പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-സ്ലോവാക്യ സംയുക്ത പ്രസ്താവന
प्रविष्टि तिथि:
15 JUN 2026 5:32PM by PIB Thiruvananthpuram
സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം ഇന്ത്യൻ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 15-ന് സ്ലോവാക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.
1993-ൽ സ്ലോവാക്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. ഇത് ചരിത്രപരമായ ഒരു നാഴികക്കല്ലും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിൽ പുതിയൊരു പാത തുറക്കുന്നതുമാണ്. 1993-ൽ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിച്ചത് മുതൽ വിശ്വാസം, സമത്വം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ പരമ്പരാഗതമായ സൗഹൃദവും ബഹുമുഖ സഹകരണവുമാണ് ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ളത്.
ഈ സന്ദർശനത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ഇരുരാജ്യങ്ങളുടെയും പങ്കിട്ട പ്രതിജ്ഞാബദ്ധതയും മുൻനിർത്തി ഇന്ത്യൻ റിപ്പബ്ലിക് പ്രധാനമന്ത്രിയും സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സമഗ്ര പങ്കാളിത്തത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഉഭയകക്ഷി ബന്ധങ്ങളെ പുതിയൊരു തലത്തിലെത്തിക്കുക, നിലവിലുള്ള സഹകരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, ഉഭയകക്ഷിപരമായും ബഹുമുഖമായും സഹകരണം ആഴത്തിലാക്കുന്നതിനുള്ള പുതിയ വഴികൾ തേടുക എന്നിവയാണ് ഈ സമഗ്ര പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ഇൻഡോ-പസഫിക് മേഖലയുടെ വളർന്നുവരുന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പ്രാധാന്യം തിരിച്ചറിഞ്ഞ ഇരു നേതാക്കളും പരസ്പര പ്രയോജനകരമായ സഹകരണം, പ്രാദേശിക കണക്റ്റിവിറ്റി, സുഗമമായ അന്താരാഷ്ട്ര വ്യാപാരം, സഞ്ചാര സ്വാതന്ത്ര്യം, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം, നിയമവാഴ്ചയിലൂന്നിയ അന്താരാഷ്ട്ര ക്രമം എന്നിവയെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ മൂല്യം അംഗീകരിച്ചു.
ഉന്നതതല കൈമാറ്റങ്ങളുടെയും സുസ്ഥിരമായ രാഷ്ട്രീയ ചർച്ചകളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ ഇരു നേതാക്കളും എല്ലാ തലങ്ങളിലുമുള്ള പ്രതിനിധിസംഘങ്ങളുടെ കൈമാറ്റം വർധിപ്പിക്കാൻ സമ്മതിച്ചു. കൂടുതൽ പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും നിയമനിർമ്മാണ അനുഭവങ്ങളും മികച്ച രീതികളും പങ്കുവെക്കുന്നതിനുമായി പാർലമെന്ററി വിനിമയങ്ങളും ബന്ധങ്ങളും സഹകരണവും വർധിപ്പിക്കാനും ഇരുപക്ഷവും തീരുമാനിച്ചു.
ഐക്യരാഷ്ട്രസഭയെ കേന്ദ്രബിന്ദുവാക്കിയുള്ള ബഹുമുഖവാദത്തോടും നിയമവാഴ്ചയിലൂന്നിയ അന്താരാഷ്ട്ര ക്രമത്തോടുമുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. അതേസമയം ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള ബഹുമുഖ സ്ഥാപനങ്ങളെ, പ്രത്യേകിച്ച് ഐക്യരാഷ്ട്ര സുരക്ഷാ സമിതിയെ, കൂടുതൽ പ്രാതിനിധ്യമുള്ളതും ഉൾക്കൊള്ളുന്നതും ഫലപ്രദവും സമകാലിക ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാക്കി മാറ്റുന്നതിനായുള്ള സമഗ്രമായ പരിഷ്കാരങ്ങളെ അവർ പിന്തുണച്ചു. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയെ സ്ഥിരവും താൽക്കാലികവുമായ വിഭാഗങ്ങളിൽ വികസിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു. ഈ സാഹചര്യത്തിൽ പരിഷ്കരിക്കപ്പെട്ടതും വികസിപ്പിക്കപ്പെട്ടതുമായ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കാനുള്ള സ്ലോവാക്യയുടെ തുടർച്ചയായ പിന്തുണയെ ഇന്ത്യ അഭിനന്ദിച്ചു. അന്താരാഷ്ട്ര സംഘടനകളിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് കൂടിയാലോചനകളും ഏകോപനവും തുടരാനും ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള ആഗോള വേദികളിൽ ആശയവിനിമയം നടത്താനും സഹകരിക്കാനും ഇരു നേതാക്കളും സമ്മതിച്ചു. ആഗോള ആണവായുധ വ്യാപന വിരുദ്ധ ചട്ടക്കൂട് ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിൽ ഇന്ത്യയുടെ അംഗത്വത്തോടുള്ള ക്രിയാത്മകമായ സമീപനം സ്ലോവാക്യ വീണ്ടും ഉറപ്പിച്ചു.
സ്ലാവ്‌കോവ് 3, വിസെഗ്രാഡ് 4, 3 സീസ് ഇനിഷ്യേറ്റീവ് തുടങ്ങിയ പ്രാദേശിക ഗ്രൂപ്പുകളുമായുള്ള സഹകരണം വികസിപ്പിക്കാൻ നേതാക്കൾ സമ്മതിച്ചു. ഇതിൽ കണക്റ്റിവിറ്റി, സുസ്ഥിര സാമ്പത്തിക വളർച്ച, പ്രാദേശിക സംയോജനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരസ്പര പ്രയോജനകരമായ അടിസ്ഥാന സൗകര്യ പദ്ധതികളും ഉൾപ്പെടുന്നു. അന്താരാഷ്ട്ര നിയമം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയോടുള്ള ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കൺവെൻഷൻ (UNCLOS) ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തി, സ്വതന്ത്രവും സുഗമവും സമാധാനപരവും സമൃദ്ധവുമായ ഇൻഡോ-പസഫിക്കിനോടുള്ള പ്രതിബദ്ധത ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു.
ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നായി പ്രതിരോധ-സുരക്ഷാ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ഊന്നിപ്പറഞ്ഞു. പ്രതിരോധ സാങ്കേതികവിദ്യകൾ, ശേഷി വികസനം, ഗവേഷണവും വികസനവും, പ്രതിരോധ വ്യവസായ സഹകരണം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനായി ഇരുരാജ്യങ്ങളിലെയും പ്രതിരോധ അധികാരികൾ തമ്മിൽ പതിവ് കൂടിയാലോചനകളും കൈമാറ്റങ്ങളും പ്രോത്സാഹിപ്പിക്കാൻ അവർ സമ്മതിച്ചു. ഈ പശ്ചാത്തലത്തിൽ ഇരുപക്ഷവും തമ്മിൽ പ്രതിരോധ സഹകരണത്തിനുള്ള താല്പര്യപത്രം ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഇത് പ്രതിരോധ മേഖലയിൽ പരസ്പര പ്രയോജനകരമായ പങ്കാളിത്തം വളർത്തിയെടുക്കാൻ സഹായിക്കും.
ദുരന്ത നിവാരണവും അതിജീവന ശേഷി വർധിപ്പിക്കലും ശക്തിപ്പെടുത്തുന്നതിന്റെ വർധിച്ചുവരുന്ന പ്രാധാന്യം നേതാക്കൾ തിരിച്ചറിയുകയും ഈടുറ്റ അടിസ്ഥാന സൗകര്യങ്ങൾ, ശേഷി വികസനം, അറിവ് പങ്കുവെക്കൽ, സ്ഥാപനപരമായ സഹകരണം എന്നീ മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കാൻ സമ്മതിക്കുകയും ചെയ്തു.
സുഗമവും സുരക്ഷിതവും പ്രാപ്യവും സുസ്ഥിരവും പരസ്പരം ബന്ധിപ്പിക്കാവുന്നതും അതിജീവന ശേഷിയുള്ളതും സമാധാനപരവുമായ ഒരു ഡിജിറ്റൽ ഇടം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നിർണായക വിവര അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണത്തിലും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിലും പ്രതിരോധിക്കുന്നതിലും സഹകരണം ശക്തിപ്പെടുത്താൻ നേതാക്കൾ സമ്മതിച്ചു. ക്രിപ്‌റ്റോഗ്രഫിക്കെതിരെ ഉയർന്നുവരുന്ന ക്വാണ്ടം ഭീഷണികളിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജി സംവിധാനങ്ങളെ സംരക്ഷിക്കുന്നതിൽ പരസ്പരം പിന്തുണയ്ക്കാനുള്ള പ്രതിബദ്ധതയും നേതാക്കൾ പ്രകടിപ്പിച്ചു. ഇതിൽ പോസ്റ്റ്-ക്വാണ്ടം സുരക്ഷാ പരിവർത്തനങ്ങൾക്കായുള്ള തയ്യാറെടുപ്പുകളും ഉൾപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ നിർണായക അടിസ്ഥാന സൗകര്യ സംരക്ഷണം, പോസ്റ്റ്-ക്വാണ്ടം ക്രിപ്‌റ്റോഗ്രഫി എന്നീ മേഖലകളിൽ ഒപ്പുവെച്ച സഹകരണ ധാരണാപത്രം ഇത്തരത്തിലുള്ള സഹകരണത്തെ കൂടുതൽ സുഗമമാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെ എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തെ ഇരു നേതാക്കളും നിരുപാധികം അപലപിക്കുകയും 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു സംയുക്ത കർമസമിതി രൂപീകരിക്കാൻ അവർ സമ്മതിച്ചു. ഭീകരവാദത്തെ സമഗ്രവും സുസ്ഥിരവുമായ രീതിയിൽ ചെറുക്കുന്നതിന് കൂട്ടായ അന്താരാഷ്ട്ര ശ്രമങ്ങൾക്ക് അവർ ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഉഭയകക്ഷി-ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കൾ വീണ്ടും ഉറപ്പിച്ചു. കൂടാതെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ 1267 ഉപരോധ സമിതി നിശ്ചയിച്ചിട്ടുള്ള ഭീകരർക്കും ഭീകര സംഘടനകൾക്കും എതിരെയും അവരുടെ അനുബന്ധ സ്ഥാപനങ്ങൾ, പ്രോക്സികൾ, സ്പോൺസർമാർ, ധനസഹായം നൽകുന്നവർ, പിന്തുണയ്ക്കുന്നവർ എന്നിവർക്കെതിരെയും ശക്തവും നിർണ്ണായകവുമായ നടപടികൾ സ്വീകരിക്കാൻ അവർ ആഹ്വാനം ചെയ്തു. ഭീകരപ്രവർത്തനങ്ങളുടെ കുറ്റവാളികളെയും സംഘാടകരെയും സ്പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറയുകയും ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിനുള്ളിൽ അന്താരാഷ്ട്ര ഭീകരവാദത്തെക്കുറിച്ചുള്ള സമഗ്ര കൺവെൻഷൻ (CCIT) എത്രയും വേഗം അന്തിമമാക്കുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടി അടുത്ത് പ്രവർത്തിക്കാൻ സമ്മതിക്കുകയും ചെയ്തു.
2026 ജനുവരിയിൽ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പൂർത്തിയായതിനെയും പുതിയ ഇന്ത്യ-ഇയു സമഗ്ര തന്ത്രപ്രധാന അജണ്ടയെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഈ സ്വതന്ത്ര വ്യാപാര കരാർ (FTA) വ്യാപാര-നിക്ഷേപ മേഖലകളിൽ പുതിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് ചൂണ്ടിക്കാണിച്ച നേതാക്കൾ നിർണായക മൂല്യശൃംഖലകൾ വൈവിധ്യവത്കരിക്കുന്നതിലൂടെയും പുതിയ വിപണികൾ തുറക്കുന്നതിലൂടെയും വ്യാപാര-നിക്ഷേപ സഹകരണത്തിന്റെ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കരാർ എത്രയും വേഗം ഒപ്പുവെക്കണമെന്നും അത് കൃത്യസമയത്ത് നടപ്പിലാക്കണമെന്നും ആഹ്വാനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് ഉയർന്ന സാധ്യതകളുള്ള മേഖലകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ-സ്ലൊവാക്യ ജോയിന്റ് ഇക്കണോമിക് കമ്മിറ്റിയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താൻ നേതാക്കൾ സമ്മതിച്ചു. സ്ലൊവാക്യയുടെ മികച്ച രീതിയിൽ വികസിപ്പിച്ചെടുത്ത വ്യാവസായിക ആവാസവ്യവസ്ഥയും ഇന്ത്യയുടെ വിപുലമായ വിപണിസാധ്യതകളും നൂതനാശയ ആവാസവ്യവസ്ഥയും സാങ്കേതിക ശേഷിയും പ്രയോജനപ്പെടുത്തിക്കൊണ്ട് ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, മറ്റ് വിപുലമായ ഉത്പാദന വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി വ്യാപാരവും ഇരുപക്ഷത്തുനിന്നുമുള്ള നിക്ഷേപങ്ങളും ഗണ്യമായി വർധിപ്പിക്കുന്നതിനുള്ള വഴികൾ തേടുമെന്ന് അവർ പ്രതിജ്ഞാബദ്ധത രേഖപ്പെടുത്തി. ഇതിൽ ഉയർന്ന മൂല്യവർദ്ധിത സഹകരണത്തിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.
ഹരിതോർജ്ജ പരിവർത്തനത്തിനായുള്ള സാങ്കേതികവിദ്യകളുടെ കൈമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ശുദ്ധവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ ഊർജ്ജ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി നെറ്റ്-സീറോ മലിനീകരണം കൈവരിക്കുന്നതിനായി ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഇരുപക്ഷവും സമ്മതിച്ചു.
ആണവോർജം, ഭൗമതാപോർജ്ജം എന്നിവ ഉൾപ്പെടെയുള്ള ഊർജ്ജ സ്രോതസ്സുകളുടെ വൈവിധ്യവത്കരണത്തിലൂടെ ഊർജ്ജ സുരക്ഷ, സുസ്ഥിരത, പ്രതിരോധശേഷി എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഊർജ്ജ മേഖലയിലെ സഹകരണം വർധിപ്പിക്കാൻ നേതാക്കൾ സമ്മതിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സംയുക്ത ഗവേഷണം, വൈദഗ്ധ്യ കൈമാറ്റം, ശേഷി വർധിപ്പിക്കൽ പ്രക്രിയകൾ എന്നിവയിലൂടെ സഹകരണം ആഴത്തിലാക്കാനുള്ള താൽപ്പര്യം അവർ പ്രകടിപ്പിച്ചു.
ജലവിഭവങ്ങളുടെ കാര്യക്ഷമവും സുസ്ഥിരവുമായ മാനേജ്‌മെന്റ്, ഡാം സുരക്ഷ എന്നിവയിലെ വൈദഗ്ധ്യവും മികച്ച പ്രവർത്തനരീതികളും പങ്കുവെക്കുന്നത് ഉൾപ്പെടെ, കാലാവസ്ഥാ ശാസ്ത്രം, ജലശാസ്ത്രം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ നേതാക്കൾ സമ്മതിച്ചു. ജലസ്രോതസ്സുകളുടെ സുസ്ഥിരത,ഗ്രാമീണ കുടിവെള്ള ഗുണനിലവാര നിരീക്ഷണം, ജലശുദ്ധീകരണ സാങ്കേതികവിദ്യകൾ, ശേഷി വർധിപ്പിക്കൽ, ജനപങ്കാളിത്തം തുടങ്ങിയ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ താൽപ്പര്യം അവർ പ്രകടിപ്പിച്ചു. കൂടാതെ ജലസുരക്ഷ വർധിപ്പിക്കുന്നതിനും സുരക്ഷിതമായ കുടിവെള്ളത്തിലേക്കുള്ള സുസ്ഥിരമായ പ്രവേശം ഉറപ്പാക്കുന്നതിനുമായി കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്രാമീണ കുടിവെള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ അടിവരയിട്ടു.
കണക്റ്റിവിറ്റിയെ ഈ പങ്കാളിത്തത്തിന്റെ ഒരു തന്ത്രപ്രധാന സ്തംഭമായി അംഗീകരിച്ചുകൊണ്ട്, മത്സരശേഷി വർധിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ ഓട്ടോമോട്ടീവ്, റെയിൽവേ മേഖലകളിൽ സംയുക്ത സംരംഭങ്ങൾ, സാങ്കേതികവിദ്യാ കൈമാറ്റം, നൂതനാശയം, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി എന്നിവ വർധിപ്പിക്കുന്നതിനായി മധ്യ യൂറോപ്പിലെ ഒരു ഗതാഗത ഹബ്ബ് എന്ന നിലയിലുള്ള സ്ലൊവാക്യയുടെ സ്ഥാനവും ഇന്ത്യയുടെ വൻകിട ഉത്പാദന ശേഷിയും പ്രയോജനപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് അവർ ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന സാമ്പത്തിക, ബിസിനസ്സ്, ജനങ്ങൾ തമ്മിലുള്ള കൈമാറ്റങ്ങൾ എന്നിവ സുഗമമാക്കുന്നതിനായി ഇന്ത്യയും സ്ലൊവാക്യയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനെ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സ്ലോവാക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി പങ്കെടുത്ത, ഡൽഹിയിൽ നടന്ന 2026-ലെ എഐ ഇംപാക്ട് ഉച്ചകോടിയുടെ വിജയകരമായ നേട്ടങ്ങളെ ഇരു നേതാക്കളും അഭിനന്ദിച്ചു. ഡിജിറ്റൽ മേഖലയിലെ സഹകരണം ആഴത്തിലാക്കുന്നതിന് സംഘടിതമായ ഒരു ചട്ടക്കൂട് നൽകുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകൾ സംബന്ധിച്ച ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. നൂതനാശയത്തിലധിഷ്ഠിതമായ വളർച്ചയും പരസ്പര പ്രയോജനകരമായ പങ്കാളിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നിർമിത ബുദ്ധി, സെമികണ്ടക്ടറുകൾ, സ്റ്റാർട്ടപ്പുകൾ, നൂതനാശയ ആവാസവ്യവസ്ഥകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതികവിദ്യാ കമ്പനികൾ തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ അവർ സമ്മതിച്ചു. 5G ഉപയോഗസാധ്യതകൾ, 6G മാനദണ്ഡങ്ങൾ നിശ്ചയിക്കൽ, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), മെഷീൻ-ടു-മെഷീൻ (M2M) ആപ്ലിക്കേഷനുകൾ എന്നിവ ഉൾപ്പെടെയുള്ള പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ സഹകരണത്തിനുള്ള സാധ്യതകൾ തേടുന്നതിനും ഇരുപക്ഷവും സമ്മതിച്ചു.
ഉപഗ്രഹ സാങ്കേതികവിദ്യ, അതിന്റെ പ്രായോഗിക പ്രയോഗങ്ങൾ എന്നീ മേഖലകളിൽ ബഹിരാകാശ ആവാസവ്യവസ്ഥകൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള അവസരങ്ങൾ തേടാൻ ഇരു നേതാക്കളും സമ്മതിച്ചു. നൂതനാശയവും നൂതന ബഹിരാകാശ സാങ്കേതികവിദ്യകളുടെ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങൾ തമ്മിലും അതുപോലെ തന്നെ ഈ രംഗത്തെ വ്യവസായ പങ്കാളികൾ തമ്മിലുമുള്ള കൈമാറ്റങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും അവർ അടിവരയിട്ടു.
ഫാർമസ്യൂട്ടിക്കൽ ഗവേഷണവും വികസനവും, ഡിജിറ്റൽ ആരോഗ്യ പരിഹാരങ്ങൾ, ആരോഗ്യ മേഖലയിലെ മാനവവിഭവശേഷി ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ആരോഗ്യ സംരക്ഷണ രംഗത്ത് കൃത്യമായ ഇടവേളകളിൽ ചർച്ചകൾ നടത്തേണ്ടതിന്റെയും സഹകരണം ആഴത്തിലാക്കേണ്ടതിന്റെയും ആവശ്യകത നേതാക്കൾ എടുത്തുപറഞ്ഞു. അതതു രാജ്യങ്ങളുടെ ദേശീയ മുൻഗണനകൾക്ക് അനുസൃതമായി പൊതുജനാരോഗ്യ മാനേജ്‌മെന്റിലെ മികച്ച പ്രവർത്തനരീതികൾ പങ്കുവെക്കുന്നതിന്റെയും കൂടുതൽ പ്രതിരോധശേഷിയുള്ളതും കാര്യക്ഷമവും രോഗീസൗഹൃദവുമായ ആരോഗ്യ പരിപാലന സംവിധാനങ്ങൾ നിർമ്മിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
കൂടുതൽ ആഴത്തിലുള്ള വിദ്യാഭ്യാസ-ശാസ്ത്ര കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം), ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവരുടെ വർധിപ്പിച്ച ചലനാത്മകതയെ പ്രോത്സാഹിപ്പിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. ഇരു രാജ്യങ്ങളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ നിലവിലുള്ള ക്രമീകരണങ്ങളും സഹകരണങ്ങളും അവർ കണക്കിലെടുക്കുകയും, അവയുടെ കൂടുതൽ വിപുലീകരണത്തെയും വൈവിധ്യവൽക്കരണത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അക്കാദമിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദീർഘകാല സ്ഥാപനപരമായ പങ്കാളിത്തം വളർത്തുന്നതിനും ഘടനാപരമായ ഒരു ചട്ടക്കൂട് നൽകുന്ന, ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലകളിൽ അതത് വിദ്യാഭ്യാസ മന്ത്രാലയങ്ങൾ തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
ഇന്ത്യയിലെയും സ്ലൊവാക്യയിലെയും ജനങ്ങൾ തമ്മിലുള്ള പരസ്പര ധാരണ ആഴത്തിലാക്കുന്നതിനും സൗഹൃദബന്ധം ശക്തമാക്കുന്നതിനുമായി സാംസ്കാരിക കൈമാറ്റങ്ങൾ, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ നേതാക്കൾ സമ്മതിച്ചു. കലാകാരന്മാരുടെയും സാംസ്കാരിക സംഘങ്ങളുടെയും കൃത്യമായ ഇടവേളകളിലുള്ള കൈമാറ്റങ്ങൾ, പ്രദർശനങ്ങളുടെ സംഘാടനം, മേളകളിലെ പങ്കാളിത്തം എന്നിവയിലൂടെ സാംസ്കാരിക സഹകരണം വിപുലീകരിക്കേണ്ടതിന്റെയും ഇരുദിശകളിലേക്കുമുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുന്നതിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ചലച്ചിത്ര, മാധ്യമ നിർമ്മാണ മേഖലകളിലെ സഹകരണത്തിന് ഘടനാപരമായ ഒരു ചട്ടക്കൂട് നൽകുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ-വിഷ്വൽ ക്രിയേഷൻ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു.
വിദഗ്ധരായ പ്രൊഫഷണലുകളുടെ ക്രമബദ്ധവും സുരക്ഷിതവും നിയമപരവുമായ ചലനാത്മകതയ്ക്ക് നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു. 2026 ജനുവരിയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ധാരണയിലെത്തിയ ചലനാത്മകത സംബന്ധിച്ച സമഗ്ര സഹകരണ ചട്ടക്കൂട് അവർ കണക്കിലെടുത്തു. ചലനാത്മകത സുഗമമാക്കുന്നതിനും ഇന്ത്യയിലെയും സ്ലൊവാക്യയിലെയും ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള വിവര കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി തൊഴിൽ കുടിയേറ്റ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു. ഇന്ത്യക്കും സ്ലൊവാക്യക്കും ഇടയിൽ ചലനാത്മകതയിൽ ഏർപ്പെട്ടിരിക്കുന്ന പ്രൊഫഷണലുകളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാൻ സഹായിക്കുന്ന ഒരു സാമൂഹിക സുരക്ഷാ കരാർ എത്രയും വേഗം അന്തിമമാക്കുന്നതിനായി പ്രവർത്തിക്കാനും ഇരുപക്ഷവും സമ്മതിച്ചു.
വർധിച്ചുവരുന്ന ജനങ്ങളുടെ ചലനാത്മകതയും വികസിച്ചുകൊണ്ടിരിക്കുന്ന വ്യക്തിബന്ധങ്ങളും കണക്കിലെടുത്ത്, കോൺസുലർ കാര്യങ്ങളിലെ സഹകരണം ഇരു രാജ്യങ്ങൾക്കും നിരന്തരം താൽപ്പര്യമുള്ള മേഖലയായി തുടരുന്നുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ കോൺസുലർ കാര്യങ്ങളിൽ സഹകരണം സുഗമമാക്കുന്നതിനായി അതത് കോൺസുലർ അധികാരികൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ കോൺസുലർ ചർച്ചകൾ നടത്തുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കാൻ അവർ സമ്മതിച്ചു.
ഉചിതമായ പ്രവർത്തന തലത്തിൽ ഈ സമഗ്ര പങ്കാളിത്തത്തിന്റെ നടത്തിപ്പ് പതിവായി അവലോകനം ചെയ്യാൻ നേതാക്കൾ സമ്മതിച്ചു.
ഇന്ത്യ-സ്ലൊവാക്യ ബന്ധത്തെ പരിവർത്തനം ചെയ്യുന്നതിൽ നിലവിലെ സന്ദർശനം സുപ്രധാനമായ ഒരു ചുവടുവെപ്പാണെന്ന് ഇരു നേതാക്കളും സമ്മതിക്കുകയും ഉഭയകക്ഷി ബന്ധത്തെ പുതിയൊരു ഘട്ടത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്നും അവർ സമ്മതിച്ചു.
പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചതിനെയും വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതിനെയും പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു.
തനിക്കും പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ഫിക്കോയോടും സ്ലൊവാക്യയിലെ ജനങ്ങളോടും നന്ദിയറിയിച്ചു. ഉന്നതതല വിനിമയങ്ങളുടെ വേഗത നിലനിർത്താൻ ഇരു നേതാക്കളും സമ്മതിച്ചു.
***
SK
(रिलीज़ आईडी: 2273443)
आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada