ഉപരാഷ്ട്രപതിയുടെ കാര്യാലയം
നേതൃത്വം അളക്കേണ്ടത് അധികാരം കൊണ്ടല്ല, സേവനം കൊണ്ടാണെന്ന് എംപി ലീഡ് ഫെലോസിനോട് ഉപരാഷ്ട്രപതിയുടെ ആഹ്വാനം
प्रविष्टि तिथि:
02 JUL 2026 5:57PM by PIB Thiruvananthpuram
രാജ്യസഭാംഗം ഡോ. അജീത് മാധവറാവു ഗോപ്ചഡെ ആരംഭിച്ച രണ്ടുമാസത്തെ ഇൻ്റേൺഷിപ്പ് പരിപാടിയായ എംപി ലീഡ് ഫെലോഷിപ്പിൽ പങ്കെടുത്തവരുമായി ഇന്ന് ഉപരാഷ്ട്രപതി ഭവനിൽ സംവദിക്കവെ, രാജ്യസേവനത്തിനായി പ്രതിജ്ഞാബദ്ധരായ ധാർമ്മിക മൂല്യങ്ങളുള്ള നേതാക്കളാകാൻ രാജ്യത്തെ യുവജനങ്ങളോട് ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു. നേതൃത്വം അളക്കേണ്ടത് അധികാരം കൊണ്ടല്ല, മറിച്ച് വിനയത്തോടും സത്യസന്ധതയോടും കരുണയോടും കൂടി സമൂഹത്തെ സേവിക്കാനുള്ള കഴിവിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നാഗരിക ഐക്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, ഇന്ത്യ ഒന്നായിരുന്നു, ഇന്ത്യ ഒന്നാണ്, ഇന്ത്യ എപ്പോഴും ഒന്നായിത്തന്നെ തുടരുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പ്രാദേശം, ഭാഷ, ജാതി ചിന്തകൾക്ക് അതീതമായി ഉയരാൻ ഫെലോകളോട് ആഹ്വാനം ചെയ്ത അദ്ദേഹം, ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ പങ്കിട്ട സാംസ്കാരിക പൈതൃകം എപ്പോഴും രാജ്യത്തെ ഒന്നിപ്പിച്ചിട്ടുണ്ടെന്നും അത് തന്നെയാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ കരുത്തെന്നും കൂട്ടിച്ചേർത്തു.
1960-കളിലെ ഭക്ഷ്യക്ഷാമത്തിൽ നിന്ന്, ധാന്യ കയറ്റുമതിയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതിനെ അനുസ്മരിച്ചുകൊണ്ട്, മുൻതലമുറകൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ യുവജനങ്ങൾ മനസ്സിലാക്കണമെന്നും രാജ്യത്തിൻ്റെ വികസന യാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും ശ്രീ. സി. പി. രാധാകൃഷ്ണൻ പറഞ്ഞു.
ഫെലോഷിപ്പ് ഒരാളുടെ കരിയർ ആരംഭിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ വേദിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇത് ക്ലാസ് മുറികൾക്കപ്പുറമുള്ള ലോകത്തെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുമെന്നും ആത്മവിശ്വാസം വളർത്തുമെന്നും ദേശീയ നേതാക്കളുമായി ഇടപഴകാനുള്ള അവസരങ്ങൾ നൽകുമെന്നും ശ്രീ. സി. പി. രാധാകൃഷ്ണൻ പറഞ്ഞു. അവസരങ്ങൾക്കൊപ്പം യോഗ്യതയും നിരന്തരമായ സ്വയം മെച്ചപ്പെടുത്തലുമുണ്ടാകണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, മികവിനായി പരിശ്രമിക്കണമെന്നും രാഷ്ട്രനിർമ്മാണത്തിന് മികച്ച സംഭാവന നൽകണമെന്നും ഫെലോകളോട് ആഹ്വാനം ചെയ്തു.
ഫെലോകളുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ. സി.പി. രാധാകൃഷ്ണൻ, ഭാവിയിൽ അവരിൽ പലരും പൊതുജീവിതത്തിലും ഭരണരംഗത്തും നീതിന്യായ വ്യവസ്ഥയിലും ഉത്തരവാദിത്തപ്പെട്ട പദവികൾ അലങ്കരിക്കുമെന്ന് പറഞ്ഞു. "നിങ്ങളിൽ ഒരാൾ ഭാവിയിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി പദവിയിൽ പോലുമെത്തിയേക്കാം," അദ്ദേഹം പറഞ്ഞു. വലിയ സ്വപ്നങ്ങൾ കാണാനും അർപ്പണബോധത്തോടെ രാജ്യത്തെ സേവിക്കാനും ഉപരാഷ്ട്രപതി അവരെ പ്രോത്സാഹിപ്പിച്ചു.
ഭരണഘടനാ മൂല്യങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, പൗരന്മാർ തങ്ങളുടെ അവകാശങ്ങൾക്കൊപ്പം കടമകളും ഉയർത്തിപ്പിടിക്കുമ്പോഴാണ് ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് ശ്രീ. സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ജിജ്ഞാസയോടെ കാര്യങ്ങൾ പഠിക്കാനും നിർഭയമായി പുതുമകൾ പരീക്ഷിക്കാനും വിശാലമായ ദേശീയ താൽപ്പര്യങ്ങളോടുള്ള പ്രതിബദ്ധത നിലനിർത്താനും അദ്ദേഹം ഫെലോകളോട് അഭ്യർഥിച്ചു. വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യയ്ക്ക് സംഭാവന നൽകുന്ന ഭാവി രാഷ്ട്രശില്പികളെ വളർത്തിയെടുക്കാൻ എംപി ലീഡ് ഫെലോഷിപ്പിന് സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
രാജ്യസഭാംഗം ഡോ. അജീത് മാധവറാവു ഗോപ്ചഡെയുടെ സംരംഭമായ എംപി ലീഡ് ഫെലോഷിപ്പ്, ഭരണനിർവ്വഹണം, പൊതുനയം, നിയമനിർമ്മാണ പ്രക്രിയകൾ എന്നിവയെക്കുറിച്ച് യുവജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കുന്ന രണ്ടുമാസത്തെ ഇൻ്റേൺഷിപ്പ് പരിപാടിയാണ്. അയ്യായിരത്തിലധികം അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 ഫെലോകളെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, പങ്കെടുത്തവരിൽ 62 ശതമാനവും സ്ത്രീകളാണെന്നും അവർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണെന്നും ചൂണ്ടിക്കാട്ടി.
***
(रिलीज़ आईडी: 2280530)
आगंतुक पटल : 7