प्रविष्टि तिथि:
30 JUN 2026 6:45PM by PIB Thiruvananthpuram
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യുവ സംഗം ആറാം ഘട്ടം (Phase VI) വിജയകരമായി സമാപിച്ചു. മധ്യപ്രദേശിൽ നിന്ന് ജാർഖണ്ഡിലേക്കുള്ള അവസാന സംഘത്തിൻ്റെ പര്യടനം ജൂൺ 19-ന് പൂർത്തിയായതോടെയാണ് ഈ ഘട്ടത്തിന് സമാപനമായത്. രാജ്യത്തെ യുവാക്കൾക്കിടയിൽ ദേശീയഐക്യം , സാംസ്കാരിക കൈമാറ്റം, പ്രായോഗിക പഠനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്'പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ ഒരു പ്രധാന സംരംഭമാണ് യുവ സംഗം.
രാജ്യത്തിൻ്റെ സമ്പന്നമായ സാമൂഹികവും സാംസ്കാരികവും , ഭാഷാപരവും,വിദ്യാഭ്യാസപരവുമായ വൈവിധ്യങ്ങൾ നേരിട്ടറിയാൻ യുവാക്കൾക്കായി ഒരുക്കുന്ന മികച്ച വേദിയാണ് യുവ സംഗം. ആറാം ഘട്ടത്തിലെ ആദ്യ പര്യടനം മേയ് 8-ന് രാജസ്ഥാനിൽ നിന്ന് കർണാടകയിലേക്കായിരുന്നു. 22 പങ്കാളിത്ത സംസ്ഥാനങ്ങളിൽ നിന്നായി രജിസ്റ്റർ ചെയ്ത 1,26,000-ത്തിലധികം വിദ്യാർത്ഥികളിൽ നിന്ന് ഏകദേശം 1100 പ്രതിനിധികളെയാണ് ഈ ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തത്.വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച പ്രതിനിധികൾ അതത് സംസ്ഥാനങ്ങളിലെ ഗവർണർമാരുമായും, കേന്ദ്രഭരണ പ്രദേശങ്ങൾ സന്ദർശിച്ചവർ ലഫ്റ്റനൻ്റ് ഗവർണർമാരുമായും കൂടിക്കാഴ്ച നടത്തി. ഭരണനിർവഹണം, ഭരണഘടനാ മൂല്യങ്ങൾ, നേതൃപാടവം, സമഗ്ര വികസനം എന്നിവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇത് യുവാക്കൾക്ക് അവസരമൊരുക്കി. ഇതിന് പുറമെ, ഡൽഹി സന്ദർശിച്ച ഛത്തീസ്ഗഡ് പ്രതിനിധി സംഘം ഡൽഹി മുഖ്യമന്ത്രിയുമായും പ്രത്യേക ആശയവിനിമയം നടത്തി.
രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്. പര്യടനത്തിൻ്റെ ഭാഗമായി വിപുലമായ അക്കാദമിക് സംവാദങ്ങൾ, സാംസ്കാരിക പരിപാടികൾ, പൈതൃക സന്ദർശനങ്ങൾ, നവസംരംഭകത്വ പ്രദർശനങ്ങൾ, സാമൂഹിക സമ്പർക്ക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. പങ്കാളിത്ത സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രാദേശിക പാരമ്പര്യങ്ങൾ, വികസന മാതൃകകൾ, പ്രവർത്തനമികവുകൾ എന്നിവ നേരിട്ട് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ സാധിച്ചു.
മുതിർന്ന ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, പ്രമുഖ അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, സംരംഭകർ, കലാകാരന്മാർ, പ്രാദേശിക ജനവിഭാഗങ്ങൾ എന്നിവരുമായി സംവദിക്കാനും യുവാക്കൾക്ക് അവസരം ലഭിച്ചു. വിവിധ സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, വ്യവസായ ശാലകൾ, മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള സന്ദർശനം ഇന്ത്യയുടെ വൈവിധ്യത്തെയും പങ്കുവെക്കപ്പെട്ട പൈതൃകത്തെയും കുറിച്ചുള്ള ഇവരുടെ കാഴ്ചപ്പാടുകൾ കൂടുതൽ ആഴമുള്ളതാക്കി. സാംസ്കാരിക പ്രകടനങ്ങൾ, പ്രദർശനങ്ങൾ, ആശയവിനിമയ സെഷനുകൾ എന്നിവയിലൂടെ പ്രതിനിധികൾ തങ്ങളുടെ തനത് പ്രാദേശിക പാരമ്പര്യങ്ങളും ആതിഥേയർക്ക് മുന്നിൽ അവതരിപ്പിച്ചു. പരസ്പര ബഹുമാനവും ആയുഷ്കാലം നീണ്ടുനിൽക്കുന്ന സൗഹൃദങ്ങളും കെട്ടിപ്പടുക്കാൻ യുവ സംഗത്തിൻ്റെ ആറാം ഘട്ടം വഴിയൊരുക്കി.
യുവസംഘങ്ങളുടെ പ്രായോഗിക പഠനാനുഭവത്തിൻ്റെ ഭാഗമായി രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും വികസന പദ്ധതികളും വൻകിട ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളും പ്രതിനിധികൾ സന്ദർശിച്ചു. പ്രമുഖ സ്റ്റാർട്ടപ്പ് ഇൻകുബേഷൻ കേന്ദ്രമായ ഹൈദരാബാദിലെ 'ടി-ഹബ്' ഉൾപ്പെടെയുള്ള നവീകരണ-സംരംഭകത്വ മേഖലകൾ വിദ്യാർത്ഥികൾക്ക് പുത്തൻ കാഴ്ചപ്പാടുകൾ സമ്മാനിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലങ്ങളും ദേശീയ പ്രാധാന്യമുള്ള മറ്റ് ചരിത്ര സ്മാരകങ്ങളും സന്ദർശിച്ചതിലൂടെ ഇന്ത്യയുടെ സാംസ്കാരിക-നാഗരിക പൈതൃകത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഇവർക്ക് സാധിച്ചു.
കളംകാരി പെയിൻ്റിംഗ്, വാർലി പെയിൻ്റിംഗ്, ഗോത്രവർഗ്ഗ കലാരൂപങ്ങൾ, മൺപാത്ര നിർമ്മാണം, പരമ്പരാഗത കരകൗശല വിദ്യകൾ എന്നിവ നേരിട്ട് പരിചയപ്പെടാനും കരകൗശല വിദഗ്ധരുമായി സംവദിക്കാനും യുവാക്കൾക്ക് അവസരം ലഭിച്ചു. കൂടാതെ, 'ഏക് പേഡ് മാ കേ നാം' കാമ്പയിൻ്റെ ഭാഗമായുള്ള വൃക്ഷത്തൈ നടീൽ, സ്വച്ഛ് ഭാരത് അഭിയാൻ്റെ ഭാഗമായുള്ള ശുചിത്വ ഡ്രൈവുകൾ, ഗ്രാമ സന്ദർശനങ്ങൾ, സാമൂഹിക സമ്പർക്ക പരിപാടികൾ എന്നിവയിലൂടെ പങ്കെടുത്തവരിൽ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി ബോധവും വളർത്താൻ ഈ സന്ദർശനങ്ങൾ ഉപകരിച്ചു.
ആറാഴ്ചയിലധികം നീണ്ടുനിന്ന യുവ സംഗം ആറാം ഘട്ടം, ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം സൗഹൃദക്കൂട്ടായ്മകൾ കെട്ടിപ്പടുക്കുന്നതിനൊപ്പം ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതി, ഭാഷ, ഭക്ഷണരീതി, പാരമ്പര്യം ,വികസന നേട്ടങ്ങൾ എന്നിവ നേരിട്ടറിയാൻ രാജ്യത്തെ യുവാക്കളെ പ്രാപ്തരാക്കി. ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കിക്കൊണ്ട് "ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്" എന്ന കാഴ്ചപ്പാടിനെയും നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെയും സാർത്ഥകമാക്കുന്നതായിരുന്നു ഈ പരിപാടി.