ഉപരാഷ്ട്രപതിയുടെ കാര്യാലയം
18-ാമത് ബിഹാർ നിയമസഭയിലെ അംഗങ്ങൾക്കായുള്ള പ്രാരംഭ പരിശീലന പരിപാടി ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
11 JUL 2026 1:03PM by PIB Thiruvananthpuram
ബിഹാറിലെ ഗയയിലുള്ള ബിഹാർ പൊതുഭരണ ഗ്രാമീണ വികസന കേന്ദ്രത്തിൽ (BIPARD), 18-ാമത് ബിഹാർ നിയമസഭയിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച ദ്വിദിന പ്രാരംഭ പരിശീലന പരിപാടി ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ഉദ്ഘാടനം ചെയ്തു.
ബിഹാർ നിയമസഭയുടേയും ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൻ്റേയും പ്രിസൈഡിംഗ് ഓഫീസർമാരും, ലോക്‌സഭാ സെക്രട്ടേറിയറ്റിന് കീഴിലുള്ള പാർലമെൻ്ററി റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസീസും (PRIDE) ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടിയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇത്തരം പരിപാടികൾ നിയമസഭാംഗങ്ങളെ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ പ്രാപ്തരാക്കുന്നതിലൂടെ ജനാധിപത്യ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഗയയിൽ ഈ പരിപാടി സംഘടിപ്പിച്ചതിന് സ്പീക്കർക്ക് നന്ദി അറിയിച്ച അദ്ദേഹം, ഈ സംരംഭം പ്രതീകാത്മകമായി "പട്നയെ ഗയയിലേക്ക് എത്തിച്ചിരിക്കുകയാണെന്ന്" അഭിപ്രായപ്പെട്ടു.
വൈശാലിയുടെ പുരാതന റിപ്പബ്ലിക്കൻ പാരമ്പര്യങ്ങളെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ഭാരതത്തിൽ ജനാധിപത്യത്തിന് ആഴത്തിലുള്ള വേരുകളുണ്ടെന്നും അതുകൊണ്ടുതന്നെ 'ജനാധിപത്യത്തിൻ്റെ മാതാവ്' എന്ന് വിശേഷിപ്പിക്കുന്നത് തികച്ചും അനുയോജ്യമാണെന്നും പറഞ്ഞു. ഭാരതത്തിൻ്റെ ജനാധിപത്യ പ്രയാണത്തിൻ്റെ 'മാർഗ്ഗദർശി' എന്നാണ് ബിഹാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ബിഹാറിൻ്റെ ഈ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ഉപരാഷ്ട്രപതി നിയമസഭാംഗങ്ങളോട് ആഹ്വാനം ചെയ്തു. ഭഗവാൻ ബുദ്ധൻ്റെ മണ്ണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, യഥാർത്ഥ ജ്ഞാനോദയം എന്നത് ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുന്നത് ഭരിക്കാനല്ല, മറിച്ച് സേവിക്കാനാണെന്ന് തിരിച്ചറിയുന്നതിലാണെന്ന് അദ്ദേഹം പറഞ്ഞു. വികസിത ബിഹാർ ഇല്ലാതെ വികസിത ഇന്ത്യ സാധ്യമല്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ബിഹാറിനെ തൊഴിലവസരങ്ങളുടേയും വികസനത്തിൻ്റേയും കേന്ദ്രമാക്കി മാറ്റുന്നതിനും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ആകർഷിക്കുന്നതിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കണമെന്ന് നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടു.
ലോകനായക് ജയപ്രകാശ് നാരായൺ നയിച്ച സമ്പൂർണ്ണ ക്രാന്തി പ്രസ്ഥാനവുമായുള്ള തൻ്റെ ബന്ധം പങ്കുവെച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, ആ പ്രസ്ഥാനമാണ് തൻ്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയതെന്ന് പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിലും അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലും ബിഹാർ വഹിച്ച നിർണ്ണായക പങ്കിനെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു.
തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിലാണ് മത്സരിക്കുന്നതെങ്കിലും ഭരണം രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായിരിക്കണമെന്ന് ഉപരാഷ്ട്രപതി നിയമസഭാംഗങ്ങളെ ഓർമ്മിപ്പിച്ചു. വോട്ടുകളിലൂടെയാണ് തെരഞ്ഞെടുപ്പുകൾ ജയിക്കുന്നതെങ്കിലും, ജനങ്ങളുടെ ബഹുമാനവും വിശ്വാസവും നേടിയെടുക്കാൻ സാധിക്കുന്നത് അധികാരത്തിലൂടെയല്ല, മറിച്ച് നിസ്വാർത്ഥമായ സേവനത്തിലൂടെ മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിൽ പാസാക്കുന്ന ഓരോ നിയമത്തിനും, ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും, പങ്കെടുക്കുന്ന ഓരോ ചർച്ചയ്ക്കും എണ്ണമറ്റ ജീവിതങ്ങൾ മെച്ചപ്പെടുത്താനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ ഭരണഘടനയോടും ജനക്ഷേമത്തോടുമുള്ള പ്രതിബദ്ധതയ്ക്കായിരിക്കണം എപ്പോഴും പരമപ്രാധാന്യം നൽകേണ്ടതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. "നിയമസഭയ്ക്കുള്ളിൽ ആശയങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ ഭരണഘടന നമ്മുടെ പൊതുവായ മാർഗ്ഗദർശിയായി നിലകൊള്ളണം," എന്ന് പറഞ്ഞ അദ്ദേഹം, ആരോഗ്യകരമായ സംവാദങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ക്രിയാത്മകമായ സഹകരണം രാജ്യത്തെ മുന്നോട്ട് നയിക്കുമെന്നും കൂട്ടിച്ചേർത്തു. ചോദ്യോത്തര വേള, ശൂന്യവേള, കാര്യോപദേശക സമിതി എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, നിയമസഭാ നടപടികൾ സുഗമവും ഫലപ്രദവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അംഗങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം പാർലമെൻ്ററി സംവിധാനങ്ങൾ നിയമസഭാംഗങ്ങൾക്ക് പാർട്ടി പരിഗണനകൾക്കപ്പുറം അവരുടെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സുപ്രധാന അവസരമാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരന്തരമായ പഠനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ ശ്രീ സി.പി. രാധാകൃഷ്ണൻ, സഭാ നടപടികളിൽ പങ്കെടുക്കുന്നതിന് മുൻപ് കൃത്യമായ തയ്യാറെടുപ്പുകൾ നടത്താനും നിയമനിർമ്മാണ നടപടിക്രമങ്ങൾ, കമ്മിറ്റി സംവിധാനങ്ങൾ, പാർലമെൻ്ററി മര്യാദകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വളർത്തിയെടുക്കാനും നിയമസഭാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. നിയമസഭകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവും പൗര കേന്ദ്രീകൃതവുമാക്കുന്നതിന് നിർമ്മിതബുദ്ധി, നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ്, നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ പോലുള്ള ഡിജിറ്റൽ നിയമനിർമ്മാണ സംരംഭങ്ങൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും സഭാംഗങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
രാഷ്ട്രീയത്തിന് ക്ഷമയും സ്ഥിരോത്സാഹവും അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. മുൻ ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാറിൻ്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, വെറും ഏഴു ദിവസം മാത്രം കാലാവധിയുണ്ടായിരുന്ന ഒരു ഗവണ്മെൻ്റിനെ നയിച്ച അദ്ദേഹം പിന്നീട് ബിഹാറിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച മുഖ്യമന്ത്രിയായി മാറിയെന്ന് ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തെ ടെസ്റ്റ് ക്രിക്കറ്റിനോട് ഉപമിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, ക്ഷമയിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ശരിയായ അവസരങ്ങൾ തെരഞ്ഞെടുക്കുന്നതിലൂടെയുമാണ് വിജയം കൈവരുന്നതെന്നും കൂട്ടിച്ചേർത്തു.
ചിന്തോദ്ദീപകമായ ഇടപെടലിന് ഒരു നയത്തെ മാറ്റാൻ കഴിയുമെന്നും കൃത്യമായി രൂപകൽപ്പന ചെയ്ത ഒരു നിയമത്തിന് തലമുറകളെ പരിവർത്തനം ചെയ്യാൻ കഴിയുമെന്നും അനുകമ്പയോടെയുള്ള ഒരു തീരുമാനം എണ്ണമറ്റ പൗരന്മാരിൽ പ്രത്യാശ പുനഃസ്ഥാപിക്കുമെന്നും തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. "നേതൃത്വത്തിൻ്റെ യഥാർത്ഥ അളവുകോൽ സഭയ്ക്കുള്ളിൽ ലഭിക്കുന്ന കൈയ്യടികളല്ല, മറിച്ച് സഭയ്ക്ക് പുറത്തുള്ള ആളുകളിൽ ജനിപ്പിക്കുന്ന ആത്മവിശ്വാസമാണ്," എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 18-ാമത് ബിഹാർ നിയമസഭയിലെ എല്ലാ അംഗങ്ങൾക്കും ഫലപ്രദമായ ഒരു ഓറിയൻ്റേഷനും വിജയകരമായ നിയമ നിർമ്മാണ യാത്രയും അദ്ദേഹം ആശംസിച്ചു.
ബിഹാർ ഗവർണർ ലെഫ്റ്റനൻ്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈൻ, ബിഹാർ മുഖ്യമന്ത്രി ശ്രീ സമ്രാട്ട് ചൗധരി, ബിഹാർ നിയമസഭാ സ്പീക്കർ ഡോ. പ്രേം കുമാർ, ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ശ്രീ അവധേഷ് നാരായൺ സിംഗ്, ബിഹാർ ഉപമുഖ്യമന്ത്രി ശ്രീ വിജയ് കുമാർ ചൗധരി, ബിഹാർ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ നരേന്ദ്ര നാരായൺ യാദവ്, ബിഹാർ നിയമസഭയിലെ അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
***
(रिलीज़ आईडी: 2283680)
आगंतुक पटल : 8