൻ ചെയ്ത ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സംശോധക്, ഐ.എൻ.എസ്. അഗ്രായ് എന്നിവ തദ്ദേശീയ യുദ്ധക്കപ്പൽ വിഭാഗങ്ങളുടെ സുസ്ഥിര വിപുലീകരണം പ്രകടമാക്കുന്നു. ഐ.എൻ.എസ്. മഹേന്ദ്രഗിരി ഈ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഉയർന്ന തദ്ദേശീയ ഘടകങ്ങളാല്‍ നിർമിച്ച ഇവ ആത്മനിർഭർ ഇന്ത്യയെന്ന കാഴ്ചപ്പാടിനെ ഉൾക്കൊള്ളുകയും ഇന്ത്യയുടെ പ്രതിരോധ ഉല്പാദന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇവയെല്ലാം ചേര്‍ന്ന് സമുദ്ര സുരക്ഷ വർധിപ്പിക്കുകയും സമുദ്ര സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുകയും പ്രമുഖ സമുദ്ര ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യയുടെ ബഹുതല നാവിക ശേഷി
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രാഥമിക സുരക്ഷാ ദാതാവാണ് ഇന്ത്യൻ നാവികസേന. ഏകദേശം 11,098 കിലോമീറ്റർ തീരപ്രദേശവും ഏതാണ്ട് 2.4 മില്യൺ ചതുരശ്ര കിലോമീറ്റർ സവിശേഷ സാമ്പത്തിക മേഖലയും ഇന്ത്യയുടെ വ്യാപാരത്തിൻ്റെ 90 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന സമുദ്ര പാതകളും ഇന്ത്യന്‍ നാവികസേന സംരക്ഷിക്കുന്നു. ഈ സംരക്ഷണം കൈവരിക്കാന്‍ ഒരു സന്തുലിത കപ്പൽ വ്യൂഹം അനിവാര്യമാണ്. ഓരോ വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലും സമുദ്ര സുരക്ഷയുടെ പ്രത്യേക തലത്തിലേക്ക് സംഭാവന നൽകുന്നു. ഇന്ത്യയിൽ വെറും ഒരു മാസത്തിനകം ഉൾപ്പെടുത്തിയ നാല് പുതുതലമുറ തദ്ദേശീയ നാവിക പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ ഈ ബഹുതല സമീപനത്തിന് ജീവൻ പകരുന്നു.
സമുദ്രോപരിതലത്തിൽ പ്രതിരോധിക്കാനും പോരാടാനുമുള്ള ശേഷിയാണ് ഈ ഘടനയുടെ മുൻനിരയില്‍. തീവ്രതയേറിയ പ്രവർത്തനങ്ങൾക്ക് പ്രൊജക്റ്റ് 17A പ്രകാരം നിർമിച്ച നീലഗിരി-ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളാണ് ഈ വിഭാഗത്തില്‍ ഏറ്റവും പുതിയത്. റഡാർ വഴിയോ താപനില അളക്കുന്ന സെൻസറുകൾ വഴിയോ ശബ്ദം വഴിയോ ഈ കപ്പലുകളെ കണ്ടെത്താനുള്ള സാധ്യതകൾ തീരെ കുറച്ചത് യുദ്ധരംഗത്തെ അതിജീവന ശേഷി മെച്ചപ്പെടുത്തുന്നു.
സമുദ്ര ശക്തി എന്നത് കടലുകളുമായി ബന്ധപ്പെട്ട ആഴമേറിയ ധാരണയെയും ആശ്രയിച്ചിരിക്കുന്നു. സന്ധായക്-ക്ലാസ് നിരീക്ഷണ കപ്പലുകള്‍ (ലാർജ്) ഇന്ത്യയുടെ ഹൈഡ്രോഗ്രാഫിക് ശേഷി ശക്തിപ്പെടുത്തുന്നു. സുരക്ഷിത ദിശാനിര്‍ണയത്തിന് അവ കടൽത്തട്ട് ചിത്രീകരിക്കുകയും സമുദ്ര വിവരങ്ങൾ ശേഖരിക്കുകയും കൃത്യമായ നോട്ടിക്കൽ ചാർട്ടുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ഇത് നാവിക പ്രവർത്തനങ്ങളെയും സമുദ്ര വ്യാപാരത്തെയും സമുദ്ര സമ്പദ്വ്യവസ്ഥയെയും പിന്തുണയ്ക്കുന്നു, ഒപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ഒരു വിശ്വസ്ത ഹൈഡ്രോഗ്രാഫിക് പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പദവി അടയാളപ്പെടുത്തുകയും ചെയ്യുന്നു.
തീരപ്രദേശത്തോട് അടുക്കുമ്പോൾ അന്തർവാഹിനി പ്രതിരോധ യുദ്ധമുറയാണ് പ്രതിരോധത്തിൻ്റെ അടുത്ത തലം രൂപീകരിക്കുന്നത്. തീരദേശ കടലുകളിൽ അന്തർവാഹിനികളെ കണ്ടെത്താനും നിർവീര്യമാക്കാനും രൂപകല്പന ചെയ്തവയാണ് അർനാല-ക്ലാസ് ആൻ്റി-സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകൾ. പ്രധാന ചുമതലകൾക്ക് പുറമെ മാനുഷിക സഹായം, ദുരന്തനിവാരണം, തിരച്ചിലും രക്ഷാപ്രവർത്തനവും തുടങ്ങിയ ദൗത്യങ്ങൾ ഏറ്റെടുക്കാനും ഈ മൂന്ന് വിഭാഗങ്ങളിലെ കപ്പലുകള്‍ക്കും സാധിക്കും. ഇന്ത്യയുടെ തദ്ദേശീയ കപ്പൽ നിർമാണ പരിപാടികളുടെ വിജയത്തെയാണ് ഇവയെല്ലാം അടയാളപ്പെടുത്തുന്നത്. ഇവയുടെ പരമ്പര ഉല്പാദനത്തിലേക്കുള്ള മാറ്റം സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുകയും ആത്മനിർഭർ ഇന്ത്യയെന്ന കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുകയും സ്വന്തമായി യുദ്ധക്കപ്പലുകൾ രൂപകല്പന ചെയ്യുന്നതിലും നിർമിക്കുന്നതിലും ഇന്ത്യയുടെ വർധിച്ചുവരുന്ന ശേഷിയെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.
നിങ്ങൾക്കറിയാമോ?
2026 ജൂൺ 21-ന് തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമിച്ച മൂന്ന് പ്ലാറ്റ്‌ഫോമുകൾ ഒരുമിച്ച് കൊൽക്കത്തയിൽ കമ്മീഷൻ ചെയ്യുകയുണ്ടായി: നീലഗിരി-ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐ.എൻ.എസ്. ദുനാഗിരി; സന്ധായക്-ക്ലാസ് നിരീക്ഷണ കപ്പല്‍ (ലാർജ്) ആയ ഐ.എൻ.എസ്. സംശോധക്; അർനാല-ക്ലാസ് ആൻ്റി-സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ ഐ.എൻ.എസ്. അഗ്രായ് എന്നിവയാണവ. നാവികസേനയുടെ സ്വന്തം വാര്‍ഷിപ്പ് ഡിസൈൻ ബ്യൂറോയാണ് ഈ മൂന്ന് കപ്പലുകളും രൂപകല്പന ചെയ്തത്. പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എന്‍ജിനീയേഴ്സ് ലിമിറ്റഡാണ് ഇവ നിർമിച്ചത്. 2026 ജൂലൈ 11-ന് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിച്ച ആറാമത്തെ നീലഗിരി-ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐ.എൻ.എസ്. മഹേന്ദ്രഗിരി വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു.

സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ: ഉപരിതല കരുത്തിൻ്റെ അത്യാധുനിക തലം
ഇന്ത്യൻ നാവികസേനയുടെ ഉപരിതല പോരാട്ട ശേഷിയുടെ നട്ടെല്ലാണ് സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ. വിമാനവാഹിനിക്കപ്പലുകളെ സംരക്ഷിക്കുന്ന ഇവ സുപ്രധാന സമുദ്ര പാതകൾ സുരക്ഷിതമാക്കുകയും വിദൂര മേഖലയിലെ കടലുകളിൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നു. ആധുനിക നാവിക യുദ്ധമുറകൾക്കായി രൂപകല്പന ചെയ്ത സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകളില്‍ ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാന്‍ മികച്ച ശേഷി ഉറപ്പാക്കുന്നതിന് റഡാർ, ഇൻഫ്രാറെഡ്, അക്കോസ്റ്റിക് സംവിധാനങ്ങള്‍ കൃത്യമായി ക്രമീകരിക്കുന്നതിനൊപ്പം അത്യാധുനിക ആയുധങ്ങളും സെൻസറുകളും വ്യോമയാന സൗകര്യങ്ങളും പരസ്പരം കോർത്തിണക്കുന്നു. ഇത് ഇവയെ കണ്ടെത്തുന്നത് പ്രയാസകരമാക്കുകയും ആക്രമണ - പ്രതിരോധ പ്രവർത്തനങ്ങൾ സാധ്യമാക്കുകയും ചെയ്യുന്നു.
ഈ ശേഷിയുടെ തുടർച്ചയായി തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റുകളുടെ ഏറ്റവും പുതിയ തലമുറയെയാണ് പ്രൊജക്റ്റ് 17A പ്രതിനിധീകരിക്കുന്നത്. ഐ.എൻ.എസ്. നീലഗിരി, ഐ.എൻ.എസ്. ഹിമഗിരി, ഐ.എൻ.എസ്. താരഗിരി, ഐ.എൻ.എസ്. ഉദയഗിരി, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. മഹേന്ദ്രഗിരി, നിർമാണത്തിലിരിക്കുന്ന വിന്ധ്യാഗിരി എന്നിവ നീലഗിരി-ക്ലാസിൽ ഉൾപ്പെടുന്നു. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് നാല് കപ്പലുകൾ നിർമിച്ചപ്പോൾ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എന്‍ജിനീയേഴ്സ് ലിമിറ്റഡാണ് മൂന്നെണ്ണം നിർമിക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും പുതിയതും അഞ്ചാമത്തെയും കപ്പലായ ഐ.എൻ.എസ്. ദുനാഗിരി അടുത്തിടെ കമ്മീഷൻ ചെയ്തു. കൂടാതെ ഈ വിഭാഗത്തിലെ ഐ.എൻ.എസ്. മഹേന്ദ്രഗിരി 2026 ജൂലൈ 11-ന് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു. ഈ യുദ്ധക്കപ്പലുകൾ ഇന്ത്യയുടെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം രാജ്യത്തിൻ്റെ സാന്നിധ്യമുറപ്പിക്കുകയും ചെയ്യുന്നു.
നിങ്ങൾക്കറിയാമോ?
ഏഴ് വരുംതലമുറ ഗൈഡഡ്-മിസൈൽ യുദ്ധക്കപ്പലുകൾ നിർമിക്കുന്ന ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റ് പരിപാടിയാണ് പ്രൊജക്റ്റ് 17A. വ്യോമ പ്രതിരോധം, ഉപരിതല പ്രതിരോധം, അന്തർവാഹിനി പ്രതിരോധം എന്നീ തലങ്ങളിലെ യുദ്ധമുറകൾ ഉൾപ്പെടെ ബഹുതല ദൗത്യങ്ങൾക്കായി രൂപകല്പന ചെയ്തവയാണ് ഈ ഫ്രിഗേറ്റുകൾ. യുദ്ധക്കപ്പലുകളുടെ രൂപകല്പനയിലും നിർമാണത്തിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന ശേഷിയെയാണ് പ്രൊജക്റ്റ് 17A പ്രതിഫലിപ്പിക്കുന്നത്.

പ്രൊജക്റ്റ് 17A നീലഗിരി-ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളുടെ പ്രധാന സവിശേഷതകൾ
-
വലിപ്പം: ഏകദേശം 149 മീറ്റർ നീളവും 6,670 ടണ്ണോളം ഡിസ്‌പ്ലേസ്‌മെൻ്റുമാണ് ഇതിൻ്റെ പ്രധാന സവിശേഷത. ഒരു കപ്പൽ ഒഴുക്കിമാറ്റുന്ന വെള്ളത്തിൻ്റെ ഭാരത്തെയാണ് ഡിസ്‌പ്ലേസ്‌മെൻ്റ് എന്ന് വിളിക്കുന്നത്.
-
പ്രൊപ്പൽഷൻ: കപ്പലിൻ്റെ സഞ്ചാരപരിധിക്കും വേഗത്തിനും ഡീസൽ എന്‍ജിനുകളെ ഗ്യാസ് ടർബൈനുകളുമായി ബന്ധിപ്പിക്കുന്ന ‘കംബൈൻഡ് ഡീസൽ ഓർ ഗ്യാസ്’ സംവിധാനം.
-
വേഗം: പരമാവധി വേഗം 28 നോട്ട്സ്. ഒരു നോട്ട് എന്നാൽ മണിക്കൂറിൽ ഏകദേശം 1.85 കിലോമീറ്ററാണ്.
-
ആക്രമണ ശേഷി: വിദൂര കപ്പലുകളെയും തീരദേശ ലക്ഷ്യങ്ങളെയും തകർക്കാൻ ശേഷിയുള്ള സൂപ്പർസോണിക് ഉപരിതല മിസൈലുകൾ ഉള്‍പ്പെടുത്തിയിരിക്കുന്നു.
-
വ്യോമ പ്രതിരോധം: ശത്രു വിമാനങ്ങളെയും മിസൈലുകളെയും തടയുന്ന ബ്രഹ്മോസ് മിസൈലുകൾ, മീഡിയം റേഞ്ച് വ്യോമ പ്രതിരോധ മിസൈലുകൾ, ക്ലോസ്-ഇൻ ഗണ്ണുകൾ എന്നിവയുൾപ്പെടെ അത്യാധുനിക ആയുധങ്ങൾ ഈ ഫ്രിഗേറ്റുകളുടെ സവിശേഷതയാണ്.
-
സെൻസറുകളും എയർ വിങും: അത്യാധുനിക റഡാർ, കപ്പല്‍ ബോഡിയില്‍ ഘടിപ്പിച്ച സോണാർ ഹെലികോപ്റ്ററുകൾ എന്നിവയും ഇതിൻ്റെ ഭാഗമാണ്. വെള്ളത്തിനടിയിലെ അന്തർവാഹിനികളെ കണ്ടെത്തുന്നതിന് ശബ്ദ തരംഗങ്ങൾ ഉപയോഗിക്കുന്ന സംവിധാനമാണ് സോണാർ.

നിങ്ങൾക്കറിയാമോ?
പ്രൊജക്റ്റ് 17A ഫ്രിഗേറ്റുകൾ കൂടാതെ തൽവാർ-ക്ലാസ്, ശിവാലിക്-ക്ലാസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലെ സ്റ്റെൽത്ത് കപ്പലുകളും ഇന്ത്യൻ നാവികസേനയ്ക്കുണ്ട്. നാവികസേന മുൻനിര യുദ്ധക്കപ്പലുകൾ വിദേശത്തുനിന്ന് വാങ്ങിയിരുന്ന കാലത്ത് റഷ്യയിൽ രൂപകല്പന ചെയ്ത് നിർമിച്ചതാണ് തൽവാർ ക്ലാസ് (പ്രൊജക്റ്റ് 1135.6/11356). നാവികസേനയുടെ സ്വന്തം വാര്‍ഷിപ്പ് ഡിസൈൻ ബ്യൂറോ രൂപകല്പന ചെയ്യുകയും മുംബൈയിലെ മസഗോൺ ഡോക്കിൽ നിർമിക്കുകയും ചെയ്ത ഇന്ത്യയുടെ ആദ്യ തദ്ദേശീയ രൂപകല്പനയിലെ സ്റ്റെൽത്ത് ഫ്രിഗേറ്റായ ശിവാലിക് ക്ലാസോടെ (പ്രൊജക്റ്റ് 17) ഇതിന് മാറ്റം വന്നു. മെച്ചപ്പെട്ട സെൻസറുകളും ആയുധങ്ങളും വളരെ ഉയർന്ന തദ്ദേശീയ ഘടകങ്ങളുമായി പ്രൊജക്റ്റ് 17A (നീലഗിരി ക്ലാസ്) ഈ പൈതൃകത്തെ മുന്നോട്ട് നയിക്കുന്നു. ആത്മനിർഭർ ഇന്ത്യ കാഴ്ചപ്പാടിന് കീഴിലെ ഈ മുന്നേറ്റം 'വാങ്ങുന്ന നാവികസേനയിൽ' നിന്ന് 'നിർമിക്കുന്ന നാവികസേനയിലേക്ക് ' വലിയ പരിവര്‍ത്തനത്തെയാണ് അടയാളപ്പെടുത്തുന്നത്.

സ്റ്റെൽത്ത് സാങ്കേതികവിദ്യ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെ?
ഒരു യുദ്ധക്കപ്പലിനെ ശത്രുക്കൾക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുകയാണ് സ്റ്റെൽത്ത് സാങ്കേതികവിദ്യ ചെയ്യുന്നത്. ഇത് കപ്പലിനെ പൂർണമായി അദൃശ്യമാക്കുന്നില്ല. പകരം, കപ്പലിൻ്റെ യഥാർത്ഥ വലിപ്പത്തേക്കാൾ വളരെ ചെറുതായി കാണിക്കാനും കപ്പല്‍ പുറപ്പെടുവിക്കുന്ന ശബ്ദം കുറയ്ക്കാനും സഹായിക്കുന്നു. ചില പ്രത്യേക രീതികളിലൂടെയാണ് യുദ്ധക്കപ്പലുകൾ ഇത് കൈവരിക്കുന്നത്. അവയുടെ ചരിഞ്ഞ പ്രതലങ്ങൾ ശത്രുക്കളുടെ റഡാർ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ദൂരേക്ക് തിരിച്ചുവിടുന്നു, ഒപ്പം പ്രത്യേക ആവരണങ്ങള്‍ റഡാർ സിഗ്നലുകളെ പ്രതിഫലിപ്പിക്കുന്നതിന് പകരം ആഗിരണം ചെയ്യുകയും ചെയ്യുന്നു.
നിരീക്ഷണക്കപ്പലുകൾ: സുരക്ഷയ്ക്കും സമൃദ്ധിക്കുമായി കടലിനെ രേഖപ്പെടുത്തുന്നു
കടൽത്തട്ടും തീരമേഖലകളും ചിത്രീകരിക്കുന്ന നിരീക്ഷണ കപ്പലുകള്‍ ഇന്ത്യൻ നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് ശേഷി ശക്തിപ്പെടുത്തുന്നു. കൃത്യമായ നോട്ടിക്കൽ ചാർട്ടുകൾ യുദ്ധക്കപ്പലുകളുടെയും ചരക്കുകപ്പലുകളുടെയും സുരക്ഷിത ദിശാനിര്‍ണയം ഉറപ്പാക്കുന്നു. സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിലൂടെ അവ സമുദ്ര സമ്പദ്വ്യവസ്ഥയെയും പിന്തുണയ്ക്കുന്നു. മാനുഷിക സഹായം, ദുരന്തനിവാരണം, തിരച്ചിലും രക്ഷാപ്രവർത്തനവും തുടങ്ങിയ ദൗത്യങ്ങൾ ഈ കപ്പലുകൾ പതിവായി ഏറ്റെടുക്കാറുണ്ട്.
ഈ സുപ്രധാന ശേഷി നിലനിർത്തുന്നതിനാണ് ഇന്ത്യൻ നാവികസേന തദ്ദേശീയ സന്ധായക്-ക്ലാസ് നിരീക്ഷണ കപ്പലുകളെ ഉൾപ്പെടുത്തിവരുന്നത്. ഐ.എൻ.എസ്. സന്ധായക്, ഐ.എൻ.എസ്. നിർദേശക്, ഐ.എൻ.എസ്. ഇക്ഷക്, ഐ.എൻ.എസ്. സംശോധക് എന്നിവ ഈ വിഭാഗത്തില്‍ ഉൾപ്പെടുന്നു. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എന്‍ജിനീയേഴ്സ് ലിമിറ്റഡ് ആണ് ഇവ നിർമിച്ചത്. ഈ വിഭാഗത്തിലെ നാലാമത്തെയും അവസാനത്തെയും കപ്പലായ ഐ.എൻ.എസ്. സംശോധക് അടുത്തിടെ കമ്മീഷൻ ചെയ്തു. ഇന്ത്യയുടെ സമുദ്രമേഖലയിലെ ജാഗ്രത ശക്തിപ്പെടുത്തുന്ന ഈ കപ്പലുകള്‍ ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ഹൈഡ്രോഗ്രാഫിക് സഹകരണത്തിൽ രാജ്യത്തിൻ്റെ നേതൃത്വം ഉറപ്പിക്കുകയും ചെയ്യുന്നു.
സന്ധായക്-ക്ലാസ് നിരീക്ഷണ കപ്പലുകളുടെ പ്രധാന സവിശേഷതകൾ
-
വലിപ്പം: ഏകദേശം 110 മീറ്റർ നീളവും 3,400 ടണ്ണോളം ഡിസ്‌പ്ലേസ്‌മെൻ്റും.
-
വേഗവും സഞ്ചാരപരിധിയും: മണിക്കൂറിൽ 18 നോട്ടിലധികം പരമാവധി വേഗവും 6,500 നോട്ടിക്കൽ മൈൽ പ്രവർത്തന പരിധിയുമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലുടനീളവും അതിനപ്പുറവും വിദൂര ദൗത്യങ്ങൾ ഏറ്റെടുക്കാൻ ഈ കപ്പലിന് കഴിയും.
-
ജീവനക്കാർ: ഈ കപ്പലുകളിൽ ഏകദേശം 178 ജീവനക്കാരുണ്ടാകും.
-
സർവേ സംവിധാനങ്ങൾ: കടൽത്തട്ടിൻ്റെ വിശദമായ ഭൂപടം തയ്യാറാക്കുന്ന മൾട്ടി-ബീം എക്കോ സൗണ്ടറുകൾ, സൈഡ്-സ്കാൻ സോണാർ, സ്വയംനിയന്ത്രിത അണ്ടർവാട്ടർ വാഹനങ്ങൾ എന്നിവ ഇതിലുള്‍പ്പെടുന്നു.
-
അനുബന്ധ ചുമതലകൾ: ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഒരു ആശുപത്രി കപ്പലായി സേവനമനുഷ്ഠിക്കാനും ഇതിന് കഴിയും.
-
ഇന്ത്യയുടെ ഹൈഡ്രോഗ്രാഫർമാർ അഞ്ച് വർഷത്തിനിടെ (2019-24) 89,000 ചതുരശ്ര കിലോമീറ്റർ പ്രദേശം സർവേ ചെയ്യുകയും 96 ചാർട്ടുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി സൗഹൃദ രാജ്യങ്ങളെ ഇത് സഹായിക്കുന്നു.
നിങ്ങൾക്കറിയാമോ?
എല്ലാ വർഷവും ജൂൺ 21 ലോകമെങ്ങും ലോക ഹൈഡ്രോഗ്രാഫി ദിനമായി ആഘോഷിക്കുന്നു. ഇന്ത്യയുടെ ഏറ്റവും പുതിയ നിരീക്ഷണ കപ്പലായ ഐ.എ.എൻ.എസ്. സംശോധക് കമ്മീഷൻ ചെയ്തത് ഇതേ ദിവസമാണ്.
ഷാലോ-വാട്ടർ സബ്-ഹണ്ടേഴ്സ്: തീരദേശ കടലിന് കാവൽ
ആൻ്റി-സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകൾ ഇന്ത്യൻ നാവികസേനയുടെ തീരദേശ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. തീരത്തോടടുത്ത ആഴം കുറഞ്ഞ കടലുകളിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളെ കണ്ടെത്താനും നിർവീര്യമാക്കാനും ഇവ സഹായിക്കുന്നു. വലിയ യുദ്ധക്കപ്പലുകൾക്ക് ഇത്തരം പ്രദേശങ്ങളിൽ ഫലപ്രദമായി നീക്കങ്ങൾ നടത്താൻ കഴിയില്ലെന്നതാണ് ചടുലമായ ഈ കപ്പലുകളെ അനിവാര്യതയാക്കി മാറ്റുന്നത്. മാനുഷിക സഹായം, ദുരന്തനിവാരണം, തിരച്ചിലും രക്ഷാപ്രവർത്തനവും തുടങ്ങിയ ദൗത്യങ്ങളെയും ഇവ പിന്തുണയ്ക്കുന്നു.
സമുദ്ര സുരക്ഷയുടെ ഈ നിർണായക തലം ശക്തിപ്പെടുത്തുന്നതിന് തദ്ദേശീയ അർനാല-ക്ലാസ് കപ്പലുകളെ ഉൾപ്പെടുത്തിവരികയാണ് ഇന്ത്യൻ നാവികസേന. എട്ട് കപ്പലുകളടങ്ങുന്ന ഈ വിഭാഗത്തില്‍ അർനാല, ആൻഡ്രോത്ത്, അഞ്ജദീപ്, അമിനി, അഭയ്, അഗ്രായ്, അക്ഷയ്, അജയ് എന്നിവ ഉൾപ്പെടുന്നു. എൽ ആൻഡ് ടി ഷിപ്പ് ബിൽഡിങുമായി സഹകരിച്ച് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എന്‍ജിനീയേഴ്സ് ലിമിറ്റഡ് നിർമിച്ച ഈ കപ്പലുകൾ പഴക്കമേറുന്ന അഭയ്-ക്ലാസ് കോർവെറ്റുകൾക്ക് പകരമായാണ് വരുന്നത്. ഈ വിഭാഗത്തിലെ നാലാമത്തെ കപ്പലായ ഐ.എൻ.എസ്. അഗ്രായ് അടുത്തിടെ കമ്മീഷൻ ചെയ്തു. ഇതിന് സമാന്തരമായ മാഹെ-ക്ലാസ് കൊച്ചിൻ കപ്പല്‍നിര്‍മാണ ശാലയില്‍ നിർമാണത്തിലാണ്. ആസൂത്രണം ചെയ്ത ആകെ ആൻ്റി-സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളുടെ എണ്ണം ഇതോടെ 16 ആയി ഉയരുന്നു. ഇന്ത്യയുടെ തീരദേശ മേഖലകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന ഈ കപ്പലുകള്‍ വലിയ യുദ്ധക്കപ്പലുകൾക്ക് തുറന്ന കടലിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരമൊരുക്കുന്നു.
അർനാല-ക്ലാസ് കപ്പലുകളുടെ പ്രധാന സവിശേഷതകൾ
-
വലിപ്പം: ഏകദേശം 77.6 മീറ്റർ നീളവും 900 ടണ്ണോളം ഡിസ്‌പ്ലേസ്‌മെൻ്റും.
-
പ്രൊപ്പൽഷൻ: പരമ്പരാഗത പ്രൊപ്പല്ലറിന് പകരം ശക്തമായ ജലപ്രവാഹം ഉപയോഗിച്ച് കപ്പലിനെ മുന്നോട്ട് നയിക്കുന്ന വാട്ടർജെറ്റുകളാണിവ. ആഴം കുറഞ്ഞ കടലുകളിൽ സുഗമമായ നീക്കങ്ങൾ നടത്താൻ ഇത് സഹായിക്കുന്നു.
-
വേഗം: മണിക്കൂറിൽ ഏകദേശം 25 നോട്ട്സ് പരമാവധി വേഗം.
-
ആയുധങ്ങൾ: കടലിൻ്റെ ഉപരിതലത്തിന് താഴെ അന്തർവാഹിനികളെ ആക്രമിക്കാൻ ശേഷിയുള്ള ഭാരം കുറഞ്ഞ ടോർപ്പിഡോകളും അന്തർവാഹിനി പ്രതിരോധ റോക്കറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.
-
സെൻസറുകൾ: ആഴം കുറഞ്ഞ കടലിന് അനുയോജ്യമായ സോണാർ സെൻസറുകളെ ആയുധങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതിരോധ നിര്‍വഹണ സംവിധാനം ഇതിലുണ്ട്.
നിങ്ങൾക്കറിയാമോ?
ഇന്ത്യൻ നാവികസേനയിൽ ഇതുവരെ ഉൾപ്പെടുത്തിയതില്‍ വാട്ടർജെറ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. അർനാല.
യുദ്ധവിന്യാസത്തിനപ്പുറം തന്ത്രപ്രധാന മൂല്യം
നീലഗിരി, സന്ധായക്, അർനാല വിഭാഗം യുദ്ധക്കപ്പലുകള്‍ അതിര്‍ത്തി നാവിക ശേഷിയ്ക്കപ്പുറം വലിയ പങ്കുവഹിക്കുന്നു. ദേശീയ സുരക്ഷയെ ശക്തിപ്പെടുത്തുകയും സ്വയംപര്യാപ്തതയ്ക്ക് ഊര്‍ജമേകുകയും ചെയ്യുന്ന അവ ഇന്ത്യയുടെ സമുദ്രാഭിലാഷങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. പ്രതിരോധ ഉല്പാദനം, തൊഴിലവസരങ്ങൾ, സമുദ്ര നയതന്ത്രം, സമുദ്ര സമ്പദ്‌വ്യവസ്ഥ, പ്രതിരോധ കയറ്റുമതി എന്നിവയിലുടനീളം ഇവയുടെ സ്വാധീനം വ്യാപിച്ചുകിടക്കുന്നു. ഈ തദ്ദേശീയ യുദ്ധക്കപ്പൽ വിഭാഗങ്ങള്‍ ഇന്ത്യയുടെ വിശാല ദേശീയ ലക്ഷ്യങ്ങളിലേക്ക് എങ്ങനെ സംഭാവന നൽകുന്നുവെന്ന് താഴെ നല്‍കിയിരിക്കുന്ന പട്ടിക വ്യക്തമാക്കുന്നു:
|
ലക്ഷ്യം
|
കപ്പലുകൾ ലക്ഷ്യം നിറവേറ്റുന്ന രീതി
|
|
ആത്മനിർഭരത (തദ്ദേശീയവൽക്കരണം)
|
ഇന്ത്യന്‍ നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈൻ ബ്യൂറോയും (നീലഗിരി, സന്ധായക് ക്ലാസ്) ഇന്ത്യൻ കപ്പൽശാലകളും (അർനാല, മാഹെ ക്ലാസ്) ചേർന്നാണ് മൂന്ന് വിഭാഗങ്ങളും രൂപകല്പന ചെയ്തതും ഇന്ത്യൻ കപ്പല്‍നിര്‍മാണശാലകളില്‍ നിർമിച്ചതും. പ്രൊജക്റ്റ് 17A ഫ്രിഗേറ്റുകളിൽ 75 ശതമാനവും സന്ധായക് സർവേ കപ്പലുകളിൽ 80 ശതമാനത്തിലധികവും തദ്ദേശീയ ഘടകങ്ങളാണ്. നാവികസേനയിലുടനീളം ഓർഡർ നൽകിയ 66 കപ്പലുകളിലും അന്തർവാഹിനികളിലും 64 എണ്ണവും നിർമിക്കുന്നത് ഇന്ത്യയിലാണ്.
|
|
തൊഴിലവസര സൃഷ്ടി
|
ഈ വിഭാഗം കപ്പലുകള്‍ പരമ്പരയായി നിർമിക്കുന്നത് കപ്പൽശാലകളെയും വിപുലമായ വിതരണ ശൃംഖലയെയും നിലനിർത്തുന്നു. പ്രൊജക്റ്റ് 17A ഫ്രിഗേറ്റ് നിർമാണം 200-ലധികം എം.എസ്.എം.ഇ.കൾക്ക് പങ്കാളിത്തം നൽകുകയും ഏകദേശം 4,000 പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 10,000-ത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും ഇത് സൃഷ്ടിച്ചു, കൂടാതെ അർനാല-ക്ലാസ് നിർമാണം ജി.ആർ.എസ്.ഇ., എൽ ആൻഡ് ടി കാട്ടുപ്പള്ളി എന്നിവയുടെ പങ്കാളിത്തത്തിനും വഴിയൊരുക്കി.
|
|
സമുദ്ര സുരക്ഷ (വിശ്വസനീയ സുരക്ഷാ പങ്കാളി)
|
സമുദ്ര നിയന്ത്രണത്തിന് ഫ്രിഗേറ്റുകൾ, സുരക്ഷിത യാത്രയ്ക്ക് സർവേ കപ്പലുകൾ, തീരദേശങ്ങൾക്ക് അന്തർവാഹിനി പ്രതിരോധ കപ്പലുകൾ എന്നിങ്ങനെ ഈ വിഭാഗം യുദ്ധക്കപ്പലുകള്‍ ബഹുതല കരുത്ത് ഉറപ്പാക്കുന്നു. ഈ സമുദ്ര മേഖലയിലെ ആദ്യ പ്രതികരണക്കാരെന്ന നിലയിൽ ഏദൻ ഗൾഫ് പോലുള്ള സുപ്രധാന പാതകളിലെ കടൽക്കൊള്ളയെ നാവികസേന പ്രതിരോധിക്കുന്നു. ഇത് എല്ലാവരുടെയും യാത്രാ സ്വാതന്ത്ര്യവും വ്യാപാരവും സംരക്ഷിക്കുന്നു.
|
|
സമുദ്ര സമ്പദ്‌വ്യവസ്ഥ
|
തുറമുഖങ്ങൾ, ചാനലുകൾ, സവിശേഷ സാമ്പത്തിക മേഖല എന്നിവ സർവേ-ക്ലാസ് കപ്പലുകൾ രേഖപ്പെടുത്തുന്നു. മത്സ്യബന്ധനം, തീരദേശ ഊർജം, സുരക്ഷിത കപ്പൽ ഗതാഗതം എന്നിവയെ ഇത് പിന്തുണയ്ക്കുന്നു, ഫ്രിഗേറ്റ്, അന്തര്‍വാഹിനി പ്രതിരോധ വിഭാഗങ്ങള്‍ ഇവയ്ക്ക് കാവലൊരുക്കുന്നു. ഇന്ത്യയുടെ സമുദ്ര സമ്പദ്‌വ്യവസ്ഥ ജി.ഡി.പി.യുടെ ഏകദേശം 4 ശതമാനം സംഭാവന ചെയ്യുന്നുണ്ട്.
|
|
യുദ്ധക്കപ്പലുകളുടെ സമുദ്ര കയറ്റുമതി
|
നാവിക യുദ്ധക്കപ്പലുകളുടെ ഇറക്കുമതിക്കാരനിൽ നിന്ന് കയറ്റുമതിക്കാരനായി മാറുകയാണ് ഇന്ത്യ. സർവേ, അന്തര്‍വാഹിനി പ്രതിരോധ വിഭാഗം യുദ്ധക്കപ്പലുകളുടെ നിർമാതാക്കളായ ജി.ആർ.എസ്.ഇ. വിദേശ ഓർഡറുകൾ നടപ്പാക്കുന്നുണ്ട്. ദേശീയ പ്രതിരോധ കയറ്റുമതി 2024-25ൽ റെക്കോർഡ് തുകയായ 23,622 കോടി രൂപയിലെത്തി. 2023-24 സാമ്പത്തിക വർഷത്തെ 21,083 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയെക്കാള്‍ ഏകദേശം 12 ശതമാനം കൂടുതലാണിത്.
|
|
സാഗർ, മഹാസാഗർ കാഴ്ചപ്പാടുകൾ
|
സന്ധായക്-ക്ലാസ് സർവേ കപ്പലുകൾ സുരക്ഷിതമായ നാവിഗേഷനായി സമുദ്രങ്ങളെ രേഖപ്പെടുത്തുന്നു. അവ ഇന്ത്യയുടെയും സൗഹൃദ രാജ്യങ്ങളുടെയും സമുദ്ര താല്പര്യങ്ങളെ സംരക്ഷിക്കുന്നു. ഇത് പങ്കാളി രാജ്യങ്ങളിലേക്ക് യുദ്ധക്കപ്പലുകൾ വിന്യസിച്ചുകൊണ്ട് സാഗർ (2015), മഹാസാഗർ (2025) കാഴ്ചപ്പാടുകളെ മുന്നോട്ട് നയിക്കുന്നു.
|
നിങ്ങൾക്കറിയാമോ?
തൊട്ടടുത്തെ ഇന്ത്യൻ മഹാസമുദ്ര മേഖല സുരക്ഷിതമാക്കുന്നതിന് 2015-ലാണ് ഇന്ത്യ സാഗർ -സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് ഫോര്‍ ഓള്‍ ഇന്‍ ദി റീജ്യണ്‍) പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് ഇത് കൂടുതൽ വിപുലീകരിക്കുകയും വിശാലമായ ഗ്ലോബൽ സൗത്ത് രാഷ്ട്രങ്ങളിലുടനീളം പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് 2025-ൽ ‘മഹാസാഗർ’ (മ്യൂച്വല്‍ ആന്‍ഡ് ഹോളിസ്റ്റിക് അഡ്വാന്‍സ്മെൻ്റ് ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് അക്രോസ് റീജ്യണ്‍സ്) ആരംഭിച്ച് ഇതിൻ്റെ വ്യാപ്തി ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പ്രാദേശിക സുരക്ഷ മെച്ചപ്പെടുത്താനും സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ദുരന്തങ്ങളോട് വേഗത്തിൽ പ്രതികരിക്കാനുമാണ് ഈ രണ്ട് നയങ്ങളും നിലകൊള്ളുന്നത്.
ഇന്ത്യയുടെ സമുദ്ര ഭാവി സുരക്ഷിതമാക്കുന്നു
നീലഗിരി, സന്ധായക്, അർനാല വിഭാഗം യുദ്ധക്കപ്പലുകള്‍ ഇന്ത്യയുടെ നാവിക ശേഷിയുടെ സുസ്ഥിര പരിണാമം പ്രതിഫലിപ്പിക്കുന്നു. ഉപരിതല യുദ്ധമുറകള്‍, ഹൈഡ്രോഗ്രാഫി, തീരദേശ അന്തർവാഹിനി പ്രതിരോധ യുദ്ധമുറ എന്നിവയെ ഇവ ഒരുമിച്ച് ശക്തിപ്പെടുത്തുന്നു. ഇന്ത്യൻ നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈൻ ബ്യൂറോ രൂപകല്പന ചെയ്യുകയും ഇന്ത്യൻ കപ്പൽശാലകളിൽ നിർമിക്കുകയും ചെയ്തവയാണ് ഓരോ വിഭാഗവും. സങ്കീർണ മുൻനിര യുദ്ധക്കപ്പലുകൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമിക്കുന്നതിലും ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന വൈദഗ്ധ്യം ഇവ തെളിയിക്കുന്നു. ഇവയുടെ ഉല്പാദന വിപുലീകരണം പ്രതിരോധ ഉല്പാദനത്തിലെ സ്വയംപര്യാപ്തയ്ക്ക് കരുത്തേകുന്നു.
നാവിക പ്രവർത്തനങ്ങൾക്കപ്പുറം വ്യാപിച്ചുകിടക്കുന്നതാണ് ഈ യുദ്ധക്കപ്പലുകളുടെ സംഭാവന. ഇന്ത്യൻ കപ്പൽശാലകളെ നിലനിർത്തുകയും നൂറുകണക്കിന് എം.എസ്.എം.ഇ.കളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഇവ ആയിരക്കണക്കിന് വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ശക്തമായ സമുദ്ര സുരക്ഷയിലൂടെയും പ്രാദേശിക സഹകരണത്തിലൂടെയും സാഗർ, മഹാസാഗർ എന്നീ കാഴ്ചപ്പാടുകളെ മുന്നോട്ട് നയിക്കുന്നു. ഇന്ത്യയുടെ സമുദ്ര താല്പര്യങ്ങൾ വികസിക്കുന്ന വേളയില്‍ ഈ തദ്ദേശീയ യുദ്ധക്കപ്പൽ വിഭാഗങ്ങള്‍ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കുകയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്യുന്നു.
അവലംബം:
Click to See PDF
****
(रिलीज़ आईडी: 2284399)
आगंतुक पटल : 5