കൃഷി മന്ത്രാലയം
azadi ka amrit mahotsav

എൽ നിനോ ഭീഷണി നേരിടാൻ തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കി കേന്ദ്രം; ആഴ്ചതോറുമുള്ള അവലോകന യോഗങ്ങൾ പുരോഗമിക്കുന്നു

प्रविष्टि तिथि: 08 JUL 2026 3:20PM by PIB Thiruvananthpuram

എൽ നിനോ മൂലം തെക്കുപടിഞ്ഞാറൻ മൺസൂൺ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെൻ്റ്  ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാൻ സത്വരനടപടികൾ സ്വീകരിച്ചു വരുന്നു. ഇതിനായി ഗവണ്മെൻ്റ്  വ്യക്തമായ ഒരു പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുന്നു. അപകടസാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, ആഘാതം ലഘൂകരിക്കുന്നതിനായി മുൻകരുതലോടെ പ്രവർത്തിക്കുന്നു.



ജൂണിൽ 33% മഴക്കുറവ് രേഖപ്പെടുത്തിയ ശേഷം, ജൂലൈയിൽ മൺസൂൺ മെച്ചപ്പെട്ടതായും മൊത്തത്തിലുള്ള കമ്മി 24% ആയി കുറഞ്ഞതായും കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും സമീപ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതായും ഇതിൻ്റെ ഫലമായി മഴക്കുറവുള്ള ജില്ലകളുടെ എണ്ണം 262 ൽ നിന്ന് 178 ആയി കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.



മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക, ബീഹാർ, ഝാർഖണ്ഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉന്നതതല അവലോകന യോഗത്തിന് ശേഷം ന്യൂഡൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ ശ്രീ ചൗഹാൻ പറഞ്ഞു. ജൂലൈയിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നും ഇത് ഖാരിഫ് വിതയ്ക്കുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.



ഖാരിഫ് വിളകൾ വിതയ്ക്കുന്ന പ്രവൃത്തി ഇതുവരെ 350.85 ലക്ഷം ഹെക്ടറിൽ പൂർത്തിയായിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 91.95 ലക്ഷം ഹെക്ടർ കുറവാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കാലവർഷം വൈകിയെത്തിയത് സോയാബീൻ, പരുത്തി എന്നിവയുടെ കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, മഴ വൈകിയാൽ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിന്, ചോളം, ബജ്റ, പയർ വർഗ്ഗങ്ങൾ തുടങ്ങിയ ജലത്തിൻ്റെ ആവശ്യകത താരതമ്യേന കുറഞ്ഞ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യാൻ കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



വെല്ലുവിളി നേരിടാനുള്ള തയ്യാറെടുപ്പുകൾ ഏപ്രിൽ മാസത്തിൽ തന്നെ ഗവണ്മെൻ്റ്  ആരംഭിച്ചിരുന്നതായി ശ്രീ ചൗഹാൻ പറഞ്ഞു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലുമായി സഹകരിച്ച്, എൽനിനോ ബാധിക്കാൻ  സാധ്യതയുള്ള ജില്ലകൾക്കായി അടിയന്തര പദ്ധതികൾ തയ്യാറാക്കുകയും സംസ്ഥാന ഗവണ്മെൻ്റുകളുമായി മുൻകൂട്ടി വിവരങ്ങൾ പങ്കിടുകയും ചെയ്തു. ജൂണിൽ നടത്തിയ 'ഖേത് ബച്ചാവോ അഭിയാൻ്റെ' ഭാഗമായി, രാജ്യത്തുടനീളം 1.24 ലക്ഷത്തിലധികം പരിപാടികൾ സംഘടിപ്പിച്ചു, 80 ലക്ഷത്തിലധികം കർഷകരിലേക്ക് നേരിട്ട് എത്തിച്ചേർന്നു.



തടസ്സരഹിതമായ വിതയ്ക്കൽ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനായി, എല്ലാ സാഹചര്യങ്ങളിലും മതിയായ വിത്ത് ലഭ്യത ഉറപ്പാക്കിക്കൊണ്ട്, ഏകദേശം 1.75 ലക്ഷം ക്വിൻ്റലിൻ്റെ ദേശീയ വിത്ത് ശേഖരം ഗവണ്മെൻ്റ്  നിലനിർത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡ് പ്രചാരണം ഊർജിതമാക്കിയിട്ടുണ്ടെന്നും ജൂൺ 30 വരെ ലഭിച്ച 1.14 ലക്ഷം അപേക്ഷകളിൽ 94,000-ത്തിലധികം അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



പ്രതികൂല കാലാവസ്ഥ കാരണം വിളനാശം സംഭവിച്ചാൽ കർഷകർക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കി, പ്രധാനമന്ത്രി ഫസൽ ബീമ യോജനയ്ക്ക് കീഴിൽ കർഷക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ശ്രീ ചൗഹാൻ പറഞ്ഞു.

എൽ നിനോയുടെ സാധ്യത കണക്കിലെടുത്ത് വിപുലമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഗവണ്മെൻ്റിൻ്റെ തയ്യാറെടുപ്പുകൾ വിശദീകരിച്ചുകൊണ്ട് ശ്രീ ചൗഹാൻ പറഞ്ഞു. എൽ നിനോ മോണിറ്ററിംഗ് സെൽ, വിള -കാലാവസ്ഥാ നിരീക്ഷണ ഗ്രൂപ്പ്, സംസ്ഥാനതല കൺട്രോൾ റൂമുകൾ എന്നിവ മുഖേനയും നിയുക്ത ഉദ്യോഗസ്ഥരിലൂടെയും മൺസൂണിൻ്റെ പുരോഗതി, വിള വിതയ്ക്കൽ, വിള സാഹചര്യങ്ങൾ, വിപണി പ്രവണതകൾ എന്നിവ നിരന്തരം നിരീക്ഷിച്ചുവരികയാണ്.



മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം നിരീക്ഷിക്കുക മാത്രമല്ല, സുചിന്തിതമായി നിർവ്വചിക്കപ്പെട്ട പ്രക്രിയകൾ, മതിയായ വിഭവങ്ങൾ, സമയബന്ധിതമായ ഇടപെടലുകൾ എന്നിവയിലൂടെ ഏതു വെല്ലുവിളികളെയും നേരിടാൻ ഗവണ്മെൻ്റ് പൂർണ്ണസജ്ജമാണെന്നും ഖാരിഫ് സീസണിൽ കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

***


(रिलीज़ आईडी: 2282588) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Bengali , Bengali-TR , Gujarati , Tamil , Telugu , Kannada