പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ-ന്യൂസിലാൻഡ് സംയുക്ത പ്രസ്താവന

प्रविष्टि तिथि: 11 JUL 2026 7:59AM by PIB Thiruvananthpuram


ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 10, 11 തീയതികളിൽ ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ ഔദ്യോഗിക സന്ദർശനം നടത്തി. 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിലും പങ്കാളിത്തത്തിലും ചരിത്ര നാഴികക്കല്ലാകുകയും ഒരു പുതിയ പാത സൃഷ്ടിക്കുകയും ചെയ്യുന്നു.

സന്ദർശന വേളയിൽ, ഗവൺമെന്റ് ഹൗസിൽ പ്രധാനമന്ത്രി മോദിക്ക് ഔപചാരികമായ സ്വീകരണം ലഭിച്ചു. അദ്ദേഹം ന്യൂസിലൻഡ് പ്രധാനമന്ത്രി ലക്സനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും, ന്യൂസിലൻഡിലെ പ്രമുഖ ബിസിനസ്സ് നേതാക്കളെയും അവിടുത്തെ ഇന്ത്യൻ സമൂഹത്തെയും  അഭിസംബോധന ചെയ്യുകയും, ന്യൂസിലൻഡിന്റെ കായിക രംഗത്തെ നൂതന ആശയങ്ങളുടെ പ്രദർശനം വീക്ഷിക്കുകയും ചെയ്തു.

2025 മാർച്ചിൽ പ്രധാനമന്ത്രി ലക്സൻ ഇന്ത്യ സന്ദർശിച്ച കാര്യം ഇരു പ്രധാനമന്ത്രിമാരും അനുസ്മരിച്ചു. ആ സന്ദർശന വേളയിൽ ഇന്ത്യയും ന്യൂസിലൻഡും സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്ക് തുടക്കമികയും പ്രതിരോധം, വിദ്യാഭ്യാസം, കസ്റ്റംസ്, ഹോർട്ടികൾച്ചർ, വനം, കായികം എന്നീ സുപ്രധാന മേഖലകളിൽ ധാരണാപത്രങ്ങളിൽ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു. 

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ദീർഘകാല സൗഹൃദം, ഇരുരാജ്യങ്ങളും പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം, ഇൻഡോ-പസഫിക് മേഖലയിലെ പൊതുവായ താല്പര്യങ്ങൾ എന്നിവ കണക്കിലെടുത്ത്, ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപരമായ പങ്കാളിത്ത'ത്തിലേക്ക്  ഉയർത്താൻ ഇരു പ്രധാനമന്ത്രിമാരും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, അടുത്ത നാല് വർഷത്തെ സംയുക്ത പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായ ഒരു ചട്ടക്കൂട് എന്ന നിലയിൽ 'ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപരമായ പങ്കാളിത്തം: 2030 വരെയുള്ള രൂപരേഖ' യ്ക്ക് അവർ അംഗീകാരം നൽകി.

ഉഭയകക്ഷി ബന്ധങ്ങളെ പുതിയ തലത്തിലേക്ക് എത്തിക്കുക, നിലവിലുള്ള സഹകരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ഉഭയകക്ഷി-ബഹുമുഖ തലങ്ങളിൽ സഹകരണം ആഴത്തിലാക്കുന്നതിനുള്ള പുതിയ വഴികൾ തേടുക എന്നിവ ലക്ഷ്യമിടുന്ന തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള അഭിലാഷകരമായ ദീർഘകാല കാഴ്ചപ്പാടിനോട് ഇരു പ്രധാനമന്ത്രിമാരും യോജിപ്പ് പ്രകടമാക്കി.

രാഷ്ട്രീയവും നയതന്ത്രപരവുമായ ഇടപെടലുകൾ

ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ ഇടപെടലുകൾക്ക് കൈവന്നിട്ടുള്ള വർദ്ധിച്ചുവരുന്ന വേഗതയെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. പ്രാദേശികമായോ അന്താരാഷ്ട്ര തലത്തിലോ നടക്കുന്ന ബഹുമുഖ പരിപാടികളിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും മന്ത്രിമാരും തമ്മിൽ കൃത്യമായ ഇടവേളകളിൽ പരസ്പരം സന്ദർശനങ്ങളും കൂടിക്കാഴ്ചകളും നടത്താനും  അവർ സമ്മതമറിയിച്ചു. 

ഉഭയകക്ഷി ബന്ധത്തിന് തന്ത്രപരമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും 'റോഡ്മാപ്പ് ടു 2030' ന് കീഴിലുള്ള പുരോഗതി അവലോകനം ചെയ്യുന്നതിനുമായി, പതിവായി ഒരു വിദേശകാര്യ മന്ത്രിതല സംഭാഷണം ആരംഭിക്കുന്നതിനും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ന്യൂസിലൻഡിന്റെ വിദേശകാര്യ-വ്യാപാര മന്ത്രാലയവും തമ്മിലുള്ള വാർഷിക മുതിർന്ന ഉദ്യോഗസ്ഥതല യോഗങ്ങൾ കൂടുതൽ ശക്തമാക്കാനും പ്രധാനമന്ത്രിമാർ തീരുമാനിച്ചു.

പരസ്പര ധാരണ ആഴത്തിലാക്കുന്നതിനും ഇന്ത്യ-ന്യൂസിലൻഡ് ബന്ധത്തിന്റെ ജനാധിപത്യ അടിത്തറ ശക്തിപ്പെടുത്തുന്നതിനും പാർലമെന്ററിതല കൈമാറ്റങ്ങൾ നൽകുന്ന സുപ്രധാന സംഭാവനകളെ പ്രധാനമന്ത്രിമാർ അംഗീകരിച്ചു. ഇന്ത്യൻ പാർലമെന്റിൽ അടുത്തിടെ രൂപീകരിച്ച ന്യൂസിലൻഡിനായുള്ള പാർലമെന്ററി സൗഹൃദ സംഘത്തിലൂടെയും, പാർലമെന്റ് അംഗങ്ങളുടെ സന്ദർശനങ്ങളിലൂടെയും ഇരുരാജ്യങ്ങളിലെയും പാർലമെന്റുകൾ തമ്മിൽ പതിവ് സമ്പർക്കം പുലർത്തുന്നത് അവർ പ്രോത്സാഹിപ്പിച്ചു.

പ്രതിരോധ-സുരക്ഷാ സഹകരണം

പ്രതിരോധ സഹകരണം സംബന്ധിച്ച 2025-ലെ ഇന്ത്യ-ന്യൂസിലൻഡ് ധാരണാപത്രത്തിന്റെ നടപ്പാക്കൽ ഉൾപ്പെടെയുള്ള പ്രതിരോധ-സുരക്ഷാ സഹകരണത്തിലെ പുരോഗതിയെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. പ്രതിരോധ മന്ത്രാലയങ്ങളുടെയും വിവിധ സേനകളുടെയും തലങ്ങളിൽ കൃത്യമായ ഘടനാപരമായ ഇടപെടലുകൾ നിലനിർത്താൻ പ്രധാനമന്ത്രിമാർ സമ്മതിച്ചു. മിഡിൽ ഈസ്റ്റിലും പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലും മയക്കുമരുന്ന് കടത്ത്, ഭീകരവാദം, സമുദ്രത്തിലൂടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട്, ന്യൂസിലൻഡ് കമാൻഡറായും ഇന്ത്യ ഡെപ്യൂട്ടി കമാൻഡറായും പ്രവർത്തിച്ച 2025-ലെ കമ്പൈൻഡ് ടാസ്‌ക് ഫോഴ്‌സ് 150 (CTF-150) ന് കീഴിലുള്ള സഹകരണത്തെ അവർ എടുത്തുപറഞ്ഞു.

സമുദ്രാതിർത്തിയിലുള്ള രാജ്യങ്ങൾ എന്ന നിലയിൽ സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയാണ് ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും പൊതുവായ താല്പര്യമെന്ന് പ്രധാനമന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ, പുതുതായി നിലവിൽ വന്ന മാരിടൈം കോഓപ്പറേഷൻ അറേഞ്ച്മെന്റ് (MCA), ഹൈഡ്രോഗ്രാഫി-നോട്ടിക്കൽ കാർട്ടോഗ്രാഫി മേഖലകളിലെ സഹകരണത്തിനായുള്ള നിർവ്വഹണ കരാർ, സമുദ്ര മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരസ്പര ലോജിസ്റ്റിക്സ് പിന്തുണ ക്രമീകരണം എന്നിവയിലൂടെ സമുദ്ര സഹകരണം ശക്തിപ്പെടുത്താൻ അവർ സമ്മതിച്ചു. MCA-യുടെ ഭാഗമായി ഉഭയകക്ഷി നാവിക അഭ്യാസങ്ങൾ ഉൾപ്പെടെയുള്ള നാവിക പ്രവർത്തനങ്ങളെയും അവർ സ്വാഗതം ചെയ്തു.

ഇൻഡോ-പസഫിക് സമുദ്ര ഉദ്യമത്തിനു കീഴിൽ ന്യൂസിലൻഡ് തങ്ങളുടെ മുൻഗണനാ മേഖലയായി സമുദ്ര സുരക്ഷയെ നാമനിർദ്ദേശം ചെയ്തതിനെ ഇന്ത്യ സ്വാഗതം ചെയ്തു. ഈ മേഖലയ്ക്ക് കീഴിലുള്ള പ്രത്യേക സഹകരണ പ്രവർത്തനങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഇരുപക്ഷവും സമ്മതിച്ചു. സഹകരണവും ഏകോപനവും വിവര കൈമാറ്റവും ശക്തിപ്പെടുത്തുന്നതിനായി ഒരു വാർഷിക സമുദ്ര സുരക്ഷാ സംഭാഷണം  ആരംഭിക്കാനും അവർ തീരുമാനിച്ചു.

ഭീകരതയ്‌ക്കെതിരായ പോരാട്ടം, സൈബർ സുരക്ഷ, അനുബന്ധ സുരക്ഷാ വെല്ലുവിളികൾ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധത പ്രധാനമന്ത്രിമാർ ആവർത്തിച്ചുറപ്പിച്ചു. അന്താരാഷ്ട്ര സമാധാനം, സുരക്ഷ, പ്രതിരോധശേഷി എന്നിവയെ പിന്തുണയ്ക്കുന്ന ലക്ഷ്യത്തോടെ, പ്രസക്തമായ പ്രാദേശിക, ബഹുമുഖ വേദികളിലെ ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും കൂടുതൽ അടുത്ത ഇടപെടലുകൾക്കുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും അവർ സമ്മതിച്ചു.

അതിർത്തി കടന്നുള്ളതും ആസൂത്രിതവുമായ കുറ്റകൃത്യങ്ങൾ, അനധികൃത മയക്കുമരുന്ന് കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങൾ, സൈബർ അധിഷ്ഠിത കുറ്റകൃത്യങ്ങൾ, ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് എന്നിവ നേരിടുന്നതിനായി പ്രായോഗിക നിയമ നിർവ്വഹണ സഹകരണം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിമാർ സമ്മതിച്ചു. ബന്ധപ്പെട്ട ഇന്ത്യ, ന്യൂസിലൻഡ് ഏജൻസികൾ തമ്മിലുള്ള മയക്കുമരുന്ന് വിരുദ്ധ സഹകരണവും നിയമ നിർവ്വഹണ സഹകരണവും സംബന്ധിച്ച ക്രമീകരണങ്ങൾ എത്രയും വേഗം ഔപചാരികമാക്കുന്നതിനായി പ്രവർത്തിക്കാൻ അവർ സമ്മതിച്ചു.

വ്യാപാര-സാമ്പത്തിക സഹകരണം

വ്യാപാര-സാമ്പത്തിക ബന്ധങ്ങളിലുണ്ടായ പുരോഗതിയെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്യുകയും, ഇനിയും വളർച്ചയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് അംഗീകരിക്കുകയും ചെയ്തു. 2030-ഓടെ ഉഭയകക്ഷി ചരക്ക്-സേവന വ്യാപാരം ഇരട്ടിയാക്കി 7 ബില്യൺ ന്യൂസിലൻഡ് ഡോളർ (ഏകദേശം 35,000 കോടി രൂപ) എന്ന ലക്ഷ്യത്തിലെത്തിക്കുന്നതിയായി യോജിച്ചു പ്രവർത്തിക്കാൻ അവർ സമ്മതിച്ചു. ഇരു സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള പരസ്പര പൂരകത്വം പ്രയോജനപ്പെടുത്താനും ബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ തേടാനും അവർ ബിസിനസ്സ് സമൂഹത്തെ പ്രോത്സാഹിപ്പിച്ചു.

സന്തുലിതവും സമഗ്രവും ഇരുവിഭാഗത്തിനും പ്രയോജനകരവുമായ ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ വിജയകരമായി പൂർത്തിയാക്കി ഒപ്പുവെച്ചതിനെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. കരാർ എത്രയും വേഗം പ്രാബല്യത്തിൽ വരുന്നതിനും അത് ഫലപ്രദമായി നടപ്പിലാക്കുന്നതിനും ഒന്നിച്ച് പ്രവർത്തിക്കാൻ അവർ തീരുമാനിച്ചു.

വ്യാപാര തടസ്സങ്ങൾ നീക്കുന്നതിലൂടെയും സഹകരണം വർദ്ധിപ്പിക്കുന്നതിലൂടെയും ഇന്ത്യയിലേക്കുള്ള ന്യൂസിലൻഡിന്റെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്തം ശക്തമാക്കുന്നതിൽ സ്വതന്ത്ര വ്യാപാര കരാറിനുള്ള സുപ്രധാന പങ്കിനെ പ്രധാനമന്ത്രിമാർ അംഗീകരിച്ചു. വ്യാപാരം, കൃഷി, നൈപുണ്യ വികസനം, നൂതനാശയം, ഹരിത ഊർജ്ജം, കായികം തുടങ്ങി വിവിധ മേഖലകളിലെ സഹകരണത്തിലൂടെ 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന 'വികസിത് ഭാരതം' ലക്ഷ്യത്തെ പിന്തുണയ്ക്കാൻ ന്യൂസിലൻഡിന് സാധിക്കുമെന്ന് പ്രധാനമന്ത്രിമാർ ചൂണ്ടിക്കാട്ടി.

സാമ്പത്തിക വളർച്ചയ്ക്കും സാംസ്കാരിക ധാരണയ്ക്കും ടൂറിസം നൽകുന്ന അനുകൂല പങ്കിനെ അംഗീകരിച്ചുകൊണ്ട്, വിനോദസഞ്ചാര  മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു. ഇന്ത്യയ്ക്കും ന്യൂസിലൻഡിനുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ അവർ വിമാന കമ്പനികളോട് വീണ്ടും ആവശ്യപ്പെട്ടു.

ഹോർട്ടികൾച്ചർ, വനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയുൾപ്പെടെയുള്ള പ്രാഥമിക ഉൽപ്പാദന മേഖലകളിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ വളർന്നുവരുന്ന പങ്കാളിത്തത്തെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. ഉൽപ്പാദനക്ഷമത, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, വിളവെടുപ്പിന് ശേഷമുള്ള സംവിധാനങ്ങൾ, മൂല്യശൃംഖല വികസനം എന്നിവയിൽ ന്യൂസിലൻഡിനുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നത് സുസ്ഥിര കാർഷിക വളർച്ചയ്ക്കുള്ള ഇന്ത്യയുടെ മുൻഗണനകൾക്ക് പിന്തുണ നൽകുമെന്ന് അവർ വിലയിരുത്തി.

പ്രയോഗിക സഹകരണത്തിനുള്ള പ്രധാന വേദിയായ സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള 'കാർഷിക ഉൽപ്പാദനക്ഷമത പങ്കാളിത്തത്തെ' പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. കിവിപ്പഴം, ആപ്പിൾ, തേൻ എന്നിവയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതികളിൽ ഇന്ത്യയുമായി ചേർന്നുള്ള ന്യൂസിലൻഡിന്റെ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ കിവിപ്പഴം കൃഷിക്കായി മികവിന്റെ കേന്ദ്രം  സ്ഥാപിക്കുന്നതിന് ന്യൂസിലൻഡ് നൽകുന്ന പിന്തുണയെ അവർ എടുത്തുപറയുകയും, കാർഷിക നവീകരണം, നൈപുണ്യ വികസനം, ശക്തമായ വ്യവസായ ബന്ധങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുന്ന വിദ്യാഭ്യാസ-സ്ഥാപനതല സഹകരണങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം പൂർത്തിയായതിനെയും പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു.

നാവികരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരം ശക്തമാക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് ഇന്ത്യയുടെ ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറൽ, ഷിപ്പിംഗ്, തുറമുഖ, ജലഗതാഗത മന്ത്രാലയം, മാരിടൈം ന്യൂസിലൻഡ് എന്നിവ തമ്മിൽ തുടരുന്ന ചർച്ചകളെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. യോഗ്യതാ സർട്ടിഫിക്കറ്റുകൾക്ക് മെച്ചപ്പെട്ട അംഗീകാരം ലഭിക്കുന്നത് നാവികരുടെ തൊഴിൽപരമായ ചലനാത്മകതയെ പിന്തുണയ്ക്കുമെന്നും, മാരിടൈം അതോറിറ്റികൾ തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും, ഇരുരാജ്യങ്ങളുടെയും സമുദ്ര സംബന്ധ  വ്യവസായങ്ങളുടെ ശേഷിയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അവർ നിരീക്ഷിച്ചു.

ജനങ്ങൾ, സംസ്‌കാരം, കായികം

ഇന്ത്യയിലെയും ന്യൂസിലൻഡിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രധാനമന്ത്രിമാർ പ്രശംസിച്ചു. ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹം അവിടുത്തെ വൈവിധ്യമാർന്ന സമൂഹത്തിന്റെ അവിഭാജ്യവും മൂല്യവത്തായതുമായ ഭാഗമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സജീവ പാലമാണെന്നും അവർ അംഗീകരിച്ചു. ന്യൂസിലൻഡിന്റെ സമ്പദ്‌വ്യവസ്ഥ, സമൂഹം, സംസ്‌കാരം, പൊതുജീവിതം, കായികരംഗം എന്നിവയ്ക്ക് പ്രവാസി സമൂഹം നൽകുന്ന സുപ്രധാന സംഭാവനകളെ അവർ അഭിനന്ദിച്ചു.

കായികരംഗത്തുള്ള ഐക്യത്തിന്റെ നൂറാം വാർഷികം 2026-ൽ ആഘോഷിക്കുന്നതിനെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. കൂടാതെ, മികച്ച കായിക പ്രകടനം, പരിശീലനം, കായിക ശാസ്ത്രം, പങ്കാളിത്തം, സ്പോർട്സ് ബിസിനസ്സ്, ദേശീയ കായിക സംഘടനകൾ തമ്മിലുള്ള വിനിമയങ്ങൾ  എന്നിവയിലൂടെ ഉഭയകക്ഷി കായിക ബന്ധം ശക്തമാക്കുന്നതിന് പ്രായോഗിക ചട്ടക്കൂട് നൽകുന്ന ഇന്ത്യ-ന്യൂസിലൻഡ് സംയുക്ത കായിക കർമപദ്ധതിയെ അവർ സ്വാഗതം ചെയ്തു.

പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ ഇടപെടലുകൾ, സാംസ്കാരിക സഹകരണ കരാറിന്റെ തുടക്കം, ഇന്ത്യയിലെ ലോഥലിലുള്ള ദേശീയ സമുദ്ര പൈതൃക സമുച്ചയവും, ന്യൂസിലൻഡ് മാരിടൈം മ്യൂസിയവും തമ്മിലുള്ള ധാരണാപത്രം എന്നിവയിലൂടെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാംസ്കാരിക സഹകരണം കൂടുതൽ ആഴത്തിലാകുന്നതിനെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. ഈ ഉദ്യമങ്ങൾ ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും സമ്പന്നമായ സാംസ്കാരിക പാരമ്പര്യം, സമകാലിക സർഗ്ഗാത്മകത, ദീർഘകാല സമുദ്രബന്ധം എന്നിവ ആഘോഷിക്കുന്നതിനും വിലപ്പെട്ട അവസരങ്ങൾ നൽകുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്ര-സാങ്കേതികവിദ്യ, ദുരന്ത നിവാരണം

വിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്ര-സാങ്കേതികവിദ്യ, നൂതനാശയം എന്നിവ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന വശങ്ങളാണെന്ന് പ്രധാനമന്ത്രിമാർ അംഗീകരിച്ചു. കൃഷി, കാലാവസ്ഥ, ഡിജിറ്റൽ പരിവർത്തനം, ശാസ്ത്രം, നൂതനാശയം, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവയിൽ പങ്കാളിത്തം കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും അവർ ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും വ്യവസായ മേഖലയെയും പ്രോത്സാഹിപ്പിച്ചു.

ജനങ്ങൾ തമ്മിലുള്ള വ്യക്തിബന്ധങ്ങൾ, നൈപുണ്യ വികസനം, ഗവേഷണ സഹകരണം, ദീർഘകാല സാമ്പത്തിക പങ്കാളിത്തം എന്നിവയ്ക്ക് അടിത്തറയിടുന്ന, ഈ ബന്ധത്തിന്റെ പ്രധാന സ്തംഭമായി വിദ്യാഭ്യാസത്തെ പ്രധാനമന്ത്രിമാർ അംഗീകരിച്ചു. ഇരുരാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ വളർന്നുവരുന്ന ബന്ധങ്ങളെ അവർ സ്വാഗതം ചെയ്യുകയും വിദ്യാർത്ഥികളുടെ തൊഴിൽപരമായ ചലനാത്മകത, സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം, നൂതനാശയം, പരസ്പര ധാരണ എന്നിവയെ പിന്തുണയ്ക്കുന്ന രീതിയിൽ സഹകരണം ശക്തമാക്കാൻ സമ്മതമറിയിക്കുകയും ചെയ്തു. 2025-ലെ വിദ്യാഭ്യാസ സഹകരണ കരാർ നടപ്പിലാക്കുന്നതിലുണ്ടായ പുരോഗതി വിലയിരുത്തുകയും ഒപ്പുവെച്ചതിന് ശേഷം വികസിപ്പിച്ചെടുത്ത ഇടപെടലുകളെയും പുതിയ സ്ഥാപന പങ്കാളിത്തങ്ങളെയും നേതാക്കൾ അംഗീകരിക്കുകയും ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പൊതുവായ വെല്ലുവിളികളെയും കുറഞ്ഞ കാർബൺ ബഹിർഗമനവും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള മാറ്റത്തെയും പ്രധാനമന്ത്രിമാർ അംഗീകരിച്ചു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം എന്നിവയിലൂടെ സഹകരണം ശക്തമാക്കാൻ അവർ സമ്മതിച്ചു. ആഗോള ജൈവ ഇന്ധന സഖ്യത്തിൽ ന്യൂസിലൻഡ് ചേർന്നതിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.

ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ന്യൂസിലൻഡിന്റെ നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയും തമ്മിലുള്ള  സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ലക്ഷ്യത്തോടെ, ദുരന്തസാധ്യത കുറയ്ക്കൽ, തയ്യാറെടുപ്പ്, പ്രതികരണം, വീണ്ടെടുക്കൽ, പ്രതിരോധശേഷി കെട്ടിപ്പടുക്കൽ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അവർ ആവർത്തിച്ചുറപ്പിച്ചു. 

കൂടുതൽ സുസ്ഥിരവും ഉൽപ്പാദനപരവും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ കൃഷിയെയും ഭക്ഷ്യസംവിധാനങ്ങളെയും പിന്തുണയ്ക്കുന്നതിനായി ഗവേഷണം, നൂതനാശയം, പ്രായോഗിക പരിഹാരങ്ങൾ എന്നിവ മുന്നോട്ട് കൊണ്ടുപോകാൻ പ്രധാനമന്ത്രിമാർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

പ്രാദേശികവും ബഹുമുഖവുമായ സഹകരണം

ഇൻഡോ-പസഫിക് മേഖലയോടുള്ള വീക്ഷണങ്ങൾ പ്രധാനമന്ത്രിമാർ പരസ്പരം പങ്കുവെക്കുകയും; പരമാധികാരവും പ്രാദേശിക അഖണ്ഡതയും മാനിക്കപ്പെടുന്നതും, നിയമങ്ങൾ അനുസരിച്ചുള്ള അന്താരാഷ്ട്ര ക്രമം ഉയർത്തിപ്പിടിക്കുന്നതുമായ, സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു.

അന്താരാഷ്ട്ര നിയമങ്ങൾക്ക്, പ്രത്യേകിച്ച് 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കൺവെൻഷന് (UNCLOS) വിധേയമായി കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ആകാശമാർഗ്ഗമുള്ള യാത്രയ്ക്കുള്ള സ്വാതന്ത്ര്യവും കടലിന്റെ മറ്റ് നിയമപരമായ ഉപയോഗങ്ങളും അവർ ആവർത്തിച്ചുറപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക്, പ്രത്യേകിച്ച് UNCLOS-ന് അനുസൃതമായി തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ആവർത്തിച്ചു. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷയ്ക്കും അഭിവൃദ്ധിയ്ക്കും വേണ്ടി യോജിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.

ആസിയാൻ നേതൃത്വം നൽകുന്ന വേദികളിലും, കിഴക്കനേഷ്യ ഉച്ചകോടി, ആസിയാൻ റീജിയണൽ ഫോറം, ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ മീറ്റിംഗ് പ്ലസ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രാദേശിക വേദികളിലും സഹകരിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ചൂണ്ടിക്കാട്ടി. ആസിയാൻ  കേന്ദ്രീകരണത്തിന്റെ പ്രാധാന്യവും ഇൻഡോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാന്റെ കാഴ്ചപ്പാടും അവർ വീണ്ടും ഉറപ്പിച്ചു.

ഐക്യരാഷ്ട്രസഭ കേന്ദ്രീകരിച്ചുള്ള ഫലപ്രദമായ ഒരു ബഹുമുഖ സംവിധാനത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രിമാർ എടുത്തുപറഞ്ഞു. ശക്തവും ഫലപ്രദവുമായ യു.എൻ പരിഷ്കരണത്തിന്റെ ആവശ്യകത അവർ ചൂണ്ടിക്കാണിക്കുകയും, സമകാലിക ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കൂടുതൽ നന്നായി പ്രതിഫലിപ്പിക്കുന്നതിനായി രക്ഷാസമിതിയുടെ സ്ഥിരവും അല്ലാത്തതുമായ അംഗത്വ വിഭാഗങ്ങൾ വികസിപ്പിക്കുന്നതിനെ അവർ പിന്തുണയ്ക്കുകയും ചെയ്തു. ഇക്കാര്യത്തിൽ, പരിഷ്കരിച്ചതും വിപുലീകരിച്ചതുമായ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരം അംഗത്വം നൽകുന്നതിനുള്ള പിന്തുണ ന്യൂസിലൻഡ് ആവർത്തിച്ചു. 

ആഗോള സമാധാനത്തോടും സുരക്ഷയോടും, സാർവത്രികവും വിവേചനരഹിതവും പരിശോധിക്കപ്പെടാവുന്നതുമായ ആണവ നിരായുധീകരണത്തോടും, ആഗോള ആണവ വ്യാപന വിരുദ്ധ ചട്ടക്കൂട് ഉയർത്തിപ്പിടിക്കുന്നതിനോടുമുള്ള ശക്തമായ പ്രതിബദ്ധത ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. ഇന്ത്യയുടെ ഹരിത ഊർജ്ജ ലക്ഷ്യങ്ങളുടെ കൃത്യതയും ആണവ വ്യാപന വിരുദ്ധതയിലുള്ള വിശ്വാസ്യതയും കണക്കിലെടുത്ത്, ഇന്ത്യ ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിൽ (NSG) ചേരുന്നതിന്റെ നേട്ടത്തെ പ്രധാനമന്ത്രിമാർ വീണ്ടും അംഗീകരിച്ചു.

മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ പ്രധാനമന്ത്രിമാർ ആശങ്ക രേഖപ്പെടുത്തുകയും, എല്ലാ കക്ഷികളും ആത്മസംയമനം പാലിക്കാനും സംഘർഷങ്ങൾ കുറയ്ക്കാനും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു. കപ്പൽ ഗതാഗതത്തിന്മേലുള്ള ഏതൊരു നിയന്ത്രണത്തെയും എതിർത്തുകൊണ്ട്, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും പൂർണ്ണമായി പുനഃസ്ഥാപിക്കാൻ അവർ ആവശ്യപ്പെട്ടു. തർക്കങ്ങൾക്ക് സമാധാനപരവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിന് ചർച്ചകളുടെയും നയതന്ത്രത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിന്റെയും പ്രാധാന്യം അവർ ആവർത്തിച്ചു.

സുസ്ഥിരവും സുതാര്യവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രിമാർ ചർച്ച ചെയ്തു. അന്താരാഷ്ട്ര ഊർജ്ജ വിതരണ ശൃംഖലകളിലും ആഗോള ഊർജ്ജ ശൃംഖലകളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലും ഇന്ത്യ വഹിക്കുന്ന സുപ്രധാന പങ്കിനെ അവർ അംഗീകരിച്ചു. ഇൻഡോ-പസഫിക്കിലുടനീളമുള്ള തടസ്സങ്ങളുടെ പ്രത്യാഘാതങ്ങളിൽ അവർ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും ആഗോള വിതരണ മാർഗ്ഗങ്ങളുടെ സ്ഥിരത ഈ മേഖലയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തുകയും ചെയ്തു. പസഫിക് ദ്വീപ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ രൂക്ഷമാണെന്ന് അവർ ചൂണ്ടിക്കാട്ടി, അവിടെ സമ്പദ്‌വ്യവസ്ഥകൾ പ്രതിസന്ധിയിലാകുകയും ഉയർന്ന എണ്ണവില വൈദ്യുതി ഉത്പാദനം, ഷിപ്പിംഗ്, ഗതാഗതം, കൃഷി, ഫിഷറീസ് എന്നിവയുടെ ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും വലിയ സമ്മർദ്ദം ചെലുത്തുന്നു.

യുക്രെയ്ൻ വിഷയത്തിൽ, വൻതോതിലുള്ള മനുഷ്യത്വരഹിതമായ ദുരിതങ്ങൾക്കും ആഗോള പ്രത്യാഘാതങ്ങൾക്കും കാരണമായിക്കൊണ്ട് തുടരുന്ന യുദ്ധത്തിൽ നേതാക്കൾ ആശങ്ക രേഖപ്പെടുത്തി. യു.എൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളെ അടിസ്ഥാനമാക്കി, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ അവർ തുടർന്നും പിന്തുണയ്ക്കും.

അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെ, എല്ലാ രൂപങ്ങളിലുമുള്ള ഭീകരവാദത്തെയും ഇരു നേതാക്കളും പൂർണ്ണമായി അപലപിച്ചു. 2025 ഏപ്രിൽ 22-ന് ഇന്ത്യയിൽ ജമ്മു കശ്മീരിലെ പഹൽഗാമിലും 2025 നവംബർ 10-ന് ന്യൂഡൽഹിയിലെ ചുവപ്പുകോട്ടയ്ക്ക് സമീപവുമുണ്ടായ ഭീകരാക്രമണങ്ങളെ ഇരു നേതാക്കളും ശക്തമായ ഭാഷയിൽ അപലപിക്കുകയും ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്തതും സ്ഥിരതയുള്ളതുമായ സമീപനത്തിന് അവർ ആഹ്വാനം ചെയ്തു. ഭീകരവാദത്തിന് ധനസഹായം നൽകുന്ന ശൃംഖലകളും സുരക്ഷിത താവളങ്ങളും തകർക്കാനും, ഓൺലൈൻ വഴിയുള്ളവ ഉൾപ്പെടെ ഭീകരവാദ പശ്ചാത്തല സൗകര്യങ്ങൾ ഇല്ലാതാക്കാനും, ഭീകരവാദികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അവർ ആവശ്യപ്പെട്ടു. ഭീകരവാദത്തെയും അക്രമരഹിത തീവ്രവാദത്തെയും ചെറുക്കുന്നതിൽ സഹകരണം ശക്തമാക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. വിവരങ്ങളും അറിവുകളും പങ്കിടുന്നതിനുള്ള ചട്ടക്കൂട് ലഭ്യമാക്കുന്ന ഭീകരവാദ വിരുദ്ധ സംയുക്ത കർമ്മസമിതി (JWG) സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു.

യു.എൻ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) ഉൾപ്പെടെയുള്ള ബഹുമുഖ വേദികളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചുറപ്പിച്ചു. യു.എൻ വിലക്കേർപ്പെടുത്തിയ ഭീകര സംഘടനകൾക്കും വ്യക്തികൾക്കും യു.എൻ.എസ്.സി 1267 ഉപരോധ സമിതിയുടെ പട്ടികയിൽ ഉള്ളവരും അവരുടെ അനുബന്ധ സ്ഥാപനങ്ങളും പ്രോക്സികളും സ്പോൺസർമാരും ധനസഹായം നൽകുന്നവരും പിന്തുണയ്ക്കുന്നവരും ഉൾപ്പെടെയുള്ളവർക്കെതിരെ എല്ലാ രാജ്യങ്ങളും ഉടനടി, സുസ്ഥിരവും സംയുക്തവും വ്യക്തവുമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

ഉപസംഹാരം

'റോഡ്മാപ്പ് ടു 2030'-ൽ വിഭാവനം ചെയ്തിട്ടുള്ള ഉദ്യമങ്ങൾ കൃത്യസമയത്ത് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, പതിവായി സമ്പർക്കം പുലർത്താനും പ്രധാനമന്ത്രിമാർ തങ്ങളുടെ മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ഈ കർമ്മപദ്ധതികളുടെ പുരോഗതി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണമെന്നും അവർ തീരുമാനിച്ചു.

തനിക്കും തന്റെ പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ലക്സനോടും ന്യൂസിലൻഡ് ഗവണ്മെന്റിനോടും ജനങ്ങളോടും നന്ദി രേഖപ്പെടുത്തി. ഉയർന്ന തലത്തിലുള്ള ആശയവിനിമയങ്ങളുടെ ആക്കം നിലനിർത്താനും ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇരു നേതാക്കളും സമ്മതിച്ചു.

-SK-


(रिलीज़ आईडी: 2283557) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Gujarati