ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പൗരന്മാർ യോഗ ജീവിതചര്യയാക്കണമെന്ന് ഉപരാഷ്ട്രപതി ; ലേയിൽ നടന്ന അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങളിൽ പങ്കെടുത്തു

प्रविष्टि तिथि: 21 JUN 2026 1:23PM by PIB Thiruvananthpuram

ലഡാക്കിലെ ലേയിൽ നടന്ന അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു. കൂടുതൽ ആരോഗ്യകരവും സന്തോഷകരവും സമാധാനപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി യോഗയെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാൻ അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.

ലഡാക്കിന്റെ മനോഹരമായ ഹിമാലയൻ പശ്ചാത്തലത്തിൽ ഒത്തുചേർന്ന ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി ഇപ്രകാരം പറഞ്ഞു:

 "യോഗ എന്നത് കേവലം ശാരീരിക വ്യായാമം മാത്രമല്ല, മറിച്ച് ഇന്ത്യ മനുഷ്യരാശിക്ക് നൽകിയ പൈതൃകമായ ഒരു സമ്മാനമാണ്. വർഷങ്ങൾ നീണ്ട ധ്യാനം, തപസ്സ്, ആത്മീയ അന്വേഷണങ്ങൾ എന്നിവയിലൂടെയാണ് ഇന്ത്യയിലെ മഹർഷിമാർ ശരീരത്തിന് ആരോഗ്യവും മനസ്സിന് ശാന്തതയും ആത്മാവിന് ഉണർവും നൽകുന്ന ഒരു സമഗ്രമായ വ്യവസ്ഥിതി വികസിപ്പിച്ചെടുത്തത്."

 

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലാണ് യോഗയ്ക്ക് ആഗോളതലത്തിൽ പുതിയൊരു അംഗീകാരവും ഉണർവും ലഭിച്ചതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2014-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അദ്ദേഹം നടത്തിയ ആഹ്വാനത്തെത്തുടർന്ന്, 175-ലധികം അംഗരാജ്യങ്ങളുടെ പിന്തുണയോടെയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്.

 

"ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ" എന്ന ഈ വർഷത്തെ പ്രമേയത്തെക്കുറിച്ച് പരാമർശിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, ആരോഗ്യരംഗത്തെ പുരോഗതിയും ആയുർദൈർഘ്യത്തിലെ വർദ്ധനയും സമൂഹത്തിന് പുതിയ ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. 'ഇന്ത്യ ഏജിംഗ് റിപ്പോർട്ട് 2023' ഉദ്ധരിച്ചുകൊണ്ട്, 2050-ഓടെ ഇന്ത്യയിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് പ്രായമായവരായിരിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. "ജീവിതത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്ന വർഷങ്ങൾ ഗുണനിലവാരത്തോടെയുള്ളതാകണം "എന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ശാരീരിക ആരോഗ്യം, മാനസിക സുഖം, സജീവമായ വാർദ്ധക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശക്തമായ സംവിധാനമായി യോഗയെ വിശേഷിപ്പിച്ചു.

 

ഉയർന്ന പ്രദേശങ്ങളിലെ ജീവിതം സഹിഷ്ണുതയും അച്ചടക്കവും പൊരുത്തപ്പെടാനുള്ള കഴിവും അനിവാര്യമാക്കുന്നെന്നും യോഗ ഈ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുമെന്നും ഉപരാഷ്ട്രപതി കുറിച്ചു. ലഡാക്കിലെ ജനങ്ങൾ പണ്ടുമുതലേ പ്രതിരോധശേഷി, ലാളിത്യം, പ്രകൃതിയോടുള്ള ഇണക്കം എന്നിവയ്ക്ക് മാതൃകയാണെന്നും ഈ മൂല്യങ്ങൾ യോഗയുടെ തത്ത്വചിന്തയുമായി ആഴത്തിൽ പൊരുത്തപ്പെടുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ലഡാക്കിലെ ജനങ്ങളോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, ഇവിടുത്തെ ജനങ്ങൾ ശാന്തരും സമാധാനപ്രിയരും ദയയുള്ളവരും പ്രകൃതിയോട് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നവരുമായാണ് അനുഭവപ്പെട്ടിട്ടുള്ളതെന്ന് പറഞ്ഞു. ആരോഗ്യകരമായ ജീവിതവുമായി ബന്ധപ്പെട്ട പല ഗുണങ്ങളും അവർ ഇതിനകം തന്നെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും, യോഗയുടെ നിരന്തര പരിശീലനം അവരുടെ ചൈതന്യം നിലനിർത്താനും മനുഷ്യൻ എന്ന നിലയിൽ സമഗ്രമായ കഴിവുകൾ പുറത്തെടുക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്സേന, ലഡാക്കിൽ നിന്നുള്ള പാർലമെന്റ് അംഗം (ലോക്‌സഭ) ശ്രീ മുഹമ്മദ് ഹനീഫ, എൽ.എ.എച്ച്.ഡി.സി കാർഗിൽ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലർ ശ്രീ മുഹമ്മദ് ജാഫർ അഖൂൻ, ലഡാക്ക് ചീഫ് സെക്രട്ടറി ശ്രീ ആശിഷ് കുന്ദ്ര, മുതിർന്ന സിവിൽ-സൈനിക ഉദ്യോഗസ്ഥർ, യോഗ പരിശീലകർ, വിദ്യാർത്ഥികൾ, തദ്ദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 

രാവിലെ, ലേയിലെ ദേവചൻ കാമ്പസിലുള്ള മഹാബോധി ഇന്റർനാഷണൽ മെഡിറ്റേഷൻ സെന്റർ (MIMC) സന്ദർശിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, ലഡാക്കിൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, പരിസ്ഥിതി സംരക്ഷണം, യോഗ-ധ്യാനം തുടങ്ങിയവയുടെ പ്രചാരണം എന്നിവയ്ക്കായി ഈ സ്ഥാപനം നൽകുന്ന മികച്ച സംഭാവനകളെ അഭിനന്ദിച്ചു. ആദരണീയ ഭിക്ഷു സംഘസേനയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തെ പ്രകീർത്തിച്ച അദ്ദേഹം, ആത്മീയ ജ്ഞാനവും മാനുഷിക പ്രവർത്തനങ്ങളും മനുഷ്യരാശിയുടെ ക്ഷേമത്തിനായി സമന്വയിക്കുന്നതെങ്ങനെ എന്നതിന്റെ മികച്ച ഉദാഹരണമാണ് MIMC എന്ന് അഭിപ്രായപ്പെട്ടു.

*****


(रिलीज़ आईडी: 2276187) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Gujarati , Tamil