പരിസ്ഥിതി, വനം മന്ത്രാലയം
കോയമ്പത്തൂരിലെ ഡബ്ല്യു.ഐ.ഐ-സാകോണിൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള 'മികവിന്റെ കേന്ദ്രം' കേന്ദ്ര പരിസ്ഥിതി മന്ത്രി ഉദ്ഘാടനം ചെയ്തു; ദേശീയ മനുഷ്യ-വന്യജീവി സംഘർഷ പോർട്ടലും പുറത്തിറക്കി
प्रविष्टि तिथि:
10 JUL 2026 11:26AM by PIB Thiruvananthpuram
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള മികവിന്റെ കേന്ദ്രം (സെന്റർ ഓഫ് എക്‌സലൻസ്) കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ. ഭൂപേന്ദർ യാദവ് ഇന്ന് കോയമ്പത്തൂരിൽ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഫലപ്രദമായ കാര്യനയങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി രാജ്യത്തുടനീളമുള്ള മുതിർന്ന നയരൂപകർത്താക്കൾ, വനപാലകർ, ശാസ്ത്രജ്ഞർ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ, സംരക്ഷണ പ്രവർത്തകർ എന്നിവരെ ഒരുമിപ്പിച്ചുകൊണ്ടുള്ള മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ചുള്ള ദേശീയ ശിൽപശാല നടന്നു. ചടങ്ങിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ശ്രീ. കീർത്തി വർധൻ സിംഗ് സന്നിഹിതനായിരുന്നു.
ആവാസവ്യവസ്ഥയുടെ വിഘടനം, ഭൂവിനിയോഗ രീതികളിലെ മാറ്റം, മാനുഷിക പ്രവർത്തനങ്ങളിലെ വർധനവ് എന്നിവയുടെ ഫലമായി മനുഷ്യനും വന്യജീവികളും തമ്മിലുള്ള വർധിച്ചുവരുന്ന ഇടപെടലുകൾ കാരണം മനുഷ്യ-വന്യജീവി സംഘർഷം ഇന്ത്യയിലെ പ്രധാന സംരക്ഷണ, വികസന വെല്ലുവിളികളിലൊന്നായി ഉയർന്നുവന്നിട്ടുണ്ടെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ശ്രീ. യാദവ് നിരീക്ഷിച്ചു. നമ്മുടെ സമീപനം പ്രശ്‌നാധിഷ്ഠിതമാകുന്നതിനു പകരം, ആധുനിക സാങ്കേതിക മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പരിഹാരാധിഷ്ഠിതമായിരിക്കണം' എന്ന് അദ്ദേഹം നിരീക്ഷിച്ചു.

ദേശീയ വന്യജീവി ബോർഡിന്റെ ഏഴാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രഖ്യാപിച്ചതുപോലെ, പുതുതായി സ്ഥാപിതമായ മികവിന്റെ കേന്ദ്രം, മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ശാസ്ത്രീയവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ പരിപാലനം ശക്തിപ്പെടുത്തുന്നതിനുള്ള ഗവേഷണം, നൂതനത്വം, നയ പിന്തുണ, കാര്യക്ഷമതാ വർധനവ്, മികച്ച രീതികളുടെ പ്രചരണം എന്നിവയ്ക്കുള്ള ഒരു ദേശീയ കേന്ദ്രമായി പ്രവർത്തിക്കുമെന്ന് ശ്രീ യാദവ് അറിയിച്ചു.
കടുവാ സങ്കേതങ്ങൾക്ക് പുറത്തുള്ള കടുവകൾ, പുള്ളിപ്പുലികൾ, ആനകൾ എന്നിവയും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു നയം രൂപീകരിക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മനുഷ്യ-വന്യജീവി ഏറ്റുമുട്ടലുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും ദൗത്യപരമായ ബോധവത്കരണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് പ്രദേശാടിസ്ഥാനത്തിലുള്ളതും ജീവിവർഗാടിസ്ഥാനത്തിലുള്ളതുമായ നടപടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ട്. സമൂഹത്തിലെ പരിഭ്രാന്തി പരിഹരിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജനവാസകേന്ദ്രങ്ങൾക്കും വിളകൾക്കും ഉണ്ടാകുന്ന സംഘർഷപ്രശ്‌നങ്ങളും നാശനഷ്ടങ്ങളും കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തുടനീളമുള്ള വനം വകുപ്പുകൾ മുൻകരുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ശ്രീ യാദവ് ആഹ്വാനം ചെയ്തു. ബന്ധപ്പെട്ട സമൂഹങ്ങളുമായി യോജിച്ചുകൊണ്ട്, വിവിധ പങ്കാളികളുമായുള്ള കൂടിയാലോചനകളിലൂടെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.'
വന്യജീവി സംരക്ഷണത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, നൂതനമായ മികച്ച രീതികൾ വികസിപ്പിക്കുകയും വ്യാപകമായി നടപ്പിലാക്കുകയും വേണം. 'സംഘർഷത്തിനു പകരം സഹവർത്തിത്വവും സൗഹാർദ്ദവുമായിരിക്കണം പാരിസ്ഥിതിക സുസ്ഥിരതയുടെ മന്ത്രം', പ്രസംഗം ഉപസംഹരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു.

ഫലപ്രദമായ വന്യജീവി സംരക്ഷണത്തിന്റെ വിജയം മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഇടപെടലിലേക്ക് നയിച്ചിട്ടുണ്ടെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ. കീർത്തി വർധൻ സിംഗ് എടുത്തുപറഞ്ഞു. ഇത് ഒരു സംരക്ഷണ പ്രശ്‌നമാകുന്നതിനു പുറമേ, ദീർഘകാലാടിസ്ഥാനത്തിൽ ഉപജീവനമാർഗ്ഗത്തെ ബാധിക്കുന്ന വളരെ വലിയ സാമൂഹിക-സാമ്പത്തിക പ്രശ്‌നത്തിനും നിമിത്തമായി. വന്യജീവി സംരക്ഷണവും രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിയും സന്തുലിതമാക്കി ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെയും സമൂഹത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ മികവിന്റെ കേന്ദ്രത്തിന് ഇവിടെ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വന്യജീവി സംരക്ഷണത്തിലും സമാധാനപരമായ മനുഷ്യ-വന്യജീവി സഹവർത്തിത്വത്തിലുമുള്ള പരമ്പരാഗത അറിവിനെ സംരക്ഷിക്കുന്നതിനൊപ്പം ഡാറ്റ രേഖപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിൽ ഇത് വളരെയധികം മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സെഷനിൽ, രാജ്യത്തുടനീളമുള്ള മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് ഡാറ്റ കൈകാര്യം, അറിവ് പങ്കിടൽ, തീരുമാന പിന്തുണ എന്നിവ സുഗമമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമായ ദേശീയ മനുഷ്യ-വന്യജീവി സംഘർഷ പോർട്ടലും (നാഷണൽ ഹ്യൂമൻ-വൈൽഡ്‌ലൈഫ് കോൺഫ്‌ളിക്റ്റ് പോർട്ടൽ) മന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥ, പ്രവണതകൾ, ഉയർന്നുവരുന്ന വെല്ലുവിളികൾ എന്നിവയുടെ സമഗ്രമായ വിലയിരുത്തൽ നൽകുന്ന 'ഇന്ത്യയിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ നിലവിലെ അവസ്ഥ: ഒരു അവലോകനം' എന്ന ശീർഷകത്തിലുള്ള പ്രസിദ്ധീകരണ പരമ്പരയുടെ ആദ്യ പതിപ്പും പുറത്തിറങ്ങി.
ശിൽപശാലയുടെ സാങ്കേതിക സെഷനുകളിൽ മനുഷ്യ-വന്യജീവി സംഘർഷ പോർട്ടലിന്റെ തത്സമയ പ്രദർശനം ഉൾപ്പെട്ടു, തുടർന്ന് വിദഗ്ദ്ധ അവതരണങ്ങളും പാനൽ ചർച്ചകളും നടന്നു. അവ താഴെ പറയുന്നവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
* മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷം;
* മനുഷ്യനും വലിയ പൂച്ചവർഗ്ഗത്തിൽപ്പെട്ട വന്യമൃഗങ്ങളും (കടുവ, പുള്ളിപ്പുലി, സിംഹം തുടങ്ങിയവ) തമ്മിലുള്ള സംഘർഷം.
* മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനുള്ള സാങ്കേതികവിദ്യയും നൂതനാശയവും.
മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ കാര്യനയങ്ങൾ ശക്തിപ്പെടുത്തുന്നതിനും, സാങ്കേതികപരമായ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, പങ്കാളികൾക്കിടയിൽ ഏകോപനം മെച്ചപ്പെടുത്തുന്നതിനും, മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രായോഗിക ശുപാർശകൾ രൂപപ്പെടുത്തുന്നതിന് ഈ ചർച്ചകൾ സഹായിക്കും. ശാസ്ത്ര അടിത്തറയുള്ളതും, സാങ്കേതികവിദ്യ പ്രാപ്തമാക്കിയതും, സാമൂഹികാധിഷ്ഠിതവുമായ സമീപനങ്ങളിലൂടെ, ജൈവവൈവിധ്യ സംരക്ഷണവും മനുഷ്യജീവിതങ്ങളുടെയും ഉപജീവനമാർഗ്ഗങ്ങളുടെയും സംരക്ഷണവും സന്തുലിതമാക്കുന്നതിനുള്ള കേന്ദ്രസർക്കാറിന്റെ തുടർച്ചയായ പ്രതിബദ്ധതയെയാണ് മികവിന്റെ കേന്ദ്രം സ്ഥാപിച്ചത് പ്രതിഫലിപ്പിക്കുന്നത്.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി, കേന്ദ്ര വനംവകുപ്പ് ഡയറക്ടർ ജനറൽ ആൻഡ് സ്‌പെഷ്യൽ സെക്രട്ടറി, കേന്ദ്ര വന്യജീവി വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ, ഇന്ത്യൻ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കേന്ദ്ര മന്ത്രാലയത്തിലെയും സംസ്ഥാന വനം വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ, അക്കാദമിക സ്ഥാപനങ്ങളിലെയും പങ്കാളിത്ത സംഘടനകളിലെയും പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി.
***
(रिलीज़ आईडी: 2283386)
आगंतुक पटल : 8