വനിതാ, ശിശു വികസന മന്ത്രാലയം
കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ബ്രിക്‌സ് വനിതാ വർക്കിംഗ് ഗ്രൂപ്പിൻ്റെ മൂന്നാമത് തയ്യാറെടുപ്പ് യോഗം ചേർന്നു
2026 ജൂലൈ 6 മുതൽ 9 വരെ കേരളത്തിലെ കൊച്ചിയിൽ നടക്കുന്ന ബ്രിക്‌സ് വനിതാ ട്രാക്ക് യോഗങ്ങൾക്ക് മുന്നോടിയായി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സമവായം രൂപീകരിക്കുന്നതിനെക്കുറിച്ചും ബ്രിക്‌സ് അംഗരാജ്യങ്ങൾ ചർച്ചകൾ നടത്തി
प्रविष्टि तिथि:
29 JUN 2026 9:53PM by PIB Thiruvananthpuram
'പ്രതിരോധശേഷി, നൂതനാശയങ്ങൾ, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക' എന്ന പ്രമേയത്തിൽ, ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയ്ക്ക് കീഴിൽ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം ബ്രിക്‌സ് വനിതാ ട്രാക്കിൻ്റെ മൂന്നാമത് തയ്യാറെടുപ്പ് യോഗം 2026 ജൂൺ 29-ന് ഓൺലൈനായി സംഘടിപ്പിച്ചു. വനിതാ ശിശുവികസന മന്ത്രാലയം സെക്രട്ടറി ശ്രീ അനിൽ മാലിക് യോഗത്തിൽ അധ്യക്ഷത വഹിച്ചു. 2026 ജൂലൈ 6 മുതൽ 9 വരെ കേരളത്തിലെ കൊച്ചിയിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് വനിതാ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൻ്റേയും ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിൻ്റേയും മുന്നൊരുക്കമെന്ന നിലയിൽ ഈ യോഗത്തിനുള്ള പ്രാധാന്യം അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
മികച്ച പ്രവർത്തന മാതൃകകളുടെ ഡിജിറ്റൽ ശേഖരം, ബ്രിക്‌സ് വനിതാ ശേഷി വികസന മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള മുൻഗണനാ മേഖലകളെക്കുറിച്ചും പ്രധാന ഫലങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. ബ്രിക്‌സ് അംഗരാജ്യങ്ങൾ അവരുടെ വിലയേറിയ നിർദ്ദേശങ്ങൾ പങ്കുവെക്കുകയും, സഹകരണത്തിലും സമവായത്തിലും അധിഷ്ഠിതമായ ഫലങ്ങൾക്കായുള്ള പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
ബ്രിക്‌സിൻ്റെ അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച അംഗരാജ്യങ്ങൾ, വനിതാ ട്രാക്കിന് കീഴിൽ കൈവരിച്ച പുരോഗതിയെ പ്രശംസിക്കുകയും വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട സഹകരണം ശക്തിപ്പെടുത്തുന്നതിന് തുടർ പിന്തുണ അറിയിക്കുകയും ചെയ്തു.
യോഗത്തിൽ പങ്കെടുത്ത എല്ലാ പ്രതിനിധി സംഘങ്ങളുടേയും ക്രിയാത്മകമായ സംഭാവനകൾക്ക് അധ്യക്ഷൻ നന്ദി അറിയിക്കുകയും, ബ്രിക്‌സ് രാജ്യങ്ങളിലുടനീളം സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്ന പ്രായോഗിക പങ്കാളിത്തം വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
SKY
******
(रिलीज़ आईडी: 2279266)
आगंतुक पटल : 5