വനിതാ, ശിശു വികസന മന്ത്രാലയം
ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന് കൊച്ചിയിൽ തുടക്കമായി
ബ്രിക്‌സിൽ സ്ത്രീകൾ നയിക്കുന്ന വികസനം എടുത്തുകാട്ടി ഇന്ത്യ
प्रविष्टि तिथि:
08 JUL 2026 6:33PM by PIB Thiruvananthpuram
ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിക്ക് കീഴിൽ, ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമായി. സഹകരണം ശക്തിപ്പെടുത്തുന്നതിനും, വനിതാ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനും, എല്ലാവരേയും ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ വികസനത്തിനായുള്ള പൊതു പ്രതിബദ്ധത വീണ്ടും ഉറപ്പാക്കുന്നതിനുമായി ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരേയും പ്രതിനിധി സംഘത്തലവന്മാരേയും യോഗം ഒരുമിച്ചു കൊണ്ടുവന്നു.

2026 ജൂലൈ 6-7 തീയതികളിൽ നടന്ന ബ്രിക്‌സ് വനിതാ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൻ്റെ തുടർച്ചയായാണ് ഈ മന്ത്രിതല യോഗം നടക്കുന്നത്. വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ബ്രിക്‌സ് വനിതാ വിഭാഗത്തിന് കീഴിലുള്ള മുൻഗണനാ മേഖലകളെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച ചെയ്തിരുന്നു. നിലവിലെ മന്ത്രിതല യോഗം, ബ്രിക്‌സ് അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും സ്ത്രീകൾ നയിക്കുന്ന വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തന്ത്രപ്രധാനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.


പ്രതിരോധശേഷിയുള്ള സമ്പദ് വ്യവസ്ഥയും സമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ നേതൃത്വം നിർണ്ണായകമാണെന്ന് ഉദ്ഘാടന പ്രസംഗം നിർവ്വഹിച്ച കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവി അടിവരയിട്ടു പറഞ്ഞു. 'പ്രതിരോധശേഷി, നൂതനാശയങ്ങൾ, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക' എന്ന ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിയുടെ മുഖ്യ പ്രമേയത്തിന് കീഴിൽ ബ്രിക്‌സ് അംഗരാജ്യങ്ങൾ തമ്മിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിനും അവർ ആഹ്വാനം ചെയ്തു.
നാലാമത് ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിൻ്റെ സംയുക്ത പ്രസ്താവന അംഗീകരിച്ചതാണ് ഈ യോഗത്തിൻ്റെ സുപ്രധാന നേട്ടം. ഇത് ബ്രിക്‌സ് വനിതാ വിഭാഗത്തിലുടനീളമുള്ള ദീർഘകാല സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഇന്ത്യയുടെ അധ്യക്ഷപദവിക്ക് കീഴിൽ തുടക്കം കുറിച്ച താഴെ പറയുന്ന രണ്ട് സുപ്രധാന പ്രഖ്യാപനങ്ങൾ ബ്രിക്‌സ് അംഗരാജ്യങ്ങൾ സ്വാഗതം ചെയ്തു:
i) ബ്രിക്‌സ് രാജ്യങ്ങളിൽ നിന്നുള്ള മികച്ച പ്രവർത്തന മാതൃകകളും അനുഭവങ്ങളും രേഖപ്പെടുത്തുന്ന പങ്കാളിത്ത വിജ്ഞാന പ്ലാറ്റ്‌ഫോമായ ബ്രിക്‌സ് വനിതകളുടെ മികച്ച പ്രവർത്തന മാതൃകകളുടെ ഡിജിറ്റൽ ശേഖരം;
ii) ബ്രിക്‌സ് കൂട്ടായ്മയിലുടനീളം സ്ഥാപനപരമായ പങ്കാളിത്തം, ഡിജിറ്റൽ പഠനം, ശേഷി വികസനം എന്നിവ വിപുലീകരിക്കുന്നതിനുള്ള ഒരു മാർഗ്ഗരേഖയായ ബ്രിക്‌സ് വനിതകളുടെ ഡിജിറ്റൽ ശേഷി വികസന മാർഗ്ഗനിർദ്ദേശങ്ങൾ.
നയപരമായ പഠനം, സ്ഥാപനപരമായ സഹകരണം, വനിതാ ശാക്തീകരണത്തിനായുള്ള വിജയകരമായ ഇടപെടലുകൾ വ്യാപിപ്പിക്കൽ എന്നിവയ്ക്കായി പ്രായോഗിക സംവിധാനങ്ങൾ രൂപീകരിച്ചുകൊണ്ട്, ബ്രിക്‌സ് സഹകരണത്തെ ചർച്ചകൾക്കപ്പുറത്തേക്ക് കൊണ്ടുപോകാനാണ് ഈ സംരംഭങ്ങൾ സംയുക്തമായി ലക്ഷ്യമിടുന്നത്.
സാമ്പത്തിക-ഡിജിറ്റൽ പങ്കാളിത്തം, നൈപുണ്യ വികസനം, സംരംഭകത്വം, നേതൃത്വം, വനിതാ സംരംഭകത്വ ചർച്ചകളിലെ പ്രാതിനിധ്യം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സ്ത്രീകൾ നയിക്കുന്ന വികസനവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ മികച്ച മാതൃകകൾ അവതരിപ്പിക്കുന്ന ഒരു പ്രദർശനത്തിൻ്റെ വിശദീകരണത്തോടെയുള്ള സന്ദർശനവും മന്ത്രിതല പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.
ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിൻ്റെ രണ്ടാം ദിന പരിപാടികൾ നാളെ കൊച്ചിയിൽ നടക്കും.
***
(रिलीज़ आईडी: 2282580)
आगंतुक पटल : 30