ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

10 ബില്യൺ ഡോളറിൽ നിന്നും 190 ബില്യൺ ഡോളർ വരെയുള്ള ജൈവ സമ്പദ്‌വ്യവസ്ഥ: ഇന്ത്യയുടെ ശാസ്ത്രപ്രയാണം 12 വർഷത്തിനുള്ളിൽ പുതിയ ഉയരങ്ങളിലെത്തിയതായി ഡോ. ജിതേന്ദ്ര സിംഗ്

प्रविष्टि तिथि: 15 JUN 2026 5:15PM by PIB Thiruvananthpuram
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ഇന്ത്യയുടെ ശാസ്ത്ര, സാങ്കേതികവിദ്യ, നൂതനാശയ രംഗം അഭൂതപൂർവമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ-പൊതുപരാതികൾ-പെൻഷൻ, ആണവോർജ്ജം, ബഹിരാകാശം എന്നിവയുടെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് പറഞ്ഞു. ജൈവ സമ്പദ്‌വ്യവസ്ഥ (ബയോഇക്കോണമി) ഏകദേശം ഇരുപത് മടങ്ങ് വളർച്ച കൈവരിച്ചതും, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ചരിത്രപരമായ ലാൻഡിംഗ് നടത്തിയതും, ബഹിരാകാശ സ്റ്റാർട്ടപ്പ് രംഗത്തെ ദ്രുതഗതിയിലുള്ള വളർച്ചയും, കാലാവസ്ഥാ പ്രവചനത്തിലെ വിപ്ലവകരമായ പുരോഗതിയും, തന്ത്രപ്രധാന മേഖലകളിൽ തദ്ദേശീയ സാങ്കേതികവിദ്യകളുടെ വികാസവും ഈ കാലയളവിന്റെ സവിശേഷതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
ന്യൂഡൽഹിയിലെ സി.എസ്.ഐ.ആർ (CSIR) ആസ്ഥാനത്തുള്ള എസ്.എസ്.ബി ഓഡിറ്റോറിയത്തിൽ "ശാസ്ത്ര, സാങ്കേതിക, നൂതനാശയ മേഖലയിൽ 12 വർഷത്തെ പരിവർത്തനാത്മക വളർച്ച" എന്ന വിഷയത്തിൽ വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശാസ്ത്രവും സാങ്കേതികവിദ്യയും ലബോറട്ടറികളിൽ നിന്ന് സാധാരണ പൗരന്മാരുടെ ജീവിതത്തിന്റെ പ്രായോഗികതയിലേക്ക് മാറിയെന്നും അവ ഇന്ത്യയുടെ വികസന യാത്രയുടെ പ്രധാന സ്തംഭമായി മാറിയെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ശാസ്ത്രീയ നേട്ടങ്ങളിൽ പൊതുജനങ്ങൾക്ക് വർദ്ധിച്ചുവരുന്ന താല്പര്യം കഴിഞ്ഞ ദശകത്തിൽ ഉണ്ടായ പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
സി.എസ്.ഐ.ആർ ഡയറക്ടർ ജനറലും ഡി.എസ്.ഐ.ആർ, ഭൗമശാസ്ത്ര മന്ത്രാലയം എന്നിവയുടെ സെക്രട്ടറിയുമായ ഡോ. എൻ. കലൈശെൽവി, ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് ഗോഖലെ എന്നിവരോടപ്പം, ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്നോളജി വകുപ്പ്, സി.എസ്.ഐ.ആർ, ഭൗമശാസ്ത്ര മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
ശാസ്ത്രത്തിന്റെ സംയോജിതവും സമഗ്രവുമായ സമീപനത്തിന്റെ വിജയത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഗവണ്മെന്റിന്റെ മിക്ക പ്രധാന മുൻനിര പദ്ധതികളും ഇന്ന് ഇന്ത്യയുടെ സാങ്കേതികവിദ്യകളാലാണ് നയിക്കപ്പെടുന്നതെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. നൂതനാശയങ്ങൾ, ആഗോള മത്സരക്ഷമത, വ്യവസായ പങ്കാളിത്തം, സ്വകാര്യ മേഖലയുടെ ഇടപെടൽ എന്നിവയ്ക്ക് ഗവൺമെന്റ് ഊന്നൽ നൽകുന്നു.ആരോഗ്യ സംരക്ഷണം, കൃഷി, ബഹിരാകാശം, കാലാവസ്ഥാ ശാസ്ത്രം, അടിസ്ഥാന സൗകര്യം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ശാസ്ത്രീയമായ നേട്ടങ്ങൾക്ക് വേഗത കൂടിയതായി അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയുടെ ബയോടെക്നോളജി വിപ്ലവത്തെക്കുറിച്ച് എടുത്തുപറഞ്ഞ മന്ത്രി, രാജ്യത്തിന്റെ ബയോഇക്കോണമി 2014-ലെ ഏകദേശം 10 ബില്യൺ യുഎസ് ഡോളറിൽ നിന്ന് ഇന്ന് 190 ബില്യൺ യുഎസ് ഡോളറിലധികമായി വളർന്നുവെന്നും, 2030-ഓടെ ഇത് 300 ബില്യൺ യുഎസ് ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. 'BioE3' നയം പോലുള്ള പുരോഗമനപരമായ നയങ്ങളുടെ പിന്തുണയോടെ ആരോഗ്യ സംരക്ഷണം, ജീനോമിക്സ്, രോഗനിർണ്ണയം, ബയോഫാർമസ്യൂട്ടിക്കൽസ് എന്നിവയിലെ തദ്ദേശീയമായ നൂതനാശയങ്ങളിലൂടെ ഇന്ത്യ ഒരു ആഗോള ബയോടെക്നോളജി ഹബ്ബായി ഉയർന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
പുതുതലമുറ ആന്റിബയോട്ടിക്കുകൾ, ചെലവ് കുറഞ്ഞ CAR-T സെൽ തെറാപ്പി, ജീനോമിക്സ്, പ്രിസിഷൻ മെഡിസിൻ തുടങ്ങിയ മേഖലകളിലെ മുന്നേറ്റങ്ങളിലൂടെ ഇന്ത്യ അത്യാധുനിക ആരോഗ്യ സാങ്കേതിക വിദ്യരംഗത്ത് സ്ഥാനം ശക്തമാക്കിയതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ആഭ്യന്തര ആരോഗ്യ വെല്ലുവിളികൾക്ക് മാത്രമല്ല, ആഗോളതലത്തിൽ പ്രാധാന്യമുള്ള രോഗങ്ങൾക്കും വൈകല്യങ്ങൾക്കും കൂടിയുള്ള പരിഹാരങ്ങൾ രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
 
സി.എസ്.ഐ.ആറിന്റെ പരിവർത്തനത്തെക്കുറിച്ച് പരാമർശിച്ച മന്ത്രി, ശാസ്ത്ര സ്ഥാപനങ്ങൾ ഇപ്പോൾ വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, കർഷകർ, പ്രാദേശിക സമൂഹങ്ങൾ എന്നിവരുമായി എന്നത്തേക്കാളും കൂടുതൽ അടുത്ത് സംവദിക്കുന്നതായി പറഞ്ഞു. പുതിയ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുകയും ഹിമാലയൻ മേഖലകളിലെ ആയിരക്കണക്കിന് കർഷകരെ ഉയർന്നവിപണി മൂല്യമുള്ള കൃഷിയിൽ പങ്കാളികളാക്കാൻ സഹായിക്കുകയും ചെയ്ത 'അരോമ മിഷൻ' പോലുള്ള പദ്ധതികളുടെ വിജയം അദ്ദേഹം എടുത്തുപറഞ്ഞു. സി.എസ്.ഐ.ആർ വികസിപ്പിച്ചെടുത്ത നിരവധി സാങ്കേതികവിദ്യകൾ ഇപ്പോൾ അടിസ്ഥാന സൗകര്യം, ശുദ്ധ ഊർജ്ജം, ആരോഗ്യ സംരക്ഷണം, നിർമ്മാണം ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
വ്യവസായ അവശിഷ്ടങ്ങളെ വിലപ്പെട്ട ഒരു ദേശീയ വിഭവമാക്കി മാറ്റിയ 'സ്റ്റീൽ സ്ലാഗ് റോഡ്' സാങ്കേതികവിദ്യ മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച റോഡുകൾ മികച്ച ഈടുനിൽപ്പുള്ളവയും കുറഞ്ഞ പരിപാലനച്ചെലവ് വേണ്ടിവരുന്നവയുമാണ്. ഇത് രാജ്യത്തുടനീളം വലിയ തോതിൽ സ്വീകരിക്കപ്പെടുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം എങ്ങനെയാണ് സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും നേരിട്ട് സംഭാവന നൽകുന്നത് എന്നതിന് ഇത്തരം ഉദാഹരണങ്ങൾ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
 
കാലാവസ്ഥാ സേവനങ്ങളെക്കുറിച്ച് സംസാരിച്ച ഡോ. ജിതേന്ദ്ര സിംഗ്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പരിവർത്തനം കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ ഏറ്റവും സുപ്രധാനമായ നേട്ടങ്ങളിലൊന്നാണെന്ന് വിശേഷിപ്പിച്ചു. 2014-ൽ ഇന്ത്യയിൽ 17 കാലാവസ്ഥ റഡാറുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇന്ന് ഏകദേശം 50 റഡാറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 'മിഷൻ മൗസം' പദ്ധതിക്ക് കീഴിൽ മറ്റ് 50 റഡാറുകൾ കൂടി സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിന്നൽ കണ്ടെത്തൽ സംവിധാനങ്ങൾ, പ്രവചന ശൃംഖലകൾ, മഴ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയും രാജ്യം അഭൂതപൂർവമായ തോതിൽ വികസിപ്പിച്ചിട്ടുണ്ട്.
 
കാലാവസ്ഥാ പ്രവചന പരിധി ഏകദേശം 300 നഗരങ്ങളിൽ നിന്ന് 1,700 ഓളം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചതായും, പ്രാദേശികവും ഹ്രസ്വകാലവുമായ ദിനാന്തരീക്ഷ സ്ഥിതിയെ കുറിച്ചുള്ള 'നൗകാസ്റ്റ്' (Nowcast) പോലുള്ള ആധുനിക സേവനങ്ങൾ പൗരന്മാർക്കും കർഷകർക്കും ദുരന്ത നിവാരണ ഏജൻസികൾക്കും കൃത്യമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന പ്രവചനങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സംവിധാനം ഇന്ത്യയുടെ ദുരന്ത പ്രതികരണ സന്നദ്ധതയും പ്രതിരോധ ശേഷിയും ഗണ്യമായി വർദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞ ഡോ. ജിതേന്ദ്ര സിംഗ്, കഴിഞ്ഞ ഏതാനും വർഷങ്ങളായി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ ബഹിരാകാശ വ്യവസ്ഥിതിയെ അടിമുടി മാറ്റിയതായി പറഞ്ഞു. ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഒറ്റ അക്കത്തിൽ നിന്ന് നൂറുകണക്കിനായി വളർന്നുവെന്നും, ഈ മേഖല നൂതനാശയങ്ങളുടെയും സാമ്പത്തിക വളർച്ചയുടെയും പ്രധാന ചാലകശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
 
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തെ പരാമർശിച്ച മന്ത്രി, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിജയകരമായി പേടകം ഇറക്കുന്ന ആദ്യ രാജ്യമായി മാറിക്കൊണ്ട് ഇന്ത്യ തങ്ങളുടെ ശാസ്ത്രീയ ശേഷി ലോകത്തിന് മുന്നിൽ തെളിയിച്ചതായി പറഞ്ഞു. ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തു. സ്ഥാപനപരമായ പരിഷ്കാരങ്ങളും വ്യവസായ സഹകരണവും നൂതനാശയങ്ങളുടെ വേഗത വർദ്ധിപ്പിക്കുകയും ഇന്ത്യൻ സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 2035-ഓടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കുക, 2040-ഓടെ ചന്ദ്രനിൽ ഇന്ത്യൻ പൗരനെ ഇറക്കുക തുടങ്ങിയ അഭിലാഷകരമായ ഭാവി ലക്ഷ്യങ്ങളിലേക്ക് ഇന്ത്യ മുന്നേറുകയാണെന്നും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഭാവി ദൗത്യങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ തുടരുകയാണെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
 
ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തത് സമീപവർഷങ്ങളിൽ നടപ്പിലാക്കിയ ഏറ്റവും സുപ്രധാനമായ നയ പരിഷ്കാരങ്ങളിലൊന്നാണെന്നും മന്ത്രി വിശേഷിപ്പിച്ചു. ഈ നീക്കം ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ വലിയ താല്പര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും തന്ത്രപ്രധാനമായ ഊർജ്ജ മേഖലയിൽ നിക്ഷേപം, നൂതനാശയങ്ങൾ, ശേഷി വികസനം എന്നിവയ്ക്ക് ഇത് വേഗത കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെയും സി.എസ്.ഐ.ആറിന്റെയും പ്രധാന നേട്ടങ്ങളെക്കുറിച്ച് ഡോ. എൻ. കലൈശെൽവി വിശദീകരിച്ചു. മിഷൻ മൗസത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുടെ വിപുലീകരണം, ഡീപ് ഓഷ്യൻ മിഷന്റെ പുരോഗതി, 'മത്സ്യ 6000' (Matsya 6000), 'വരാഹ' (Varaha) തുടങ്ങിയ തദ്ദേശീയ ആഴക്കടൽ സാങ്കേതികവിദ്യകളുടെ വികസനം, കൃഷി, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യം , ഊർജ്ജം, ഗ്രാമീണ വികസനം എന്നിവയിലെ സാങ്കേതികവിദ്യകളുടെ വിന്യാസം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 
ബയോടെക്നോളജി, ശാസ്ത്ര സാങ്കേതിക വകുപ്പുകളുടെ നേട്ടങ്ങൾ ഡോ. രാജേഷ് ഗോഖലെ അവതരിപ്പിച്ചു. ഇന്ത്യയുടെ ബയോടെക്നോളജി വ്യവസ്ഥിതിയുടെ വളർച്ച, BioE3 നയത്തിന്റെ നടപ്പാക്കൽ, സ്റ്റാർട്ടപ്പ്- നൂതനാശയ ശൃംഖലകളുടെ വിപുലീകരണം, ജീനോമിക്സ്, ആരോഗ്യ സാങ്കേതിക വിദ്യകളിലെ പുരോഗതി, അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), നാഷണൽ ക്വാണ്ടം മിഷൻ, റിസർച്ച് ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ (RDI) ഫണ്ട്, നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ, നാഷണൽ ജിയോസ്പേഷ്യൽ പോളിസി തുടങ്ങിയ സുപ്രധാന നയങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
 
 ശാസ്ത്രവും സാങ്കേതികവിദ്യയും നൂതനാശയങ്ങളും സമന്വയിച്ചുകൊണ്ട്  ഇന്ത്യയെ ഒരു ആഗോള വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി ഉയർത്തുന്നതിനുള്ള പ്രധാന ഘടകങ്ങളായി മാറിയതെങ്ങനെ എന്ന് കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ നേട്ടങ്ങൾ തെളിയിക്കുന്നതാണെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. 'വികസിത ഭാരതം @ 2047' എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, ഇന്ത്യയുടെ ശാസ്ത്ര പുരോഗതി തന്ത്രപരവും സാങ്കേതികവുമായ കഴിവുകളെ ശക്തിപ്പെടുത്തുക മാത്രമല്ല, പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുകയും വളർച്ചയ്ക്കും തൊഴിലിനും ദേശീയ വികസനത്തിനുമായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
ചിത്രം: തിങ്കളാഴ്ച ന്യൂഡൽഹിയിലെ സി.എസ്.ഐ.ആർ ആസ്ഥാനത്ത് "ശാസ്ത്ര, സാങ്കേതിക, നൂതനാശയ രംഗത്തെ 12 വർഷത്തെ പരിവർത്തനാത്മക വളർച്ച" എന്ന വിഷയത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.
 
*****

(रिलीज़ आईडी: 2273348) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati , Urdu , Tamil , Kannada