നാളെയുടെ സർഗ്ഗാത്മക മനസ്സുകൾ' എന്ന വീക്ഷണം അവതരിപ്പിച്ച് എംഐഎഫ്എഫ് -2026; യുവ ചലച്ചിത്ര പ്രവർത്തകരെ ആഘോഷിക്കുന്ന 9 ചിത്രങ്ങൾ പ്രദർശിപ്പിച്ചു
മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (എംഐഎഫ്എഫ് -2026), പ്രത്യേക സംരംഭമായ 'നാളെയുടെ സർഗ്ഗാത്മക മനസ്സുകൾ' വിഭാഗത്തിന് കീഴിൽ ശ്രദ്ധേയമായ ലഘു ചലച്ചിത്രങ്ങളുടെ ഒരു മികച്ച ശേഖരം അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള യുവ ചലച്ചിത്ര പ്രവർത്തകരുടെ സർഗ്ഗാത്മകത, ഭാവന, കഥ പറച്ചിൽ ശേഷി എന്നിവയെ ഈ പ്ലാറ്റ്‌ഫോം ആഘോഷിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് ലഘുചിത്രങ്ങൾ സാങ്കേതികവിദ്യ, ബന്ധങ്ങൾ, മാനസികാരോഗ്യം, വ്യക്തിത്വം, മാനുഷിക ആത്മബന്ധം തുടങ്ങിയ ആധുനിക കാലത്തെ പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
- അർഷാലി ജോസ് സംവിധാനം ഗുല്ലു എന്ന ചിത്രം, ഗോവയിൽ വെച്ച് ഫോൺ നഷ്ടപ്പെടുന്ന ഗുൽഷൻ എന്ന വ്യക്തിയെക്കുറിച്ചുള്ളതാണ്. തുടർന്ന് സലീം എന്ന വ്യത്യസ്തനായ ഒരു ഡ്രൈവറിലൂടെ അയാൾ അപ്രതീക്ഷിതമായി ചില തിരിച്ചറിവുകളും ആശ്വാസവും കണ്ടെത്തുന്നു.
- സൂര്യൻഷ് ദിയോ ശ്രീവാസ്തവ സംവിധാനം ചെയ്ത ഹേ മായ എന്ന ചിത്രത്തിൽ, പ്രണയം മെച്ചപ്പെടുത്താൻ ഒരു എഐ റിലേഷൻഷിപ്പ് അഡ്വൈസറുടെ സഹായം തേടുന്ന ദമ്പതികളുടെ കഥയാണ് പറയുന്നത്. എന്നാൽ ഹൃദയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിൻ്റെ സങ്കീർണ്ണതകളാണ് അവർക്ക് അതിൽനിന്ന് മനസ്സിലാകുന്നത്.
- വിഷ്ണു പി.കെ സംവിധാനം ചെയ്ത ഖാലി ഖോപ്ഡി എന്ന ചിത്രത്തിലൂടെ നാളെ എന്നൊരു ദിവസം ഒരിക്കലും വരരുതെന്ന് ആഗ്രഹിക്കുകയും തുടർന്ന് ജീവിതത്തിൻ്റെ യഥാർത്ഥ മൂല്യത്തെ അഭിമുഖീകരിക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്ന ഒരു മനുഷ്യൻ്റെ ചിന്തോദ്ദീപകമായ യാത്രയാണ് ദൃശ്യവൽക്കരിക്കുന്നത്.
- സംവിധായിക സൃഷ്ടി ഗാർഗ് ആനിമേഷനും ലൈവ് ആക്ഷനും സമന്വയിപ്പിച്ചാണ് കോകം എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ബന്ധങ്ങളുടെ ശൂന്യതയും യഥാർത്ഥ മനുഷ്യബന്ധങ്ങളുടെ പ്രാധാന്യവും തിരിച്ചറിയുന്ന ഒരു യുവതിയുടെ കഥയാണ് ഇത് പറയുന്നത്.
- സൂര്യൻഷ് ദിയോ ശ്രീവാസ്തവ തന്നെ സംവിധാനം ചെയ്ത ലവ്ഫിക്സ് സബ്‌സ്‌ക്രിപ്ഷൻ എന്ന ചിത്രത്തിൽ, ഒരു യുവതി തൻ്റെ കാമുകനെ 'അപ്‌ഗ്രേഡ്' ചെയ്യാനായി ഒരു സർവീസ് സബ്‌സ്‌ക്രൈബ് ചെയ്യുന്നു. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിതവും ഹാസ്യാത്മകവുമായ സംഭവങ്ങളാണ് ചിത്രം പങ്കുവെക്കുന്നത്.
- രഘുനാഥ് എസ്.എൻ സംവിധാനം ചെയ്ത ദി പേപ്പർ സ്കൈ, ഒരു കാലത്ത് മുംബൈയിലെ "ട്രാഫിക് ഗേൾ" എന്ന് അറിയപ്പെട്ടിരുന്ന നീർജയുടെ കഥയാണ് പറയുന്നത്. ഒരു പത്രപ്രവർത്തകൻ ഗോവയിൽ വെച്ച് അവളെ കണ്ടെത്തുന്നതോടെ അവളുടെ ജീവിതം തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് മാറുന്നു.
- പീയൂഷ് ശർമ്മ സംവിധാനം ചെയ്ത ദി വിൻഡോ, എഴുപതുകാരിയായ ഒരു മുത്തശ്ശിയും സാങ്കേതികവിദ്യയിൽ താല്പര്യമുള്ള അവരുടെ കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തെ മനോഹരമായി ദൃശ്യവൽക്കരിക്കുന്നു. വ്യത്യസ്തമായ ലോകങ്ങളിൽ ജീവിക്കുമ്പോഴും അവർക്കിടയിലെ സമാനതകൾ അവർ കണ്ടെത്തുകയാണ് ഇവിടെ.
- സംവിധായിക സഞ്ജോലി മലാനി ഒരുക്കുന്ന ദി വുമൺ ഹൂ ഹാസ് എ നെയിം, ഓൺലൈൻ അതിക്രമങ്ങൾക്കും പരസ്യമായ അപമാനങ്ങൾക്കും ഇരയായ ശേഷം ശക്തമായി പോരാടുന്ന ഒരു സ്ത്രീയുടെ ധീരതയുടെയും അതിജീവനത്തിൻ്റെയും ശക്തമായ കഥ പറയുന്നു.
- ബോണിറ്റ രാജ്‌പുരോഹിത് സംവിധാനം ചെയ്ത 'വി കാൻ ഹിയർ ദി സെയിം മ്യൂസിക്', സംസാരിക്കാൻ കഴിയാത്ത ഒരു യുവാവും കാഴ്ചശക്തിയില്ലാത്ത ഒരു യുവതിയും തമ്മിലുള്ള ഹൃദയസ്പർശിയായ പ്രണയകഥയാണ്. ആശയവിനിമയത്തിനുള്ള തടസ്സങ്ങൾ മറികടക്കാനും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും അവർ സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഈ ചിത്രം കാണിച്ചുതരുന്നു. ഈ ചിത്രത്തോടെയാണ് ഈ വിഭാഗത്തിലെ സിനിമകളുടെ നിര പൂർത്തിയാകുന്നത്.

സഹതാപം, സ്നേഹം, മനുഷ്യബന്ധങ്ങൾ എന്നിവയുടെ ശാശ്വതമായ പ്രാധാന്യത്തെ ആദരിക്കുന്നതോടൊപ്പം, സമകാലിക പ്രശ്നങ്ങളെ ഭയമില്ലാതെ അഭിമുഖീകരിക്കുന്ന ഒരു പുതിയ തലമുറ ചലച്ചിത്ര പ്രവർത്തകരുടെ ശബ്ദമാണ് ഈ ചിത്രങ്ങൾ ഒന്നിച്ച് പ്രതിഫലിപ്പിക്കുന്നത്.
'നാളെയുടെ സർഗ്ഗാത്മക മനസ്സുകൾ' എന്ന സംരംഭത്തിലൂടെ, വളർന്നുവരുന്ന പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും യുവ കഥാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ദേശീയ-അന്തർദേശീയ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ വേദിയൊരുക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത എംഐഎഫ്എഫ് -2026 നിലനിർത്തുന്നു.
'നാളെയുടെ സർഗ്ഗാത്മക മനസ്സുകൾ' വിഭാഗത്തെക്കുറിച്ച്
'നാളെയുടെ സർഗ്ഗാത്മക മനസ്സുകൾ' എന്നത് ഇന്ത്യൻ ചലച്ചിത്ര രംഗത്തെ വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്താനും വളർത്തിയെടുക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും (MoIB) ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും (എൻ എഫ് ഡി സി) സംയുക്തമായി നടപ്പിലാക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള സംരംഭമാണ്. ഇതൊരു കേവല പ്രതിഭാ പരിപാടി മാത്രമല്ല — ഇന്ത്യയുടെ സർഗാത്മക സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ പോകുന്ന ഭാവിയിലെ കഥാകാരന്മാർക്കുള്ള ഒരു തുടക്കവേദി കൂടിയാണ്.
രാജ്യത്തുടനീളം ഓരോ വർഷവും, വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്ക് അസാധാരണമായ ഒരു അവസരം നൽകിക്കൊണ്ട് ഈ വിഭാഗം അവരുടെ സിനിമയോടുള്ള അഭിനിവേശത്തെ മികച്ച ചലച്ചിത്ര സൃഷ്ടികളാക്കി മാറ്റുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അഭിമാനകരമായ ചലച്ചിത്ര മേളകളിലൊന്നിൽ; ഒരു ആഗോള പ്ലാറ്റ്‌ഫോമിന് മുന്നിൽ; തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
രാജ്യത്തെ മുൻനിര ചലച്ചിത്ര മേളയായ ഐഎഫ്എഫ്ഐ (IFFI)-യോടനുബന്ധിച്ച് ഈ സംരംഭത്തിൻ്റെ നാല് വിജയകരമായ പതിപ്പുകൾ ഇതിനകം നടന്നു കഴിഞ്ഞു.
***
रिलीज़ आईडी:
2275567
| Visitor Counter:
3