തെരഞ്ഞെടുപ്പ് കമ്മീഷന്‍
മീഡിയ, കമ്യൂണിക്കേഷൻ ഓഫീസർമാർക്കായി രണ്ടാമത് ഏകദിന സമ്മേളനം സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ
प्रविष्टि तिथि:
03 JUL 2026 7:59PM by PIB Thiruvananthpuram
-
മീഡിയ, കമ്മ്യൂണിക്കേഷൻ ഓഫീസർമാർക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടാമത് ഏകദിന സമ്മേളനം സംഘടിപ്പിച്ചു. 16 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മാധ്യമ നോഡൽ ഓഫീസർമാർ, സമൂഹമാധ്യമ നോഡൽ ഓഫീസർമാർ, വിവിധ ജില്ലകളിലെ ജില്ലാ മാധ്യമ നോഡൽ ഓഫീസർമാരും ജില്ലാ പൊതുജന സമ്പര്‍ക്ക ഓഫീസർമാരും, അതത് സംസ്ഥാനങ്ങളിലെ പൊതുജന സമ്പര്‍ക്ക വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ ഒത്തുചേർന്നു.
-
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർ ഡോ. വിവേക് ജോഷി എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 260-ലേറെ മീഡിയ, കമ്മ്യൂണിക്കേഷൻ ഓഫീസർമാർ സമ്മേളനത്തിൽ പങ്കെടുത്തു.
-
കമ്മീഷന്റെ ഓരോ നടപടിയും ഇന്ത്യൻ ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങൾ, കൃത്യമായ ഇടവേളകളിൽ സുതാര്യമായ രീതിയിൽ രേഖാമൂലം പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ശ്രീ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം തെറ്റായ വിവരങ്ങളുടെ വ്യാപനം തടയാന്‍ ഉദ്യോഗസ്ഥർ സജീവമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളിലെ റെക്കോർഡ് പോളിങ് ശതമാനം രാജ്യത്തെ വോട്ടർമാർ തിരഞ്ഞെടുപ്പ് വ്യവസ്ഥയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ പോലുള്ള പ്രസ്ഥാനങ്ങളിലെ വിശ്വാസ്യത തകർക്കാന്‍ എഐ, ഡീപ്ഫേക്കുകൾ, വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന കൃത്രിമ ഉള്ളടക്കങ്ങൾ, ദുഷ്ടലാക്കോടുകൂടിയ ഉള്ളടക്കങ്ങള്‍ എന്നിവ പ്രത്യേക താല്പര്യങ്ങളോടെ ആളുകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ ഡോ. വിവേക് ജോഷി പറഞ്ഞു. കമ്മീഷന്റെ ചട്ടങ്ങളും നിർദേശങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കി ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ മീഡിയ, കമ്മ്യൂണിക്കേഷൻ ഓഫീസർമാരോട് ഡോ. ജോഷി ആഹ്വാനം ചെയ്തു. സമ്മതിദാന സാക്ഷരത ക്ലബ്ബുകൾ വഴി ഈ പ്രവര്‍ത്തനങ്ങളില്‍ യുവവോട്ടർമാരെ സജീവമായി പങ്കാളികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
വോട്ടർപട്ടിക തയ്യാറാക്കുന്നത് മുതൽ വോട്ടെടുപ്പ് വരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ആശയവിനിമയ തന്ത്രങ്ങൾ, ECINET, പ്രധാന ഭരണഘടനാ വ്യവസ്ഥകൾ, മാധ്യമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവയുടെ സമഗ്ര അവലോകനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പത്രക്കുറിപ്പുകള്‍ തയ്യാറാക്കുകയും അവ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട ആസൂത്രണം, തെറ്റായ വിവരങ്ങളെയും നുണപ്രചാരണങ്ങളെയും നേരിടൽ, സമ്മതിദാന സാക്ഷരതാ ക്ലബ്ബുകളിലൂടെ യുവവോട്ടർമാരെ ആകർഷിക്കൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതികൾ പൊതുജനങ്ങളിലേക്ക് എത്തിക്കല്‍ എന്നിവയിൽ പ്രായോഗിക സെഷനുകളും സംഘടിപ്പിച്ചു.
-
പരിപാടിയുടെ ഭാഗമായി വോട്ടർപട്ടിക തയ്യാറാക്കൽ, വോട്ടെടുപ്പ് പ്രക്രിയ, വോട്ടെണ്ണൽ പ്രക്രിയ എന്നിവ ഗ്രൂപ്പുകളായി തിരിഞ്ഞ് ഉദ്യോഗസ്ഥർക്ക് പ്രായോഗികമായി കാണിച്ചുകൊടുത്തു. തുടർന്ന് പ്രദര്‍ശനവും മീഡിയ കോർണറും അവർ സന്ദർശിച്ചു.
-
സമീപകാലത്ത് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് അവരുടെ അനുഭവങ്ങൾ പങ്കിടാനും മികച്ച മാതൃകകൾ മനസ്സിലാക്കാനും ഈ ഏകദിന സമ്മേളനം സഹായകരമായി.
-
പങ്കെടുത്ത ഉദ്യോഗസ്ഥരും കമ്മിഷനും തമ്മിലെ ചോദ്യോത്തര വേളയോടെ സമ്മേളനം സമാപിച്ചു.
***
(रिलीज़ आईडी: 2280946)
आगंतुक पटल : 8