ഗ്രാമീണ വികസന മന്ത്രാലയം
ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിൽ വനിതകളുടെ നേതൃത്വത്തിലുള്ള ഗ്രാമീണ സംരംഭങ്ങൾ പ്രദർശിപ്പിച്ച് ഗ്രാമവികസന മന്ത്രാലയം
प्रविष्टि तिथि:
08 JUL 2026 5:31PM by PIB Thiruvananthpuram
ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിക്ക് കീഴിൽ, 2026 ജൂലൈ 8, 9 തീയതികളിൽ കേരളത്തിലെ കൊച്ചിയിൽ നടക്കുന്ന ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനത്തിൽ ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (DAY-NRLM) കേന്ദ്ര ഗ്രാമവികസന മന്ത്രാലയം (MoRD) പങ്കെടുക്കുന്നു. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള വനിതകളുടെ നേതൃത്വത്തിലെ ഗ്രാമീണ സംരംഭങ്ങൾ മന്ത്രാലയം പ്രദർശിപ്പിക്കുന്നു.
കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവിയും കേന്ദ്ര വനിതാ ശിശുവികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂറും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗ്രാമവികസന മന്ത്രാലയത്തിൻ്റെ പവലിയനിൽ എത്തിയ വിശിഷ്ടാതിഥികളെ ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ ഡോ. മോളിശ്രീ സ്വീകരിക്കുകയും, പ്രദർശനത്തെക്കുറിച്ചും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകളുടെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘങ്ങളുടെ സംരംഭങ്ങളെക്കുറിച്ചും അവർക്ക് വിശദീകരിച്ചു നൽകുകയും ചെയ്തു. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും മുതിർന്ന പ്രതിനിധികളും പവലിയൻ സന്ദർശിക്കുകയും പ്രദർശനത്തിനെത്തിയ ഗ്രാമീണ സംരംഭകരുമായി സംവദിക്കുകയും ചെയ്തു.
ഗ്രാമീണ വനിതാ സംരംഭകരുടേയും സ്വയം സഹായ സംഘങ്ങളുടേയും നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു അന്താരാഷ്ട്ര വേദിയാണ് പ്രദർശനം ഒരുക്കുന്നത്. ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിലും പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ സംരക്ഷിക്കുന്നതിലും കൂട്ടായ്മകൾ ചെലുത്തുന്ന പരിവർത്തനാത്മക സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ പ്രദർശനം.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻ്റെ പവലിയനിൽ 21 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള സ്റ്റാളുകളും ദേശീയ സരസ് ആജീവിക ഗാലറിയും ഉൾപ്പെടുന്നു. വനിതകളുടെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘങ്ങളുടെ സംരംഭങ്ങൾ വികസിപ്പിച്ചെടുത്ത വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ സംരംഭകത്വ മേഖലയുടെ സമ്പന്നതയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന കൈത്തറി ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, പരമ്പരാഗത കലകൾ, പ്രകൃതിദത്ത ഭക്ഷ്യവസ്തുക്കൾ, ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ, സുസ്ഥിര ജീവിതശൈലി ഉൽപ്പന്നങ്ങൾ എന്നിവയുടെ ശേഖരം ഈ പ്രദർശനത്തിൻ്റെ സവിശേഷതയാണ്.
പവലിയൻ്റെ പ്രവേശന കവാടത്തിൽ സജ്ജീകരിച്ച ദേശീയ സരസ് ആജീവിക ഗാലറി, ഇന്ത്യയിലുടനീളമുള്ള മികച്ച ഉൽപ്പന്നങ്ങളുടെ ഒരു ക്യൂറേറ്റഡ് പ്രദർശനം അവതരിപ്പിക്കുന്നു. ഉൽപ്പന്ന വികസനം, ഡിസൈൻ ഇടപെടലുകൾ, ബ്രാൻഡിംഗ്, പാക്കേജിംഗ്, ഗുണനിലവാര ഉറപ്പ്, വിപണി ബന്ധങ്ങൾ എന്നിവയിലൂടെ ഗ്രാമീണ സംരംഭങ്ങൾ കൈവരിച്ച പുരോഗതിയെ ഈ ഗാലറി എടുത്തുകാട്ടുന്നു. ഇതോടൊപ്പം, ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിലുള്ള പ്രീമിയം സമ്മാന പദ്ധതിയായ സരസ് ശക്തി ശേഖരവും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗ്രാമീണ വനിതാ സ്വയംസഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള കരകൗശല ഉൽപ്പന്നങ്ങളെ ബ്രാൻഡഡ് സ്ഥാപന സമ്മാന ശേഖരങ്ങളായി ഒരുക്കുന്നതാണ് ഈ പദ്ധതി. ഇത് ഗ്രാമീണ കരകൗശലവിദ്യയുടെ മൂല്യവും ദൃശ്യപരതയും വർദ്ധിപ്പിക്കുന്നതോടൊപ്പം, ഗവണ്മെൻ്റ് -സ്ഥാപന വിപണികളിലേക്ക് പ്രവേശനം നേടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
മധുബാനി പെയിൻ്റിംഗുകൾ, ഡോക്ര-ബെൽ മെറ്റൽ കരകൗശല വസ്തുക്കൾ, പെൻ കലംകാരി, ഫുൽകാരി എംബ്രോയ്ഡറി, തോഡ എംബ്രോയ്ഡറി, കാന്ത വർക്ക്, കച്ചി കരകൗശല വസ്തുക്കൾ, ചന്നപട്ടണ കളിപ്പാട്ടങ്ങൾ, ഐപാൺ ആർട്ട് എന്നിവയുൾപ്പെടെ, ഗ്രാമീണ വനിതാ സംരംഭകർ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി പരമ്പരാഗത കരകൗശല പരമ്പര്യങ്ങളുടേയും പ്രാദേശിക സവിശേഷതകളുടേയും വിപുലമായ ശേഖരം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ പ്രദർശനം, ഇന്ത്യയിലെ ഗ്രാമീണ സംരംഭകത്വ മേഖലയുടെ വൈവിധ്യത്തെ എടുത്തുകാട്ടുന്നു. ഇതോടൊപ്പം, പ്രാദേശിക സാമ്പത്തിക വികസനത്തിനായി സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 10 കോടിയിലധികം വരുന്ന വനിതകളുടെ സംഭാവനകളെ ഇത് ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. സ്ത്രീകൾ നയിക്കുന്ന വികസനം, എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച, സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട്, ആഗോളതലത്തിൽ മത്സരക്ഷമതയുള്ള മികച്ച സംരംഭങ്ങളായിട്ടാണ് സ്വയംസഹായ സംഘങ്ങളുടെ സംരംഭങ്ങളെ ഈ പ്രദർശനം അവതരിപ്പിക്കുന്നത്.
ഗ്രാമീണ വനിതാ സംരംഭകർ തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ വൈവിധ്യവും ഗുണനിലവാരവും പുതുമയും നേരിട്ടറിയാനുള്ള അവസരമാണ് ഈ പ്രദർശനം ബ്രിക്‌സ് പ്രതിനിധികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും നൽകുന്നത്. ഈ പങ്കാളിത്തത്തിലൂടെ, ഗ്രാമീണ ഉപജീവന മാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്വയംസഹായ സംഘങ്ങളുടെ സംരംഭങ്ങൾക്ക് വിപണി സാധ്യതകൾ വ്യാപിപ്പിക്കുന്നതിനും ഇന്ത്യയുടെ സമ്പന്നമായ കരകൗശല പാരമ്പര്യം ആഗോള വേദിയിൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വീണ്ടും ഉറപ്പിക്കുന്നത്.



***
(रिलीज़ आईडी: 2282565)
आगंतुक पटल : 16