ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ലിവർ ആൻഡ് ബിലിയറി സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താമത് ബിരുദദാന ചടങ്ങിനെ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. ജഗത് പ്രകാശ് നഡ്ഡ അഭിസംബോധന ചെയ്തു

प्रविष्टि तिथि: 30 JUN 2026 2:42PM by PIB Thiruvananthpuram

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ. ജഗത് പ്രകാശ് നദ്ദ ഇന്ന് ന്യൂഡൽഹിയിൽ ലിവർ ആൻഡ് ബിലിയറി സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടി(കരൾ, പിത്തരസ സംബന്ധമായ ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട്/ഐ.എൽ.ബി.എസ്)ന്റെ പത്താമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു.

 അവരുടെ അക്കാദമിക, പ്രൊഫഷണൽ പ്രയാണത്തിലെ ഒരു സുപ്രധാന സന്ദർഭമാണ് ബിരുദദാന സമ്മേളനമെന്ന് ബിരുദധാരികളാവുന്ന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ. ജഗത് പ്രകാശ് നദ്ദ പറഞ്ഞു.

 



 

ബിരുദധാരികളുടെ ക്ലാസിനെ അഭിനന്ദിച്ചുകൊണ്ട്, രോഗീ പരിചരണം, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയിലെ മികവിന് അംഗീകാരം നേടിയ ലിവർ ആൻഡ് ബിലിയറി സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എൽ.ബി.എസ്) പോലുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും പ്രശസ്തവുമായ ഒരു സ്ഥാപനത്തിൽ നിന്ന് ബിരുദം സ്വീകരിക്കാൻ കഴിഞ്ഞത് അവരുടെ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനാരോഗ്യത്തിന് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സംഭാവനകളെ എടുത്തുപറഞ്ഞുകൊണ്ട്, രാജ്യത്തുടനീളമുള്ള കുടുംബങ്ങളിൽ ഫാറ്റി ലിവർ (കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടൽ) രോഗാവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ ഒരു ആധാരശിലയായി ഐ.എൽ.ബി.എസ് ഉയർന്നുവന്നിട്ടുണ്ടെന്ന് ശ്രീ നദ്ദ പറഞ്ഞു. ഇതിന്റെ മുൻനിര ചികിത്സാ സേവനങ്ങൾ, ഗവേഷണം, പൊതുജനസമ്പർക്കം എന്നിവയിലൂടെ, ഇൻസ്റ്റിറ്റ്യൂട്ട് ഫാറ്റി ലിവർ രോഗം, അതിന്റെ അപകട ഘടകങ്ങൾ, പ്രതിരോധം, ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിൽ കേന്ദ്രസർക്കാർ മെഡിക്കൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി 'ഹാർഡ്വെയർ', 'സോഫ്റ്റ്വെയർ' എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്രമായ ഒരു സമീപനം സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഊന്നിപ്പറഞ്ഞു.

 



 

ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ 'ഹാർഡ്വെയറിൽ' ഉൾപ്പെടുമ്പോൾ, വിദ്യാർത്ഥികൾ, ഗവേഷകർ, ആരോഗ്യ സംരക്ഷണ വിദഗ്ധർ എന്നിവരെ ശാക്തീകരിച്ച് മികവ് പുലർത്താൻ പ്രാപ്തരാക്കുന്ന ആവാസവ്യവസ്ഥ, നയ ചട്ടക്കൂട്, അക്കാദമിക അന്തരീക്ഷം എന്നിവയെയാണ് 'സോഫ്റ്റ്വെയർ' പ്രതിനിധീകരിക്കുന്നതെന്ന് സമഗ്ര സമീപനം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ യഥാർത്ഥ ശക്തി കേവലം സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിൽ മാത്രമല്ല, മറിച്ച് മികവ് പരിപോഷിപ്പിച്ചെടുക്കാൻ കഴിയുന്ന ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നയ പരിഷ്‌കാരങ്ങളുടെ പരിവർത്തനാത്മക സ്വാധീനം അടിവരയിട്ടുകൊണ്ട്, ദീർഘവീക്ഷണമുള്ള നയരൂപവത്കരണവും പിന്തുണയേകുന്ന ഒരു ആവാസവ്യവസ്ഥയും ഒരുമിച്ച് സുസ്ഥിരമായ മാറ്റം സൃഷ്ടിക്കുന്നതെങ്ങനെയെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണമെന്ന് ശ്രീ നദ്ദ പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യയിൽ ഒരു എയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി ശ്രീ. അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ആറ് എയിംസുകൾ കൂടി അംഗീകരിക്കപ്പെട്ടു.
അതിനുശേഷം, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പതിനാറ് പുതിയ എയിംസുകൾ പ്രവർത്തനക്ഷമമായി, ഇതോടെ രാജ്യത്തെ ആകെ എയിംസുകളുടെ എണ്ണം ഇരുപത്തിമൂന്നായി.

രാജ്യത്തുടനീളമുള്ള മെഡിക്കൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ അഭൂതപൂർവമായ വികാസം കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 387 ൽ നിന്ന് 818 ആയി വർദ്ധിച്ചുവെന്നും അതുപോലെ, ബിരുദ മെഡിക്കൽ പ്രവേശന സീറ്റുകൾ ഏകദേശം 50,000 ൽ നിന്ന് 1.20 ലക്ഷത്തിലധികമായി ഉയർന്നതായും അദ്ദേഹം അറിയിച്ചു.

 



 

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 ബിരുദ മെഡിക്കൽ സീറ്റുകൾ കൂടി സൃഷ്ടിക്കാൻ സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ടെന്നും, അതിൽ ഏകദേശം 25,000 സീറ്റുകൾ ഇതിനകം തന്നെ കൂട്ടിച്ചേർത്തുവെന്നത് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുസ്ഥിരമായ പുരോഗതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രഖ്യാപനത്തെ പരാമർശിച്ചുകൊണ്ട് ശ്രീ. നദ്ദ പറഞ്ഞു.
രാജ്യത്ത് വിദഗ്ധ (സ്‌പെഷ്യലിസ്റ്റ്) ഡോക്ടർമാരുടെ ലഭ്യത ഗണ്യമായി ശക്തിപ്പെടുത്തുന്ന തരത്തിൽ ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ ഏകദേശം 30,000 ൽ നിന്ന് 80,000 ത്തിലധികമായി വർദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഏകദേശം 1.5 ബില്യൺ ആളുകൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നൽകുന്നതിന്, ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ശ്രീ. നദ്ദ പ്രസ്താവിച്ചു. ഈ സാഹചര്യമുൾക്കൊണ്ട്, രാജ്യത്തുടനീളം 1.85 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ സ്ഥാപിക്കപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ആരോഗ്യസംരക്ഷണ സേവനങ്ങൾ തേടുന്ന പൗരന്മാർക്ക് ബന്ധപ്പെടാനുള്ള പ്രഥമ കേന്ദ്രമാണവയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രതിരോധം, പ്രോത്സാഹനം, രോഗശാന്തി, പുനരധിവാസ പരിചരണം എന്നിവയിൽ തുല്യ ഊന്നൽ നൽകിക്കൊണ്ട് സമഗ്ര പ്രാഥമിക ആരോഗ്യ സംരക്ഷണത്തോടുള്ള രാജ്യത്തിന്റെ സമീപനത്തെ ഈ കേന്ദ്രങ്ങൾ മാറ്റിമറിച്ചതായി അദ്ദേഹം പറഞ്ഞു.

രോഗപ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ കേന്ദ്ര മന്ത്രി, സാംക്രമികേതര രോഗങ്ങൾക്കായുള്ള ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിശോധനയിൽ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളുടെ ശ്രദ്ധേയമായ നേട്ടങ്ങൾ എടുത്തുപറഞ്ഞു.

42 കോടിയിലധികം ആളുകളെ രക്താതിസമ്മർദ്ദത്തിനായി പരിശോധിച്ചതായും അതിൽ 7.3 കോടിയിലധികം അസുഖാവസ്ഥകൾ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. അതുപോലെ, 42 കോടിയിലധികം ആളുകളെ പ്രമേഹ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ ഏകദേശം 5 കോടി പേർക്ക് രോഗം നിർണയിച്ചു. 35 കോടിയിലധികം ആളുകളെ വായയിലെ അർബുദ (ഓറൽ കാൻസർ)ത്തിനായി പരിശോധിച്ചതായും 2.3 ലക്ഷത്തിലധികം രോഗബാധ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.

16 കോടിയിലധികം സ്ത്രീകളെയാണ് സ്തനാർബുദ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇത് 86,000-ത്തിലധികം രോഗബാധ കണ്ടെത്തുന്നതിലേക്ക് നയിച്ചു.  അതേസമയം ഒമ്പതു കോടിയിലധികം സ്ത്രീകളെ സെർവിക്കൽ കാൻസറിനായി പരിശോധിക്കുകയും, ഏകദേശം ഒരു ലക്ഷത്തോളം പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തുകയും ചെയ്തു. സമയബന്ധിതമായ പരിശോധനയും നേരത്തെയുള്ള രോഗനിർണയവും രോഗപ്രതിരോധ ആരോഗ്യ സംരക്ഷണത്തെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നും മികച്ച ചികിത്സാ ഫലങ്ങൾ സാധ്യമാക്കുന്നുവെന്നുമെല്ലാം ഈ കണക്കുകൾ വെളിവാക്കുന്നുവെന്ന് ശ്രീ. നദ്ദ പറഞ്ഞു.

ആരോഗ്യമുള്ള ഇന്ത്യ (സ്വസ്ഥ് ഭാരത്) ഇല്ലാതെ വികസിത ഭാരതം എന്ന ദർശനം യാഥാർത്ഥ്യമാക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിരീക്ഷിച്ചു. രോഗപ്രതിരോധ ആരോഗ്യ സംരക്ഷണം, നേരത്തെയുള്ള പരിശോധന, സമയബന്ധിതമായ രോഗനിർണയം എന്നിവ വരും വർഷങ്ങളിൽ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ കാര്യനയത്തിന്റെ നെടുംതൂണുകളായി തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സൂപ്പർ സ്‌പെഷ്യാലിറ്റി (ഏതെങ്കിലും വൈദ്യശാസ്ത്ര വിഭാഗത്തിൽ അതീവ ഉന്നതതലത്തിലുള്ള വിദഗ്ധ പരിശീലനം) വിദ്യാഭ്യാസം ആർജ്ജിക്കുന്നത് ഒരു ബഹുമതിയും ഉത്തരവാദിത്തവുമാണെന്ന് ബിരുദധാരികളാവുന്ന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ. നദ്ദ അഭിപ്രായപ്പെട്ടു. സമർപ്പിതമായ സേവനത്തിലൂടെ സമൂഹത്തിന് നന്മ തിരികെ നൽകാനും, വൈദ്യശാസ്ത്ര ധാർമ്മികതയുടെ ഉന്നത നിലവാരം ഉയർത്തിപ്പിടിക്കാനും, അവരുടെ പ്രൊഫഷണൽ ജീവിതത്തിൽ അനുകമ്പ നിലനിർത്താനും, സമഗ്രതയോടും മികവോടും കൂടി മാനവരാശിയെ സേവിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായിരിക്കാനും അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു. അവരുടെ അറിവ്, നൈപുണ്യങ്ങൾ, പ്രതിബദ്ധത എന്നിവയിലൂടെ ആരോഗ്യകരവും ശക്തവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.

കരൾ രോഗങ്ങൾ, ഹെപ്പറ്റോളജി, അവയവമാറ്റ ശസ്ത്രക്രിയാ ശാസ്ത്രം (ട്രാൻസ്പ്ലാൻറ് മെഡിസിൻ), അനുബന്ധ മേഖലകൾ എന്നിവയിലെ വിവിധ സൂപ്പർ-സ്‌പെഷ്യാലിറ്റി, അനുബന്ധ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ബിരുദങ്ങളും അക്കാദമിക ബഹുമതികളും സമ്മാനിച്ച ബിരുദദാന സമ്മേളനം, ബിരുദധാരികളാവുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നാഴികക്കല്ലായിരുന്നു.

 


ബിരുദദാന ചടങ്ങിൽ പ്രഗത്ഭരായ അധ്യാപകർ (ഫാക്കൽറ്റി അംഗങ്ങൾ), ആരോഗ്യപരിചരണ വിദഗ്ധർ, ഗവേഷകർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, മറ്റ് പ്രമുഖർ എന്നിവർ സന്നിഹിതരായി. 

 

***

 
 

(रिलीज़ आईडी: 2279842) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil , Telugu , Kannada