ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
ടെക്സ്റ്റൈൽസ് മന്ത്രാലയം ദില്ലി ഹാട്ടിൽ 'വീവ് ദി ഫ്യൂച്ചർ 4.0 - അപ്സൈക്ലിംഗ് എഡിഷൻ' സംഘടിപ്പിക്കുന്നു
प्रविष्टि तिथि:
10 JUL 2026 6:50PM by PIB Thiruvananthpuram
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള കൈത്തറി വികസന കമ്മിഷണറുടെ കാര്യാലയം, 2026 ജൂലൈ 12 മുതൽ 17 വരെ ന്യൂഡൽഹിയിലെ ദില്ലി ഹാട്ടിൽ 'വീവ് ദി ഫ്യൂച്ചർ 4.0 – അപ്സൈക്ലിംഗ് എഡിഷൻ' സംഘടിപ്പിക്കുന്നു. കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, ഡിസൈനർമാർ, നൂതനാശയങ്ങൾ മുന്നോട്ടുവെക്കുന്നവർ, വ്യവസായ പ്രമുഖർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉത്തരവാദിത്തമുള്ള ഉൽപ്പാദനത്തിനും ഉപഭോഗത്തിനുമായി പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവരെ ഒരുമിച്ച് അണിനിരത്തിക്കൊണ്ട് ടെക്സ്റ്റൈൽ-കൈത്തറി മേഖലയിൽ പുനരുപയോഗം, സുസ്ഥിര ഉത്പാദനം, നൂതനാശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.
2026 ജൂലൈ 13-ന് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് പരിപാടി ഉദ്ഘാടനം ചെയ്യും. ടെക്സ്റ്റൈൽസ് മന്ത്രാലയം സെക്രട്ടറി ശ്രീമതി നീലം ഷാമി റാവു, ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിലെ മിനിസ്റ്റർ കൗൺസിലറും സുസ്ഥിര ആധുനികവൽക്കരണ വിഭാഗം മേധാവിയുമായ തോമസ് മക്ക്ലനാഗൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഈ അവസരത്തിൽ, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ടെക്സ്റ്റൈൽ മാലിന്യ വെല്ലുവിളിയെ നേരിടുന്നതിനായി നൂതനവും പ്രായോഗികവുമായ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദേശീയ സംരംഭമായ ‘വാട്ട് ഈസ് ഇറ്റ് മെയ്ഡ് ഓഫ്?' ടെക്സ്റ്റൈൽ വേസ്റ്റ് ഇന്നൊവേഷൻ ചലഞ്ച് മന്ത്രാലയം ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ, കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, ഡിസൈനർമാർ, ഗവേഷകർ, സംരംഭകർ, നൂതനാശയങ്ങൾ മുന്നോട്ടുവെക്കുന്നവർ, പൗരന്മാർ എന്നിവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ലഭ്യമായ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 70.73 ലക്ഷം ടൺ ടെക്സ്റ്റൈൽ മാലിന്യങ്ങൾ രൂപപ്പെടുന്നുണ്ട്. ഇതിൽ ഏകദേശം 29.73 ലക്ഷം ടൺ പ്രീ-കൺസ്യൂമർ (വിപണിയിൽ എത്തും മുൻപ് ഫാക്ടറിയിൽ ഉണ്ടാകുന്ന) മാലിന്യങ്ങളും 41 ലക്ഷം ടൺ പോസ്റ്റ്-കൺസ്യൂമർ (ഉപഭോക്താക്കൾ ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷമുള്ള) മാലിന്യങ്ങളും ഉൾപ്പെടുന്നു. ടെക്സ്റ്റൈൽ പുനരുപയോഗ മേഖല വരും വർഷങ്ങളിൽ ഗണ്യമായി വളരുകയും പരിസ്ഥിതി സൗഹൃദ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, നൂതനാശയങ്ങൾക്കും പരമ്പരാഗത കരകൗശലവിദ്യക്കും പുനരുപയോഗ രൂപകൽപ്പനയ്ക്കും ടെക്സ്റ്റൈൽ മാലിന്യങ്ങളെ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യമുള്ളവയാക്കി മാറ്റാൻ കഴിയുമെന്ന് തെളിയിക്കാൻ ഈ സംരംഭം ശ്രമിക്കുന്നു.
തുടക്കം മുതൽ തന്നെ, ടെക്സ്റ്റൈൽ ഉൽപ്പാദനത്തിലും ഉപഭോഗത്തിലും സുസ്ഥിരവും പുനരുപയോഗത്തിലധിഷ്ഠിതവും കരകൗശലവിദ്യക്ക് മുൻഗണന നൽകുന്നതുമായ സമീപനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ദേശീയ വേദിയായി വീവ് ദി ഫ്യൂച്ചർ പ്രവർത്തിക്കുന്നുണ്ട്. കരകൗശല വിദഗ്ധർ, ഡിസൈനർമാർ, ബ്രാൻഡുകൾ, നൂതനാശയങ്ങൾ മുന്നോട്ടുവെക്കുന്നവർ, ഗവേഷകർ, സാംസ്കാരിക പ്രവർത്തകർ എന്നിവർക്കിടയിലുള്ള സഹകരണം ഈ സംരംഭം വളർത്തിയെടുക്കുന്നു.
ഈ നാലാമത് പതിപ്പിൽ നൂറിലധികം ബ്രാൻഡുകൾ, റീസൈക്ലിംഗ് നടത്തുന്നവർ, കരകൗശല വിദഗ്ധർ, സെക്കൻഡ് ഹാൻഡ് ഉൽപ്പന്ന കൂട്ടായ്മകൾ, അറ്റകുറ്റപ്പണി നടത്തുന്നവർ, മെറ്റീരിയൽ ഇന്നൊവേറ്റർമാർ എന്നിവർ പങ്കെടുക്കും. ഇവർ അപ്‌സൈക്ലിംഗ്, റീസൈക്ലിംഗ്, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം, സർക്കുലർ ഡിസൈൻ എന്നിവയിലെ വൈവിധ്യമാർന്ന സമീപനങ്ങൾ പ്രദർശിപ്പിക്കും. ഉൽപ്പന്നങ്ങളുടെ ഉപയോഗകാലാവധി വർദ്ധിപ്പിക്കുകയും മാലിന്യം കുറയ്ക്കുകയും ഉത്തരവാദിത്തമുള്ള വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പുതിയ രീതികളെ ഈ പ്രദർശനം എടുത്തുകാട്ടും.
ഇന്ത്യയുടെ കൈത്തറി പാരമ്പര്യങ്ങൾ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനും ഉത്തരവാദിത്തമുള്ള വസ്തുക്കളുടെ വിനിയോഗത്തിനും മികച്ച മാതൃകയാണെന്ന് ടെക്സ്റ്റൈൽസ് മന്ത്രാലയത്തിലെ കൈത്തറി വികസന കമ്മിഷണർ ഡോ. എം. ബീന പറഞ്ഞു. പാരമ്പര്യ വിജ്ഞാനത്തെ ആധുനിക സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ചുകൊണ്ട് ടെക്സ്റ്റൈൽ മേഖലയിൽ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നൂതന സമീപനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ പാരമ്പര്യം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനാണ് വീവ് ദി ഫ്യൂച്ചറിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖല സമ്പന്നമായ കരകൗശല പാരമ്പര്യത്തേയും സുസ്ഥിരമായ നവീകരണത്തിനുള്ള വലിയ അവസരങ്ങളേയും ഒരുമിപ്പിക്കുന്ന ഒന്നാണെന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിക്കവെ ടെക്സ്റ്റൈൽസ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീമതി ആരതി കൻവാർ പറഞ്ഞു. 'വാട്ട് ഈസ് ഇറ്റ് മെയ്ഡ് ഓഫ്?' ഇന്നൊവേഷൻ ചലഞ്ചിലൂടെ, ടെക്സ്റ്റൈൽ മേഖലയുടെ സുസ്ഥിര വളർച്ചയ്ക്കും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനും പുനരുപയോഗത്തിനും സംഭാവന നൽകാൻ കഴിയുന്ന പ്രായോഗികവും വിപുലീകരിക്കാൻ സാധിക്കുന്നതുമായ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. യുവ നൂതനാശയക്കാർക്കും ഡിസൈനർമാർക്കും സംരംഭകർക്കും അവരുടെ ആശയങ്ങളെ ഫലപ്രദമായ പരിഹാരങ്ങളാക്കി മാറ്റുന്നതിനുള്ള ഒരു വേദിയാണ് ഈ സംരംഭം നൽകുന്നതെന്നും അവർ വ്യക്തമാക്കി.
ടെക്സ്റ്റൈൽ വേസ്റ്റ് ഇന്നൊവേഷൻ ചലഞ്ച് - ‘വാട്ട് ഈസ് ഇറ്റ് മെയ്ഡ് ഓഫ്?’
ഡിസൈൻ, എഞ്ചിനീയറിംഗ്, ശാസ്ത്രം, സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷൻ, ഗവേഷണം, സംരംഭകത്വം,
സാമൂഹിക വികസനം, സിസ്റ്റംസ് തിങ്കിംഗ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള 16 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ ഇന്നൊവേഷൻ ചലഞ്ചിൽ പങ്കെടുക്കാം. പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ 2026 ജൂലൈ 20 വരെ സമർപ്പിക്കാവുന്നതാണ്. രജിസ്ട്രേഷനും പങ്കാളിത്തവും സംബന്ധിച്ച വിവരങ്ങൾ ഈ സംരംഭത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
വീവ് ദി ഫ്യൂച്ചറിനെക്കുറിച്ച്
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള കൈത്തറി വികസന കമ്മീഷണറുടെ കാര്യാലയം സംഘടിപ്പിക്കുന്ന ഒരു ദേശീയ സംരംഭമാണ് വീവ് ദി ഫ്യൂച്ചർ. ടെക്സ്റ്റൈൽ മേഖലയിൽ സുസ്ഥിരവും പുനരുപയോഗത്തിലധിഷ്ഠിതവും കരകൗശലവിദ്യക്ക് മുൻഗണന നൽകുന്നതുമായ സമീപനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സമ്പന്നമായ കൈത്തറി, ടെക്സ്റ്റൈൽ പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്നതോടൊപ്പം, ഉത്തരവാദിത്തമുള്ള ഉൽപ്പാദനം, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം, മെറ്റീരിയൽ ഇന്നൊവേഷൻ, സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കരകൗശല വിദഗ്ധർ, ഡിസൈനർമാർ, വ്യവസായ പ്രമുഖർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നവീനാശയങ്ങൾ മുന്നോട്ടുവെക്കുന്നവർ, വിവിധ കൂട്ടായ്മകൾ എന്നിവർക്കിടയിൽ സഹകരണം വളർത്തിയെടുക്കുന്നതിനും ഈ സംരംഭം സഹായിക്കുന്നു.
***
(रिलीज़ आईडी: 2283488)
आगंतुक पटल : 5