ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
'സമഗ്ര ശിശു ബാൽ സ്വാസ്ഥ്യ കാര്യക്രം' (SSBSK) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സമിതിയുടെ പതിനാറാമത് സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ.പി. നദ്ദ പുറത്തിറക്കും
प्रविष्टि तिथि:
28 JUN 2026 7:12PM by PIB Thiruvananthpuram
രാജ്യത്തെ നവജാതശിശുക്കളുടെയും കുട്ടികളുടെയും ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെപ്പായി 'സമഗ്ര ശിശു ബാൽ സ്വാസ്ഥ്യ കാര്യക്രം' (SSBSK) ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സമിതിയുടെ (CCHFW) 16-ാമത് സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ പുറത്തിറക്കും.
ജനനം മുതൽ 36 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് വീടുകള്‍ കേന്ദ്രീകരിച്ചും സാമൂഹ്യതലത്തിലും തടസ്സമില്ലാത്ത പരിചരണം ഉറപ്പാക്കാനും ഓരോ കുട്ടിക്കും സമഗ്രവും പ്രാപ്യവുമായ ആരോഗ്യ പരിരക്ഷ ഗുണനിലവാരത്തോടെ നൽകാനും ഗവൺമെന്റ് പുലര്‍ത്തുന്ന പ്രതിബദ്ധതയിലെ സുപ്രധാന നാഴികക്കല്ലായാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. കുട്ടികളുടെ അതിജീവനം, വളർച്ച, പോഷകാഹാരം, പ്രാരംഭ മസ്തിഷ്ക വികാസം എന്നിവയ്ക്ക് ജീവിതത്തിലെ ആദ്യത്തെ മൂന്ന് വർഷങ്ങളുടെ നിർണായക പ്രാധാന്യം കണക്കിലെടുത്ത് "ആദ്യ മൂന്ന് വർഷം സമ്പൂർണ പരിചരണം" എന്ന കാഴ്ചപ്പാടാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്.
വീടുകളിലെ നവജാതശിശു പരിചരണം (HBNC), വീടുകളിലെ കുട്ടികളുടെ പരിചരണം (HBYC) എന്നീ രണ്ട് പ്രമുഖ സാമൂഹ്യ സംരംഭങ്ങളെ സമഗ്ര ചട്ടക്കൂടിലേക്ക് ക്രോഡീകരിക്കുന്ന ഏകീകൃത ദേശീയ പരിപാടിയായി ‘സമഗ്ര ശിശു ബാൽ സ്വാസ്ഥ്യ കാര്യക്രം’ (SSBSK) മാറും. ഈ പരിപാടികളുടെ സമന്വയത്തിലൂടെ ജനനം മുതൽ ജീവിതത്തിന്റെ ആദ്യ മൂന്ന് വർഷം വരെ തുടർച്ചയായ പരിചരണം ഉറപ്പാക്കാനും കുട്ടികളുടെ അതിജീവനം, പോഷകാഹാരം, ആരോഗ്യകരമായ വളർച്ച, ബാല്യകാല വികാസം എന്നിവ ശക്തിപ്പെടുത്താനും സംയോജിത സമീപനം വഴിയൊരുക്കും.
അപകടസാധ്യതയേറിയ വിഭാഗത്തിലെ നവജാതശിശുക്കൾക്കും കുട്ടികൾക്കും പ്രത്യേക റിസ്ക് അധിഷ്ഠിത സമീപനം ആദ്യമായി പദ്ധതിയില്‍ അവതരിപ്പിക്കും. അപകടസാധ്യതയുടെ തോത് കണക്കിലെടുത്ത് അധിക ഗൃഹസന്ദർശനങ്ങളിലൂടെ ഇത്തരം കുട്ടികൾക്ക് തുടര്‍ച്ചയായി മികച്ച പരിചരണം ഉറപ്പാക്കും. പദ്ധതി പ്രകാരം അപകടസാധ്യതയുള്ള നവജാതശിശുക്കൾക്ക് ആദ്യ 42 ദിവസങ്ങളിൽ ഒൻപത് തവണയും കുട്ടികൾക്ക് 36 മാസം പ്രായമാകുന്നതുവരെ എട്ട് തവണയും വീടുകളിൽ നേരിട്ടെത്തി പരിചരണം ലഭ്യമാക്കും.
ആശ പ്രവർത്തകർ, ഓക്സിലറി നേഴ്സുമാര്‍, കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ സംയുക്ത ഗൃഹസന്ദർശനങ്ങളിലൂടെ പദ്ധതി തുടർച്ചയായ പരിചരണം കൂടുതല്‍ ശക്തിപ്പെടുത്തും. കൂടാതെ എല്ലാ ഗ്രാമങ്ങളിലും മാസത്തിലൊരിക്കൽ നടക്കുന്ന ആരോഗ്യ-പോഷകാഹാര ദിനങ്ങളിൽ കുട്ടികളുടെ ആരോഗ്യ നില പരിശോധിക്കാൻ 'വെൽ-ബേബി സെഷനുകൾ' തുടങ്ങും. അപകടസാധ്യതയുള്ള കുട്ടികളെ നേരത്തെ കണ്ടെത്താനും അവർക്ക് ചികിത്സ ഉറപ്പാക്കാനും എല്ലാ ആയുഷ്മാൻ ആരോഗ്യ കേന്ദ്രങ്ങളിലും മാസത്തിലൊരിക്കൽ പ്രത്യേക 'ശിശു ശിബിരങ്ങൾ' സംഘടിപ്പിക്കും.
അമ്മമാരുടെ പ്രസവാനന്തര മാനസികാരോഗ്യ പരിശോധന ഈ കമ്മ്യൂണിറ്റി അധിഷ്ഠിത പരിചരണത്തിന്റെ ഘടനാപരമായ ഭാഗമായി പദ്ധതി ഉൾപ്പെടുത്തും. ഒപ്പം കുട്ടികള്‍ക്ക് മികച്ച പരിചരണം പ്രോത്സാഹിപ്പിക്കൽ, ആദ്യകാല പഠനം, പ്രായത്തിനനുയോജ്യമായ കളിരീതികൾ, കുട്ടികളുടെ സുരക്ഷ, കുടുംബത്തിന്റെ പങ്കാളിത്തം എന്നിവയിലൂടെ കുട്ടികളുടെ ബാല്യകാല വികാസത്തിനാവശ്യമായ പോഷണ പരിചരണങ്ങള്‍ എല്ലാ ഗൃഹസന്ദർശനങ്ങളിലും കമ്മ്യൂണിറ്റി സമ്പർക്കങ്ങളിലും സമന്വയിപ്പിക്കും.
തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള പിന്തുണാ സംവിധാനങ്ങൾ, കുട്ടികളെ നിരീക്ഷിക്കുന്ന അപ്ലിക്കേഷനുകൾ, തുടർച്ചയായ ചികിത്സാ റഫറൽ സംവിധാനങ്ങൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ നിരീക്ഷണവും പരിചരണവും ശക്തിപ്പെടുത്താന്‍ ഡിജിറ്റൽ സാങ്കേതികവിദ്യകള്‍ പദ്ധതി പ്രയോജനപ്പെടുത്തും. ഈ ഡിജിറ്റൽ സംവിധാനങ്ങളെ ജനനി പോർട്ടൽ, യു-വിൻ പോർട്ടൽ, MPCDSR പോർട്ടൽ, RBSK 2.0 പോർട്ടൽ, പോഷണ്‍ ട്രാക്കർ എന്നിവയുമായി ബന്ധിപ്പിക്കും. ഇത് ആഭ, ബാൽ-ആഭ ഐഡികളിലൂടെ തടസ്സമില്ലാത്ത വിവര കൈമാറ്റവും സേവനത്തുടർച്ചയും സാധ്യമാക്കും. ചേരികൾ, കുടിയേറ്റക്കാർ, പിന്നാക്ക ജനവിഭാഗങ്ങൾ എന്നിവർക്കായി പ്രത്യേകം ആവിഷ്കരിച്ച നടപടികളിലൂടെ നഗരപ്രദേശങ്ങളിലെ ഗാർഹിക പരിചരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും.
അമിതമായ സ്ക്രീൻ ഉപയോഗവും കുറഞ്ഞ ശാരീരിക സമ്പർക്കങ്ങളും കുട്ടികളുടെ മസ്തിഷ്ക വികാസം, വൈകാരിക ആരോഗ്യം, സാമൂഹ്യ കഴിവുകൾ എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് ഡിജിറ്റൽ യുഗത്തിലെ പുതിയ വെല്ലുവിളികളെയും ഈ മാർഗരേഖ അഭിസംബോധന ചെയ്യുന്നു. ജീവിതത്തിലെ ആദ്യ മൂന്ന് വർഷങ്ങളിൽ പ്രായത്തിനനുയോജ്യമായ കളികളും ശാരീരിക പ്രവർത്തനങ്ങളും മാനസിക ഉത്തേജനവും പ്രോത്സാഹിപ്പിക്കാൻ മാർഗരേഖ നിർദേശിക്കുന്നു.
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിനൊപ്പം ഓരോ അമ്മയ്ക്കും കുട്ടിക്കും പ്രാപ്യവും തുല്യവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതില്‍ ഗവൺമെന്റിന്റെ പ്രതിബദ്ധത അടിവരയിടുന്നതാണ് സമഗ്ര ശിശു ബാൽ സ്വാസ്ഥ്യ കാര്യക്രമിന്റെ (SSBSK) സമാരംഭം.
SKY
******
(रिलीज़ आईडी: 2278784)
आगंतुक पटल : 2