ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
प्रविष्टि तिथि:
24 JUN 2026 7:08PM by PIB Thiruvananthpuram
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം സംഘടിപ്പിച്ച ദ്വിദിന 'ടെക്സ്റ്റൈൽസ് ഉച്ചകോടി 2026' വിജയകരമായി സമാപിച്ചു. 2026 ജൂൺ 23, 24 തീയതികളിലാണ് ഉച്ചകോടി നടന്നത്. ഈ മേഖലയുടെ വളർച്ചയെക്കുറിച്ചും ഭാവി കർമ്മപദ്ധതിയെക്കുറിച്ചുള്ള സഹകരണപരമായ ചർച്ചകൾക്കുമായി സംസ്ഥാന ഗവൺമെൻ്റുകൾ, വ്യവസായ രംഗം, അക്കാദമിക മേഖല എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.
ജില്ലാ-സംസ്ഥാന ആസൂത്രണ പദ്ധതികൾ പ്രോത്സാഹന മനോഭാവത്തോടെ നടപ്പിലാക്കേണ്ട സമയമാണിതെന്ന് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് പ്രസ്താവിച്ചു. അനുയോജ്യമായ ഉൽപ്പന്ന-വിപണി മിശ്രിതം മൂല്യവർദ്ധന, സുസ്ഥിരതയും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിക്കൽ, എഫ്.ടി.എ.കൾ (Free Trade Agreements) പ്രയോജനപ്പെടുത്തൽ, സവിശേഷമായ ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയ്ക്ക് അദ്ദേഹം ഊന്നൽ നൽകി.

ഉച്ചകോടിയിലെ ചർച്ചകൾ, സംഭാഷണങ്ങളിൽ നിന്ന് പ്രവർത്തനങ്ങളിലേക്കുള്ള പരിവർത്തനത്തിനായുള്ള നിർണ്ണായക ചുവടുവെയ്പ്പാണെന്ന് ടെക്സ്റ്റൈൽസ് മന്ത്രാലയം സെക്രട്ടറി ശ്രീമതി നീലം ഷാമി റാവു പറഞ്ഞു . സംസ്ഥാനങ്ങൾ, ജില്ലകൾ, വ്യവസായ പങ്കാളികൾ, കയറ്റുമതി പ്രോത്സാഹന സമിതികൾ എന്നിവയിൽ നിന്ന് ലഭിച്ച ശുപാർശകളെ ഒരു സമഗ്ര 'ദേശീയ ടെക്സ്റ്റൈൽ കയറ്റുമതി കർമ്മപദ്ധതി ' ആയി മാറ്റണമെന്ന് അവർ എടുത്തുപറഞ്ഞു. ഉയർന്ന മൂല്യമുള്ള മേഖലകൾ, ഗുണനിലവാരം, നൂതനാശയങ്ങൾ , സുസ്ഥിരത എന്നിവയ്ക്ക് ഈ മേഖല മുൻഗണന നൽകും. കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ആഗോള ടെക്സ്റ്റൈൽ വ്യാപാരത്തിൽ ഇന്ത്യയുടെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനും ശക്തമായ സ്ഥാപനപരമായ ഏകോപനത്തിൻ്റെ പിന്തുണ ഇതിനുണ്ടാകും.

ഉച്ചകോടിയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിച്ച വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ, അടുത്തിടെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകളുടെ (FTAs) ആനുകൂല്യങ്ങൾ എത്രയും വേഗം പ്രയോജനപ്പെടുത്താൻ ടെക്സ്റ്റൈൽസ് വ്യവസായ രംഗം ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് അഭ്യർത്ഥിച്ചു. കയറ്റുമറ്റിക്കാർക്ക് എഫ്.ടി.എ.കൾ ഫലപ്രദമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിനുള്ള നിർണ്ണായക നടപടിയായി ജില്ലാതലത്തിലുള്ള വിവരങ്ങളുടെ അഭാവം പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കിയ വിവിധ കയറ്റുമതി പ്രോത്സാഹന ഇടപെടലുകളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. “ എഫ്.ടി.എ.കളിലെ സമീപകാല പ്രോത്സാഹനം- ടെക്സ്റ്റൈൽസ് മേഖലയുടെ കാഴ്ചപ്പാട് ” (Leveraging recent FTAs- a Textiles perspective) എന്ന ലഘുലേഖയെ സെക്രട്ടറി അഭിനന്ദിക്കുകയും ഇതുമായി ബന്ധപ്പെട്ട വാണിജ്യ വകുപ്പ് 500 ശില്പശാലകൾ നടത്തിയതായി സൂചിപ്പിക്കുകയും ചെയ്തു. കൂടാതെ, പുനരുജ്ജീവിപ്പിച്ച 'ഡിസ്ട്രിക്റ്റ് അസ് എക്‌സ്‌പോർട്ട് ഹബ്ബ്' (DEH) പദ്ധതിയുടെ ഭാഗമാകാൻ അദ്ദേഹം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആഹ്വാനം ചെയ്തു.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളുടെ ഗ്രൂപ്പ് അവതരണത്തോടെയാണ് രണ്ടാം ദിവസത്തെ ഉച്ചകോടി ആരംഭിച്ചത്. 2026 ജൂൺ 23-ന് നടന്ന പ്രധാന സെഷനുകളിലെ ചർച്ചകളും ഫലങ്ങളും ഈ അവതരണങ്ങളിൽ സംഗ്രഹിച്ചു. 2030-ഓടെ 100 ബില്യൺ യു.എസ്. ഡോളറിൻ്റെ കയറ്റുമതി എന്ന ടെക്സ്റ്റൈൽസ് മേഖലയുടെ ലക്ഷ്യത്തിന് അനുസൃതമായി കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ശുപാർശകളും പ്രായോഗിക നിർദ്ദേശങ്ങളും ഇതിൽ എടുത്തുകാണിച്ചു.
ടെക്സ്റ്റൈൽസ് ഉച്ചകോടി 2026-ന്റെ രണ്ടാം ദിനത്തിൽ, രണ്ട് ദിവസങ്ങളിലായി നടന്ന അഞ്ച് പ്രധാന സെഷനുകളിലെ അവസാന രണ്ട് സെഷനുകൾ നടന്നു. ഇതിൽ ആദ്യ സെഷൻ 'ഗുണനിലവാരം, സുസ്ഥിരതാ സർട്ടിഫിക്കേഷനുകൾ, സ്രോതസ്സ് തീരുമാനങ്ങൾ' എന്ന വിഷയത്തിൽ നടന്നു.ആഗോള ബ്രാൻഡുകളുടെ ആവശ്യകതകളെ സംസ്ഥാനതല ക്ലസ്റ്റർ തന്ത്രങ്ങളിലേക്ക് മാറ്റുക, സുതാര്യതയ്ക്കായി ഡിജിറ്റൽ ഉൽപ്പന്ന പാസ്‌പോർട്ടുകൾ പ്രോത്സാഹിപ്പിക്കുക, ടെക്സ്റ്റൈൽസ് മേഖലയിൽ ചാക്രികത മെച്ചപ്പെടുത്തുന്നതിനായി ക്ലോസ്ഡ്-ലൂപ്പ് റീസൈക്ലിംഗ് വഴികൾ പര്യവേക്ഷണം ചെയ്യുക എന്നിവ ചർച്ചകളിൽ പ്രധാനമായി ഉയർന്നുവന്നു.
ടെക്സ്റ്റൈൽ മാലിന്യ സംസ്കരണത്തിനായി മുൻസിപ്പൽ സ്ഥാപനങ്ങളും തദ്ദേശ സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും ഈ സെഷൻ അടിവരയിട്ടു.
അക്കാദമിക് ഗവേഷണ-വികസനങ്ങളും (R&D) വാണിജ്യപരമായി ലാഭകരമായ പുനചoക്രമണ സംവിധാനങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുക, എം.എസ്.എം.ഇ.കൾക്കുള്ളനിർവഹണ ചട്ടക്കൂടുകൾ ലളിതമാക്കുക, സുസ്ഥിരതയും ആഗോള മത്സരശേഷിയും വർദ്ധിപ്പിക്കുന്നതിന് വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര നിയന്ത്രണ മാനദണ്ഡങ്ങളുമായി ദേശീയ നയങ്ങളെ പൊരുത്തപ്പെടുത്തുക എന്നിവയും ചർച്ചയായി.
'കയറ്റുമതി പ്രാപ്തമാക്കൽ, എഫ്.ടി.എ. വിനിയോഗം, വിപണി വൈവിധ്യവൽക്കരണം' എന്ന വിഷയത്തിലായിരുന്നു ഉച്ചകോടിയുടെ സമാപന സെഷൻ നടന്നത് . ഇത് ഇന്ത്യയുടെ ടെക്സ്റ്റൈൽ കയറ്റുമതി വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്രമായ ഒരു കർമ്മരേഖ തയ്യാറാക്കി. സംസ്ഥാന ഗവണ്മെൻ്റുകൾ , അക്കാദമിക മേഖല, വ്യവസായം എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ചർച്ചകളിൽ, സുസ്ഥിരത, മാനദണ്ഡങ്ങൾ, പരസ്പര അംഗീകാര ചട്ടക്കൂടുകൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കയറ്റുമതി വളർച്ചയ്ക്ക് സ്വതന്ത്ര വ്യാപാര കരാറുകൾക്ക് (FTAs) കീഴിലുള്ള താരിഫ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ ഊന്നൽ നൽകി. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കൽ വിപണി വൈവിധ്യവൽക്കരണം, വൻകിട നിക്ഷേപകരെ ആകർഷിക്കൽ, കൃത്രിമ നാരുകൾക്ക് (MMF) കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഉൽപ്പന്ന വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ ആവശ്യകത ഈ സെഷൻ എടുത്തുകാട്ടി. സ്വന്തമായി ഡിസൈൻ ചെയ്യാനുള്ള കഴിവുകൾ വികസിപ്പിക്കുക, മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ താൽപ്പര്യങ്ങളോട് പ്രതികരിക്കുക, ആഗോളതലത്തിൽ മത്സരശേഷിയുള്ള 'ചാമ്പ്യൻ എം.എസ്.എം.ഇ.കൾ' കെട്ടിപ്പടുക്കുക എന്നിവയുടെ പ്രാധാന്യവും ചർച്ചകൾ ചൂണ്ടിക്കാട്ടി . കൂടാതെ, അന്താരാഷ്ട്ര വിപണിയിൽ കയറ്റുമതി ധനസഹായം വർദ്ധിപ്പിക്കുക, അപകടസാധ്യത കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ, തന്ത്രപരമായ വിപണി പ്രവേശന സംരംഭങ്ങൾ എന്നിവ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര വിപണിയിൽ 'ബ്രാൻഡ് ഇന്ത്യ' പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിർണായക ഘടകങ്ങളായി തിരിച്ചറിഞ്ഞു.