PIB Backgrounder
azadi ka amrit mahotsav

കളിമുറ്റങ്ങളിൽ നിന്ന് ആഗോള വിപണിയിലേക്ക്: ടോയ് ബിസ് 2026-ൽ ഇന്ത്യയുടെ കളിപ്പാട്ട വിജയഗാഥ

प्रविष्टि तिथि: 07 JUL 2026 7:12PM by PIB Thiruvananthpuram

ആശയങ്ങളും വ്യവസായവും സംഗമിച്ച വേദി

 



 

ഭാരത് മണ്ഡപത്തിൽ നടക്കുന്ന 17-ാമത് ടോയ് ബിസ് ഇൻ്റർനാഷണൽ ബി2ബി എക്‌സ്‌പോ ആവേശകരമായ അടുത്ത ദിനത്തിലേക്ക് കടന്നു. നിറപ്പകിട്ടാർന്ന പസിലുകൾ, സ്റ്റെം കിറ്റുകൾ, നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങളുടെ മാതൃകകൾ, പഠനസഹായികളായ കളിപ്പാട്ടങ്ങൾ എന്നിവ പ്രദർശന ഹാളുകളിലേക്ക് ഒഴുകിയെത്തിയ സന്ദർശകരെ വരവേറ്റു. വാങ്ങാൻ എത്തിയവരും, ചില്ലറ വ്യാപാരികളും, നിർമ്മാതാക്കളും, സംരംഭകരും വിവിധ സ്റ്റാളുകൾ സന്ദർശിച്ച് ഉൽപ്പന്നങ്ങൾ കണ്ടു മനസ്സിലാക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ആദ്യം നടന്ന ബിസിനസ്സ് യോഗങ്ങൾ മുതൽ ഉൽപ്പന്നങ്ങളുടെ തത്സമയ പ്രദർശനങ്ങൾ വരെ നീണ്ട പരിപാടികളാൽ സജീവമായിരുന്നു ദിനം. വിവിധ സ്കൂളുകളുടെ പ്രതിനിധികൾ പുതിയ പഠനസഹായികൾ  പരിശോധിച്ചപ്പോൾ, വിദേശത്തുനിന്നും എത്തിയ വാങ്ങലുകാർ കയറ്റുമതി സാധ്യതകളെക്കുറിച്ച് ചർച്ച നടത്തി. അതോടൊപ്പം, സംരംഭകർ അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ സന്ദർശകർക്ക് മുന്നിൽ ആവേശത്തോടെ പ്രദർശിപ്പിച്ചു. ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, കയറ്റുമതി, നൂതനാശയങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിലെ  കളിപ്പാട്ട വ്യവസായത്തിൻ്റെ വളർന്നുവരുന്ന വൈവിധ്യത്തെ എടുത്തുകാട്ടുന്നതായിരുന്നു.

 



 

ഇവിടെ നിന്നുള്ള സന്ദേശം വളരെ വ്യക്തമാണ്: കളിപ്പാട്ടങ്ങൾ ഇനി വെറും വിനോദത്തിനുള്ള ഉപാധികൾ  മാത്രമല്ല, മറിച്ച് അവ പഠനത്തിനും സർഗ്ഗാത്മകതയ്ക്കും നവീകരണത്തിനുമുള്ള ഉപകരണങ്ങളായി മാറിയെന്ന് ഈ വേദി തെളിയിക്കുന്നു. ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനും ഗുണനിലവാരമുള്ള നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ മത്സരശേഷിയുള്ള ഇന്ത്യൻ ബ്രാൻഡുകൾ കെട്ടിപ്പടുക്കുന്നതിനും ഗവണ്മെൻ്റ്  നൽകുന്ന തുടർച്ചയായ ഊന്നൽ ഇതിൽ പ്രതിഫലിക്കുന്നുണ്ട്. ഇവിടെ ആശയങ്ങൾ പ്രദർശിപ്പിക്കുക മാത്രമല്ല ചെയ്തത്, അവ കൃത്യമായി വിശദീകരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ക്ലാസ് മുറികളിലും വീടുകളിലും ലോകമെമ്പാടുമുള്ള വിപണികളിലും ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളായി മാറുകയും ചെയ്തു.

നൂതനാശയങ്ങളുടേയും സംരംഭകത്വത്തിൻ്റേയും മനോഭാവമാണ് ഈ പ്രദർശനത്തെ പരമ്പരാഗത വ്യാപാര മേളയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള നിർമ്മാതാക്കൾ, സ്റ്റാർട്ടപ്പുകൾ, അധ്യാപകർ, ഡിസൈനർമാർ, ചില്ലറ വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ടോയ് ബിസ്, രാജ്യത്ത് അതിവേഗം വികസിക്കുന്ന കളിപ്പാട്ട വ്യവസായ മേഖലയെ പ്രതിഫലിപ്പിക്കുന്നു.

പ്രദർശന നഗരിയിലെ ഓരോ കാഴ്ചകളും വ്യത്യസ്തമായ കഥകളാണ് പറയുന്നത്. പരമ്പരാഗത കരകൗശലവിദ്യ, ആധുനിക സാങ്കേതികവിദ്യ, തദ്ദേശീയ ഉൽപ്പാദനം എന്നിവയെ ആഗോള ലക്ഷ്യങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് സ്ഥിരതയാർന്ന വളർച്ച കൈവരിക്കുന്ന ഒരു വ്യവസായ മേഖലയെയാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.

 

ഫാക്ടറികളിൽ നിന്ന് പ്രദർശന ഹാളുകളിലേക്ക്

 



 

ബാറ്ററിയിൽ പ്രവർത്തിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങളുടെ മാതൃകകൾ, കളിപ്പാട്ട ട്രക്കുകൾ, റിമോട്ട് കൺട്രോൾ മെഷീനുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റാളാണ് മേളയിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്ന്. ചില്ലറ വ്യാപാരികൾ ഡിസൈനുകൾ വിലയിരുത്തുകയും പ്രദർശകരുമായി ബിസിനസ്സ് സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്യുമ്പോൾ, മറ്റ് സന്ദർശകർ ഉൽപ്പന്നങ്ങളുടെ തത്സമയ പ്രദർശനങ്ങൾ കൗതുകത്തോടെ നോക്കിക്കാണുന്നു.

ഇവയുടെയെല്ലാം കേന്ദ്രബിന്ദു വു ടോയ്സ് - ദ ഇന്ത്യൻ ടോയ്സ് കമ്പനിയാണ്. കഴിഞ്ഞ നാല് വർഷമായി ഇന്ത്യൻ കളിപ്പാട്ട വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്ന ജയ്പൂർ ആസ്ഥാനമായുള്ള ഒരു കമ്പനിയാണിത്. പ്രദർശിപ്പിക്കുന്ന വർണ്ണാഭമായ ഉൽപ്പന്നങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ശ്രീ പങ്കജ് ശർമ്മ പറയുന്നു, "നിങ്ങൾ ഇവിടെ കാണുന്നതെല്ലാം ഇന്ത്യയിൽ നിർമ്മിച്ചതാണ്. മോൾഡ് മേക്കിംഗ് മുതൽ ഇൻജക്ഷൻ മോൾഡിംഗ് വരെയുള്ള എല്ലാ ഘട്ടങ്ങളും ഞങ്ങൾ തന്നെയാണ് ചെയ്യുന്നത്." പൂർണ്ണമായും സംയോജിതമായ നിർമ്മാണ സംവിധാനമാണ് കമ്പനിയുടെ ബ്രാൻഡ് വളർച്ചയ്ക്ക് കരുത്തായത്. രാജ്യത്തുടനീളമുള്ള വാങ്ങലുകാരുമായി ബന്ധം സ്ഥാപിക്കാൻ വലിയൊരു വേദിയാണ് ടോയ് ബിസ് ഒരുക്കുന്നത്.

സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് (CGTMSE) പോലുള്ള ഗവണ്മെൻ്റ് പദ്ധതികളുടെ പിന്തുണയും കമ്പനിയുടെ വളർച്ചയ്ക്ക് സഹായകരമായിട്ടുണ്ട്. ഉൽപ്പാദനം വിപുലീകരിക്കാൻ ഇത് കമ്പനിയെ പ്രാപ്തമാക്കി. ഒപ്പം ഇത്തരം പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതിനായി ഗവണ്മെൻ്റ്  നൽകുന്ന പിന്തുണ, കൂടുതൽ ആളുകളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിച്ചേരുന്നതിനും സഹായിച്ചു.

വിപണിയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, മറ്റൊരു പ്രധാന മാറ്റം കൂടി ശ്രീ ശർമ്മ ചൂണ്ടിക്കാണിക്കുന്നു. "മുമ്പ് ഭൂരിഭാഗം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്, എന്നാൽ, ഇപ്പോൾ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായി മാറുകയാണ്. ഇന്ന് ഇന്ത്യൻ നിർമ്മാതാക്കൾ മത്സരക്ഷമമായ വിലയിൽ ഉയർന്ന ഗുണനിലവാരമുള്ള കളിപ്പാട്ടങ്ങളാണ് നിർമ്മിക്കുന്നത്," അദ്ദേഹം പറയുന്നു. തദ്ദേശീയ ബ്രാൻഡുകൾക്ക് വലിയ അവസരങ്ങൾ തുറക്കുകയാണെന്ന ആത്മവിശ്വാസമാണ് പ്രദർശകരിൽ പലരും പങ്കുവെക്കുന്നത്.

പഠനവും വിനോദവും ഒന്നിക്കുമ്പോൾ

ഹാളിൻ്റെ മറുഭാഗത്തേക്ക് കടക്കുമ്പോൾ അന്തരീക്ഷം തന്നെ മാറുകയാണ്. പഠനം കൂടുതൽ ആകർഷകവും സംവേദനാത്മകവും ആസ്വാദ്യകരവുമാക്കാനുള്ള നൂതന മാർഗ്ഗങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, മരത്തടിയിൽ തീർത്ത പസിലുകളും, ആക്റ്റിവിറ്റി കിറ്റുകളും, പഠന സംബന്ധിയായ ഗെയിമുകളും കൗതുകത്തോടെ നോക്കിക്കാണുന്ന സന്ദർശകരെയാണ് ഇവിടെ കാണാൻ കഴിയുക.

 



 

പ്രീ-സ്‌കൂൾ, പ്രാഥമിക പഠനത്തിനുള്ള പഠന കളിപ്പാട്ടങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള മുംബൈ ആസ്ഥാനമായുള്ള എജ്യു എഡ്ജ് (Edu Edge) എന്ന കമ്പനിയും പ്രദർശകർക്കിടയിലുണ്ട്. മോണ്ടിസോറി വിദ്യാഭ്യാസ രീതിയാണ് കമ്പനിയുടെ യാത്രയ്ക്ക് പ്രചോദനം നൽകിയതെന്ന് സ്ഥാപകയും ഡയറക്ടറുമായ ബേല ദേശായി പറയുന്നു. പരിസ്ഥിതി സൗഹൃദമായ ഏകദേശം 16 പുതിയ സ്റ്റെം പഠന കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് അവർ വിശദീകരിക്കുന്നു, "കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിൽ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ എപ്പോഴുമുള്ളത്. ഇത് കളികളിലൂടെ പഠിക്കാൻ കുട്ടികളെ സഹായിച്ചിട്ടുണ്ട്. പഠനം കൂടുതൽ ആകർഷകവും സംവേദനാത്മകവുമാക്കാൻ സഹായിക്കുന്ന നിരവധി പുതിയ ഉൽപ്പന്നങ്ങളാണ് ഈ വർഷം ഞങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്."

ബേല ദേശായിക്ക്, ടോയ് ബിസ് പോലുള്ള പ്രദർശനങ്ങൾ സ്കൂളുകളുമായും അധ്യാപകരുമായും നേരിട്ട് സംവദിക്കാനുള്ള മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. "ഇത്തരം പ്രദർശനങ്ങളിൽ എം.എസ്.എം.ഇ സംരംഭങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഗവണ്മെൻ്റ്  നൽകുന്ന പിന്തുണ, യാത്രാ ചെലവുകളും പ്രദർശന ചെലവുകളും കൈകാര്യം ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നുണ്ട്. ഇത് വലിയ സ്റ്റാളുകൾ സജ്ജമാക്കാനും കൂടുതൽ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും ഞങ്ങളെ പ്രാപ്തരാക്കുന്നു. കൂടാതെ, പുതിയ ആശയങ്ങൾ പരീക്ഷിക്കാനും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാനും വിപണിയിലെ സാന്നിധ്യം വിപുലീകരിക്കാനും ഇത് ഞങ്ങൾക്ക് പ്രോത്സാഹനമേകുന്നു," ബേല ദേശായി പറയുന്നു.

"ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയിൽ തന്നെയാണ് നിർമ്മിക്കുന്നത്. തദ്ദേശീയ ഉൽപ്പാദനത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. ആഭ്യന്തര വിപണിയിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനോടൊപ്പം പഠന സംബന്ധിയായ കളിപ്പാട്ടങ്ങൾ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ നിർമ്മിത പഠന ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ഇത് തെളിയിക്കുന്നത്," അവർ കൂട്ടിച്ചേർത്തു.

സ്റ്റാളിന് ചുറ്റുമുള്ള വർദ്ധിച്ചുവരുന്ന ജനപങ്കാളിത്തം, അനുഭവങ്ങളിലൂടെയും കളികളിലൂടെയുമുള്ള പഠനത്തിലേക്ക് മാറുന്നതിൻ്റെ സൂചനയാണ്. കുട്ടികളിൽ സർഗ്ഗാത്മകത, വിമർശനാത്മക ചിന്ത, പ്രശ്നങ്ങൾ പരിഹാര കഴിവ് എന്നിവ വളർത്തിയെടുക്കുന്നതിൽ പഠന സംബന്ധിയായ ഗെയിമുകൾക്കും, സയൻസ് കിറ്റുകൾക്കും, സംവേദനാത്മക പഠന ഉപകരണങ്ങൾക്കും വലിയ പങ്കുണ്ടെന്ന് ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെടുന്നുണ്ട്. ഇതിലൂടെ പഠനം കുട്ടികൾക്ക് കൂടുതൽ ആകർഷകവും അർത്ഥവത്തുമായ അനുഭവമായി മാറുന്നു.

 

നൂതനാശയങ്ങൾക്ക് പുതിയൊരു കളിമുറ്റം

കുറച്ചുകൂടി മുന്നോട്ട് നീങ്ങുമ്പോൾ, ടെലിസ്‌കോപ്പുകളും മൈക്രോസ്‌കോപ്പുകളും ഇലക്ട്രോണിക് സ്റ്റെം കിറ്റുകളും പ്രദർശിപ്പിക്കുന്ന ഇടം കൗതുകത്തോടെ നോക്കിക്കാണുന്ന മറ്റൊരു കൂട്ടം സന്ദർശകരെ കാണാൻ സാധിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, പഠനം എന്നിവ സമന്വയിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ അടുത്തറിയുന്നതിനായി അധ്യാപകരും വിതരണക്കാരും വിദേശത്തുനിന്നുള്ള വാങ്ങലുകാരും ഇവിടെ നടക്കുന്ന തത്സമയ പ്രദർശനങ്ങൾ കാണാൻ ഒത്തുകൂടുന്നു.

വിദ്യാഭ്യാസ-ഇലക്ട്രോണിക് കളിപ്പാട്ടങ്ങളുടെ നിർമ്മാണത്തിൽ വൈദഗ്ധ്യമുള്ള, കൊൽക്കത്ത ആസ്ഥാനമായ പതിനാല് വർഷം പഴക്കമുള്ള ഡോ. മാഡീസ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സി.ഇ.ഒ ശ്രീ അനിർബൻ ഗുപ്തയാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. പഠന കിറ്റുകളിലൊന്ന് കൈയിലെടുത്തുകൊണ്ട് ശ്രീ ഗുപ്ത പറയുന്നു, "ഇലക്ട്രോണിക് സർക്യൂട്ട് ഡിസൈൻ, ടൂളിംഗ് മുതൽ മോൾഡ് വികസനം വരെയുള്ള നിർമ്മാണത്തിൻ്റെ എല്ലാ ഘട്ടങ്ങളും ഞങ്ങളുടെ കമ്പനിക്കുള്ളിൽ തന്നെയാണ് ചെയ്യുന്നത്. ഉൽപ്പന്നങ്ങളുടെ മോൾഡുകൾ നിർമ്മിക്കുന്നത് പോലും ഞങ്ങളുടെ ഫാക്ടറിയിലാണ്." വർഷങ്ങളായുള്ള ഇത്തരം നൂതന പരീക്ഷണങ്ങളിലൂടെ നിരവധി പേറ്റൻ്റുകളും, ഡിസൈൻ രജിസ്‌ട്രേഷനുകളും, കോപ്പിറൈറ്റുകളും സ്വന്തമാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ കളിപ്പാട്ട വ്യവസായ മേഖലയിൽ ബൗദ്ധിക സ്വത്തവകാശത്തിന് കൈവരുന്ന വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

 



 

ഇന്ന് കമ്പനിയുടെ ഉൽപ്പന്നങ്ങൾ അമേരിക്ക, യൂറോപ്പ്, ദുബൈ, പശ്ചിമേഷ്യ  എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഈ പ്രദർശനത്തിൻ്റെ വളർച്ചയെക്കുറിച്ച് ശ്രീ ഗുപ്ത അനുസ്മരിച്ചു, "ഞങ്ങൾ ആദ്യമായി ഇതിൽ പങ്കെടുക്കുമ്പോൾ ഇവിടെ ഏകദേശം 60 മുതൽ 65 വരെ സ്റ്റാളുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇന്നത് നാനൂറിലധികമായി ഉയർന്നിരിക്കുന്നു." അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഈ മാറ്റം ഇന്ത്യയിലെ കളിപ്പാട്ട നിർമ്മാണ മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ പ്രതിഫലിപ്പിക്കുന്നു.

ഗവണ്മെൻ്റ്  നൽകുന്ന തുടർച്ചയായ പ്രോത്സാഹനത്തിലൂടെ നൂതനാശയങ്ങൾക്കും ബൗദ്ധിക സ്വത്തവകാശത്തിനും കൂടുതൽ ശക്തമായ പിന്തുണ നൽകുന്നതിനെ ആശ്രയിച്ചായിരിക്കും ഈ വ്യവസായ മേഖലയുടെ അടുത്ത ഘട്ടമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഗവേഷണം, ഉൽപ്പന്ന രൂപകൽപ്പന, തദ്ദേശീയ സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി നിർമ്മാതാക്കൾ കൂടുതലായി നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യൻ കമ്പനികൾക്ക് അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ചൊരു വേദിയായി ടോയ് ബിസ് പ്രദർശനം തുടർന്നും നിലകൊള്ളും.

 

യുവസ്വപ്നങ്ങളും ആഗോള ലക്ഷ്യങ്ങളും

പ്രദർശനത്തിൻ്റെ അവസാന വരികളിലേക്ക് എത്തുമ്പോൾ സന്ദർശകർ കാണുന്നത് മറ്റൊരു കാഴ്ചയാണ്—പുതിയ സ്റ്റാർട്ടപ്പുകളുടെ ഊർജ്ജസ്വലതയാണത്. വിപണിയിൽ ഇതിനകം ഇടംപിടിച്ച ബ്രാൻഡുകളെക്കുറിച്ചല്ല, മറിച്ച് ഭാവിയിലെ സാധ്യതകൾ, പുതിയ കയറ്റുമതി ലക്ഷ്യങ്ങൾ, പുത്തൻ ഉൽപ്പന്ന ആശയങ്ങൾ എന്നിവയെ കുറിച്ചാണ് ഇവിടെ നടക്കുന്ന ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 



 

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിറ്റോയ് ക്രിയേഷൻസ് അത്തരമൊരു സംരംഭമാണ്. പ്രവർത്തനമാരംഭിച്ച് വെറും രണ്ടര വർഷം മാത്രം പിന്നിടുന്ന ഈ കമ്പനി, പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളിലൂടെയാണ് അവരുടെ ജൈത്രയാത്ര മുന്നോട്ട് കൊണ്ടുപോകുന്നത്. എം.എസ്.എം.ഇ രജിസ്‌ട്രേഷൻ നേടിയത് ബിസിനസ്സിൽ വലിയൊരു വഴിത്തിരിവായെന്ന് കിറ്റോയ് ക്രിയേഷൻസ് സി.ഇ.ഒ ശ്രീ കാർത്തിക് ജെയിൻ പറയുന്നു. "ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് ഗവണ്മെൻ്റ് പിന്തുണ ലഭിക്കാൻ എം.എസ്.എം.ഇ രജിസ്‌ട്രേഷൻ ഞങ്ങളെ സഹായിച്ചു. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും പുതിയ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനും ഇതൊരു മികച്ച വേദിയാണ് സമ്മാനിക്കുന്നത്. വിപണി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മറ്റ് ഗവണ്മെൻ്റ്  പദ്ധതികളും സംരംഭങ്ങളും ഞങ്ങൾ പരിശോധിച്ചുവരികയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയുടെ ദർശനത്തെക്കുറിച്ച് അദ്ദേഹം പറയുന്നു, "ഇന്ത്യയിൽ നിർമ്മിക്കുന്ന ഞങ്ങളുടെ ഉൽപ്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം." ആഭ്യന്തര വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനോടൊപ്പം, ഈ സ്റ്റാർട്ടപ്പ് ഇതിനകം തന്നെ കയറ്റുമതി സാധ്യതകൾ പര്യവേക്ഷണം ചെയ്യുകയും ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഈ സ്റ്റാളിൽ കാണുന്ന ശുഭാപ്തിവിശ്വാസവും ആവേശവും പ്രദർശന വേദിയിലുടനീളം പ്രകടമാണ്. പല യുവസംരംഭകർക്കും ടോയ് ബിസ് എന്നത് വെറുമൊരു പ്രദർശനം മാത്രമല്ല, മറിച്ച് വാങ്ങലുകാരുമായി നേരിട്ട് ഇടപഴകാനും, ആഗോള വിപണിയെ അടുത്തറിയാനും, അന്താരാഷ്ട്ര നിലവാരമുള്ള ബ്രാൻഡുകളായി വളരാനും സഹായിക്കുന്ന ഒരു വലിയ അവസരമാണിത്. ഭാരത് മണ്ഡപത്തിലെ ഹാളുകളിലൂടെ സന്ദർശകർ മുന്നോട്ട് നീങ്ങുമ്പോൾ, കളിപ്പാട്ട ഉൽപ്പാദനത്തിനപ്പുറം രൂപകൽപ്പന, നൂതനാശയങ്ങൾ, ആഗോള മത്സരക്ഷമത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പുതിയ തലമുറയിലെ ഇന്ത്യൻ നിർമ്മാതാക്കളെയാണ് അവർക്ക് കാണാനാകുന്നത്.
 
കാഴ്ചകൾ അവസാനിക്കുന്നില്ല...

 



 

ഭാരത് മണ്ഡപത്തിൽ ടോയ് ബിസ് പ്രദർശനത്തിൻ്റെ മറ്റൊരു പതിപ്പിന് തിരശ്ശീല വീഴുമ്പോൾ, സന്ദർശകർ കളിപ്പാട്ടങ്ങൾ കൗതുകത്തോടെ നോക്കിക്കാണുന്ന തിരക്കിലാണ്. ബിസിനസ്സ് കാർഡുകൾ കൈമാറുന്ന വാങ്ങലുകാരേയും പുതിയ അവസരങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംരംഭകരേയും ഇവിടെ കാണാം. ജയ്‌പൂർ, മുംബൈ, കൊൽക്കത്ത, പൂനെ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഓരോ സ്റ്റാളും പറയുന്നത് വ്യത്യസ്തമായ വിജയഗാഥകളാണ്. നൂതനാശയങ്ങളും തദ്ദേശീയ നിർമ്മാണവും സംരംഭകത്വവും കൈകോർക്കുന്ന ഒരു വലിയ വ്യവസായ മേഖലയുടെ വളർച്ചയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. അടുത്ത വർഷം ടോയ് ബിസ് വീണ്ടുമെത്തുമ്പോൾ, നിർമ്മാതാക്കൾക്കും വാങ്ങലുകാർക്കും നൂതനാശയങ്ങൾ പരീക്ഷിക്കുന്നവർക്കും വലിയൊരു പ്രതീക്ഷ തന്നെയാണ് ഈ പ്രദർശനം സമ്മാനിച്ചിരിക്കുന്നത്.

കാറ്റലോഗുകളും പുത്തൻ ആശയങ്ങളും പുതിയ ബിസിനസ്സ് സൗഹൃദങ്ങളുമായിട്ടാണ് സന്ദർശകർ ഇവിടെ നിന്നും മടങ്ങുന്നത്. ഒപ്പം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു വ്യവസായ മേഖലയുടെ വിജയഗാഥയും അവർ നെഞ്ചേറ്റുന്നു. ടോയ് ബിസിലെ ഓരോ സ്റ്റാളും നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്: ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം ഇപ്പോൾ നിർമ്മാണത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. മറിച്ച്, ലോകമെമ്പാടുമുള്ള വീടുകളിലും ക്ലാസ്സ് മുറികളിലും വിപണികളിലും സ്ഥാനം ഉറപ്പിക്കുന്ന തരത്തിൽ രൂപകൽപ്പനയിലും നൂതനാശയങ്ങളിലും പുതിയ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിലും അവർ മികവ് തെളിയിച്ചുകഴിഞ്ഞു.


സൂചനകൾ
മറ്റ് വിവരങ്ങൾ 

https://newsonair.gov.in/union-minister-piyush-goyal-addresses-17th-toy-biz-international-b2b-expo-in-new-delhi/

https://hcindiatz.gov.in/wn-17-03-2026-01.php

Click here to see PDF

 

***


(रिलीज़ आईडी: 2282326) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati