ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഗോത്രകലകളും സംസ്കാരവും പരമ്പരാഗത വിജ്ഞാനവും പങ്കുവെക്കുന്നതിനുള്ള ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോം-ട്രൈബ് എക്‌സ് കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ. ജുവൽ ഓറം ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 07 JUL 2026 7:29PM by PIB Thiruvananthpuram

ഗോത്രവിദ്യാഭ്യാസത്തെ ഡിജിറ്റലായി പരിവർത്തനം ചെയ്യുന്നതിനും ഇന്ത്യയുടെ സമ്പന്നമായ പരമ്പരാഗത പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള ഒരു ചരിത്രപരമായ സംരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഗോത്രകലകൾ, സംസ്കാരം, പരമ്പരാഗത അറിവുകൾ, നൈപുണ്യ വികസനം എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ആദ്യ ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമായ ട്രൈബ് എക്‌സ് (TribeX) കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം ഇന്ന് പുറത്തിറക്കി. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ഗോത്ര ഗവേഷണ സ്ഥാപനങ്ങൾ (TRI) ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ ശില്പശാലയുടെ വേദിയിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ. ജുവൽ ഓറം പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു.
 


ഗോത്രകാര്യ സഹമന്ത്രി ശ്രീ. ദുർഗാദാസ് ഉയ്കെ, നീതി ആയോഗ് അംഗം ഡോ. ആർ. ബാലസുബ്രഹ്മണ്യം, ഒഡീഷ പട്ടികജാതി-പട്ടികവർഗ്ഗ വികസന, ന്യൂനപക്ഷ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. നിത്യാനന്ദ ഗോണ്ട്, ഗോത്രകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീമതി രഞ്ജന ചോപ്ര, ഒഡീഷ പട്ടികജാതി-പട്ടികവർഗ്ഗ വികസന, ന്യൂനപക്ഷ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് കമ്മീഷണർ-കം-സെക്രട്ടറി ശ്രീ. ബി. പരമേശ്വരൻ, ഗോത്രകാര്യ മന്ത്രാലയം ജോയിൻ്റ്  സെക്രട്ടറി ശ്രീ. അനന്ത് പ്രകാശ് പാണ്ഡെ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, രാജ്യത്തുടനീളമുള്ള ഗോത്ര ഗവേഷണ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, അക്കാദമിക് വിദഗ്ധർ, ഗോത്ര വിജ്ഞാന വിദഗ്ധർ, കരകൗശല വിദഗ്ധർ, മറ്റ് വിശിഷ്ട വ്യക്തികൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ സമ്പന്നമായ ഗോത്ര പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അതിനെ ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനുമുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയാണ് ട്രൈബ് എക്‌സ് പ്രതിഫലിപ്പിക്കുന്നതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ. ജുവൽ ഓറം പറഞ്ഞു. ആധികാരികമായ ഗോത്ര വിജ്ഞാനങ്ങൾ ലോകമെമ്പാടുമുള്ള പഠിതാക്കൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ മറികടക്കാനും ഗോത്രവിഭാഗങ്ങളെ ശാക്തീകരിക്കാനും നൂറ്റാണ്ടുകൾ പഴക്കമുള്ള വിജ്ഞാന സമ്പ്രദായങ്ങൾ ആധുനിക ലോകത്തും സജീവമായി നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർവ്വകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കിടയിൽ ഈ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കാൻ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഗോത്ര ഗവേഷണ സ്ഥാപനങ്ങളോടും, ഗോത്രക്ഷേമ വകുപ്പുകളോടും അദ്ദേഹം ആവശ്യപ്പെട്ടു. ട്രൈബ് എക്‌സ് വഴി വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകളിൽ പങ്കെടുത്ത് അതിൻ്റെ  പ്രയോജനം നേടുന്നതിന് അവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സമഗ്രമായ ഒരു ഡിജിറ്റൽ പഠന ആവാസവ്യവസ്ഥയായി വിഭാവനം ചെയ്തിട്ടുള്ള ട്രൈബ് എക്‌സ്, ഗോത്ര ഭാഷകൾ, കലാരൂപങ്ങൾ, കരകൗശലവസ്തുക്കൾ, പരമ്പരാഗത അറിവുകൾ എന്നിവയിൽ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലൂടെയും യുജിസി അംഗീകരിച്ച ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലൂടെയും ഘടനാപരമായ പഠനാവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന ഗോത്ര പാരമ്പര്യങ്ങളെക്കുറിച്ച് ആധികാരികമായ ഉൾക്കാഴ്ചകൾ നേടുന്നതിനോടൊപ്പം, ഗോത്ര വിജ്ഞാന വിദഗ്ധരിൽ നിന്നും പ്രഗത്ഭരായ കരകൗശല വിദഗ്ധരിൽ  നിന്നും നേരിട്ട് പഠിക്കാൻ ലോകമെമ്പാടുമുള്ള പഠിതാക്കൾക്കും ഗവേഷകർക്കും അധ്യാപകർക്കും താൽപര്യമുള്ള വ്യക്തികൾക്കും ഈ പ്ലാറ്റ്‌ഫോം അവസരമൊരുക്കുന്നു. കേവലം വിദ്യാഭ്യാസത്തിനപ്പുറം, ഗോത്ര ഭാഷകൾ, വാമൊഴി പാരമ്പര്യങ്ങൾ, അവതരണ കലകൾ, സാംസ്കാരിക ആചാരങ്ങൾ, തദ്ദേശീയ വിജ്ഞാന സംവിധാനങ്ങൾ എന്നിവ ഭാവി തലമുറകൾക്കായി രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ഡിജിറ്റൽ ശേഖരമായും ട്രൈബ് എക്‌സ് പ്രവർത്തിക്കുന്നു.

ചിത്രരചന, കരകൗശലവസ്തുക്കൾ, കൈത്തറി, കലാസൃഷ്ടികൾ , പരമ്പരാഗത സംഗീതോപകരണങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഗോത്ര കലാരൂപങ്ങളിലായി 20 സൗജന്യ സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് നിലവിൽ ഈ പ്ലാറ്റ്‌ഫോമിലുള്ളത്. ഭാവിയിൽ ഇത് നൂറിലധികം സർട്ടിഫിക്കറ്റ് കോഴ്‌സുകളായി വ്യാപിപ്പിക്കാനുള്ള വ്യക്തമായ രൂപരേഖയും ഇതിനുണ്ട്.

ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകൾക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവും വാരാണസിയിലെ സമ്പൂർണ്ണാനന്ദ് സംസ്‌കൃത സർവ്വകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. യുജിസി അംഗീകാരമുള്ള ഒരു വർഷം ദൈർഘ്യമുള്ള അഞ്ച് ഹൈബ്രിഡ് ഡിപ്ലോമ പ്രോഗ്രാമുകളാണ് ട്രൈബ് എക്‌സ് വാഗ്ദാനം ചെയ്യുന്നത്.

1. ഗോത്ര ഭാഷ: സാന്താളി (ഓൾ ചിക്കി)  
2. സുസ്ഥിര ഗോത്ര സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള ഉപജീവനമാർഗ്ഗങ്ങൾ
3. മ്യൂസിയോളജിയും ഗോത്ര മ്യൂസിയം മാനേജ്‌മെൻ്റും
4. ഇന്ത്യയിലെ ഗോത്ര കലകളും കരകൗശലവസ്തുക്കളും
5. ഗോത്ര തുണിത്തരങ്ങൾ


തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ, വിദഗ്ധരുടെ പ്രഭാഷണങ്ങൾ, ഇൻ്റേൺഷിപ്പുകൾ, പ്രബന്ധ രചന എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഗോത്ര പാരമ്പര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവ് നൽകുന്നതിനാണ് ഈ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പഠനം, വിജ്ഞാന മാനേജ്‌മെൻ്റ്, പുരോഗതി വിലയിരുത്തൽ എന്നിവയ്ക്കായി സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ സംവിധാനം ഉറപ്പാക്കുന്ന ശക്തമായ ലേണിംഗ് മാനേജ്‌മെൻ്റ് സംവിധാനവും  (LMS), റിപ്പോസിറ്ററി മാനേജ്‌മെൻ്റ്  സംവിധാനവും ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ഗോത്ര ഉത്സവങ്ങൾ, സാമൂഹിക-സാംസ്കാരിക ആചാരങ്ങൾ, വാമൊഴി പാരമ്പര്യങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന ഓഡിയോ, വീഡിയോ, സാഹിത്യ ശേഖരങ്ങൾ എന്നിവയുൾപ്പെടെ അയ്യായിരത്തിലധികം മൾട്ടിമീഡിയ സ്രോതസ്സുകൾ നിലവിൽ ഇതിൻ്റെ ഹെറിറ്റേജ് ആർക്കൈവിലുണ്ട്, ഭാവിയിൽ ഇത് പതിനായിരമായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഗോത്രവർഗ്ഗ ശാക്തീകരണത്തിനായി ഡിജിറ്റൽ നവീകരണം പ്രയോജനപ്പെടുത്താനുള്ള ഗോത്രകാര്യ മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ട്രൈബ് എക്‌സ്  പ്ലാറ്റ്‌ഫോമിൻ്റെ  സമാരംഭം. ഗോത്ര വിജ്ഞാനത്തെക്കുറിച്ചുള്ള പഠനം, രേഖപ്പെടുത്തൽ, സംരക്ഷണം എന്നിവയ്ക്കുള്ള ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയിൽ, ഇന്ത്യയുടെ  ഉജ്ജ്വലമായ ഗോത്ര പൈതൃകത്തെ ആഗോളതലത്തിലേക്ക് എത്തിക്കുന്ന ഒരു കവാടമായി മാറാൻ ട്രൈബ് എക്‌സിന് സാധിക്കും. രാജ്യത്തെ ഗോത്രസമൂഹങ്ങളുടെ അമൂല്യമായ വിജ്ഞാനസമ്പത്ത് വരുംതലമുറകൾക്ക് പഠിക്കാനും  ആഘോഷിക്കാനും  മുന്നോട്ട് കൊണ്ടുപോകാനും ഇത് വഴിയൊരുക്കും.


ട്രൈബ് എക്‌സ് ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോം സന്ദർശിക്കാൻ: https://tribexdigital.org.in
പ്ലാറ്റ്‌ഫോമിൻ്റെ ഉദ്ഘാടന വീഡിയോ കാണാൻ:   https://www.youtube.com/watch?v=CsbLM96YmSk

 

****


(रिलीज़ आईडी: 2282294) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali