ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികദിനത്തിൽ ഉപരാഷ്ട്രപതി പുഷ്പാർച്ചന നടത്തി

प्रविष्टि तिथि: 06 JUL 2026 3:13PM by PIB Thiruvananthpuram

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ഉപരാഷ്ട്രപതി ഭവനിൽ പുഷ്പാർച്ചന നടത്തി.

ഡോ. മുഖർജിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കവേ, രാജ്യത്തിന്റെ ഐക്യത്തിനായി ജീവൻ ബലിനൽകിയ മഹത് വ്യക്തിത്വമാണ് ഡോ. ശ്യാമ പ്രസാദ് മുഖർജിയെന്നും അദ്ദേഹത്തിന്റെ  ത്യാഗങ്ങൾ "ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും" ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു.

ഏകീകൃത ഭരണഘടനാ വ്യവസ്ഥയ്ക്ക് കീഴിൽ സമസ്ത പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കുന്ന ഒരു ഇന്ത്യയാണ് ഡോ. മുഖർജി വിഭാവനം ചെയ്തതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ദേശീയോദ്ഗ്രഥനത്തിനായുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത പ്രതിജ്ഞാബദ്ധതയ്ക്കും പരമമായ ത്യാഗത്തിനും ലഭിച്ച യഥാർത്ഥ ആദരവാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വിദ്യാഭ്യാസ, രാഷ്ട്രീയ, ജനാധിപത്യ യാത്രയിൽ ശാശ്വത വ്യക്തിമുദ്ര പതിപ്പിച്ച "പ്രഗത്ഭനായ വിദ്യാഭ്യാസ വിചക്ഷണനും ദീർഘദർശിയായ ഭരണതന്ത്രജ്ഞനും രാഷ്ട്രശില്പിയുമാണ്  ഡോ. ശ്യാമ പ്രസാദ് മുഖർജി"യെന്ന് ഉപരാഷ്ട്രപതി സമൂഹ മാധ്യമത്തിൽ കുറിച്ചു.

കൽക്കട്ട സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലർമാരിൽ ഒരാൾ, ഭരണഘടനാ നിർമാണ സഭയിലെ അംഗം, അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ അധ്യക്ഷൻ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വ്യവസായ-വിതരണ മന്ത്രി, ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ എന്നീ നിലകളിൽ ഡോ. മുഖർജി രാഷ്ട്രത്തിന് അസാധാരണ സേവനം നൽകിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

ദേശീയ ഐക്യത്തിനും സമഗ്രതയ്ക്കും വേണ്ടി നിലകൊണ്ട ഉറച്ച  പോരാളിയായിരുന്നു   ഡോ. മുഖർജി എന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ജമ്മു കശ്മീരിനെ ഭാരതവുമായി പൂർണ്ണമായി സംയോജിപ്പിക്കുന്നതിനായി പരിശ്രമിക്കുന്നതിനിടയിൽ ജീവത്യാഗം വരിച്ച ഡോ. മുഖർജിയുടെ ജീവിതവും ആദർശങ്ങളും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും  ശ്രീ സി. പി. രാധാകൃഷ്ണൻ  കൂട്ടിച്ചേർത്തു.

***


(रिलीज़ आईडी: 2281722) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Marathi , Assamese , Bengali , Bengali-TR , Gujarati , Tamil , Telugu