സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
ലഹരിമുക്ത ഭാരതം സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി നടപ്പിലാക്കിയ ലഹരിവസ്തുക്കളുടെ ആവശ്യകത കുറയ്ക്കുന്നതിനുള്ള ദേശീയ കർമ്മപദ്ധതിയും, നശാ മുക്ത് ഭാരത് അഭിയാനും ശ്രദ്ധേയമാകുന്നു
प्रविष्टि तिथि:
04 JUL 2026 4:22PM by PIB Thiruvananthpuram
ലഹരിവസ്തുക്കളുടെ ആവശ്യകത കുറയ്ക്കുന്നതിനുള്ള നോഡൽ മന്ത്രാലയമായ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം (MoSJE) പ്രതിരോധം, അവബോധം സൃഷ്ടിക്കൽ, ശേഷി വികസനം, ചികിത്സ, പുനരധിവാസം,സാമൂഹിക പുനഃസംയോജനം എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു ചട്ടക്കൂടായ ‘ലഹരിവസ്തുക്കളുടെ ആവശ്യകത കുറയ്ക്കുന്നതിനുള്ള ദേശീയ കർമ്മപദ്ധതി (NAPDDR)’ ആരംഭിച്ചു. ഈ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, 2020-ൽ നശാ മുക്ത് ഭാരത് അഭിയാനും (NMBA) മന്ത്രാലയം തുടക്കം കുറിച്ചിരുന്നു. ലഹരിമുക്ത ഭാരതം സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതാണ് ഈ സംരംഭങ്ങൾ.
പൊതുജനങ്ങൾ, സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ഗവൺമെന്റുകൾ, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളുടേയും കൂട്ടായതും ഏകോപിതവുമായ പ്രവർത്തനം ഉണ്ടാകണമെന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ഒരു പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. ഗവൺമെന്റ് സംവിധാനങ്ങളുടേയും സമൂഹത്തിൻ്റേയും സമഗ്ര പങ്കാളിത്തം ഉറപ്പാക്കുന്ന സമീപനത്തിലൂടെ ലഹരിമുക്തമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
2019-ൽ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ഇന്ത്യയിൽ 'ലഹരിവസ്തുക്കളുടെ ഉപയോഗത്തിൻ്റെ വ്യാപ്തി' എന്ന വിഷയത്തിൽ നടത്തിയ ആദ്യത്തെ രാജ്യവ്യാപക സർവേയോടെയാണ് ഈ പ്രശ്നത്തിൻ്റെ ആഴം കൂടുതൽ വ്യക്തമായതെന്ന് മന്ത്രി പറഞ്ഞു. ഏകദേശം 1.2 കോടി കുട്ടികളും 58 ലക്ഷം സ്ത്രീകളും ഉൾപ്പെടെ 7 കോടിയിലധികം ആളുകളെ ലഹരിവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട രോഗാവസ്ഥകൾ ബാധിച്ചിട്ടുണ്ടെന്നാണ് സർവേ കണ്ടെത്തലുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെയുള്ള പോരാട്ടം ബോധവൽക്കരണം, ജനകേന്ദ്രീകൃതമായ ഇടപെടലുകൾ, വിവിധ മേഖലകളുടെ ഏകോപനം, സഹാനുഭൂതി, കൂട്ടായ ഉത്തരവാദിത്തം എന്നിവയിലൂടെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് ഡോ. കുമാർ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്തുടനീളം 768 ലഹരിവിമുക്ത-പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ട് മന്ത്രാലയം ചികിത്സാ-പുനരധിവാസ സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് സെക്രട്ടറി ശ്രീ സുധാൻഷ് പന്ത് പറഞ്ഞു. ഈ സേവനങ്ങളിലുള്ള വർദ്ധിച്ചുവരുന്ന വിശ്വാസം, സാമൂഹികമായ മാറ്റിനിർത്തലുകൾക്കും മുൻവിധികൾക്കും ഇരയാകാതെ ചികിത്സ തേടിയെത്തുന്ന വ്യക്തികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ 294 ശതമാനമെന്ന ഗണ്യമായ വർദ്ധനവിൽ പ്രതിഫലിക്കുന്നുണ്ടെന്നും, 2020-ൽ 2.08 ലക്ഷമായിരുന്നത് 2025-ൽ 8.20 ലക്ഷത്തിലധികമായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ജനകീയ മുന്നേറ്റ രീതിയിലൂടെ മാത്രമേ എല്ലാ പൗരന്മാരും ശാക്തീകരിക്കപ്പെട്ടവരും ആരോഗ്യമുള്ളവരും ഉത്പാദനക്ഷമതയുള്ളവരുമായ ശക്തവും വികസിതവും ലഹരിമുക്തവുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ സാധിക്കൂ എന്ന് ശ്രീ പന്ത് പറഞ്ഞു. https://nmba.dosje.gov.in/content/take-a-pledge എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ലഹരിമുക്ത ഭാരതത്തിനായി പ്രതിജ്ഞയെടുക്കാനും, നശാ മുക്ത് മിത്ര ആയി രജിസ്റ്റർ ചെയ്യുന്നതിന് QR കോഡ് സ്കാൻ ചെയ്യാനും അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.
ഈ ദേശീയ പ്രസ്ഥാനത്തിൽ തുടർന്നും കൈകോർത്ത് പ്രവർത്തിക്കാനും ലഹരിമുക്ത ഭാരതം, സമൃദ്ധ ഭാരതം എന്ന ദർശനം സാക്ഷാത്കരിക്കുന്നതിന് സംഭാവന നൽകാനും എല്ലാ പൗരന്മാരോടും, സ്ഥാപനങ്ങളോടും, യുവജന സംഘടനകളോടും, വിദ്യാഭ്യാസ സ്ഥാപനങ്ങളോടും, സാമൂഹിക പങ്കാളികളോടും സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് ആഹ്വാനം ചെയ്യുന്നതായി സെക്രട്ടറി പറഞ്ഞു.
മന്ത്രാലയത്തിൻ്റെ ടോൾ-ഫ്രീ ലഹരിവിമുക്ത ഹെൽപ്‌ലൈൻ നമ്പറായ 14446-ലേക്ക് 4.69 ലക്ഷം കോളുകൾ ലഭിച്ചതായും, സഹായം തേടുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ആദ്യഘട്ട സഹായം ലഭ്യമാക്കുന്ന കേന്ദ്രമായി ഇത് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പുതുതായി അവതരിപ്പിച്ച നിരവധി പൗരകേന്ദ്രീകൃത ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ, എൻഎംബിഎ ആപ്പ് 2.0 വഴി
നശാമുക്ത് ഭാരത് അഭിയാന് കീഴിൽ സംസ്ഥാനങ്ങളും ജില്ലകളും ആത്മീയ സംഘടനകളും മറ്റ് പങ്കാളികളും നടത്തുന്ന ഫീൽഡ് തല പ്രവർത്തനങ്ങൾ തത്സമയം അപ്‌ലോഡ് ചെയ്യാനും നിരീക്ഷിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം ജൂൺ 17 മുതൽ ജൂൺ 26 വരെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ദേവ് സംസ്‌കൃതി വിശ്വവിദ്യാലയത്തിൽ (DSVV) സംഘടിപ്പിച്ച നശാ മുക്ത് ഭാരത് വാരം പരിപാടിയിൽ 1.31 കോടിയിലധികം പൗരന്മാർ പങ്കെടുത്തു. നശാ മുക്തി മിത്ര രജിസ്ട്രേഷൻ യജ്ഞങ്ങൾ, സെമിനാറുകൾ, വെബിനാറുകൾ, കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള പരിശീലന-ബോധവൽക്കരണ പരിപാടികൾ, തെരുവ് നാടകങ്ങൾ , സ്കിറ്റുകൾ, മുദ്രാവാക്യ രചനാ മത്സരങ്ങൾ, ഇ-പ്രതിജ്ഞകൾ, റാലികൾ, യോഗ സെഷനുകൾ, ഒപ്പുശേഖരണ കാമ്പെയ്‌നുകൾ, ഉപന്യാസ രചനാ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, മറ്റ് നിരവധി സാമൂഹിക ഇടപെടൽ സംരംഭങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ അവബോധ-സമൂഹ സമാഹരണ പ്രവർത്തനങ്ങളിലൂടെയാണ് ഈ പങ്കാളിത്തം സാധ്യമായത്.
ലഹരിമുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള തങ്ങളുടെ കൂട്ടായ പ്രതിബദ്ധത ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പ്രതിനിധികൾ, ബന്ധപ്പെട്ട മന്ത്രാലയങ്ങളിലേയും വകുപ്പുകളിലേയും ഉദ്യോഗസ്ഥർ, ഗ്രാൻ്റ് ഇൻ എയിഡ് സ്ഥാപനങ്ങൾ, ലഹരിവിമുക്ത ചികിത്സാ കേന്ദ്രങ്ങൾ, രാജ്യത്തുടനീളമുള്ള മറ്റ് പങ്കാളികൾ എന്നിവരും ഈ പരിപാടിയിൽ പങ്കുചേർന്നു.
***
(रिलीज़ आईडी: 2281141)
आगंतुक पटल : 8