പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജൂൺ 20-ന് ഒഡീഷ സന്ദർശിക്കും
ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മയൂർഭഞ്ജിലെ പഹാഡ്പൂർ ഗ്രാമം സന്ദർശിക്കും
ഒഡീഷ സർക്കാരിന്റെ രണ്ട് വർഷത്തെ ഭരണം പൂർത്തിയാകുന്നതിന്റെ ഭാഗമായി മയൂർഭഞ്ജിലെ റൈരംഗ്പൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കും
47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടക്കും
ഊർജ്ജം, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ, റോഡ് കണക്റ്റിവിറ്റി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ജലസേചനം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് ഈ പദ്ധതികൾ
प्रविष्टि तिथि:
19 JUN 2026 11:53AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 20-ന് ഒഡീഷ സന്ദർശിക്കും. ഈ സന്ദർശന വേളയിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രധാനമന്ത്രിയോടൊപ്പം ചേരും. ഇത് ഒഡീഷ സംസ്ഥാനത്തെ സംബന്ധിച്ച് വളരെ അപൂർവ്വവും സുപ്രധാനവുമായ ഒരു അവസരമാണ്.
രാവിലെ 11:15-ഓടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മയൂർഭഞ്ജ് ജില്ലയിലെ പഹാഡ്പൂർ ഗ്രാമം സന്ദർശിക്കും. അവിടെയുള്ള വിശുദ്ധ വനങ്ങളായ 'സന്താലി ജഹേര', 'ഹോ ജഹേര' എന്നിവടങ്ങളിലും സ്കിൽ സെന്ററിലും പഹാഡ്പൂർ സ്കൂളിലും രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രാർത്ഥനകൾ നടത്തും. ആദിവാസി-ഗ്രാമീണ മേഖലകളിലെ വിദ്യാഭ്യാസ അവസരങ്ങൾ, നൈപുണ്യ വികസനം, സാമൂഹിക-സാമ്പത്തിക ശാക്തീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി നടന്നു വരുന്ന ശ്രമങ്ങൾക്ക് അടിവരയിടുന്നതായിരിക്കും ഈ സന്ദർശനം.
ഉച്ചയ്ക്ക് 1 മണിയോടെ മയൂർഭഞ്ജ് ജില്ലയിലെ റൈരംഗ്പൂരിൽ ഒഡീഷ സർക്കാരിന്റെ രണ്ട് വർഷത്തെ ഭരണം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കും. “വികാസ് രാ ധാര, ഒഡീഷ സാര” (വികസനത്തിന്റെ ഒഴുക്ക് ഒഡീഷയിലുടനീളം) എന്നതാണ് ഈ പരിപാടിയുടെ പ്രമേയം. ചടങ്ങിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഊർജ്ജം, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ, റോഡ് കണക്റ്റിവിറ്റി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ജലസേചനം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് ഈ പരിപാടിയിൽ നടക്കുക. ഈ പദ്ധതികൾ ഒഡീഷയിലുടനീളം അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്നും, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും, ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുമെന്നും, ഒപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വികസനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന ഈ സംരംഭങ്ങൾ, ആദിവാസി-ഗ്രാമീണ മേഖലകളിലെ വളർച്ചയ്ക്ക് കൂടുതൽ വേഗത പകരുകയും വികസനത്തിന്റെ നേട്ടങ്ങൾ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുകയും ചെയ്യും.
തറക്കല്ലിടുന്ന പ്രധാന പദ്ധതികളിൽ 600 മെഗാവാട്ടിന്റെ 'അപ്പർ ഇന്ദ്രാവതി പമ്പ്ഡ് സ്റ്റോറേജ് പ്രോജക്റ്റും', 660 മെഗാവാട്ട് വീതമുള്ള രണ്ട് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന 'ഇബ് (IB) തെർമൽ പവർ സ്റ്റേഷന്റെ രണ്ടാം ഘട്ട വികസന പദ്ധതിയും' ഉൾപ്പെടുന്നു. ഈ പദ്ധതികൾ ഒഡീഷയിലെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് കരുത്തുപകരുകയും ചെയ്യും. ജാർസുഗുഡ ജില്ലയിലെ ലഖൻപൂരിൽ സ്ഥാപിക്കുന്ന ഭാരത് കോൾ ഗ്യാസിഫിക്കേഷൻ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (BCGCL) പദ്ധതിയുടെ തറക്കല്ലിടലും ചടങ്ങിൽ നടക്കും. ഇത് ആഭ്യന്തര കൽക്കരി വിഭവങ്ങളുടെ കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, ഈ മേഖലയിൽ പുതിയ വ്യവസായ-തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും.
തറക്കല്ലിടുന്ന മറ്റ് പദ്ധതികളിൽ ഭുവനേശ്വറിലെ ഉറവിടത്തിൽ തന്നെ തരംതിരിച്ച നഗര ഖരമാലിന്യത്തെ അടിസ്ഥാനമാക്കിയുള്ള 300 ടിപിഡി (TPD - ടൺ പ്രതിദിനം) കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്, കട്ടക്കിനെയും ഭുവനേശ്വറിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന കഥാജോഡി നദിക്ക് കുറുകെയുള്ള പാലം, ബൗദ്ധ് ജില്ലയിലെ ധൽപൂർ-ഹർഭംഗ റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി, നുവാപഡ മുതൽ ഘട്ടിപഡ വരെയുള്ള എൻഎച്ച്-353 (NH-353) പാതയുടെ ഒരു ഭാഗം നാലുവരിപ്പാതയാക്കൽ എന്നിവ ഉൾപ്പെടുന്നു. കൂടാതെ കുസുംദിഹി മെഗാലിഫ്റ്റ് ജലസേചന പദ്ധതി, റൈരംഗ്പൂരിലെ ഇഗ്നോ (IGNOU) റീജിയണൽ സെന്റർ, ഇൻഡോർ ബാഡ്മിന്റൺ കോംപ്ലക്സ് തുടങ്ങിയവയും ഇതിൽപ്പെടും.
ബൗദ്ധിലെ 300 കിടക്കകളുള്ള ജില്ലാ ആസ്ഥാന ആശുപത്രി മന്ദിരം, ഒഡീഷയിലെ വിവിധ ജില്ലകളിലായി സ്ഥാപിച്ച 24 അടൽ ബസ് സ്റ്റാൻഡുകൾ, ഒൻപത് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ എന്നിവ ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികൾ സംസ്ഥാനത്തെ ആരോഗ്യ പരിപാലന രംഗത്തെയും പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങളെയും ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റ് പ്രധാന പദ്ധതികളിൽ എൻഎച്ച്-57-ലെ (NH-57) നയാഗഡ് ടൗൺ ബൈപ്പാസ്, കുസുമി സ്മാർട്ട് ജലസേചന പദ്ധതിയുടെ ഭൂഗർഭ പൈപ്പ് ലൈൻ ഘടകം, ജഖാപുര - ജാജ്പൂർ കിയോഞ്ജർ റോഡ് - വൈതരണി റോഡ് മൾട്ടി-ട്രാക്കിംഗ് പദ്ധതി, ഹിന്ദോൾ റോഡ് - മേരമണ്ഡലി മൾട്ടി-ട്രാക്കിംഗ് പദ്ധതി, റൈരംഗ്പൂരിലെ സ്പോർട്സ് കോംപ്ലക്സ്, ട്രൈബൽ റിസർച്ച് സെന്റർ (ആദിവാസി ഗവേഷണ കേന്ദ്രം) എന്നിവ ഉൾപ്പെടുന്നു.
***
SK
(रिलीज़ आईडी: 2276445)
आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada