PIB Backgrounder
ഇന്ത്യയിലെ എഥനോൾ മിശ്രണം
നയ പരിണാമം, പ്രധാന നാഴികക്കല്ലുകൾ, പതിവായി ഉന്നയിക്കപ്പെടുന്ന ആശങ്കകൾ
प्रविष्टि तिथि:
05 JUL 2026 3:33PM by PIB Thiruvananthpuram
എഥനോൾ മിശ്രിത പെട്രോൾ (ഇ.ബി.പി) പരിപാടിയുടെ അവലോകനം
ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിന്റെയും ജൈവ ഇന്ധന കാര്യനയത്തിന്റെയും ഒരു നെടുംതൂണായി എഥനോൾ മിശ്രിത പെട്രോൾ (ഇ.ബി.പി) പരിപാടി ഉയർന്നുവന്നിട്ടുണ്ട്. ഊർജ്ജ സുരക്ഷ മെച്ചപ്പെടുത്തുക, കർഷകരെ പിന്തുണയ്ക്കുക, പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുക എന്നിവയാണ് ഇത് ലക്ഷ്യം വെക്കുന്നത്. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പുനരുപയോഗ ഇന്ധനത്തിന്റെ വർധിത ഉപയോഗത്തെയും ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.
ഇ.ബി.പി പരിപാടിയ്ക്ക് കീഴിൽ, 2013-14 ൽ 1.5 ശതമാനത്തിൽ താഴെയായിരുന്ന എഥനോൾ മിശ്രണം 2025-26 ൽ 20 ശതമാനമായി വർദ്ധിച്ചു. 20 ശതമാനം മിശ്രണ ലക്ഷ്യം ഇന്ത്യ ലക്ഷ്യമിട്ടതിനും അഞ്ച് വർഷം മുമ്പേ കൈവരിച്ചു. എഥനോൾ സംഭരണം 2013-14 ലെ എഥനോൾ വിതരണ വർഷത്തിൽ (ഇ.എസ്.വൈ) ഏകദേശം 38 കോടി ലിറ്റർ ആയിരുന്നത് 2025-26 ൽ 1,200 കോടി ലിറ്ററിലധികമായി (പ്രതീക്ഷിക്കുന്നത്) ഉയർന്നു. 2014-ൽ 421 കോടി ലിറ്ററായിരുന്ന ഉത്പാദന ശേഷി 2026-ൽ ഏകദേശം അഞ്ചിരട്ടിയായി വർദ്ധിച്ച് ഏകദേശം 2,000 കോടി ലിറ്ററായി. ഈ വിപുലീകരണം അസംസ്‌കൃത എണ്ണ(ക്രൂഡ് ഓയിൽ)യുടെ ഇറക്കുമതി കുറയ്ക്കുകയും മൂല്യമാർന്ന വിദേശനാണ്യം ലാഭിക്കുകയും ചെയ്തു. ഇത് ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുകയും പുതിയ വിപണി അവസരങ്ങളിലൂടെ കർഷകരുടെ വരുമാനം ശക്തിപ്പെടുത്തുകയും ചെയ്തു.
എഥനോൾ മിശ്രണത്തിലൂടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തൽ
ഇന്ത്യ ഉപയോഗിക്കുന്ന അസംസ്‌കൃത എണ്ണയുടെ ഏതാണ്ട് 88.5 ശതമാനം ഇറക്കുമതി ചെയ്യുന്നതാണ്. നയ അജൻഡയിൽ എഥനോൾ മിശ്രിതം ഇത്ര ഉയർന്ന സ്ഥാനം വഹിക്കുന്നതിന്റെ കാരണം ഈ ഒറ്റ കണക്ക് തന്നെ വിശദീകരിക്കുന്നു. വിദേശത്ത് നിന്ന് വാങ്ങുന്ന ഓരോ ബാരൽ എണ്ണയും രാജ്യത്തെ വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും വിതരണ ആഘാതങ്ങൾക്കും വിധേയമാക്കുന്നു, അവ പൂർണ്ണമായും അതിന്റെ നിയന്ത്രണത്തിന് പുറത്താണ്. ഇന്ത്യയിലെ കരിമ്പ്, ചോളം, അരി എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിഭവങ്ങൾ ഉപയോഗിച്ച് അത്തരം ആഘാതങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള ഒരു മാർഗ്ഗം വാഗ്ദാനം ചെയ്യുന്നു.
2014-15 എഥനോൾ വിതരണ വർഷം മുതൽ (മെയ് 2026 വരെ), കടലാസിൽ മാത്രം ഒതുങ്ങിയിരുന്ന നയപരമായ ലക്ഷ്യത്തിനപ്പുറമുള്ള മികച്ച ഫലങ്ങൾ ഈ പരിപാടി കൈവരിച്ചിട്ടുണ്ട്.
|
1.90 ലക്ഷം കോടിയിലധികം രൂപ
2014-15 മുതൽ വിദേശനാണ്യത്തിൽ ലാഭം
|
310 ലക്ഷത്തിലധികം മെട്രിക് ടൺ*
അസംസ്‌കൃത എണ്ണയ്ക്ക് പകരമായി ഉപയോഗിച്ചത്
|
ഏകദേശം 930 ലക്ഷം മെട്രിക് ടൺ
കാർബൺ ഡയോക്‌സൈഡ് ബഹിർഗമനം കുറച്ചു
|
1.60 ലക്ഷം കോടിയിലധികം രൂപ
അധിക കർഷക വരുമാനം
|
*എം.ടി- മെട്രിക് ടൺ
തെറ്റിദ്ധാരണകൾ മാറ്റുക
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന കൂടുതൽ നിറംപിടിപ്പിച്ച മിഥ്യാധാരണകൾക്കൊപ്പം, എഥനോൾ മിശ്രണവുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകളെക്കുറിച്ചുള്ള യഥാർത്ഥ തെളിവുകൾ എന്തൊക്കെയാണെന്നത് ഇവിടെ വ്യക്തമാക്കുന്നു.
|
അവകാശവാദം
|
രേഖ
|
|
ഇ 20 (20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ ഇന്ധനമിശ്രിതം) ഇന്ധനക്ഷമത (മൈലേജ്) 30 ശതമാനം കുറയ്ക്കുന്നു.
|
30 ശതമാനം കണക്ക് പെട്രോളിനേക്കാൾ എഥനോളിന്റെ കുറഞ്ഞ കലോറിഫിക് മൂല്യ(ഇന്ധനം കത്തുമ്പോൾ ലഭ്യമാവുന്ന താപോർജ്ജം) ത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്, യഥാർത്ഥ ഇന്ധനക്ഷമതയിലെ കുറവിനെയല്ല. ഇന്ധനമേതെന്നതിനേക്കാൾ ഡ്രൈവിങ് ശീലങ്ങൾ, ചക്രത്തിന്റെ മർദ്ദം, വാഹനപരിപാലനം (സർവീസിങ്), എ.സി ഉപയോഗ അളവ് എന്നിവയെ ആശ്രയിച്ചായിരിക്കും ഇന്ധനക്ഷമത.
|
|
ഇ20 എഞ്ചിനുകളെ, പ്രത്യേകിച്ച് പഴയവയ്ക്ക് കേടുപാടുകൾ വരുത്തുന്നു.
|
ഇ20 യുമായി ബന്ധപ്പെട്ട വ്യാപകമായ എഞ്ചിൻ തകരാറുകളുടെ ഒരു വിവരവും അത് പുറത്തിറക്കിയതിനുശേഷം റിപ്പോർട്ട് ചെയ്തിട്ടില്ല. എസ്.ഐ.എ.എം, എ.ആർ.എ.ഐ, ഐ.ഒ.സി.എൽ എന്നിവർ വാഹന നിർമ്മാതാക്കളുമായി ചേർന്ന് നടത്തിയ വിപുലമായ പരിശോധനയ്ക്ക് ശേഷമാണ് ഇ20 യ്ക്ക് അംഗീകാരം നൽകിയത്.
|
|
എഥനോൾ ഉയർന്ന പ്രകടനശേഷിയുള്ള ഇന്ധനമല്ല, ഇത് വാഹനങ്ങളുടെ പ്രകടനശേഷി കുറയ്ക്കുന്നു.
|
എഥനോൾ ഉയർന്ന ഒക്ടേൻ (പൂർണമായി കത്താനാവും വിധം പ്രകടനമികവുള്ള) ഇന്ധനമാണ്. പെട്രോളിന്റെ 84.4 എന്ന ഗവേഷണ ഒക്ടേൻ സംഖ്യ(റിസർച്ച് ഒക്ടേൻ നമ്പർ/ആർ.ഒ.എൻ) യുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 108.5 ആണ് എഥനോളിന്റെ നിരക്ക്. ഇന്ത്യൻ പെട്രോളിന്റെ ഫലപ്രദമായ ഒക്ടേൻ നിരക്ക് ഇ20 ഏകദേശം 95 ആയി ഉയർത്തുന്നു. ഇത് ആധുനിക എഞ്ചിനുകളിൽ ജ്വലനം മെച്ചപ്പെടുത്തുന്നു. ഇ20 ഇന്ധനോപയോഗത്തിനായി രൂപകല്പന (കാലിബ്രേറ്റ്) ചെയ്ത വാഹനങ്ങൾക്ക് മികച്ച ത്വരണം, സുഗമമായ പ്രകടനം, കുറഞ്ഞ കാർബൺ ബഹിർഗമനം എന്നിവ നൽകാൻ കഴിയും.
|
|
ഇ20 സംബന്ധമായ നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ ക്ലെയിമുകൾ നിരസിക്കുന്നു.
|
ഇ20 ഇന്ത്യയിൽ ഇൻഷുറൻസിലോ വാറന്റി സാധുതയിലോ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് ഇൻഷുറൻസും യഥാർഥ ഉപകരണ നിർമാതാക്കളും(ഒ.ഇ.എം) വ്യക്തമാക്കിയിട്ടുണ്ട്. ഇ20 ഇന്ധനോപയോഗത്തിനായി രൂപകല്പന ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് വാറന്റികൾ ലഭ്യമാവുമെന്ന് എസ്.ഐ.എ.എം വ്യക്തമായി സ്ഥിരീകരിച്ചിട്ടുണ്ട്.
|
|
എഥനോൾ മിശ്രിത ഇന്ധനം വിലകുറഞ്ഞതായിരിക്കണം, എന്നാൽ അതിലെ ലാഭവിഹിതം സർക്കാർ സ്വന്തം കീശയിലാക്കുകയാണ്.
|
ഈ അവകാശവാദത്തിന് വേണ്ടി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന നീതി ആയോഗ് റിപ്പോർട്ട് 2020-21 ലെതാണ്, അന്ന് എഥനോൾ പെട്രോളിനേക്കാൾ വിലകുറഞ്ഞതായിരുന്നു. ശുദ്ധീകരിച്ച ഗ്യാസോലിൻ വിലയേക്കാൾ എത്തനോൾ സംഭരണച്ചെലവ് അതിനുശേഷം വർദ്ധിച്ചു, എന്നിരുന്നാലും ഊർജ്ജ സുരക്ഷ, പരിസ്ഥിതി, കാർഷിക വരുമാന നേട്ടങ്ങൾ എന്നിവ പരിഗണിച്ച് ഈ ഉദ്യമം തുടരുകയാണ്.
|
|
ഇ20 വെറുമൊരു 'പരീക്ഷണം' മാത്രമാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചതാണ്.
|
ഈയൊരു സംഭവം എത്തനോൾ സംഭരണ കരാറുകളെക്കുറിച്ചായിരുന്നു, ഇ20 ഇന്ധനത്തിന്റെ ഗുണങ്ങളെക്കുറിച്ചല്ല. 'പരീക്ഷണം' എന്ന അവകാശവാദം തെറ്റാണെന്ന് അറ്റോർണി ജനറൽ ഓഫീസ് 2026 ജൂൺ 30-ന് വ്യക്തമാക്കിയാണ്.
|
|
കരിമ്പിൻ നീര് അക്ഷരാർത്ഥത്തിൽ പെട്രോളിലേക്ക് ഒഴിക്കുകയാണ്.
|
അസംസ്‌കൃത കരിമ്പിൻ നീര് പെട്രോളുമായി കലർത്തുന്നതായി കാണിക്കുന്ന വൈറൽ വീഡിയോ ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതിന്റെ സവിശേഷതകളെ പൂർണ്ണമായും മാറ്റുന്ന ഫെർമെന്റേഷനിലൂടെയും വ്യാവസായിക സംസ്‌കരണത്തിലൂടെയുമാണ് എത്തനോൾ ഉത്പാദിപ്പിക്കപ്പെടുന്നത്. മിശ്രണം ചെയ്യുന്നതിന് മുമ്പ് അത് കർശനമായ ഇന്ധന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
|
|
ഒരു ലിറ്റർ എഥനോൾ 10,000 ലിറ്റർ വെള്ളം ഉപയോഗപ്പെടുത്തുന്നു.
|
ഒരു എഥനോൾ പ്ലാന്റ് ഒരു ലിറ്റർ എഥനോളിൽ 3-5 ലിറ്റർ സംസ്‌കരിച്ച വെള്ളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ആധുനിക ഡിസ്റ്റിലറികൾ ദ്രാവക മാലിന്യങ്ങൾ ഒട്ടും തന്നെ പുറന്തള്ളാത്ത സംവിധാനങ്ങൾ (സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം) പ്രവർത്തിപ്പിക്കുന്നു. നെൽകൃഷിക്കായി ഉപയോഗിക്കുന്ന ആകെ ജലത്തിന്റെ അളവ് മുഴുവനായും എഥനോൾ ഉത്പാദനത്തിന്റെ മേൽ ചുമത്തുന്നത് തെറ്റാണ്. ദേശീയ ഭക്ഷ്യസുരക്ഷാ ആവശ്യകതകൾ നിറവേറ്റിയ ശേഷം ഡി.എഫ്.പി.ഡി നിർണ്ണയിക്കുകയും അനുവദിക്കുകയും ചെയ്യുന്ന മിച്ച അരി മാത്രമേ എത്തനോൾ ഉൽപാദനത്തിനായി മാറ്റി ഉപയോഗപ്പെടുത്തുയുള്ളൂ.
|
|
ഇ20ൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ ഉറുമ്പുകളും തേനീച്ചകളും ഇന്ധന അടപ്പുകൾക്കും ചുറ്റും വട്ടംകൂടുന്നു.
|
ഇന്ധനമായി ഉപയോഗപ്പെടുത്തുന്ന എഥനോൾ വാറ്റിയെടുക്കുന്നതാണ്. അവശേഷിക്കുന്ന പഞ്ചസാര അതിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു. ഇതിൽ കീടങ്ങളെ അകറ്റുന്ന പ്രത്യേക രാസവസ്തുക്കൾ (ഡീനാച്ചുറന്റുകൾ) അടങ്ങിയിരിക്കുന്നു. പെട്രോളിന്റെ മണമാണ് മുന്നിട്ടു നിൽക്കുന്നത്, കൂടാതെ സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഇ20 കുറഞ്ഞ അളവിലേ നീരാവി ഉണ്ടാക്കുന്നുള്ളൂ.
|
|
എഥനോളിന്റെ ജലം ആഗിരണം ചെയ്യുന്ന സ്വഭാവം ഇന്ധനത്തെ നശിപ്പിക്കുകയും ഇന്ധന ടാങ്കുകളെ നശിപ്പിക്കുകയും ചെയ്യും.
|
എഥനോൾ കലർത്തിയാലും ഇല്ലെങ്കിലും ഏത് ഇന്ധന ടാങ്കിലും വെള്ളത്തെ അകറ്റി നിർത്തുന്നത് അടിസ്ഥാന വാഹന രൂപകൽപ്പനയാണ്. ഇന്ധന ടാങ്കുകളിലേക്ക് വെള്ളം കയറുന്നത് തടയാൻ ആധുനിക വാഹനങ്ങളിൽ രൂപകൽപ്പനാ സവിശേഷതകളും സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു.
|
വ്യവസായ ആത്മവിശ്വാസത്തിന്റെ ശബ്ദങ്ങൾ
വിപുലമായ പരിശോധനയും പ്രായോഗിക സേവന വിവരങ്ങളും അടിസ്ഥാനമാക്കി പ്രമുഖ വാഹന നിർമ്മാതാക്കളും ഊർജ്ജ മേഖലയിലെ വിദഗ്ധരും ഇ20 യിലുള്ള ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നു.
വ്യവസായ പ്രമുഖരിൽ നിന്നുള്ള ചില പ്രധാന നിരീക്ഷണങ്ങൾ ഇപ്രകാരമാണ്:
*വിക്രം ഗുലാത്തി (ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ രാജ്യതല മേധാവി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്):
വാഹനങ്ങൾ ലോകമെമ്പാടും കർശനവും സ്വതന്ത്രവുമായ സാക്ഷ്യപ്പെടുത്തലുകൾക്ക് വിധേയമാവുന്നു. 1900-കളുടെ തുടക്കം മുതൽ ഉപയോഗത്തിലുള്ളതും തെളിയിക്കപ്പെട്ടതും ഉയർന്ന പ്രകടനശേഷിയുള്ളതുമായ ഇന്ധനമാണ് എഥനോൾ. പഴയ വാഹനങ്ങളിൽ കർശനമായ പരിശോധന നടത്തിയ ശേഷമാണ് ഇ20 യിലേക്ക് മാറാനുള്ള തീരുമാനം എടുത്തത്
*രാഹുൽ ഭാരതി (മാരുതി സുസുക്കി കോർപ്പറേറ്റ് അഫയേഴ്സ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ):
ഇ10 (പത്ത് ശതമാനം എഥനോളും 90 ശതമാനം സാധാരണ പെട്രോളും അടങ്ങിയ ഇന്ധന മിശ്രിതം) ന് വേണ്ടി രൂപകൽപ്പന ചെയ്ത വാഹനങ്ങൾ ഇ20 ഇന്ധനം ഉപയോഗിച്ച് വ്യാപകമായി പരീക്ഷിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി വാഹനപരിപാലനം (സർവീസ്) നടത്തിയ 2.84 കോടി വാഹനങ്ങളിൽ 1.5 കോടിയിലധികവും മൂന്ന് വർഷത്തിലധികം പഴക്കമുള്ളവയും അതിനാൽ ഇ20 ഉപയോഗയോഗ്യമെന്ന് സാക്ഷ്യപ്പെടുത്താത്തവയുമാണ്. എന്നിട്ടും അവയിൽ ഇ 20 ഉപയോഗവുമായി ബന്ധപ്പെട്ട കേടുപാടുകളൊന്നും കണ്ടെത്തിയില്ല. ഇന്ധനക്ഷമതയുടെ കാര്യത്തിൽ, യഥാർത്ഥ ആഘാതം ചെറുതാണ്. ലിറ്ററിന് 20 കിലോമീറ്റർ നൽകുന്ന ഒരു കാറിന്, കുറവ് ഏകദേശം 0.6 കിലോമീറ്ററാണ്. ഡ്രൈവിംഗ് ശീലങ്ങളും അറ്റകുറ്റപ്പണികളും ഇന്ധന തരത്തേക്കാൾ വളരെ കൂടുതലായാണ് ഇന്ധനക്ഷമതയെ ബാധിക്കുന്നത്. മികച്ച ത്വരിതപ്പെടുത്തലും കുറഞ്ഞ മലിനീകരണവും ഈ ചെറിയ വ്യത്യാസത്തെ നികത്തുന്നു.
* അശുതോഷ് വർമ്മ (ഹീറോ മോട്ടോകോർപ്പിന്റെ ചീഫ് ബിസിനസ് ഓഫീസർ):
വിപുലമായ വാഹനപരിപാലന വിവരങ്ങ(സർവീസ് ഡാറ്റ)ളുടെ വിശകലനത്തിൽ മുൻകാല ഇന്ധനങ്ങളെ അപേക്ഷിച്ച് ഇ20 യിൽ ഓടുന്ന വാഹനങ്ങളിൽ ഉയർന്ന നാശനഷ്ടങ്ങൾ ഉണ്ടായതായി കണ്ടെത്തിയില്ല.
* വർതിക ശുക്ല (എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ മുൻ ചെയർമാൻ, മാനേജിങ് ഡയറക്ടർ):
മേഖലയിലെ എല്ലാ പങ്കാളികളുമായുള്ള വിപുലമായ കൂടിയാലോചനയിലൂടെയാണ് എഥനോൾ മിശ്രണ പരിപാടി വികസിപ്പിച്ചെടുത്തത്. ശാസ്ത്രീയ തെളിവുകൾ, കർശനമായ വാഹനസംബന്ധ പരിശോധന, ആഗോളതലത്തിലെ മികച്ച പ്രവർത്തനരീതികൾ എന്നിവ ഇതിനെ പിന്തുണയ്ക്കുന്നു. ഇ 20 ഇന്ധനം ബി.ഐ.എസ് മാനദണ്ഡങ്ങളും ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടങ്ങളും പാലിക്കുന്നു. ഇത് രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പു(റീട്ടെയിൽ ഔട്ട്‌ലറ്റ്)കളിൽ ഒരുപോലെ ലഭ്യമാണ്.
ഉൽപാദന, ഊർജ്ജ മേഖലകളിലുടനീളമുള്ള വ്യവസായ പ്രമുഖരുടെ സന്ദേശം ഒരേ പോലെയുള്ളതാണ്. ഇ20 ഇന്ധനം സുരക്ഷിതവും, മികച്ച രീതിയിൽ പരീക്ഷിക്കപ്പെട്ടതും, യാഥാർത്ഥ്യബോധമുള്ള വിവരങ്ങളുടെ പിൻബലമുള്ളതുമാണ്.
എഥനോൾ മിശ്രണം ആഗോളതലത്തിൽ തെളിയിക്കപ്പെട്ട ഒരു ഇന്ധന കാര്യനയമാണ്:
എഥനോൾ മിശ്രണം ഉപയോഗപ്പെടുത്തുന്നതിൽ ഇന്ത്യ ഒറ്റയ്ക്കല്ല. ഇപ്പോൾ ഇത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു രീതിയാണ്. നിരവധി പ്രധാന സമ്പദ്വ്യവസ്ഥകൾ അവരുടെ ഇന്ധന കാര്യനയത്തിൽ എത്തനോളിന് നിർണായകമായൊരു സ്ഥാനം നൽകിയിട്ടുണ്ട്.
അമേരിക്കൻ ഐക്യനാടുകൾ (യുണൈറ്റഡ് സ്റ്റേറ്റ്‌സ്): ഇ10 എന്നത് ദേശവ്യാപകമായി മാനദണ്ഡവത്കരിക്കപ്പെട്ട എഥനോൾ മിശ്രിത ഇന്ധനമാണ്. യു.എസ് ഗവണ്മെന്റിന്റെ പിന്തുണയോടെ ഇ15 വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നു. ദശലക്ഷക്കണക്കിന് വാഹനങ്ങൾ ഇതിനകം തന്നെ പെട്രോളും എഥനോളും കലർന്ന ഇന്ധനം (ഫ്‌ളക്‌സ് ഫ്യുവൽ) ഉപയോഗിക്കാൻ ശേഷിയുള്ളവയാണ്. ഇത്തരം വാഹനങ്ങൾക്ക് ഇ85 വരെയുള്ള ഉയർന്ന അളവിലെ മിശ്രിത ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ സാധിക്കും.
ബ്രസീൽ: എഥനോൾ ഉപയോഗത്തിൽ ആഗോളതലത്തിൽ ബ്രസീലാണ് മുൻപന്തിയിൽ തുടരുന്നത്. നിലവിൽ ഇത് ഇ27 നെയാണ് മാനക ഇന്ധന മിശ്രിതമായി അനുശാസിക്കുന്നത്. ഇത് ഏകദേശം 35 ശതമാനമായി വീണ്ടും ഉയർത്തുകയാണ്. വിറ്റഴിച്ച പുതിയ കാറുകളിൽ 80 ശതമാനത്തിലധികവും ഫ്‌ളക്‌സ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളാണ്. ഇവ ഇ27, ഇ30 അല്ലെങ്കിൽ ശുദ്ധമായ ഹൈഡ്രസ് എഥനോൾ എന്നിവയിൽ പ്രവർത്തിക്കുന്നു.
ജപ്പാൻ: ജപ്പാൻ അതിന്റെ ഇന്ധന മിശ്രിതത്തിലും എഥനോൾ കൊണ്ടുവന്നിട്ടുണ്ട്. ഘട്ടം ഘട്ടമായുള്ള ഇ10 നടപ്പാക്കലിലൂടെയാണ് ഇത് സാധ്യമാക്കിയത്.
കാനഡ, തായ്ലൻഡ്, നിരവധി യൂറോപ്യൻ രാജ്യങ്ങൾ എന്നിവ അവരുടെ പരിസ്ഥിതി സൗഹൃദ ഇന്ധന കാര്യനയങ്ങളുടെ ഭാഗമായി എഥനോൾ മിശ്രണ രീതി സ്വീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഊർജ്ജ ഭാവിയെ ശക്തിപ്പെടുത്തുന്നു
എഥനോൾ മിശ്രിത പെട്രോൾ (ഇ.ബി.പി) പരിപാടി ഇന്ത്യയുടെ ഊർജ്ജ കാര്യനയത്തിന്റെ ഒരു നെടുംതൂണായി പരിണമിച്ചിരിക്കുന്നു. ഇതിന്റെ പുരോഗതി ശാസ്ത്രീയ വിലയിരുത്തൽ, ഘട്ടം ഘട്ടമായുള്ള നിർവഹണം എന്നിവയും ഗവൺമെൻറ്, വ്യവസായം, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലുടനീളമുള്ള സഹകരണവും ഇത് പ്രതിഫലിപ്പിക്കുന്നു. ഈ പരിപാടി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും, കാർബൺ ബഹിർഗമനം കുറയ്ക്കുകയും, കർഷകർക്ക് പുതിയ വരുമാന അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുകയും, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പുനരുപയോഗ ഇന്ധനത്തിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി സൗഹൃദവും, കൂടുതൽ അതിജീവനശേഷിയുള്ളതും, സ്വയംപര്യാപ്തവുമായ ഗതാഗത ഇന്ധന ആവാസവ്യവസ്ഥയ്ക്ക് ഇ.ബി.പി പരിപാടി തുടർന്നും സംഭാവനയേകും.
അവലംബം
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം
Click here for pdf file
****
(रिलीज़ आईडी: 2281903)
आगंतुक पटल : 8