തൊഴില്‍, ഉദ്യോഗ മന്ത്രാലയം
പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടി രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു
प्रविष्टि तिथि:
19 JUN 2026 8:22PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്ന് നടന്ന പ്രത്യേക ചടങ്ങിൽ, പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് (PM-VBRY) കീഴിൽ ഏകദേശം 2,400 കോടി രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു.

കേന്ദ്ര തൊഴിൽ, യുവജനക്ഷേമ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, തൊഴിൽ,ചെറുകിട-ഇടത്തരം സംരംഭകത്വ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാജ്യവ്യാപകമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ഇതിനോടൊപ്പം തന്നെ രാജ്യത്തുടനീളമുള്ള ഇരുന്നൂറോളം കേന്ദ്രങ്ങളിൽ ഒരേസമയം PM-VBRY പരിപാടികളും സംഘടിപ്പിച്ചു.
"പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന എന്നത് വെറുമൊരു തൊഴിൽ പദ്ധതി എന്നതിനേക്കാൾ, ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന യുവജനങ്ങളുടെ അഭിലാഷങ്ങൾക്ക് കരുത്തുപകരുന്നതിനോടൊപ്പം വ്യവസായ മേഖലയ്ക്കും തൊഴിൽ ശക്തിയ്ക്കുമിടയിൽ ദൃഢമായൊരു ബന്ധം സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പദ്ധതിയാണിത്." ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാധാരണയായി പല പദ്ധതികളും ഒന്നുകിൽ ജീവനക്കാരെ അല്ലെങ്കിൽ തൊഴിലുടമകളെ മാത്രം കേന്ദ്രീകരിച്ചുള്ളതാണെങ്കിൽ, ഈ പരിപാടി ഇരുവിഭാഗത്തേയും ഒരേസമയം പിന്തുണയ്ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജീവിതം ആരംഭിക്കുന്ന യുവജനങ്ങൾക്കൊപ്പം സർക്കാർ നിലകൊള്ളുന്നുണ്ടെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ നേട്ടങ്ങൾ പങ്കുവെച്ചുകൊണ്ട്, ഇതുവരെ ഏകദേശം 70 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും, അത്രയും തന്നെ പുതിയ ജീവനക്കാരെ സാമൂഹിക സുരക്ഷയുടെ പരിധിയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഇതിനുപുറമേ, 20 ലക്ഷത്തോളം യുവജനങ്ങൾ തങ്ങളുടെ ആദ്യ ജോലിയിൽ ആറ് മാസം പൂർത്തിയാക്കിയിട്ടുണ്ടെന്നും, ഈ നാഴികക്കല്ല് പിന്നിട്ടതോടെ പത്ത് ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2,000 കോടിയിലധികം രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ട്. ഈ പിന്തുണ വെറുമൊരു സാമ്പത്തിക സഹായം എന്നതിനപ്പുറം, രാജ്യത്തെ യുവജനങ്ങളുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരവും അവരുടെ ഭാവിയെക്കുറിച്ചുള്ള രാജ്യത്തിൻ്റെ ആത്മവിശ്വാസവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു.
പദ്ധതിക്ക് കീഴിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച സ്ഥാപനങ്ങളുടേയും സംരംഭങ്ങളുടേയും പങ്കാളിത്തത്തിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. “സർക്കാരും വ്യവസായ മേഖലയും യുവജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ തൊഴിൽ സൃഷ്ടിക്ക് കൂടുതൽ വേഗത കൈവരുന്നു. യുവജനങ്ങൾക്ക് അവസരങ്ങളും വ്യവസായങ്ങൾക്ക് പ്രോത്സാഹനവും ലഭിക്കുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഒരു ദേശീയ ദൗത്യമായി മാറുകയും ചെയ്യുന്ന ഒരു പുതിയ ഇന്ത്യയുടെ പ്രതിഫലനമാണ് ഈ പദ്ധതി”, ശ്രീ മോദി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ ഇന്ത്യയുടെ തൊഴിൽ മേഖലയിലുണ്ടായ ശ്രദ്ധേയമായ മാറ്റങ്ങളിലേക്ക് പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു. "തൊഴിലിനെ സുരക്ഷ, അന്തസ്സ്, സാമൂഹിക സംരക്ഷണം എന്നിവയുമായി ബന്ധിപ്പിക്കുന്നതിലായിരുന്നു സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്," അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക വികസനത്തിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "രാത്രികാല ഷിഫ്റ്റ് ജോലികളുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ, വർക്ക് ഫ്രം ഹോം അവസരങ്ങളുടെ പ്രോത്സാഹനം, ജോലിസ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ തൊഴിൽ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്," ശ്രീ മോദി അടിവരയിട്ടു പറഞ്ഞു.
തൊഴിലുടമകളും ജീവനക്കാരുമായ ഗുണഭോക്താക്കൾ, വിവിധ പങ്കാളിത്ത സംഘടനകളുടെ പ്രതിനിധികൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരുൾപ്പെടെ ഏകദേശം 1,200 ഓളം ക്ഷണിതാക്കൾ ന്യൂഡൽഹിയിൽ നടന്ന പ്രധാന ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് എത്തിയ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു. പദ്ധതിക്ക് കീഴിൽ അവർക്ക് ലഭിച്ച ആനുകൂല്യങ്ങളെക്കുറിച്ചും, അത് അവരുടെ ഉപജീവനമാർഗ്ഗങ്ങൾ, തൊഴിൽ പുരോഗതി, സാമൂഹിക സുരക്ഷാ പരിരക്ഷ എന്നിവയിൽ ചെലുത്തിയ നല്ല മാറ്റങ്ങളെക്കുറിച്ചുമുള്ള അനുഭവങ്ങൾ അവർ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.


പ്രധാനമന്ത്രി ശ്രീ . നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പരിവർത്തനാത്മകമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം സ്ഥിരതയോടെ മുന്നേറുകയാണെന്നും ചടങ്ങിൽ സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിച്ച കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. 2014-ന് മുമ്പ് തൊഴിലാളി അനുകൂല പരിഷ്കാരങ്ങൾ 'വ്യവസായ വിരുദ്ധം' എന്നും, വ്യവസായ അനുകൂല പരിഷ്കാരങ്ങൾ 'തൊഴിലാളി വിരുദ്ധം' എന്നുമാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രിയുടെ ജനകേന്ദ്രീകൃതമായ സമീപനത്തിലൂടെ തൊഴിലാളികളും തൊഴിലുടമകളും ഇന്ന് രാഷ്ട്രനിർമ്മാതാക്കളായും ഇന്ത്യയുടെ വളർച്ചാ ഗാഥയിൽ തുല്യ പങ്കാളികളായും അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ പരിഷ്കാരങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, നാല് തൊഴിൽ കോഡുകൾ പ്രാബല്യത്തിൽ വന്നത് തൊഴിലാളികളുടെ അന്തസ്സും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവെയ്പ്പിനെ പ്രതിനിധീകരിക്കുന്നതാണെന്ന് ഡോ. മാണ്ഡവ്യ പറഞ്ഞു. അന്താരാഷ്ട്ര തൊഴിൽ സംഘടന പുറത്തുവിട്ട വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട്, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സാമൂഹിക സുരക്ഷാ പരിരക്ഷ 19 ശതമാനത്തിൽ നിന്ന് 64.3 ശതമാനമായി ഉയർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ആഗോളതലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വർദ്ധനവുകളിൽ ഒന്നാണിത്. 2014-ന് മുമ്പുള്ള പത്ത് വർഷത്തിനിടെ 2.9 കോടി തൊഴിലവസരങ്ങൾ മാത്രം സൃഷ്ടിക്കപ്പെട്ട സ്ഥാനത്ത്, 2014-നും 2024-നും ഇടയിൽ ഏകദേശം 17 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും അദ്ദേഹം എടുത്തുപറഞ്ഞു. 2017-നും 2023-നും ഇടയിൽ ഇന്ത്യയുടെ തൊഴിൽ ഇലാസ്തികത 1.11 ആയി രേഖപ്പെടുത്തിയെന്ന് സമീപകാല പഠനങ്ങളെ ഉദ്ധരിച്ച് ഡോ. മാണ്ഡവ്യ പറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് മൊത്തം മൂല്യവർദ്ധനവിലെ ഒരു ശതമാനം വർദ്ധനവിനൊപ്പം തൊഴിൽ രംഗത്ത് 1.11 ശതമാനം വർദ്ധനവുണ്ടായി എന്നാണ്, മുൻ സർക്കാരുകളുടെ കാലത്ത് ഇത് വെറും 0.008 മാത്രമായിരുന്നു. നിലവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും, ഇത് ആഗോള ശരാശരിയായ 4.8 ശതമാനത്തേക്കാൾ വളരെ താഴെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളമുള്ള 200 കേന്ദ്രങ്ങളിൽ നടന്ന പ്രാദേശിക പരിപാടികളിൽ ഗവർണർമാർ, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, സംസ്ഥാന തൊഴിൽ മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ , മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. രാജ്യവ്യാപകമായി സംഘടിപ്പിച്ച ഈ പരിപാടികളിൽ ജീവനക്കാരുടേയും തൊഴിലുടമകളുടേയും പ്രതിനിധികൾ ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷത്തോളം പേർ പങ്കാളികളായി.

PM-VBRY-യെക്കുറിച്ച്
ഔപചാരിക തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തൊഴിൽ സൃഷ്ടി ഉത്തേജിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത PM-VBRY, 2025 ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഈ പദ്ധതിയുടെ പാർട്ട് എ പ്രകാരം, ഇ.പി.എഫ്.ഒ-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും പ്രതിമാസം ഒരു ലക്ഷം രൂപ വരെ വേതനം ലഭിക്കുന്നതുമായ പുതുതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്ക് ഒരു മാസത്തെ വേതനത്തിന് തുല്യമായ തുക ആനുകൂല്യമായി ലഭിക്കാൻ അർഹതയുണ്ട്. പരമാവധി 15,000 രൂപ വരെയുള്ള ഈ ആനുകൂല്യം രണ്ട് ഗഡുക്കളായാണ് നൽകുക.
പദ്ധതിയുടെ പാർട്ട് ബി പ്രകാരം, അധികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തൊഴിലുടമകൾക്ക്, പുതുതായി നിയമിക്കപ്പെടുന്ന ഓരോ ജീവനക്കാരനും പ്രതിമാസം 3,000 രൂപ വരെ രണ്ട് വർഷത്തേക്ക് ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. തൊഴിൽ വളർച്ച വർദ്ധിപ്പിക്കുന്നതിൽ ഉത്പാദന മേഖലയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത്, ഈ മേഖലയിലുള്ള തൊഴിലുടമകൾക്ക് രണ്ട് വർഷത്തേക്ക് കൂടി അധികമായി ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.
ആകെ 99,446 കോടി രൂപ ബജറ്റ് വിഹിതമുള്ള PM-VBRY, രണ്ട് വർഷത്തെ കാലയളവിനുള്ളിൽ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഇതിൽ ഏകദേശം 1.92 കോടി ഗുണഭോക്താക്കൾ ആദ്യമായി തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്നവരായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 ഓഗസ്റ്റ് മുതൽ ഇതുവരെ, 70 ലക്ഷത്തിലധികം പുതിയ ജീവനക്കാരെ PM-VBRY വഴി ഔപചാരിക തൊഴിൽ മേഖലയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ ഏകദേശം 30 ശതമാനവും സ്ത്രീകളാണ്. തുടർച്ചയായി ആറ് മാസത്തിലധികം ജോലിയിൽ തുടരുന്ന ജീവനക്കാർക്ക് ഈ പദ്ധതിക്ക് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.
ഔപചാരിക തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരേപോലെ പിന്തുണ നൽകുന്നതിലും PM-VBRY പദ്ധതി ഇതിനകം തന്നെ മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. 2026 മാർച്ചിൽ മാത്രം 461 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ പാർട്ട് എ പ്രകാരം, ആദ്യമായി ജോലിയിൽ പ്രവേശിച്ച 4.41 ലക്ഷം ജീവനക്കാർക്കായി 247 കോടി രൂപ വിതരണം ചെയ്യുകയും, അങ്ങനെ തൊഴിൽ രംഗത്തേക്ക് കടന്നുവരുന്ന യുവ തൊഴിലാളികൾക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുകയും ചെയ്തു. പാർട്ട് ബി പ്രകാരം, ഏകദേശം 6.46 ലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്ടിച്ച 17,551 സ്ഥാപനങ്ങൾക്ക് 214 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകി.
PM-VBRY-യുടെ രാജ്യവ്യാപകമായ ഈ വിജയകരമായ നടപ്പാക്കൽ, തൊഴിലധിഷ്ഠിത വികസനം, തൊഴിൽ മേഖലയുടെ ഔപചാരികവൽക്കരണം, എല്ലാവർക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കൽ എന്നിവയോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നു. ജീവനക്കാരേയും തൊഴിലുടമകളേയും ഒരുപോലെ പിന്തുണയ്ക്കുന്നതിലൂടെ, ഈ പദ്ധതി വികസിത ഭാരതം എന്ന ദർശനത്തിന് ഗണ്യമായ സംഭാവന നൽകുകയും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയുടെ ഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
***
(रिलीज़ आईडी: 2275524)
आगंतुक पटल : 5