വിനോദസഞ്ചാര മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ വിനോദസഞ്ചാര മേഖലയുടെ ഡിജിറ്റൽ പ്രചാരണം ശക്തിപ്പെടുത്താന്‍ ധാരണാപത്രം ഒപ്പുവെച്ച് ടൂറിസം മന്ത്രാലയവും ഗൂഗിൾ ഇന്ത്യയും

प्रविष्टि तिथि: 30 JUN 2026 5:49PM by PIB Thiruvananthpuram

ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നിര്‍മിതബുദ്ധി (എഐ), ഡാറ്റാധിഷ്ഠിത ഉൾക്കാഴ്ചകൾ, ശേഷി വികസനം എന്നിവയിലൂടെ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഡിജിറ്റൽ പ്രചാരണം ശക്തിപ്പെടുത്താന്‍ ടൂറിസം മന്ത്രാലയം ഇന്ന് ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രത്തിൽ  ഒപ്പുവെച്ചു. ന്യൂഡൽഹിയിൽ കേന്ദ്ര വിനോദസഞ്ചാര, സാംസ്കാരിക മന്ത്രി ശ്രീ. ഗജേന്ദ്ര സിങ് ഷെഖാവത്തിൻ്റെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ധാരണാപത്രം കൈമാറിയത്. 

 

ഡിജിറ്റൽ വിനോദസഞ്ചാര പ്രോത്സാഹനം, അറിവുകള്‍ പങ്കിടൽ, ശേഷി വികസനം, സന്ദർശകരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാന്‍ വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം തുടങ്ങിയ പ്രധാന മേഖലകളിൽ ടൂറിസം മന്ത്രാലയവും ഗൂഗിൾ ഇന്ത്യയും തമ്മിലെ സഹകരണത്തിന് ചട്ടക്കൂട് രൂപീകരിക്കുന്നതാണ് ധാരണാപത്രം. ആഭ്യന്തര-അന്തർദേശീയ സഞ്ചാരികൾക്കിടയിൽ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും അനുഭവങ്ങളുടെയും സാംസ്കാരിക പൈതൃകത്തിൻ്റെയും ദൃശ്യപരത ശക്തിപ്പെടുത്താന്‍  ഡിജിറ്റൽ രംഗത്തെ ഗൂഗിളിൻ്റെ വൈദഗ്ധ്യം പങ്കാളിത്തത്തിലൂടെ  പ്രയോജനപ്പെടുത്തും. ഇരുപക്ഷത്തിനും സാമ്പത്തിക ബാധ്യതകളില്ലാത്തതും വാണിജ്യപരമല്ലാത്തതും പ്രത്യേക അവകാശങ്ങളില്ലാത്തതുമായ  സഹകരണമാണിത്. 

 

ടൂറിസം മന്ത്രാലയം സെക്രട്ടറി ശ്രീ. ഭുവനേഷ് കുമാർ, അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ  ശ്രീ. സുമൻ ബില്ല, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഗൂഗിൾ ഇന്ത്യ കൺട്രി മാനേജരും വൈസ് പ്രസിഡൻ്റുമായ  പ്രീതി ലോബാന എന്നിവരും ഗൂഗിൾ ഇന്ത്യ പ്രതിനിധികളും ചടങ്ങിൽ  പങ്കെടുത്തു.

 

 

ആഗോള പ്രേക്ഷകർക്ക് മുന്നില്‍ ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രങ്ങളുടെ മഹിമയും ഗാംഭീര്യവും പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ആഴമേറിയ  അനുഭവങ്ങൾ സൃഷ്ടിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യകൾക്ക് ശേഷിയുണ്ടെന്ന് ചടങ്ങിൽ  ശ്രീ. ഗജേന്ദ്ര സിങ്  ഷെഖാവത്ത് പറഞ്ഞു. ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക-പ്രകൃതി പൈതൃകം കണ്ടെത്തുന്നതിലും അനുഭവിക്കുന്നതിലും ആ പൈതൃകത്തില്‍ സഞ്ചാരികൾ  പങ്കുചേരുന്നതിലും അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വലിയ മാറ്റങ്ങൾ കൊണ്ടുവരാനാവുമെന്ന്  അദ്ദേഹം വ്യക്തമാക്കി. 

 

ഇൻക്രെഡിബിൾ ഇന്ത്യ സംരംഭത്തിന് കീഴിൽ വിനോദസഞ്ചാര പ്രോത്സാഹനത്തിന്  നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സമീപനങ്ങൾ സ്വീകരിക്കുന്നതിലെ മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയാണ് സഹകരണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആഗോള വിനോദസഞ്ചാര സാന്നിധ്യം ശക്തിപ്പെടുത്താനും  ഡിജിറ്റൽ രംഗത്തെ ശേഷി മെച്ചപ്പെടുത്താനും  ആധുനികവും എളുപ്പത്തിൽ പ്രാപ്യവുമായ  ആഗോള വിനോദസഞ്ചാര കേന്ദ്രമായി രാജ്യത്തെ മാറ്റാനും  പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 

സഹകരണത്തിൻ്റെ ഭാഗമായി തെളിവ് അധിഷ്ഠിത വിനോദസഞ്ചാര പ്രോത്സാഹന  തന്ത്രങ്ങള്‍ക്ക് പിന്തുണയേകാന്‍  ആഗോള യാത്രാ പ്രവണതകൾ, സഞ്ചാരികളുടെ പെരുമാറ്റം, ഡിജിറ്റൽ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട ഗൂഗിളിൻ്റെ വിവരശേഖരങ്ങളുടെ ഉൾക്കാഴ്ചകൾ പ്രയോജനപ്പെടുത്തും. കൂടുതൽ ലക്ഷ്യബോധമുള്ളതും ഫലപ്രദവുമായ പ്രചാരണം സാധ്യമാക്കുന്നതിന് ഡിജിറ്റൽ മാർക്കറ്റിങ് സങ്കേതങ്ങള്‍, പ്രചാരണ പരിപാടികളുടെ ഫലപ്രാപ്തിയിലൂന്നിയ രൂപകല്പന, ഉള്ളടക്ക നിർമാണം, നിര്‍മിതബുദ്ധി ഉൾപ്പെടെ വളർന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയില്‍ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് പരിശീലനവും ശേഷി വികസന പരിപാടികളും  പങ്കാളിത്തത്തിൻ്റെ  ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്. 

 

ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയെ മെച്ചപ്പെടുത്താനും ലോകത്തെ ഏറ്റവും മികച്ച യാത്രാ കേന്ദ്രമായി രാജ്യത്തെ പ്രോത്സാഹിപ്പിക്കാനും സാങ്കേതികവിദ്യയും നൂതനാശയങ്ങളും പ്രയോജനപ്പെടുത്തുമെന്ന പങ്കിട്ട പ്രതിബദ്ധത ടൂറിസം മന്ത്രാലയവും ഗൂഗിൾ ഇന്ത്യയും ആവര്‍ത്തിച്ച് വ്യക്തമാക്കി.  

 

***

 

(रिलीज़ आईडी: 2279604) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Telugu