പ്രധാനമന്ത്രിയുടെ ഓഫീസ്
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
08 JUL 2026 1:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള യോഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയം സന്ദർശിച്ചു. സവിശേഷ സൗഹാർദ്ദ സൂചകമായി ഇന്തോനേഷ്യൻ പ്രസിഡന്റ് ശ്രീ. പ്രബോവോ സുബിയാന്റോ പ്രധാനമന്ത്രിയോടൊപ്പം ക്ഷേത്ര സന്ദർശനത്തിൽ പങ്കെടുത്തു. ക്ഷേത്ര സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണ, പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഒരു ഫലകം ഇരു നേതാക്കളും ചേർന്ന് അനാച്ഛാദനം ചെയ്തു.
9-ാം നൂറ്റാണ്ടിൽ നിർമ്മിച്ച പ്രംബനൻ ക്ഷേത്ര സമുച്ചയം, ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർക്ക് സമർപ്പിച്ചിരിക്കുന്ന ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പങ്കിട്ട നാഗരികവും സാംസ്കാരികവുമായ പൈതൃകത്തിന്റെ ശാശ്വത പ്രതീകമായി ഈ ക്ഷേത്ര സമുച്ചയം നിലകൊള്ളുന്നു.
പ്രംബനൻ സമുച്ചയത്തിലെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് ഇന്ത്യയുടെ സഹായം തേടുന്നതിനായി 2025-ൽ പ്രസിഡന്റ് പ്രബോവോയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഇരു നേതാക്കളും തമ്മിൽ എത്തിച്ചേർന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സംരക്ഷണ പദ്ധതി.
തെക്കുകിഴക്കൻ ഏഷ്യയിലെ നിരവധി ലോക പൈതൃക സ്ഥലങ്ങളുടെ പൈതൃക പുനഃസ്ഥാപനത്തിലും സംരക്ഷണത്തിലും ഇന്ത്യക്ക് വിജയകരമായ ഒരു പ്രവർത്തന പാരമ്പര്യമുണ്ട്. ഇന്തോനേഷ്യയിലെ ബോറോബോദൂർ ക്ഷേത്ര സമുച്ചയങ്ങളുടെ വിപുലമായ രേഖകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നേരത്തെ ഏറ്റെടുത്തിട്ടുണ്ട്. പ്രംബനൻ ക്ഷേത്ര സമുച്ചയത്തിന്റെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമുള്ള ഇന്ത്യയുടെ പിന്തുണ, പങ്കിട്ട നാഗരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ശാശ്വതമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
***
SK
(रिलीज़ आईडी: 2282411)
आगंतुक पटल : 15