ഗ്രാമീണ വികസന മന്ത്രാലയം
ദേശീയ ഗ്രാമവികസന സമ്മേളനം കേന്ദ്രമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
28 JUN 2026 8:54PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ 'വികസിത ഭാരതം' എന്ന ദര്‍ശനം സമൂഹത്തിന്റെ താഴെത്തട്ടു വരെ പ്രായോഗികമാക്കുന്നതിനായി, ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ച ദ്വിദിന ദേശീയ ഗ്രാമവികസന സമ്മേളനം ഡല്‍ഹിയില്‍ കേന്ദ്ര ഗ്രാമവികസന, കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം, സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും വിവിധ സെഷനുകളിലായി വ്യത്യസ്ത ഗ്രാമവികസന പദ്ധതികളെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകളിലും കൂടിയാലോചനകളിലും ഏര്‍പ്പെട്ടു. രണ്ടാം ദിനമായ ഇന്ന് (ജൂണ്‍ 29 ന്), നയ നിര്‍ദ്ദേശങ്ങളും സംയുക്ത രൂപരേഖയും ചര്‍ച്ച ചെയ്യാന്‍ എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഗ്രാമവികസന മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കുചേരും. കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ശ്രീ. കമലേഷ് പാസ്വാന്‍, ഡോ. ചന്ദ്രശേഖര്‍ പെമ്മനാസാനി തുടങ്ങിയവര്‍ ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരുന്നു.

ഈ സമ്മേളനം കേവലമൊരു ഔപചാരിക പരിപാടിയല്ലെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ 'വികസിത ഭാരതം' എന്ന ദര്‍ശനത്തിന് അനുപൂരകമായി ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത ഒരു സംരംഭമാണെന്നും കേന്ദ്രമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. രണ്ട് ദിവസത്തെ ദേശീയ ചര്‍ച്ച അടിസ്ഥാനപരമായി 'ടീം ഇന്ത്യ - ടീം റൂറല്‍ ഡെവലപ്മെന്റ്' എന്ന തത്വത്തിലൂന്നിയുള്ള ഒരു സംയുക്ത ഉദ്യമമാണെന്നും ശ്രീ. ശിവരാജ് സിംഗ് പറഞ്ഞു. സമ്മേളനത്തില്‍ മുഖ്യാതിഥി ഇല്ലെന്നും, പകരം കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ഒരു ടീമാണുള്ളതെന്നും ആ ടീമിലെ ഒരംഗമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ഒരു വ്യക്തി ഒരിക്കലും മറ്റുള്ളവര്‍ക്ക് അപ്രാപ്യമായ ഉന്നതങ്ങളില്‍ വിരാജിക്കരുതെന്നും ഗ്രാമവികസനത്തിന്റെ നയങ്ങളിലും നിര്‍വ്വഹണത്തിലും ഈ വികാരമാണ് പ്രതിഫലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ. മോദിയെ 'ആശയ സമ്പന്നന്‍' എന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍, വികസിതവും ശാക്തീകരിക്കപ്പെട്ടതും സ്വയംപര്യാപ്തവും മഹത്വപൂര്‍ണ്ണവുമായ ഇന്ത്യയ്ക്കായി വെമ്പുന്ന ഒരു ഹൃദയമാണ് അദ്ദേഹത്തിനുള്ളതെന്നും വ്യക്തമാക്കി. ഇവിടെ സന്നിഹിതരായ എല്ലാ ഉദ്യോഗസ്ഥരും മന്ത്രിമാരും ഒരേ ഒരു മന്ത്രവും ദൃഢനിശ്ചയവുമായി രാവും പകലും പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ അഭിലാഷം വിജയകരവും ഫലപ്രദവുമായി സാക്ഷാത്കരിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. അതിലൂടെ ഗ്രാമങ്ങളുടെ വികസനത്തെ 'വികസിത ഭാരത' ത്തിന്റെ വിജയഗാഥയുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയും.

ഗ്രാമങ്ങള്‍: ഇന്ത്യയുടെ ആത്മാവും ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറയും
ഇന്ത്യയുടെ വികസനത്തില്‍ ഗ്രാമങ്ങളുടെ പ്രാധാന്യം കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ഗ്രാമങ്ങളില്ലാത്ത ഇന്ത്യയെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ഗ്രാമങ്ങള്‍ ഇന്ത്യയുടെ ആത്മാവിന്റെയും സമ്പദ്വ്യവസ്ഥയുടെയും സ്വത്വത്തിന്റെയും നാഗരികതയുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രമാണെന്നും പറഞ്ഞു. ഗ്രാമങ്ങളെ ജനാധിപത്യത്തിന്റെ അതിശക്തമായ അടിത്തറയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, രണ്ട് ദിവസത്തെ ഈ സമ്മേളനം യഥാര്‍ത്ഥത്തില്‍ ഗ്രാമീണ സമൃദ്ധിയുടെ 'അമൃത് മന്ഥന്‍' (പാലാഴി കടയല്‍) ആണെന്നും അതില്‍ നിന്ന് ഉയര്‍ന്നുവരുന്ന അമൃത് വരും വര്‍ഷങ്ങളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും പരക്കുമെന്നും പറഞ്ഞു.

ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ മാത്രം പോരെന്നും; ഈ പദ്ധതികളുടെ പ്രയോജനങ്ങള്‍ താഴെത്തട്ടിലെ ഉദ്ദേശിച്ച ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്നും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനത്തെക്കുറിച്ച് പരാമര്‍ശിക്കവേ, ഔദ്യോഗിക രേഖകളിലൂടെയും ഫയലുകളിലൂടെയും മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിലെ ഗുണാത്മകമായ മാറ്റങ്ങളിലൂടെയും സര്‍ക്കാര്‍ ദൃശ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പദ്ധതിയുടെയും ആനുകൂല്യങ്ങള്‍ അര്‍ഹരായ ഗുണഭോക്താവിന് ഒരു ബുദ്ധിമുട്ടും കൂടാതെ, കൈക്കൂലി കൂടാതെ, സമയം പാഴാക്കാതെ എത്തുമ്പോള്‍ മാത്രമേ ഇത് സാധ്യമാകൂ.
പരിഷ്‌കാരങ്ങളും വികസിത ഭാരതവും- വിബി- ജി റാം-ജി-യില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
ഗ്രാമവികസന പദ്ധതികളുടെ നിയമങ്ങളിലോ നടപടിക്രമങ്ങളിലോ നിര്‍വ്വഹണത്തിലോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ തിരിച്ചറിയാനും, പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും ആവശ്യമായ സത്യസന്ധമായ ചര്‍ച്ചകള്‍ നടത്തണമെന്ന് വിവിധ സെഷനുകളില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആഹ്വാനം ചെയ്തു. ഒരു പദ്ധതി രൂപകല്‍പ്പന ചെയ്താല്‍ മാത്രം പോരാ, പദ്ധതിയുടെ വിജയകരമായ നിര്‍വ്വഹണവും പ്രധാനമാണ്. എംജിഎന്‍ആര്‍ഇജിഎ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം)യെക്കുറിച്ച് സംസാരിക്കവേ, മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പഠനങ്ങളെ അദ്ദേഹം പരാമര്‍ശിച്ചു. പല സ്ഥലങ്ങളിലും തൊഴിലാളികള്‍ക്ക് പകരം യന്ത്രങ്ങളാണ് ജോലി ചെയ്തിരുന്നതെന്നും, ഹാജര്‍ രേഖകളില്‍ ക്രമക്കേടുകള്‍ നിലനിന്നിരുന്നുവെന്നും, ഇത് സര്‍ക്കാര്‍ ഫണ്ടുകള്‍ വലിയ തോതില്‍ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ടു വരികയാണെന്നും, തൊഴില്‍ ദിനങ്ങളുടെ എണ്ണം 100 ല്‍ നിന്ന് 125 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും, ഒരു ദരിദ്ര തൊഴിലാളിയും ജോലിയില്ലാതെ ബുദ്ധിമുട്ടരുത് എന്നതാണ് ദൃഢനിശ്ചയമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ഷിക വിഹിതമായ 1.5 ലക്ഷം കോടി രൂപയും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള 75 ലക്ഷം കോടി രൂപയുടെ നിക്ഷേപവും ഗ്രാമപഞ്ചായത്തുകള്‍ക്ക് കൃത്യമായി കൈമാറുകയും ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്താല്‍, ഇന്ത്യയിലെ ഗ്രാമീണ ജീവിത സാഹചര്യങ്ങളിലും സമഗ്ര വികസനത്തിലും ഗണ്യവും സുസ്ഥിരവുമായ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമവികസനത്തിന്റെ എല്ലാ വശങ്ങളിലും സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചു
രണ്ട് ദിവസത്തെ സമ്മേളനം ഏതെങ്കിലും ഒരു പദ്ധതിയില്‍ മാത്രമല്ല, മുഴുവന്‍ ഗ്രാമവികസന ആവാസവ്യവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. വിക്സിത് ഭാരത് - റോസ്ഗര്‍ & ആജീവിക മിഷന്‍ (ഗ്രാമീണ്‍) (VB - G-RAM - G) പ്രകാരം, വികസിത ഇന്ത്യയ്ക്കായി (വിക്സിത് ഭാരത്)വികസിത ഗ്രാമങ്ങള്‍ (വിക്സിത് ഗാവ്) എന്ന ആശയം; പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) (PMAY - G) മുഖേന അടച്ചുറപ്പുള്ള ഗ്രാമീണ ഭവനങ്ങളുടെ നിര്‍മ്മാണം; പ്രധാനമന്ത്രി ഗ്രാം സഡക് യോജന (PMGSY) മുഖേന വിപുലമായ റോഡ് ശൃംഖല; ഉപജീവനമാര്‍ഗ്ഗങ്ങള്‍, സംരംഭകത്വം, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (NRLM); സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ സാമൂഹിക സഹായ പരിപാടി (NSAP)- എന്നിവയെ ഏകീകൃത ചട്ടക്കൂടിലേക്ക് സമന്വയിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രിയുടെ 'വികസിത ഭാരതം' എന്ന ദര്‍ശനത്തിന്റെ നേട്ടങ്ങള്‍ താഴെത്തട്ടിലുള്ള ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ഗ്രാമീണ ഭവനനിര്‍മ്മാണത്തിനുള്ള യഥാര്‍ത്ഥ ഗുണഭോക്താക്കളെ തിരിച്ചറിയാനുള്ള പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ (PMAY-G) പ്രകാരമുള്ള ഭൗതിക പരിശോധനാ പ്രക്രിയയുടെ പ്രാധാന്യം കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഊന്നിപ്പറഞ്ഞു. അര്‍ഹരായ ദരിദ്ര കുടുംബങ്ങളെ അനര്‍ഹരായി രേഖപ്പെടുത്തുന്നത് ഗുരുതരമായ അനീതിയാണെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി, ഏകപക്ഷീയമായ തീരുമാനങ്ങളോ വ്യക്തിപരമായ പക്ഷപാതമോ കാരണം ഒരു ദരിദ്ര കുടുംബത്തിനും വീട് നിഷേധിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചെലവ് കുറയ്ക്കുന്നതിന് നിര്‍മ്മാണ സാമഗ്രികള്‍ കൂട്ടായി വാങ്ങുക, നിര്‍മ്മാണ നിലവാരം മെച്ചപ്പെടുത്തുന്നതിന് മേസ്തിരിമാര്‍ക്ക് പരിശീലനം നല്‍കുക, ഫലപ്രദമായ ഗ്രാമവികസനത്തിനായി വിഭവങ്ങളും ഉദ്യമങ്ങളും ഏകോപിപ്പിക്കുക തുടങ്ങിയ നൂതന രീതികള്‍ സ്വീകരിക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു.
ലഖ്പതി ദീദിമാര്‍, ഗ്രാമീണ സംരംഭകത്വവും സ്ത്രീശക്തിയും
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിലുള്ള വനിതകളുടെ മുന്നേറ്റത്തെകുറിച്ച് കേന്ദ്രമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ എടുത്തുപറഞ്ഞു. കോടിക്കണക്കിന് സഹോദരിമാര്‍ സ്വയം സഹായ സംഘങ്ങളില്‍ ചേരുന്നതിലൂടെ വരുമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ലക്ഷക്കണക്കിന് ലഖ്പതി ദീദിമാര്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം, ലഖ്പതി ദീദിമാരുടെ എണ്ണം 6 കോടിയിലേക്ക് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇതിനായി, വനിതകള്‍ സംഘടിതമായി പ്രവര്‍ത്തിക്കുക മാത്രമല്ല, വ്യക്തിഗതമായി ആധുനിക സംരംഭകരായി വളരുകയും വേണം. പപ്പടം, അച്ചാറുകള്‍ എന്നിവയുടെ നിര്‍മ്മാണം പോലുള്ള പരമ്പരാഗത ചെറുകിട പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി ഭക്ഷ്യ സംസ്‌കരണം, കൃഷി അധിഷ്ഠിത ബിസിനസുകള്‍, സേവന മേഖല, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവേശിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ സംരംഭകത്വം 'വികസിത ഭാരതം' എന്ന ദര്‍ശനത്തിന്റെ ശക്തമായ ഒരു സ്തംഭമായി മാറുന്നതിന് ഈ പരിവര്‍ത്തനം അനിവാര്യമാണ്.
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയും NSAP യും: പ്രവേശനക്ഷമതയും സുരക്ഷയും
മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയി തുടക്കം കുറിച്ച പ്രധാനമന്ത്രി ഗ്രാം സഡക് യോജനയെ ഗ്രാമീണ ഇന്ത്യയുടെ ചിത്രം മാറ്റിമറിച്ച ചരിത്രപരമായ ഒരു സംരംഭമായി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ വിശേഷിപ്പിച്ചു. റോഡുകളുടെ അഭാവം മൂലം ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളെ മുഖ്യധാരയിലേക്ക് ആനയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട റോഡ് ശൃംഖലയിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, വിപണി സൗകര്യങ്ങള്‍ എന്നിവ ഗ്രാമങ്ങളിലേക്ക് എത്തുന്നുണ്ടെന്നും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സാമൂഹിക സഹായ പദ്ധതി പ്രകാരം വാര്‍ദ്ധക്യ പെന്‍ഷന്‍, വിധവ പെന്‍ഷന്‍, ദിവ്യാംഗ പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളുടെ അവലോകനവും ദ്വിദിന സമ്മേളനത്തിന്റെ പ്രധാന അജണ്ടയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ സുതാര്യമായും സമയബന്ധിതമായും പെന്‍ഷനുകള്‍ വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു, കൂടുതല്‍ സംവേദനക്ഷമതയുള്ള രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു.
ടീം സ്പിരിറ്റും ദൗത്യ രൂപേണയുള്ള നിര്‍വ്വഹണവും
സര്‍ക്കാര്‍ ജോലിയെ കേവലമൊരു തൊഴിലായി കാണുന്നതിന് പകരം, ദേശീയ സേവന ദൗത്യമായി കണക്കാക്കാന്‍ ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ ആഹ്വാനം ചെയ്തു. ആളുകള്‍ സ്വന്തം മാനസികാവസ്ഥയില്‍ മാറ്റം വരുത്തുമ്പോള്‍, ജോലിയുടെ ഗുണനിലവാരവും ഊര്‍ജ്ജവും മെച്ചപ്പെടുമെന്നും ഗ്രാമീണ ഇന്ത്യയെ പരിവര്‍ത്തനം ചെയ്യാനുള്ള അവസരമായി കാണുകയാണെങ്കില്‍, സമ്മേളനത്തിന്റെ ഓരോ സെഷനും ഒരു 'അമൃത് മന്ഥന്‍' (പാലാഴി കടയല്‍) പോലെ അര്‍ത്ഥവത്താകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണന്‍ വിവരിച്ച ഒരു സാത്വിക കാര്യകര്‍ത്താവിന്റെ ഗുണങ്ങളെ പരാമര്‍ശിച്ചുകൊണ്ട് - ആസക്തിയില്ലാതെ, അഹങ്കാരമില്ലാതെ, ക്ഷമയോടെ, ഉത്സാഹത്തോടെയുള്ള - ഒരു വ്യക്തിയ്ക്ക് ഒരു ഗ്രാമത്തെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയും, ഒരു ഉദ്യോഗസ്ഥന് ഒരു ജില്ലയെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയും, ഒരു നേതാവിന് ഒരു രാഷ്ട്രത്തെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയും, ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരം പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. എല്ലാ സംസ്ഥാനങ്ങളും ഗ്രാമവികസനത്തെ ഒരു ദൗത്യമായി കണക്കാക്കാനും ഈ സമ്മേളനത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന 'അമൃത്' അവരുടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനും അത് ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് എത്തിക്കാനും ദൃഢനിശ്ചയം എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദ്വിദിന സമ്മേളനം: ആദ്യ ദിനം ഉദ്യോഗസ്ഥര്‍, രണ്ടാം ദിനം മന്ത്രിമാര്‍
ഉദ്ഘാടന ദിവസം, ഗ്രാമവികസന പദ്ധതികള്‍ നടപ്പിലാക്കുക, അവയുടെ പുരോഗതി അവലോകനം ചെയ്യുക, പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നിവയിലായിരുന്നു സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചത്. വികസിത് ഭാരത് - ഗ്രാം (VB - G-RAM - G), പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവും ഗ്രാമീണ നൈപുണ്യവും (NRLM & Skills), പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന (PMGSY), ദേശീയ സാമൂഹിക സഹായ പരിപാടി (NSAP) തുടങ്ങിയ പ്രധാന പരിപാടികളെക്കുറിച്ച് വിശദമായ സെഷനുകള്‍ നടന്നു. പദ്ധതികളുടെ മൊത്തത്തിലുള്ള അവലോകനം, വിവിധ സംസ്ഥാനങ്ങളിലെ പുരോഗതി, പിന്തുടരുന്ന മികച്ച രീതികള്‍, ആധുനിക സാങ്കേതികവിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും ഉപയോഗം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. രണ്ടാം ദിവസം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഗ്രാമവികസന മന്ത്രിമാര്‍ പ്രധാന പ്ലീനറി സെഷനുകളില്‍ പങ്കെടുക്കും. നയങ്ങളെയും ഭാവി ദിശയെയും കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യും.
നഗരങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിക്കുന്നതും നഗര അടിസ്ഥാന സൗകര്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദവും കുറയ്ക്കുന്നതിന് ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുകയും സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മനാസാനി ഊന്നിപ്പറഞ്ഞു. എംജിഎന്‍ആര്‍ഇജിഎയില്‍ നിന്ന് 'വിബി - ജി റാം - ജി'യിലേക്കുള്ള പരിവര്‍ത്തനം തൊഴില്‍ സൃഷ്ടിയെ ആസ്തിയും സമ്പത്തും സൃഷ്ടിക്കുന്നതിലേക്ക് പരിവര്‍ത്തനം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി, അതിലൂടെ ഗ്രാമങ്ങളില്‍ 300-ലധികം ഉത്പാദനപരവും സ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, സംസ്ഥാനങ്ങളുടെ സഹകരണത്തോടെ, 'ലഖ്പതി ദീദി' പദ്ധതിയിലൂടെയും സ്വാശ്രയ സംഘങ്ങളിലൂടെയും ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിലും, കുടിയേറ്റം തടയുന്നതിലും, ഗ്രാമീണ വനിതകളെ സ്വയംപര്യാപ്തരാക്കുന്നതിലും മന്ത്രാലയം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ശ്രീ. കമലേഷ് പാസ്വാന്‍ പറഞ്ഞു. പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്വൈ) പ്രകാരം, പിന്നാക്ക ഗ്രാമങ്ങളെ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡുകളുമായി ബന്ധിപ്പിച്ചതായും, അര്‍ഹരായവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള അടച്ചുറപ്പുള്ള വീടുകള്‍ നല്‍കി വരുന്നതായും, എംജിഎന്‍ആര്‍ഇജിഎയിലെ ചോര്‍ച്ച ഒഴിവാക്കുന്നതിലൂടെ അടുത്ത 20 വര്‍ഷത്തെ വികസനത്തിനായി 'വിബി - ജി റാം - ജി' എന്ന പുതിയ രൂപരേഖ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഗ്രാമവികസന മന്ത്രാലയ സെക്രട്ടറി രോഹിത് കന്‍സാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ വകുപ്പിന്റെ പ്രധാന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ഏകദേശം 8 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു, 3 കോടി അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചു, 3 കോടി 'ലഖ്പതി ദീദിമാര്‍' (പ്രതിവര്‍ഷം കുറഞ്ഞത് ഒരു ലക്ഷം രൂപ വരുമാനമുള്ള സ്ത്രീകള്‍) സൃഷ്ടിക്കപ്പെട്ടു, 10 കോടി ഗ്രാമീണ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളുമായി ബന്ധിപ്പിച്ചു. വരുന്ന ദശകത്തില്‍ ഈ ആസ്തികള്‍ പരിപാലിക്കുന്നതിനും, സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹരായ എല്ലാ വ്യക്തികളിലും പൂര്‍ണ്ണമായും എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും (സാച്ചുറേഷന്‍) ഗ്രാമീണ ഇന്ത്യയിലെ പൗരന്മാരുടെ 'ജീവിതസൗഖ്യം' മെച്ചപ്പെടുത്തുന്നതിനും കൂട്ടായ ആസൂത്രണം ആവശ്യമായ ഒരു നിര്‍ണായക ഘട്ടത്തിലാണ് മന്ത്രാലയം ഇപ്പോള്‍ എത്തിനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
***
(रिलीज़ आईडी: 2278911)
आगंतुक पटल : 5