ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (NISER) 15-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുത്തു

प्रविष्टि तिथि: 09 JUL 2026 6:09PM by PIB Thiruvananthpuram

ശാസ്ത്രവും നൂതനാശയങ്ങളും രാജ്യപുരോഗതിക്കായി വിനിയോഗിക്കാൻ യുവശാസ്ത്രജ്ഞരോട് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (നൈസർ) പതിനഞ്ചാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതമായ ധാർമ്മിക മൂല്യങ്ങളും സാമൂഹിക പ്രതിജ്ഞാബദ്ധതയും കാത്തുസൂക്ഷിച്ചുകൊണ്ട് വേണം ശാസ്ത്രരംഗത്ത് മുന്നേറാനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ശാസ്ത്രം, നൂതനാശയങ്ങൾ, ബൗദ്ധിക നേതൃത്വം എന്നിവയിൽ ഇന്ത്യയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉൾക്കൊള്ളുന്ന സ്ഥാപനമാണ് നൈസർ (NISER) എന്ന് ഉപരാഷ്ട്രപതി  അഭിപ്രായപ്പെട്ടു. വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ ശാക്തീകരണം, സാങ്കേതിക മുന്നേറ്റം, ദേശീയ സുരക്ഷ, സുസ്ഥിര വികസനം എന്നിവയ്ക്ക് അടിസ്ഥാന ശാസ്ത്ര മേഖലയ്ക്കായി സമർപ്പിക്കപ്പെട്ട സ്ഥാപനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും നൈസർ ഇന്ന് രാജ്യത്തെ പ്രമുഖ കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ടെന്നും, രാജ്യത്തിനായി ഉയർന്ന വൈദഗ്ധ്യമുള്ള ഒരു ശാസ്ത്ര സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഈ സ്ഥാപനം മികച്ച സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ ശാസ്ത്ര മേഖല ഇന്ന് അഭൂതപൂർവ്വമായ അവസരങ്ങളും ഒപ്പം സങ്കീർണ്ണമായ വെല്ലുവിളികളും നേരിടുകയാണെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. കാലാവസ്ഥാ വ്യതിയാനം, നവീനരോഗങ്ങൾ, നിർമ്മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ എന്നിവയിലെ ദ്രുതഗതിയിലുള്ള പുരോഗതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ശാസ്ത്രം കേവലം വിജ്ഞാന സമ്പാദനത്തിൽ മാത്രം ഒതുങ്ങാതെ, നയരൂപീകരണത്തിന് വഴികാട്ടിയാകണമെന്നും സുസ്ഥിരത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുവതലമുറയുടെ കരുത്തും വികസന മോഹങ്ങളുമുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ശാസ്ത്രീയ ശേഷി എന്നത് തിരഞ്ഞെടുക്കാനുള്ള ഒന്നല്ല, മറിച്ച് ' 2047-ൽ വികസിത ഭാരതം ' എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള അടിസ്ഥാന ശിലയാണെന്നും ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു.

വിവിധ ശാസ്ത്ര ശാഖകൾ തമ്മിലുള്ള ഏകോപനവും സഹകരണവും  കൂടുതൽ ശക്തമാക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. വർത്തമാനകാലഘട്ടം നേരിടുന്ന വെല്ലുവിളികളെ ഏതെങ്കിലും ഒരു പ്രത്യേക ശാസ്ത്ര ശാഖയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മാത്രം പരിഹരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്രം എന്നത് കേവലം ഉത്തരങ്ങൾ കണ്ടെത്തൽ മാത്രമല്ല, മറിച്ച് ശരിയായ ചോദ്യങ്ങൾ ചോദിക്കുക കൂടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ തങ്ങളുടെ ജിജ്ഞാസ നിലനിർത്തണമെന്നും, ധാർമ്മികത പുലർത്തണമെന്നും, വെല്ലുവിളികളെ ധീരമായി നേരിട്ടുകൊണ്ട് തങ്ങളുടെ അറിവ് സമൂഹത്തിന്റെ  നന്മയ്ക്കായി വിനിയോഗിക്കണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

ശാസ്ത്ര-നൂതനാശയ രംഗങ്ങളിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന  മുന്നേറ്റങ്ങളെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചു. ബഹിരാകാശ ദൗത്യങ്ങൾ, വാക്സിൻ വികസനം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം  എന്നീ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾക്ക് ആഗോളതലത്തിൽ വലിയ അംഗീകാരമാണ് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിരുദം നേടി പുറത്തിറങ്ങുന്ന യുവതലമുറ തങ്ങളുടെ ലക്ഷ്യങ്ങളെ ഉത്തരവാദിത്തബോധത്തോടെയും, പുരോഗതിയെ കാരുണ്യത്തോടെയും സമന്വയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഗവേഷണങ്ങളും ആശയങ്ങളും അവർ പുലർത്തുന്ന ധാർമ്മികതയുമായിരിക്കും ഭാവി സമൂഹത്തെ രൂപപ്പെടുത്തുകയെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

ഡോ. ഹോമി ഭാഭയുടെ മഹത്തായ പാരമ്പര്യത്തിന് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ആദരമർപ്പിച്ചു. അടിസ്ഥാന ശാസ്ത്രം, ആണവോർജ്ജം, ഹെൽത്ത്‌കെയർ ഫിസിക്സ്, മറ്റ് പുത്തൻ ശാസ്ത്രശാഖകൾ എന്നിവയിൽ മികച്ച സംഭാവനകൾ നൽകാൻ ശേഷിയുള്ള പ്രതിഭാധനരായ ശാസ്ത്രജ്ഞരെ വാർത്തെടുത്തുകൊണ്ട്, ഇന്ത്യയുടെ സമ്പന്നമായ ശാസ്ത്ര പാരമ്പര്യത്തെയാണ് നൈസർ (NISER) പോലുള്ള സ്ഥാപനങ്ങൾ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി ഗവേഷണ രംഗത്തും അക്കാദമിക തലത്തിലും മികവ് പുലർത്തിക്കൊണ്ട് രാജ്യത്തിന്റെ ശാസ്ത്ര മുദ്ര ആഗോളതലത്തിൽ പതിപ്പിക്കുന്നതിൽ നൈസറിലെ പൂർവ വിദ്യാർത്ഥികൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഡോ. ഹോമി ഭാഭയുടെ അപ്രതീക്ഷിത വിയോഗ വാർത്ത പിതാവ് തന്നെ അറിയിച്ച തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ ഉപരാഷ്ട്രപതി ചടങ്ങിൽ പങ്കുവെച്ചു. ഭാഭയുടെ വേർപാട് രാജ്യത്തിന്റെ ആണവ ഗവേഷണ മേഖലയ്ക്ക് വലിയൊരു തിരിച്ചടിയായിരുന്നു. എന്നാൽ ആ ദുരന്തത്തിൽ തളരാതെ ഇന്ത്യ കൂടുതൽ കരുത്തോടെ മുന്നേറിയെന്നും, ഇന്ന് ആണവ ഗവേഷണ രംഗത്ത് ലോകത്തിലെ ഏറ്റവും ശക്തവും ധീരവുമായ രാജ്യങ്ങളിലൊന്നായി മാറാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നൈസറിൽ (NISER) നിന്ന് ഇന്ന് ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർത്ഥികളിൽ പലരും ഭാവിയിൽ ഡോ. ഹോമി ഭാഭമാരായി മാറുമെന്നും, ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക പുരോഗതിക്ക് വലിയ സംഭാവനകൾ നൽകുമെന്നും ഉപരാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, ഒഡീഷ ഗവർണർ ശ്രീ ഹരിബാബു കംഭംപാട്ടി, ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി, കേന്ദ്ര ശാസ്ത്ര സാങ്കേതിക-ഭൗമശാസ്ത്ര മന്ത്രാലയങ്ങളുടെ ചുമതലയുള്ള (സ്വതന്ത്ര ചുമതല) കേന്ദ്രമന്ത്രിയും പി.എം.ഒ, ആറ്റോമിക് എനർജി, സ്പേസ് വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ്, ആറ്റോമിക് എനർജി വകുപ്പ് സെക്രട്ടറിയും നൈസർ ചെയർമാനുമായ ഡോ. അജിത് കുമാർ മൊഹന്തി, നൈസർ ഡയറക്ടറും അക്കാദമിക് കൗൺസിൽ ചെയർമാനുമായ പ്രൊഫ. എച്ച്. എൻ. ഘോഷ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, അധ്യാപകർ, ബിരുദം സ്വീകരിക്കുന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പ്രമുഖ വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

*****

 

 

 


(रिलीज़ आईडी: 2283033) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Odia , Tamil