ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

സുസ്ഥിര കപ്പൽ പുനരുപയോഗ മേഖലയിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സഹകരണം ശക്തമാകുന്നു; മൂന്ന് ഇന്ത്യൻ കപ്പൽശാലകൾ യൂറോപ്യൻ യൂണിയൻ്റെ അംഗീകാരത്തിന് സജ്ജം

प्रविष्टि तिथि: 01 JUL 2026 8:18PM by PIB Thiruvananthpuram
യൂറോപ്യൻ യൂണിയൻ ഷിപ്പ് റീസൈക്ലിംഗ് റെഗുലേഷന് (EUSRR) കീഴിൽ ഇന്ത്യൻ കപ്പൽ പുനരുപയോഗ ശാലകളെ ഉൾപ്പെടുത്തുന്നതിലുണ്ടായ പുരോഗതിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, സുസ്ഥിര കപ്പൽ പുനരുപയോഗ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യയും യൂറോപ്യൻ യൂണിയനും ആവർത്തിച്ചുറപ്പിച്ചു.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രി സർബാനന്ദ സോനവാളും പരിസ്ഥിതി, ജല പ്രതിരോധശേഷി, മത്സരാധിഷ്ഠിത വർത്തുള സമ്പദ്‌വ്യവസ്ഥ എന്നിവയുടെ ചുമതലയുള്ള യൂറോപ്യൻ കമ്മീഷണർ ജെസ്സിക്ക റോസ്‌വാളും തമ്മിൽ നടന്ന ചർച്ചയിൽ, യൂറോപ്യൻ യൂണിയൻ്റെ നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ അംഗീകാരം തേടുന്ന ഇന്ത്യൻ കപ്പൽ പുനരുപയോഗ ശാലകളുടെ നടന്നുകൊണ്ടിരിക്കുന്ന ഓഡിറ്റും മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും ഇരുപക്ഷവും അവലോകനം ചെയ്തു.

മുപ്പതിലധികം ഇന്ത്യൻ കപ്പൽ പുനരുപയോഗ ശാലകൾ യൂറോപ്യൻ യൂണിയൻ്റെ അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ഇതിൽ ആറെണ്ണം നിലവിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും അംഗീകാരം ലഭിക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോവുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും ഇതിനകം വിജയകരമായി പൂർത്തിയാക്കിയ മൂന്ന് കപ്പൽ പുനരുപയോഗ ശാലകൾ യൂറോപ്യൻ യൂണിയൻ ഷിപ്പ് റീസൈക്ലിംഗ് റെഗുലേഷൻ ചട്ടക്കൂടിന് കീഴിൽ ഉൾപ്പെടുന്നതിനായി അപേക്ഷിക്കാൻ അർഹത നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഊർജ്ജസ്വലമായ നേതൃത്വത്തിൽ, ഇന്ത്യ ലോകത്തിലെ മുൻനിര കപ്പൽ പുനരുപയോഗ രാജ്യമായി ഉയർന്നുവന്നിട്ടുണ്ടെന്നും, സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും ഉത്തരവാദിത്തമുള്ളതുമായ കപ്പൽ പുനരുപയോഗത്തിനുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ക്രമാനുഗതമായി ശക്തിപ്പെടുത്തിവരികയാണെന്നും സർബാനന്ദ സോനവാൾ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന സമ്മേളനത്തിൻ്റെ (UNCTAD) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഗോള കപ്പൽ പുനരുപയോഗത്തിൽ ഇന്ത്യയുടെ പങ്ക് 2024-ലെ 30.1 ശതമാനത്തിൽ നിന്ന് 2025-ൽ 35.4 ശതമാനമായി വർദ്ധിച്ചു. 2025-ൽ രാജ്യം 2.99 ദശലക്ഷം ഗ്രോസ് ടൺ കപ്പലുകളാണ് പുനരുപയോഗം ചെയ്തത്. 2024-ൽ പുനരുപയോഗം ചെയ്ത 1.86 ദശലക്ഷം ഗ്രോസ് ടണ്ണിനെ അപേക്ഷിച്ച് ഏകദേശം 60 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ രാജ്യം രേഖപ്പെടുത്തിയത്.

ഓഡിറ്റുകൾ, പരിശോധനകൾ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയുടെ സുതാര്യമായ പ്രക്രിയയിലൂടെ ഇന്ത്യൻ കപ്പൽ പുനരുപയോഗ ശാലകളുടെ പട്ടികപ്പെടുത്തൽ ഭാരത സർക്കാർ സുഗമമാക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സുസ്ഥിര സമുദ്ര വികസനത്തോടും ഉത്തരവാദിത്തമുള്ള പുനരുപയോഗത്തോടുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന തരത്തിൽ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന രീതികളും നവീകരിക്കുന്നതിൽ ഇന്ത്യയിലെ കപ്പൽ പുനരുപയോഗ ശാലകൾ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലിനജല ശുദ്ധീകരണ പ്ലാൻ്റുകൾ, ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, റെഡ് ക്രോസ് സൊസൈറ്റിയുടെ സഹകരണത്തോടെയുള്ള  മൾട്ടി-സ്പെഷ്യാലിറ്റി ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, തൊഴിലാളികൾക്കായുള്ള പ്രത്യേക പാർപ്പിട സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ശക്തമായ പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങളും തൊഴിലാളി ക്ഷേമ നടപടികളും ഇന്ത്യയിലെ കപ്പൽ പുനരുപയോഗ ശാലകളിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് സോനോവാൾ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, തൊഴിലാളികളുടെ സുരക്ഷ, പ്രവർത്തനങ്ങളിലെ സുതാര്യത എന്നിവയിൽ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിലും അപ്രതീക്ഷിതമായും സർക്കാർ പരിശോധനകൾ നടത്തുന്നുണ്ടെന്നും സോനോവാൾ ആവർത്തിച്ചു.

ഇന്ത്യയുടെ ദീർഘകാല കാഴ്ചപ്പാട് എടുത്തുപറഞ്ഞുകൊണ്ട്, അടുത്ത ദശകത്തിൽ ഏകദേശം 16,000 കപ്പലുകൾ പുനരുപയോഗം ചെയ്യാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും കപ്പൽ നിർമ്മാണ, പുനരുപയോഗ മേഖലകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി എട്ട് ബില്യൺ യുഎസ് ഡോളറിൻ്റെ  സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സോനവാൾ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഇന്ത്യൻ പുനരുപയോഗ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമുദ്രമേഖലയിലെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഒപ്പം പരിസ്ഥിതി സൗഹൃദ പുനരുപയോഗ രീതികൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആഗോള വർത്തുള സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുമെന്നും സോനോവാൾ കൂട്ടിച്ചേർത്തു.

ഇതുവരെ കൈവരിച്ച പുരോഗതിയെ കമ്മീഷണർ റോസ്‌വാൾ സ്വാഗതം ചെയ്യുകയും, ഫലപ്രദമായ ഏകോപനം സുഗമമാക്കുന്നതിനും ഈ നടപടിക്രമങ്ങളുടെ അടുത്ത ഘട്ടത്തെ പിന്തുണയ്ക്കുന്നതിനുമായി പരിസ്ഥിതി മന്ത്രാലയത്തിൻ്റേയും മറ്റ് പ്രസക്തമായ മന്ത്രാലയങ്ങളുടേയും സംഘടനകളുടേയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

മാനദണ്ഡങ്ങൾ പാലിക്കൽ, സുതാര്യത, ഉത്തരവാദിത്തം എന്നിവയിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി മിന്നൽ പരിശോധനകൾ നടത്തേണ്ടതിൻ്റെ പ്രാധാന്യം കമ്മീഷണർ ഊന്നിപ്പറഞ്ഞു. അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് ഈ വിഷയം ശരത്കാല സമ്മേളനത്തിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുമായി ചർച്ച ചെയ്യുമെന്നും അവർ അറിയിച്ചു.

കൂടിയാലോചനകളും വിലയിരുത്തൽ നടപടികളും പൂർത്തിയായ ശേഷം ഇന്ത്യയിലെ കപ്പൽ പുനരുപയോഗ ശാലകൾ സന്ദർശിക്കാനുള്ള താല്പര്യം റോസ്‌വാൾ പ്രകടിപ്പിച്ചു.  ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ ഫലങ്ങളുമായും, കപ്പലുകളുടെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ പുനരുപയോഗത്തിനായുള്ള ഹോങ്കോംഗ് അന്താരാഷ്ട്ര കൺവെൻഷൻ്റെ  വ്യവസ്ഥകളുമായും പൊരുത്തപ്പെടുന്ന സമീപനമാണ് യൂറോപ്യൻ യൂണിയൻ സ്വീകരിച്ചിരിക്കുന്നതെന്നും അവർ ആവർത്തിച്ചു വ്യക്തമാക്കി.

സുസ്ഥിര സമുദ്ര പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ വളർന്നുവരുന്ന തന്ത്രപരമായ പങ്കാളിത്തത്തെ ഈ ചർച്ചകൾ അടിവരയിടുന്നു. യൂറോപ്യൻ യൂണിയൻ ചട്ടക്കൂടിന് കീഴിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ കപ്പൽ പുനരുപയോഗ ശാലകൾക്ക് അംഗീകാരം ലഭിക്കുന്നത്, ആഗോള പുനരുപയോഗ ശേഷി ശക്തിപ്പെടുത്തുന്നതിനും ഉയർന്ന പരിസ്ഥിതി-സുരക്ഷാ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കപ്പലുകളുടെ ഉത്തരവാദിത്തമുള്ള അന്തിമ സംസ്കരണത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കും. ഒപ്പം, കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ആഗോള സമുദ്ര വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  
 
*****

(रिलीज़ आईडी: 2280187) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi