യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

”ഇന്ത്യയുടെ കായിക ഭൂപടത്തിൽ കേരളത്തിനുള്ളത് സവിശേഷ സ്ഥാനം”: തിരുവനന്തപുരത്ത് നടന്ന 2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റണ്ണിൽ പങ്കെടുത്ത് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ


“ഇന്ന് കേരളത്തിൽ നിന്നുള്ള 115 കായികതാരങ്ങൾ ഖേലോ ഇന്ത്യ പരിപാടിയുടെ ഭാഗമാണ്, അവർ ഇന്ത്യയുടെ ഭാവി ചാമ്പ്യന്മാരാകാൻ പരിശീലനം നേടുന്നു”: ഏഷ്യൻ ഗെയിംസ് ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഡോ.മാണ്ഡവ്യ

“2036-ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച 10 കായിക ശക്തികളിൽ ഒന്നാക്കാനും 2047-ഓടെ ആദ്യ 5 സ്ഥാനങ്ങളിൽ എത്തിക്കാനുമുള്ള ലക്ഷ്യം പ്രധാനമന്ത്രി മോദി മുന്നോട്ടുവെച്ചിട്ടുണ്ട്”: കേന്ദ്രമന്ത്രി ഡോ. മാണ്ഡവ്യ

“2026-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തിലും മെഡൽ നേട്ടങ്ങളിലും കേരളത്തിൽ നിന്നുള്ള കായികതാരങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും”: ഡോ. മൻസുഖ് മാണ്ഡവ്യ

തിരുവനന്തപുരത്ത് ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച 2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റണ്ണിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു

प्रविष्टि तिथि: 23 JUN 2026 6:02PM by PIB Thiruvananthpuram


ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ “ഏഷ്യൻ ഗെയിംസ് ഫോർ ഓൾ” (എല്ലാവർക്കും ഏഷ്യൻ ഗെയിംസ്) ഉദ്യമത്തിന് കീഴിൽ തിരുവനന്തപുരത്ത് നടന്ന 2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റണ്ണിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു.

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പരിപാടി കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി പി.ടി.ഉഷ, കേരള കായിക-യുവജനകാര്യ മന്ത്രി ശ്രീ ഒ.ജെ.ജനീഷ് കുമാർ എന്നിവരുടെയും മറ്റ് വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിൽ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ഡോ.മാണ്ഡവ്യ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെയും കേരള ഒളിമ്പിക് അസോസിയേഷനെയും പരിപാടി സംഘടിപ്പിക്കുന്നതിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിച്ചു. ഇന്ത്യയുടെ കായിക ഭൂപടത്തിൽ കേരളത്തിന് സവിശേഷമായ ഒരു സ്ഥാനമുണ്ടെന്നും കായികരംഗത്തോടുള്ള അഭിനിവേശം ഇവിടുത്തെ ചാമ്പ്യന്മാരിൽ മാത്രമല്ല, ഇവിടുത്തെ ജനങ്ങളിലും ദൃശ്യമാണെന്നും സംസ്ഥാനത്തിന്റെ കായിക സംസ്കാരത്തെയും ജനപങ്കാളിത്തത്തെയും പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഇന്ന് 69 വനിതാ കായികതാരങ്ങൾ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള 115 കായികതാരങ്ങൾ ഖേലോ ഇന്ത്യ പരിപാടിയുടെ ഭാഗമാണ്, അവർ ഇന്ത്യയുടെ ഭാവി ചാമ്പ്യന്മാരാകാൻ പരിശീലനം നേടുന്നു. കൂടാതെ കേരളത്തിൽ നിന്നുള്ള 17 കായികതാരങ്ങൾ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീമിന്റെ (TOPS) ഭാഗമാണ്, അവർക്ക് ലോകോത്തര പരിശീലനം ലഭിക്കുന്നു” - സംസ്ഥാനത്തെ കായിക വികസന പരിപാടികളുടെ സ്വാധീനം എടുത്തുപറഞ്ഞുകൊണ്ട് മന്ത്രി പറഞ്ഞു.

ഫൺ റണ്ണിൽ കേരളത്തിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ ആവേശകരമായ പങ്കാളിത്തം ദൃശ്യമായി. ഇന്ത്യൻ ആർമി ബാൻഡിന്റെ പ്രകടനങ്ങൾ, സുംബ സെഷനുകൾ, ബോഡിബിൽഡിംഗ് പ്രദർശനം, യോഗ, ജിംനാസ്റ്റിക്സ് കായികതാരങ്ങളുടെ പരിപാടികൾ എന്നിവയും ഈ ചടങ്ങിന്റെ സവിശേഷതയായിരുന്നു.

“2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. 2036-ലെ ഒളിമ്പിക് ഗെയിംസിന് ഇന്ത്യയിൽ ആതിഥേയത്വം വഹിക്കുന്നതിനായുള്ള ബിഡും നമ്മൾ സമർപ്പിച്ചിട്ടുണ്ട്. നാം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047-ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച 5 കായിക ശക്തികളിൽ ഒന്നാക്കാനും 2036-ഓടെ ഏറ്റവും മികച്ച 10 കായിക ശക്തികളിൽ ഒന്നാക്കാനും പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്നു” - ഇന്ത്യയുടെ കായിക മേഖലയിലെ ആഗ്രഹങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഡോ.മാണ്ഡവ്യ പറഞ്ഞു.

“ജപ്പാനിൽ നടക്കാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ നമ്മൾ പുതിയ റെക്കോർഡ് സ്ഥാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാജ്യത്തിന്റെ പ്രകടനത്തിലും മെഡൽ നേട്ടങ്ങളിലും കേരളത്തിൽ നിന്നുള്ള കായികതാരങ്ങൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടാകുമെന്ന് എനിക്ക് അത്രതന്നെ ഉറപ്പുണ്ട്” - വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തിലുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് മന്ത്രി പ്രസ്താവിച്ചു,

ഫൺ റണ്ണിനെത്തുടർന്ന് ആയിരത്തിലധികം കുട്ടികളുടെയും യുവാക്കളുടെയും പങ്കാളിത്തത്തോടെ റോളർ സ്കേറ്റർമാർ, ഇലക്ട്രിക് സ്കൂട്ടറുകൾ, ബുള്ളറ്റ് മോട്ടോർസൈക്കിളുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഒരു വലിയ റാലി സംഘടിപ്പിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന വർണ്ണാഭമായ സമാപന ചടങ്ങോടെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

വിദ്യാർത്ഥികൾ, കായികതാരങ്ങൾ, പരിശീലകർ, എൻസിസി കേഡറ്റുകൾ, എൻഎസ്എസ് വോളന്റിയർമാർ, സായുധ സേനാംഗങ്ങൾ, കേരളാ പോലീസ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരെ ഒന്നിപ്പിച്ചുകൊണ്ട് ഈ സുപ്രധാന പരിപാടി തലസ്ഥാന നഗരിയെ കായികക്ഷമതയുടെയും ഫിറ്റ്നസിന്റെയും യുവജന പങ്കാളിത്തത്തിന്റെയും സാമൂഹിക പങ്കാളിത്തത്തിന്റെയും ഊർജ്ജസ്വലമായ ആഘോഷമാക്കി മാറ്റി.

2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റണ്ണിന്റെ വിജയകരമായ നടത്തിപ്പ് കായികരംഗത്ത് മുൻപന്തിയിലുള്ള ഒരു സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയും കായികമേഖല, യുവജന പങ്കാളിത്തം, ഒളിമ്പിക് പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഗവൺമെന്റുകൾ, കായിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്തു.

  

-SK-


(रिलीज़ आईडी: 2277194) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Tamil