വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പീയൂഷ് ഗോയലിൻ്റെ നേതൃത്വത്തില്‍ ഉന്നതതല വ്യാപാര പ്രതിനിധി സംഘം 2026 ജൂലൈ 13 മുതൽ 17 വരെ സ്പെയിൻ, ബെൽജിയം, ഫിൻലൻഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

प्रविष्टि तिथि: 12 JUL 2026 2:41PM by PIB Thiruvananthpuram

2026 ജൂലൈ 13 മുതൽ 17 വരെ സ്പെയിൻ, ബെൽജിയം, ഫിൻലൻഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ ഉന്നതതല വ്യാപാര പ്രതിനിധി സംഘത്തെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പീയൂഷ് ഗോയൽ നയിക്കും. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യൂറോപ്പിലുടനീളം സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിടുന്നതാണ്  സന്ദർശനം.

 

അത്യാധുനിക നിർമാണം, ഹരിതോര്‍ജം,  ഡിജിറ്റൽ സാങ്കേതികവിദ്യകൾ, രത്നങ്ങളും ആഭരണങ്ങളും, ഭക്ഷ്യ സംസ്കരണം, ആരോഗ്യ സംരക്ഷണം, ഡിസൈൻ തുടങ്ങിയ മേഖലകളിലെ മുൻനിര ഇന്ത്യൻ കമ്പനികൾ  പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.

 

ജൂലൈ 13-ന് സ്പെയിൻ സന്ദർശിക്കുന്ന വേളയിൽ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിലും നിർദിഷ്ട ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൻ്റെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ശ്രീ. ഗോയൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്പെയിൻ ഗവൺമെൻ്റിൻ്റെ ഫസ്റ്റ് വൈസ് പ്രസിഡൻ്റും  സാമ്പത്തിക-വ്യാപാര മന്ത്രിയുമായ കാർലോസ് ക്യൂർപോ കബല്ലെറോ, വ്യവസായ-വിനോദസഞ്ചാര മന്ത്രി  ജോർഡി ഹെരെയു ബോഹർ, വിദേശകാര്യ-യൂറോപ്യൻ യൂണിയൻ-സഹകരണ മന്ത്രി  ജോസെ മാനുവൽ അൽബാരെസ് ബ്യൂണോ എന്നിവരുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യയുടെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കാനും ബിസിനസ്-ടു-ബിസിനസ്  പങ്കാളിത്തം  പ്രോത്സാഹിപ്പിക്കാനും പ്രമുഖ സ്പാനിഷ് കമ്പനികളുമായും വ്യവസായ അസോസിയേഷനുകളുമായും ചേരുന്ന ഇന്ത്യ-സ്പെയിൻ വ്യാപാര വട്ടമേശ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അധ്യക്ഷനാകും.  

 

ചേംബർ ഓഫ് കൊമേഴ്സ് ഓഫ് സ്പെയിൻ, സിഇഒഇ, ഐസിഇഎക്സ് സ്പെയിൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് എന്നിവരുമായി ചേർന്ന് സംഘടിപ്പിക്കുന്ന വ്യാപാര വട്ടമേശ  യോഗത്തിലും ശ്രീ. ഗോയൽ പങ്കെടുക്കും. വാഹനനിര്‍മാണം, പുനരുപയോഗ ഊർജം, റെയിൽവേ, നിര്‍മിതബുദ്ധി,  അര്‍ധചാലകങ്ങള്‍, ഭക്ഷ്യ സംസ്കരണം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ അവസരങ്ങൾ കണ്ടെത്തുന്നതിന്  ഇന്ത്യൻ, സ്പാനിഷ് വ്യവസായ പ്രമുഖർ ഈ സെഷനിൽ ഒത്തുചേരും.

 

ഇബെർഡ്രോള, ആക്‌സിയോണ, സിഎഎഫ്, ടാൽഗോ, ഗെസ്റ്റാമ്പ്, ഇൻഡ്ര തുടങ്ങിയ സ്പാനിഷ് കമ്പനികൾക്ക് നിലവിൽ ഇന്ത്യയിൽ ശക്തമായ സാന്നിധ്യമുണ്ട്. അതേസമയം ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ടെക് മഹിന്ദ്ര, എൽ ആൻഡ് ടി തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ഡിജിറ്റല്‍വല്‍ക്കരണത്തിനും നാലാം വ്യവസായ വിപ്ലവത്തിനും പിന്തുണ നൽകുന്നതിന് സ്പെയിനിലെ  പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു വരികയാണ്. ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തിൻ്റെ 70-ാം വാർഷികം ആഘോഷിക്കുന്ന സ്പെയിൻ-ഇന്ത്യ ഡ്യുവൽ ഇയർ 2026-നോട് അനുബന്ധിച്ചാണ്  സന്ദർശനമെന്നതിനാല്‍  ബിസിനസ്-ടു-ബിസിനസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നു.

 

ജൂലൈ 14, 15 തീയതികളിൽ ബെൽജിയത്തിലെത്തുന്ന ശ്രീ. ഗോയൽ ആൻ്റ്വർപ് തുറമുഖവും ആൻ്റ്വർപ് വേൾഡ് ഡയമണ്ട് സെൻ്ററും സന്ദർശിക്കും. ആൻ്റ്വർപ് തുറമുഖ സന്ദർശനം യൂറോപ്പിലെ മുൻനിര ചരക്കുനീക്ക കേന്ദ്രത്തെക്കുറിച്ച്  ഉൾക്കാഴ്ചകൾ നൽകുന്നതിനൊപ്പം ബഹുമുഖ ഗതാഗതം, ഹരിത ലോജിസ്റ്റിക്സ്,  ശക്തമായ വിതരണ ശൃംഖലകൾ എന്നിവയിലെ മികച്ച മാതൃകകൾ മനസ്സിലാക്കാനും വഴിയൊരുക്കും. ആഗോള വജ്ര മൂല്യശൃംഖല, സർട്ടിഫിക്കേഷൻ, ഉത്തരവാദിത്തപൂര്‍ണമായ സ്രോതസ്സ് കണ്ടെത്തൽ, ഇന്ത്യയുടെ രത്ന-ആഭരണ മേഖലകളിലെ  അവസരങ്ങൾ എന്നിവയ്ക്ക്  ആൻ്റ്വർപ് വേൾഡ് ഡയമണ്ട് സെൻ്റർ സന്ദർശനം പ്രാധാന്യം നൽകും.  

 

തേൽസ് ഗ്രൂപ്പിലെ അലൈൻ ക്വെവെറിൻ, സിലോക്സ് ഗ്രൂപ്പിലെ ജീൻ-ക്രിസ്റ്റോഫ് ബൊഗാർട്ട് എന്നിവരുമായി മന്ത്രി സിഇഒ തല കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യയുമായി കാര്യമായ പങ്കാളിത്തമുള്ള വ്യോമമേഖല, പ്രതിരോധം, സൈബർ സുരക്ഷ, ഡിജിറ്റൽ ഐഡൻ്റിറ്റി എന്നിവയിലെ ആഗോള മുൻനിരക്കാരാണ് തേൽസ്. ബാറ്ററി റീസൈക്ലിങ്, സുസ്ഥിര നിർമാണം എന്നിവയിൽ സഹകരണമുള്ള സ്പെഷ്യാലിറ്റി കെമിക്കൽസ്-റീസൈക്ലിങ് ഗ്രൂപ്പാണ് ഗുജറാത്തിൽ വിപുലമായ പ്രവർത്തനങ്ങള്‍ നടത്തിവരുന്ന സിലോക്സ്.

 

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര വട്ടമേശ സമ്മേളനവും വ്യാപാര സാങ്കേതിക സമിതി (ടിടിസി) പ്ലീനറിയും നേരിട്ടുള്ള വിദേശ നിക്ഷേപ അവസരങ്ങൾ, വ്യാപാരം സുഗമമാക്കൽ, സുസ്ഥിര സാങ്കേതികവിദ്യകൾ, പ്രതിരോധശേഷിയാര്‍ന്ന വിതരണ ശൃംഖലകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

 

ബ്രസൽസ് സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രിയ്ക്കും ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയ സഹമന്ത്രിയ്ക്കുമൊപ്പം മൂന്നാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍  വ്യാപാര സാങ്കേതിക സമിതി  മന്ത്രിതല യോഗത്തിൽ ശ്രീ. ഗോയൽ സഹ-അധ്യക്ഷനാകും. വ്യാപാരം, വിശ്വസനീയ സാങ്കേതികവിദ്യ, സാമ്പത്തിക സുരക്ഷ എന്നിവയിലെ സഹകരണത്തിന് സ്ഥാപനപരമായ ഏറ്റവും ഉയർന്ന സംവിധാനമായാണ് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര സാങ്കേതിക സമിതി പ്രവർത്തിക്കുന്നത്.


 

ടിടിസി യോഗത്തിന് പുറമെ യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ്, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ്, ബെൽജിയം പ്രധാനമന്ത്രി എന്നിവരുൾപ്പെടെ യൂറോപ്യൻ യൂണിയൻ്റെ മുതിർന്ന നേതാക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെൽജിയം ഉപപ്രധാനമന്ത്രിയും തൊഴിൽ-സാമ്പത്തിക-കാർഷിക മന്ത്രിയുമായ  ഡേവിഡ് ക്ലറിൻവൽ, വ്യാപാര-സാമ്പത്തിക സുരക്ഷാ ചുമതല വഹിക്കുന്ന യൂറോപ്യൻ കമ്മീഷണർ മാരോഷ് ഷെഫ്ചോവിച്ച് എന്നിവരുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യ-ബെൽജിയം വ്യാപാര വട്ടമേശ യോഗത്തിലൂടെയും   പ്രമുഖ യൂറോപ്യൻ കമ്പനികളുമായി സംഘടിപ്പിക്കുന്ന സംവാദങ്ങളിലൂടെയും ശ്രീ. ഗോയൽ വ്യവസായ പ്രമുഖരുമായി കൂടുതൽ ആശയവിനിമയം നടത്തും.

 

ജൂലൈ 16, 17 തീയതികളിൽ ഫിൻലൻഡ് പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ശ്രീ. ഗോയൽ ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്.  നൂതനാശയങ്ങള്‍, അത്യാധുനിക നിർമാണം, ഹരിതോർജം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, വ്യാവസായിക ഗവേഷണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍  സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കും. 

 

ഫിൻലൻഡ് സാമ്പത്തികകാര്യ മന്ത്രി  ഡോ. സകാരി പുയിസ്റ്റോയുമായി മന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. കൂടാതെ ഡിജിറ്റൈസേഷൻ, ഹരിതോര്‍ജം,  അത്യാധുനിക നിർമാണം, ചാക്രിക സമ്പദ്ഘടന എന്നീ മേഖലകളിലെ  ഫിന്നിഷ് കമ്പനികളുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ-ഫിൻലൻഡ് വ്യാപാര വട്ടമേശ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. സ്ഥാപനപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിന് സിഐഐയും  ബിസിനസ് ഫിൻലൻഡും തമ്മില്‍‍ ധാരണാപത്രം ഒപ്പുവെക്കും.

 

ടെലികോം അടിസ്ഥാനസൗകര്യം, 6G ഗവേഷണം, സ്മാർട്ട് മൊബിലിറ്റി, അത്യാധുനിക നിർമാണം, വ്യാവസായിക യന്ത്രസാമഗ്രികൾ, ഇവി ചാർജിങ് അടിസ്ഥാനസൗകര്യം, അത്യാധുനിക സാങ്കേതികവിദ്യകള്‍,  സുസ്ഥിര ഗതാഗതം, വ്യാവസായിക നവീകരണം, നിക്ഷേപം എന്നീ മേഖലകളിൽ സഹകരണ അവസരങ്ങൾ കണ്ടെത്തുന്നതിന് നോക്കിയ കോർപ്പറേഷൻ, വിടിടി റിസർച്ച് സെന്റർ, KONE കോർപ്പറേഷൻ, കെംപി ഗ്രൂപ്പ്  തുടങ്ങിയ പ്രമുഖ ഫിന്നിഷ് കമ്പനികളും നൂതനാശയ സ്ഥാപനങ്ങളും ശ്രീ. ഗോയൽ സന്ദർശിക്കും.

 

ബോറോസിൽ റിന്യൂവബിൾസ്, മദർസൺ ഗ്രൂപ്പ്, ട്രിവിട്രോൺ ഹെൽത്ത് കെയർ, ഹരികൃഷ്ണ എക്സ്പോർട്ട്സ്, നെക്കാന്തി സീഫുഡ്സ് തുടങ്ങിയ കമ്പനികൾ  ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘത്തിൽ ഉൾപ്പെടും. എഐ, ഹരിത സാങ്കേതികവിദ്യ എന്നീ മേഖലകള്‍ മുതൽ രത്നങ്ങളും ആഭരണങ്ങളും, ഭക്ഷ്യ സംസ്കരണവും ആരോഗ്യ സംരക്ഷണവും, ഡിസൈന്‍ എന്നീവ വരെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവയാണ് ഈ കമ്പനികൾ.

 

അത്യാധുനിക നിർമാണം, ഹരിതോർജവും സുസ്ഥിരതയും, ഡിജിറ്റൽ-അത്യാധുനിക സാങ്കേതികവിദ്യകൾ, രത്നങ്ങളും ആഭരണങ്ങളും, ഭക്ഷ്യ-ഉപഭോക്തൃ വ്യവസായങ്ങൾ എന്നീ പ്രധാന വിഷയങ്ങളിലാണ് സ്പെയിൻ, ബെൽജിയം, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലുടനീളം നടത്തുന്ന  സന്ദർശനം  ശ്രദ്ധകേന്ദ്രീകരിക്കുന്നത്.  

 

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബന്ധത്തിൽ ഇരുപക്ഷവും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം നടപ്പാക്കാനും പ്രതിബദ്ധത പുലര്‍ത്തുന്ന  സുപ്രധാന ഘട്ടത്തിലാണ്  സന്ദർശനം. ഈ പശ്ചാത്തലത്തിൽ  പങ്കാളിത്ത കാഴ്ചപ്പാടിനെ കൃത്യമായ ഫലങ്ങളിലേക്ക് മാറ്റുന്നതിലെ  പ്രധാന ചുവടുവെപ്പായാണ് ശ്രീ. ഗോയലിൻ്റെ സന്ദർശനത്തെ വിലയിരുത്തുന്നത്.  ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊരാളായ യൂറോപ്യൻ യൂണിയനുമായി ബന്ധം ആഴത്തിലാക്കാനും ശക്തമായ വിതരണ ശൃംഖലകൾ, സുസ്ഥിര വളർച്ച, നിയമാധിഷ്ഠിത ആഗോള വ്യാപാര സംവിധാനം എന്നിവയ്ക്ക് സംഭാവന നൽകുന്ന സന്തുലിതവും പരസ്പരം പ്രയോജനകരവുമായ  കരാറിലേക്ക് മുന്നേറാനും ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയെ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നു. 

 

വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിച്ചും ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഹരിതോര്‍ജം,  നൂതനാശയം, അത്യാധുനിക നിർമാണം എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തിയും വ്യാപാര സംരംഭങ്ങളും നൂതനാശയ ആവാസവ്യവസ്ഥകളും തമ്മിൽ അടുത്ത പങ്കാളിത്തം വളർത്തിയും ഇന്ത്യ- യൂറോപ്പ് ബന്ധത്തിന് പുതിയ വേഗം പകരാൻ  സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂതനാശയം, ഉല്പാദനം, സുസ്ഥിരത എന്നിവയിൽ വിശ്വസനീയ  ആഗോള പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഇത് കൃത്യമായി അടയാളപ്പെടുത്തുന്നു.  

 

***


(रिलीज़ आईडी: 2283901) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Tamil