രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ദൗർലഭ്യങ്ങളിൽ നിന്നുള്ള പുരോഗതിയും വികസിത ഭാരത നിർമ്മാണവുമാണ് ഇന്ത്യയുടെ കഴിഞ്ഞ 12 വർഷങ്ങളെ അടയാളപ്പെടുത്തുന്നത് : രക്ഷാ മന്ത്രി

प्रविष्टि तिथि: 04 JUL 2026 2:27PM by PIB Thiruvananthpuram

“ഇന്ത്യയുടെ കഴിഞ്ഞ 12 വർഷത്തെ യാത്ര- ദൗർലഭ്യങ്ങളിൽ നിന്ന് സ്വയംപര്യാപ്തതയിലേക്കും, സ്വയംപര്യാപ്തതയിൽ നിന്ന് ആത്മവിശ്വാസത്തിലേക്കും, ആത്മവിശ്വാസത്തിൽ നിന്ന് വികസിത ഇന്ത്യയുടെ നിർമ്മാണത്തിലേക്കുമുള്ള ഒരു പുരോഗതിയായിരുന്നു,”എന്ന് 2026 ജൂലൈ 04-ന് ന്യൂഡൽഹിയിൽ ഒരു മാധ്യമ സ്ഥാപനം സംഘടിപ്പിച്ച ചടങ്ങിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ആദ്യ അഞ്ച് വർഷങ്ങളിൽ ദൗർലഭ്യങ്ങൾ പരിഹരിക്കുകയും അവസരങ്ങൾ വ്യാപിപ്പിക്കുകയും പ്രവർത്തന സംസ്കാരത്തിൽ മാറ്റം വരുത്തുകയും ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തിൽ, അത് അഭിലാഷങ്ങളെ നേട്ടങ്ങളാക്കി മാറ്റുകയും രാജ്യത്തെ ‘ആത്മനിർഭരത’യുടെ പാതയിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്തു. മൂന്നാം ഘട്ടത്തിൽ, “പരിഷ്കരിക്കുക, നടപ്പിലാക്കുക, രൂപാന്തരപ്പെടുത്തുക എന്ന നയത്തിലൂടെ വികസിത ഭാരതത്തിന് ഗവൺമെന്റ് ശക്തമായ അടിത്തറയിടുകയാണെന്നും, നാലാം ഘട്ടത്തിൽ ഒരു വികസിത ഇന്ത്യയുടെ ഉദയത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്ന് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 12 വർഷത്തെ രാജ്യത്തിന്റെ പരിവർത്തനത്തിന്റെ പ്രധാന വശങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, 2014-ൽ ‘മേക് ഇൻ ഇന്ത്യ’ ആരംഭിച്ചപ്പോൾ ചില കേന്ദ്രങ്ങൾ അതിനെ പരാജയമെന്ന് മുദ്രകുത്തിയെങ്കിലും, ഈ പദ്ധതി വിജയത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചുവെന്നും അത് ഇന്നും തുടരുകയാണെന്നും രക്ഷാ മന്ത്രി പറഞ്ഞു. “ഇന്ത്യയുടെ ആഗോള പദവിയിൽ വലിയൊരു മാറ്റം വന്നിട്ടുണ്ട്. പണ്ട് ലോകം നമ്മുടെ ശബ്ദത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ലെങ്കിൽ, ഇന്ന് ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ കാഴ്ചപ്പാടുകൾ ലോകം ശ്രദ്ധയോടെ കേൾക്കുന്നു,” അദ്ദേഹം പറഞ്ഞു. 2021-ൽ ആരംഭിച്ച ഇന്ത്യ സെമികണ്ടക്ടർ മിഷനെക്കുറിച്ച് തുടക്കത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ‘പ്ലഗ് ആൻഡ് പ്ലേ’ ഇൻഫ്രാസ്ട്രക്ചർ മാതൃകയിലുള്ള സെമികണ്ടക്ടർ പാർക്കുകൾ സ്ഥാപിച്ചതുമൂലം രാജ്യം കഴിഞ്ഞ വർഷം സ്വന്തമായി സെമികണ്ടക്ടർ ചിപ്പുകൾ നിർമ്മിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർഷിക പ്രതിരോധ ഉൽപ്പാദനം 2025-26 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.78 ലക്ഷം കോടി രൂപയിലെത്തിയതായി ശ്രീ രാജ്‌നാഥ് സിംഗ് അറിയിച്ചു, ഇത് 2014-15 സാമ്പത്തിക വർഷത്തെ കണക്കിനേക്കാൾ മൂന്നിരട്ടി കൂടുതലാണ്. പ്രതിരോധ കയറ്റുമതി 2013-14 സാമ്പത്തിക വർഷത്തിലെ 686 കോടി രൂപയിൽ നിന്ന് ഇന്ന് 38,000 കോടി രൂപയിലധികമായി ഉയർന്നു. ഇത് ഏകദേശം 57 മടങ്ങ് വർദ്ധനയാണ് കാണിക്കുന്നത്, കൂടാതെ ‘മേക് ഇൻ ഇന്ത്യ’ പ്ലാറ്റ്‌ഫോമുകളിലുള്ള ആഗോള വിശ്വാസത്തെ ഇത് അടിവരയിടുന്നു.

മൊബൈൽ നിർമ്മാണത്തിന്റെ വിപുലീകരണം, ഓട്ടോമൊബൈൽ കയറ്റുമതി, തദ്ദേശീയ ലോക്കോമോട്ടീവ് ഉൽപ്പാദനം, മേക് ഇൻ ഇന്ത്യയ്ക്ക് കീഴിലുള്ള ഡിജിറ്റൽ അടിസ്ഥാന സൗകര്യം എന്നിവ ചൂണ്ടിക്കാട്ടി ഉൽപ്പാദന മേഖലയിലും സാങ്കേതികവിദ്യയിലും ഇന്ത്യ കൈവരിച്ച സുപ്രധാന വളർച്ചയും രക്ഷാ മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഏപ്രിൽ മാസത്തിൽ 29 ലക്ഷം കോടി രൂപ മൂല്യമുള്ള 22.35 ശതകോടി യുപിഐ ഇടപാടുകൾ നടന്നതായും ഇതിന്റെ അന്താരാഷ്ട്ര സാന്നിധ്യം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. തദ്ദേശീയമായി വികസിപ്പിച്ച മേക് ഇൻ ഇന്ത്യ 5ജി സാങ്കേതികവിദ്യ രാജ്യവ്യാപകമായി അതിവേഗം നടപ്പിലാക്കിയതിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം, 6ജി വികസനത്തിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വ്യക്തമാക്കി.

2014-ന് മുമ്പ്, ക്ഷേമപദ്ധതികളുടെ വിതരണത്തിലെ അഴിമതിയും ചോർച്ചയും ഒഴിവാക്കാനാവാത്ത ഒന്നായാണ് പരക്കെ കണ്ടിരുന്നത്. ഇത് ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടസ്സപ്പെടുത്തിയിരുന്നുവെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ജൻ ധൻ, ആധാർ, മൊബൈൽ എന്നിവ ഉൾപ്പെടുന്ന ‘ജാം ത്രിത്വം ’ വഴി ഗവണ്മെന്റ് ഈ വെല്ലുവിളി പരിഹരിച്ചു. ഇത് വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 51 ലക്ഷം കോടി രൂപ നേരിട്ട് കൈമാറാൻ സാധിക്കുകയും ഏകദേശം 4.3 ലക്ഷം കോടി രൂപയുടെ ചോർച്ച തടയാൻ കഴിയുകയും ചെയ്തു. ചരക്ക് സേവന നികുതി (GST) വിജയകരമായി നടപ്പാക്കിയതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. തുടക്കത്തിൽ ആശങ്കകൾ ഉണ്ടായിരുന്നിട്ടും, കേന്ദ്രവും സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കിക്കൊണ്ട് ജിഎസ്ടി സഹകരണ ഫെഡറലിസത്തിന്റെ ഒരു മാതൃകയായി മാറിയെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ജമ്മു കശ്മീരിലെ അനുഛേദം 370 റദ്ദാക്കിയതും നക്സലിസം ഇല്ലാതാക്കാനുള്ള നിരന്തരമായ ശ്രമങ്ങളും, ഒരിക്കൽ പരിഹരിക്കാനാകാത്തതെന്ന് കരുതിയിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഗവണ്മെന്റിന്റെ ദൃഢനിശ്ചയത്തിന്റെ ഉജ്ജ്വല ഉദാഹരണങ്ങളാണെന്ന് രക്ഷാ മന്ത്രി ചൂണ്ടിക്കാട്ടി. സംരംഭകരെ തൊഴിൽ ദാതാക്കളായും  സാമ്പത്തിക  സ്രഷ്ടാക്കളായും ഗവണ്മെന്റ് അംഗീകരിക്കുന്നുണ്ടെന്നും, ജൻ വിശ്വാസ് പരിഷ്കാരങ്ങൾ പോലുള്ള സംരംഭങ്ങൾ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന് സംഭാവന നൽകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് അന്തരീക്ഷമായി മാറി. കഴിഞ്ഞ 12 വർഷത്തിനിടയിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം 500-ൽ നിന്ന് 2 ലക്ഷത്തിലധികമായി ഉയർന്നു, കൂടാതെ യൂണികോണുകളുടെ എണ്ണം നാലിൽ നിന്ന് 125 ആയി വർദ്ധിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സംസ്‌കാരമാണ് അതിന്റെ സ്വത്വത്തിന്റെയും ഐക്യത്തിന്റെയും ദേശീയ ബോധത്തിന്റെയും അടിത്തറയെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. നാഗരികത, സംസ്‌കാരം, പൈതൃകം എന്നിവയുടെ സംരക്ഷണത്തോടൊപ്പം സമഗ്രമായ വികസനവും പിന്തുടരുന്നുണ്ട്. കാശി വിശ്വനാഥ് ധാം , മഹാകാൽ ലോക്, മാ കാമാഖ്യ ദിവ്യ ലോക് പരിയോജന തുടങ്ങിയ സംരംഭങ്ങളിലൂടെയും, പാർലമെന്റിൽ ‘ചെങ്കോൽ ’ സ്ഥാപിച്ചതിലൂടെയും, ‘വന്ദേമാതര’ത്തിന്റെ മഹിമ വീണ്ടെടുത്തതിലൂടെയും, പൈതൃക പുരാവസ്തുക്കൾ തിരികെ കൊണ്ടുവരുന്നതിലൂടെയും പുരാതന കയ്യെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുന്നതിലൂടെയും ഇന്ത്യയുടെ സാംസ്കാരിക സ്വത്വം പുനരുജ്ജീവിപ്പിക്കാനും നഷ്ടപ്പെട്ട പൈതൃകം വീണ്ടെടുക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ‘ആശയവിനിമയ സമൃദ്ധി’യുടെ യുഗത്തിൽ മാധ്യമങ്ങളുടെ പങ്ക് എന്നത്തേക്കാളും നിർണായകമാണെന്ന് വിശേഷിപ്പിച്ച രക്ഷാ മന്ത്രി, ഇന്നത്തെ വെല്ലുവിളി വിവരങ്ങളുടെ അഭാവമല്ല, മറിച്ച് അതിന്റെ കൃത്യതയും വിശ്വാസ്യതയുമാണെന്ന് പ്രസ്താവിച്ചു. നിർമിത ബുദ്ധി (AI) പോലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ‘പത്രപ്രവർത്തനത്തെയും’ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, എന്നാൽ അവയ്ക്ക് മനുഷ്യന്റെ സർഗ്ഗാത്മകതയെയും ബുദ്ധിയെയും മറികടക്കാൻ കഴിയില്ല. “പത്രപ്രവർത്തനത്തിന്റെ ഭാവി വിജയം AI-യുടെ കഴിവുകളും മനുഷ്യന്റെ സഹാനുഭൂതിയും തമ്മിൽ എത്രത്തോളം സന്തുലിതാവസ്ഥയും സമന്വയവും സൃഷ്ടിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിർമിത ബുദ്ധി പത്രപ്രവർത്തനത്തെ വേഗതയേറിയതും കൃത്യവുമാക്കുമ്പോൾ, വൈകാരിക ബുദ്ധി അത് മാനുഷികവും വിശ്വസനീയവുമായി തുടരുന്നുവെന്ന് ഉറപ്പാക്കും,” അദ്ദേഹം പറഞ്ഞു.

പത്രപ്രവർത്തനത്തിന്റെ യഥാർത്ഥ ശക്തി കേവലം വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ മാത്രമല്ല, സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിലും സത്യം പുറത്തുകൊണ്ടുവരുന്നതിലും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലുമാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. തെറ്റായ വിവരങ്ങൾ സമൂഹത്തെയും പ്രതിരോധ സേനയുടെ മനോവീര്യത്തെയും സാരമായി ബാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം, വാർത്തകൾ ആദ്യം റിപ്പോർട്ട് ചെയ്യുന്നത് പത്രപ്രവർത്തനത്തിൽ പ്രധാനമാണെങ്കിലും ശരിയായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അതിലും നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “വിഷയം പ്രത്യേകിച്ച് പ്രതിരോധ സേനയെയോ, ദേശീയ സുരക്ഷയെയോ, രാജ്യസേവനത്തിൽ പരമത്യാഗം വരിക്കുന്നവരുടെയോ ബഹുമതിയെയോ കുറിച്ചാകുമ്പോൾ, ഓരോ വാക്കും ദേശീയ ഉത്തരവാദിത്വത്തിന്റെ കാര്യമായി മാറുന്നു. മാധ്യമങ്ങൾ എപ്പോഴും കൃത്യത, വസ്തുനിഷ്ഠത, നിഷ്പക്ഷത എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

***

 


(रिलीज़ आईडी: 2281124) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Tamil