വാണിജ്യ വ്യവസായ മന്ത്രാലയം
प्रविष्टि तिथि:
24 JUN 2026 6:13PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ 2026 ജൂൺ 25 മുതൽ 27 വരെ യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടൻ ഔദ്യോഗികമായി സന്ദർശിക്കും. ചരിത്രപരമായ ഇന്ത്യ-യു.കെ. സമഗ്ര സാമ്പത്തിക വ്യാപാര കരാറും (CETA), അതിൻ്റെ അനുബന്ധ കരാറായ ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷനും (DCC) 2026 ജൂലൈ 15-ന് നിലവിൽ വരുന്നതിന് മുന്നോടിയായാണ് ഈ സന്ദർശനം.
സന്ദർശന വേളയിൽ ശ്രീ ഗോയൽ യു.കെ. ഗവൺമെൻ്റിൻ്റെ ബിസിനസ്സ് ആൻഡ് ട്രേഡ് സെക്രട്ടറി പീറ്റർ കൈലുമായി ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഈ ഉടമ്പടികൾ പ്രായോഗികമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന ചുവടുവെയ് പ്പാണ് ഈ കൂടിക്കാഴ്ച.
നിയന്ത്രണ കർമപദ്ധതി യോജിപ്പിക്കുക, അതിർത്തി കടന്നുള്ള കസ്റ്റംസ് ഏകോപനം കാര്യക്ഷമമാക്കുക, CETA, DCC എന്നിവ സുഗമമായി നടപ്പിലാക്കുന്നതിനുള്ള ഭരണപരമായ സംവിധാനങ്ങൾക്ക് അന്തിമരൂപം നൽകുക എന്നിവയിലായിരിക്കും ഉഭയകക്ഷി ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. CETA-യുടെ താരിഫ് ഉദാരവൽക്കരണ പ്രതിജ്ഞാബദ്ധതകൾ നടപ്പാക്കുന്നതിനുള്ള സന്നദ്ധത മന്ത്രിമാർ വിലയിരുത്തും, ഇത് യു.കെ.യിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് കൂടുതൽ വിപണി അവസരങ്ങൾ നൽകും. യോഗ്യരായ താൽക്കാലിക തൊഴിലാളികൾക്കുള്ള ഇരട്ട സാമൂഹിക സുരക്ഷാ വിഹിതം (dual social security contribution) സംബന്ധിച്ച പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള വ്യവസ്ഥാപിത സംവിധാനം ഒരുക്കാൻ ലക്ഷ്യമിടുന്ന ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ്റെ പ്രവർത്തന രൂപരേഖയും ചർച്ച ചെയ്യും..ഇത് പ്രൊഫഷണലുകളുടെയും വ്യാപാരികളുടെയും സുഗമമായ സഞ്ചാരത്തിന്സഹായകരമാകും.
പ്രധാന സേവന മേഖലകളിലുടനീളം പരസ്പര വിപണി പ്രവേശന പ്രതിജ്ഞാബദ്ധതകൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്യുകയും ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ വിലയിരുത്തുകയും ചെയ്യും. ആഭ്യന്തര സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ആഗോള സാമ്പത്തിക അവസരങ്ങൾ വിപുലമാക്കുന്നതിനും, ഉഭയകക്ഷി വാണിജ്യത്തിന് സുതാര്യവും നിയമസാധുതയുള്ളതുമായ ഒരു ചട്ടക്കൂട് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള 'വികസിത് ഇന്ത്യ' ദർശനത്തിന് കീഴിലുള്ള ഇന്ത്യയുടെ തുടർച്ചയായ ശ്രമങ്ങളെയാണ് ഈ ഇടപെടൽ പ്രതിഫലിപ്പിക്കുന്നത്.
സന്ദർശനത്തിൻ്റെ ഭാഗമായി, ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള വാണിജ്യ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വ്യവസായ പ്രമുഖർ, നിക്ഷേപകർ, കോർപ്പറേറ്റ് പ്രതിനിധികൾ എന്നിവരുമായി മന്ത്രി നിരവധി ഗവൺമെൻ്റ് -ടു-ബിസിനസ്സ് (G2B) കൂടിക്കാഴ്ചകളിൽ പങ്കെടുക്കും.
ഇന്ത്യ ഗ്ലോബൽ ഫോറത്തിൻ്റെ (IGF) ഉദ്ഘാടന പ്ലീനറി സമ്മേളനത്തെ മന്ത്രി അഭിസംബോധന ചെയ്യും. "മൂലധനം, നൂതനാശയം , യു.കെ.-ഇന്ത്യ സഹകരണം " എന്ന പ്രമേയത്തിൽ അദ്ദേഹം സംസാരിക്കും.
വരാനിരിക്കുന്ന ഇന്ത്യ-യു.കെ. CETA നടപ്പാക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ആഗോള ബിസിനസുകൾക്കുള്ള പുതിയ അവസരങ്ങളിലായിരിക്കും ഈ സെഷൻ ശ്രദ്ധ കേന്ദ്രീകരിക്കുക.
തന്ത്രപരമായ നിക്ഷേപങ്ങൾ, വ്യാവസായിക സഹകരണം, ഇന്ത്യയിലെ നിർമ്മാണ പങ്കാളിത്തത്തിൻ്റെ വിപുലീകരണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി HSBC (ഗ്ലോബൽ ട്രേഡ് സൊല്യൂഷൻസ്), റോൾസ് റോയ്സ് ഉൾപ്പെടെയുള്ള പ്രമുഖ ആഗോള കമ്പനികളുടെ മുതിർന്ന എക്സിക്യൂട്ടീവുകളുമായി ശ്രീ ഗോയൽ വ്യക്തിഗത ചർച്ചകൾ നടത്തും.
യു.കെ.-ഇന്ത്യ ബിസിനസ് കൗൺസിൽ (UKIBC) സംഘടിപ്പിക്കുന്ന ബിസിനസ് പ്ലീനറി സമ്മേളനത്തിലും സംവേദനാത്മക വിരുന്നിലും മന്ത്രി പങ്കെടുക്കും. ഇന്ത്യ-യു.കെ. സാമ്പത്തിക പങ്കാളിത്തത്തിന് കീഴിലുള്ള വ്യാപാരം, നിക്ഷേപം, ബിസിനസ്സ് സഹകരണം എന്നിവയ്ക്കുള്ള അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ടാറ്റ, ടി.സി.എസ്., എച്ച്എസ്ബി.സി., പ്രുഡൻഷ്യൽ, ഡി ബിയേഴ്സ്, ബേക്കർ മക്കെൻസി തുടങ്ങിയ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെ സി-സ്യൂട്ട് (C-suite) എക്സിക്യൂട്ടീവുകളും പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുക്കും.
സ്ഥാപന നിക്ഷേപകരുമായും ആഗോള വ്യവസായ പ്രമുഖരുമായും ഉള്ള ബന്ധം ആഴത്തിലാക്കാൻ, ഏഷ്യാ ഹൗസ് സംഘടിപ്പിക്കുന്ന പ്രത്യേക ചർച്ചയ്ക്ക് ശ്രീ ഗോയൽ നേതൃത്വം നൽകും. ജെ.പി. മോർഗൻ, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ലോയ്ഡ്സ്, മോർഗൻ സ്റ്റാൻലി, അരൂപ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക-വ്യവസായ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്ത്യയുടെ വ്യാവസായിക മത്സരശേഷി, നിക്ഷേപ അന്തരീക്ഷം, ആഗോള വിതരണ ശൃംഖലകളുമായുള്ള സംയോജനം എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കും.
യു.കെ. സന്ദർശിക്കുന്ന ഇന്ത്യൻ വ്യവസായ പ്രതിനിധി സംഘവുമായുള്ള പ്രത്യേക കൂടിക്കാഴ്ച, ബ്രിട്ടീഷ്-ഇന്ത്യൻ ബിസിനസ്സ് സമൂഹത്തിൻ്റെ പ്രതിനിധികളുമായും ജി.ഇ.ഡി.യു. (GEDU) പോലുള്ള ആഗോള വിദ്യാഭ്യാസ ഗ്രൂപ്പുകളുമായും ഉള്ള ചർച്ചകൾ എന്നിവയും ഈ വ്യാപാര-നിക്ഷേപ പരിപാടിയുടെ ഭാഗമായി നടക്കും.
ആഗോള ബിസിനസുകളുമായും നിക്ഷേപകരുമായും ഇടപഴകുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സന്ദർശനം. ഇത് ഇന്ത്യ-യു.കെ. സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനും 2030ഓടെ ഉഭയകക്ഷി വ്യാപാരം 120 ബില്യൺ യു.എസ്. ഡോളറിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.