പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സെയ്ഷെൽസ് സന്ദർശനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന (2026 ജൂൺ 27-29)

प्रविष्टि तिथि: 27 JUN 2026 8:30AM by PIB Thiruvananthpuram

“എന്റെ സുഹൃത്തും സെയ്ഷെൽസ് പ്രസിഡന്റുമായ ഡോ. പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരം, സെയ്ഷെൽസ് ദേശീയ ദിനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി 2026 ജൂൺ 27 മുതൽ 29 വരെ ഞാൻ സെയ്ഷെൽസിൽ ഔദ്യോഗിക സന്ദർശനം നടത്തും.

നമ്മുടെ ‘മഹാസാഗർ’ ദൗത്യത്തിലും ഗ്ലോബൽ സൗത്തിനോടുള്ള നമ്മുടെ കൂട്ടായ പ്രതിജ്ഞാബദ്ധതയിലും പ്രധാന പങ്കാളിയായ മൂല്യവത്തായ സമുദ്ര അയൽരാജ്യമാണ് സെയ്ഷെൽസ്. പരസ്പരവിശ്വാസം, കൂട്ടായ ജനാധിപത്യ മൂല്യങ്ങൾ, വൈവിധ്യത്തോടുള്ള ആദരം, ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള അടുപ്പം എന്നിവയിൽ വേരൂന്നിയ നമ്മുടെ നയതന്ത്രബന്ധം സ്ഥാപിതമായതിന്റെ 50-ാം വാർഷികവും ഈ വർഷം നാം ആഘോഷിക്കുകയാണ്.

2026 ഫെബ്രുവരിയിൽ പ്രസിഡന്റ് ഹെർമിനി ഇന്ത്യയിലേക്ക് നടത്തിയ വിജയകരമായ ഔദ്യോഗിക സന്ദർശനത്തിന്റെ തുടർച്ചയായി, നമ്മുടെ ശാശ്വത സൗഹൃദം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകളെ ഞാൻ ആകാംക്ഷയോടെ നോക്കിക്കാണുന്നു. നമ്മുടെ ജനങ്ങളുടെ പുരോഗതി മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷിതത്വവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനും നാം ഒരുമിച്ച് പ്രവർത്തിക്കും.

സന്ദർശനവേളയിൽ, സെയ്ഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള ബഹുമതി എനിക്ക് ലഭിക്കും. ഈ ചരിത്രപരമായ അവസരം നമ്മുടെ ഇരുരാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ ജനാധിപത്യ മൂല്യങ്ങളെയും പാർലമെന്ററി പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

തലമുറകളായി ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള സവിശേഷമായ സൗഹൃദം കാത്തുസൂക്ഷിക്കുകയും ഇരുരാജ്യങ്ങൾക്കും ഇടയിൽ സജീവ പാലമായി വർത്തിക്കുകയും ചെയ്യുന്ന സെയ്ഷെൽസിലെ ഊർജസ്വലരായ ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുന്നതിനും ഞാൻ ആഗ്രഹിക്കുന്നു.

എന്റെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്നും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര സഹകരണം വർധിപ്പിക്കുമെന്നും സുരക്ഷിതവും സമാധാനപരവും സമൃദ്ധവുമായ ഇന്ത്യൻ മഹാസമുദ്ര മേഖലയെക്കുറിച്ചുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്.”

SK

 


(रिलीज़ आईडी: 2278362) आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Gujarati , Odia , Tamil , Telugu , Kannada