വാണിജ്യ വ്യവസായ മന്ത്രാലയം
ആസിയാൻ-ഇന്ത്യ വ്യാപാര കരാർ അവലോകനം വേഗത്തിലാക്കാൻ പതിമൂന്നാമത് സംയുക്ത സമിതി യോഗത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ
प्रविष्टि तिथि:
08 JUL 2026 11:06AM by PIB Thiruvananthpuram
ആസിയാൻ-ഇന്ത്യ ചരക്കു വ്യാപാര കരാർ അവലോകനത്തിന് കീഴിലെ ചർച്ചകളുടെ പുരോഗതി വിലയിരുത്താന്‍ പതിമൂന്നാമത് ആസിയാൻ-ഇന്ത്യ സംയുക്ത സമിതി യോഗത്തിനും അനുബന്ധ യോഗങ്ങൾക്കും ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. 2026 ജൂലൈ 6 മുതൽ 10 വരെ ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ ഹൈബ്രിഡ് രീതിയിലാണ് യോഗങ്ങൾ ചേരുന്നത്.
പതിമൂന്നാമത് സംയുക്ത സമിതി യോഗത്തോടനുബന്ധിച്ച് ആകെ എട്ട് ഉപസമിതികളില്‍ മൂന്നെണ്ണത്തിൻ്റെ യോഗങ്ങളാണ് നിലവിൽ നടക്കുന്നത്. കസ്റ്റംസ് നടപടിക്രമങ്ങളും വ്യാപാരം സുഗമമാക്കലും സംബന്ധിച്ച ഉപസമിതി, ദേശീയ പദവിയും വിപണി പ്രവേശനവും സംബന്ധിച്ച ഉപസമിതി, ഉത്പന്ന ഉത്ഭവ നിയമങ്ങളുമായി ബന്ധപ്പെട്ട ഉപസമിതി എന്നിവ ഇതിലുള്‍പ്പെടുന്നു. ഇന്ത്യയും ആസിയാനും തമ്മിലെ സഹകരണം ആഴത്തിലാക്കാനും പരസ്പര ധാരണ ശക്തിപ്പെടുത്താനും ക്രിയാത്മക ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുമുള്ള സുപ്രധാന വേദിയായി ഈ യോഗങ്ങൾ നിലകൊള്ളുന്നു.
വിവിധ ഉപസമിതികള്‍ക്ക് അവരുടെ പ്രവർത്തന മേഖലകളിൽ ആവശ്യമായ തന്ത്രപരമായ മാർഗനിർദേശങ്ങൾ നൽകിയ സംയുക്ത സമിതി, കരാർ അവലോകനത്തിന് കീഴിൽ പൂർത്തീകരിക്കേണ്ട അധ്യായങ്ങൾക്ക് വേഗത്തിൽ അന്തിമരൂപം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ചർച്ചകളുടെ വേഗം നിലനിർത്തുന്നതിന് ഉപസമിതികള്‍ക്ക് കൃത്യമായ സമയപരിധിയ്ക്കകം പൂർത്തിയാക്കേണ്ട ചുമതലകൾ നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം കൃത്യമായ ഫലങ്ങൾ കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഉപസമിതികളെ പ്രോത്സാഹിപ്പിച്ചു.
2026 ജൂലൈ 7-ന് ചേര്‍ന്ന പതിമൂന്നാമത് ആസിയാൻ-ഇന്ത്യ സംയുക്ത സമിതി യോഗത്തില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ നിതിൻ കുമാർ യാദവ്, മലേഷ്യൻ നിക്ഷേപ-വ്യാപാര-വ്യവസായ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ (വ്യാപാരം) ശ്രീമതി മസ്തുര അഹമ്മദ് മുസ്തഫ എന്നിവർ സംയുക്തമായി അധ്യക്ഷത വഹിച്ചു. ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ എല്ലാ ആസിയാൻ അംഗരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയുടെ ആഗോള വ്യാപാരത്തിൻ്റെ ഏകദേശം 11 ശതമാനവും കൈയാളുന്ന ആസിയാൻ ഇന്ത്യയുടെ സുപ്രധാന വ്യാപാര പങ്കാളികളിലൊന്നായി തുടരുന്നു. 2025–26 കാലയളവിൽ ഇന്ത്യയും ആസിയാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം 128 ബില്യൺ യുഎസ് ഡോളറിലെത്തി. ഇത് ഇരുപക്ഷവും തമ്മിലെ ശക്തമായ സാമ്പത്തിക പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം വ്യാപാര-നിക്ഷേപ സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിന് പുതിയ അവസരങ്ങൾ നൽകുകയും ചെയ്യുന്നു.

***
(रिलीज़ आईडी: 2282484)
आगंतुक पटल : 7