PIB Backgrounder
പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ
സമഗ്ര മാതൃ ആരോഗ്യപരിരക്ഷാ സേവനങ്ങളുടെ ഒരു പതിറ്റാണ്ട്
प्रविष्टि तिथि:
08 JUN 2026 9:41PM by PIB Thiruvananthpuram
പ്രധാന കാര്യങ്ങൾ
2016 ജൂണിൽ ആരംഭിച്ച പ്രധാന മന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ ഗർഭിണികൾക്ക്, പ്രത്യേകിച്ച് ഗർഭാവസ്ഥയുടെ രണ്ടും മൂന്നും ത്രൈമാസങ്ങളിൽ സൗജന്യവും ഗുണനിലവാരമുള്ളതുമായ പ്രസവപൂർവ പരിചരണം നൽകുന്നു.
എല്ലാ മാസവും ഒമ്പതാം തീയതി അംഗീകൃത ഗവണ്മെൻ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്ന ഈ പദ്ധതിയിലൂടെ അപകടസാധ്യത നേരത്തെ കണ്ടെത്തൽ, സമയബന്ധിതമായ മെഡിക്കൽ ഇടപെടലുകൾ, സുരക്ഷിതമായ ഗർഭകാലയളവ് എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
2026 ജൂൺ 9 ന് ഒരു ദശകം പൂർത്തിയാക്കുന്ന വേളയിൽ, പതിവ് എ.എൻ.സി പരിശോധനാ സേവനങ്ങൾക്ക് പുറമേ, പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ്റെ (പി.എം.എസ്.എം.എ) കീഴിൽ 7.50 കോടിയിലധികം ഗർഭിണികൾക്ക് പ്രസവപൂർവ്വ സേവനങ്ങളും ലഭിച്ചു. 2022-ൽ ആരംഭിച്ച വിപുലീകൃത പി.എം.എസ്.എം.എ. ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങളുടെ തുടർ പരിചരണവും നിരീക്ഷണവും ശക്തിപ്പെടുത്തുന്നു.
എന്തുകൊണ്ട് മാതൃ ആരോഗ്യം പ്രാധാന്യമർഹിക്കുന്നു?
ഓരോ ഗർഭധാരണവും കുടുംബത്തിന് മാത്രമല്ല, ഒരു സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും ഭാവിക്കും പ്രതീക്ഷ നൽകുന്നു. സുരക്ഷിതമായ ഗർഭധാരണവും ആരോഗ്യകരമായ പ്രസവവും ഉറപ്പാക്കുന്നത് അതിനാൽ തന്നെ പൊതുജനാരോഗ്യത്തിനും മനുഷ്യവികസനത്തിനും അടിസ്ഥാനപരമായ കാര്യമാണ്. എന്നിരുന്നാലും യഥാസമയം തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്തില്ലെങ്കിൽ ഗർഭധാരണം, അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അപകടസാധ്യതകൾ നിറഞ്ഞതാണ്. ഒരു രാജ്യത്തിൻ്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിൻ്റെ ശക്തിയുടെയും ഉൾച്ചേർക്കലിൻ്റെയും ഏറ്റവും വ്യക്തമായ സൂചകങ്ങളിലൊന്നായി മാതൃ ആരോഗ്യം നിലകൊള്ളുന്നു.
മാതൃ മരണ അനുപാതം (എം.എം.ആർ.) എന്താണ്?
ഒരു നിശ്ചിത കാലയളവിൽ കുഞ്ഞുങ്ങൾ ജീവനോടെ ജനിക്കുന്ന ഒരു ലക്ഷം പ്രസവങ്ങളിൽ എത്ര മാതൃമരണങ്ങൾ സംഭവിക്കുന്നു എന്നതിനെയാണ് ഇങ്ങനെ നിർവചിച്ചിരിക്കുന്നത്.
ഒരു സ്ത്രീയുടെ ഗർഭാവസ്ഥയിലോ, ഗർഭം അവസാനിച്ചതിന് ശേഷമുള്ള 42 ദിവസത്തിനുള്ളിലോ, ഗർഭാവസ്ഥയുമായോ അതിൻ്റെ പരിചരണവുമായോ ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടോ, അല്ലെങ്കിൽ അവ മൂലം വഷളായ കാരണങ്ങളാലോ സംഭവിക്കുന്ന മരണത്തെയാണ് മാതൃമരണം എന്ന് വിളിക്കുന്നത്. അപകടങ്ങൾ മൂലമോ, അവിചാരിതമോ ആയ കാരണങ്ങളാലോ സംഭവിക്കുന്ന മരണങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.
പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ (പി.എം.എസ്.എം.എ.) ആരംഭിക്കുന്നതിന് മുമ്പ്, മാതൃമരണനിരക്ക് ഒരു പ്രധാന പൊതുജനാരോഗ്യ പ്രതിസന്ധിയായി നിലനിന്നിരുന്നു. 2014-16 കാലയളവിൽ, ഇന്ത്യയുടെ മാതൃമരണ അനുപാതം (എം.എം.ആർ.) കുഞ്ഞുങ്ങൾ ജീവനോടെ ജനിക്കുന്ന ഒരു ലക്ഷം പ്രസവങ്ങളിൽ 130 അമ്മമാർ മരണപ്പെടുന്ന തരത്തിലായിരുന്നു.
രാജ്യത്തുടനീളമുള്ള മാതൃ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ അടിയന്തര ആവശ്യകത ഈ സാഹചര്യം അടിവരയിട്ടു. കൂടാതെ, 2030 ആകുമ്പോഴേക്കും 1,00,000 ജീവനുള്ള ജനനങ്ങൾക്ക് മാതൃമരണനിരക്ക് 70 ൽ താഴെയായി കുറയ്ക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യം (എസ്.ഡി.ജി.) കൈവരിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
കേന്ദ്രീകൃതവും സുസ്ഥിരവുമായ ഇടപെടലുകളുടെ ആവശ്യകതയെ ശക്തിപ്പെടുത്തിക്കൊണ്ട് 2017 ലെ ദേശീയ ആരോഗ്യ നയത്തിനു കീഴിലും മാതൃ ആരോഗ്യത്തെ ഒരു പ്രധാന മുൻഗണനാ വിഷയമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് 2016 ൽ കേന്ദ്ര ഗവണ്മെൻ്റ് പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ (പി.എം.എസ്.എം.എ) ആരംഭിച്ചത്.
പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ (പി.എം.എസ്.എം.എ.)
2016 ജൂൺ 9 ന് ആരംഭിച്ച പി.എം.എസ്.എം.എ., ഗർഭിണികൾക്ക്, പ്രത്യേകിച്ച് രണ്ടാമത്തെയും മൂന്നാമത്തെയും ത്രൈമാസത്തിലുള്ളവർക്ക്, എല്ലാ മാസവും 9-ാം തീയതി അംഗീകൃത ഗവണ്മെൻ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യവും സമഗ്രവുമായ ഗർഭകാല പരിചരണം നൽകുന്നു. ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും, അവർ എവിടെയാണ് താമസിക്കുന്നതെന്നത് പരിഗണിക്കാതെ തന്നെ, അപകടസാധ്യത നേരത്തെ കണ്ടെത്തൽ, സമയബന്ധിതമായ മെഡിക്കൽ ഇടപെടൽ, സുരക്ഷിതമായ ഗർഭധാരണം എന്നിവ ഉറപ്പാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
പി.എം.എസ്.എം.എ. യുടെ സേവന പാക്കേജിൽ ക്ലിനിക്കൽ പരിശോധനകൾ, ലബോറട്ടറി പരിശോധനകൾ (രക്ത, മൂത്ര പരിശോധനകൾ), അൾട്രാസോണോഗ്രാഫി, മരുന്നുകൾ എന്നിവയും പോഷകാഹാരം, പ്രസവ ആസൂത്രണം, സുരക്ഷിതമായ ഗർഭധാരണ രീതികൾ എന്നിവയെക്കുറിച്ചുള്ള കൗൺസിലിങ്ങും ഉൾപ്പെടുന്നു.
പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു
ഒരു പ്രസവചികിത്സകനും (ഒബ്‌സ്റ്റെട്രീഷ്യൻ) ഗൈനക്കോളജിസ്റ്റും നടത്തുന്ന സമഗ്രവും ഗുണമേന്മയുള്ളതുമായ ഒരു പ്രസവപൂർവ്വ പരിശോധന അല്ലെങ്കിൽ സമഗ്ര അടിയന്തര പ്രസവചികിത്സയും നവജാത ശിശു സംരക്ഷണവും(സി.ഇ.എം ഒ.എൻ.സി.).
രണ്ടാമത്തെയോ മൂന്നാമത്തെയോ ത്രൈമാസത്തിൽ സമഗ്ര അടിയന്തര പ്രസവചികിത്സയും നവജാതശിശു പരിചരണവും/ അടിസ്ഥാന അടിയന്തര പ്രസവചികിത്സയും നവജാതശിശു പരിചരണവും (ബി.ഇ.എം ഒ.എൻ.സി.) എന്നിവയിൽ പരിശീലനം ലഭിച്ച ഒരു ഡോക്ടർ.
അംഗീകൃത പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗർഭിണികളെ വിദഗ്ധ പ്രസവപൂർവ പരിചരണ സേവനങ്ങൾക്കായി സജ്ജമാക്കുക.
25 ഉയർന്ന അപകടസാധ്യത ഘടകങ്ങൾക്കായി സ്‌ക്രീനിങ് നടത്തിയും, പ്രാരംഭ ഘട്ടത്തിൽ തന്നെ അവയെ കൈകാര്യം ചെയ്തും ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം (എച്ച്.ആർ.പി.) തിരിച്ചറിയുക.
സുരക്ഷിത പ്രസവത്തിനായി ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണ(എച്ച്.ആർ.പി.)ങ്ങളെ ഏറ്റവും അടുത്തുള്ള ആദ്യ റഫറൽ യൂണിറ്റുമായി (എഫ്.ആർ.യു.) ബന്ധിപ്പിക്കൽ.
പി.എം.എസ്.എം.എ. സേവന വ്യവസ്ഥയ്ക്കായി സ്വകാര്യ സേവന ദാതാക്കളെ എംപാനൽ ചെയ്യൽ.
സേവന പാക്കേജിൽ അവശ്യ രക്ത, മൂത്ര പരിശോധനകളും അൾട്രാസോണോഗ്രാഫിയും ഉൾപ്പെടുന്നു.
ഓരോ ഗർഭിണിക്കും പോഷകാഹാരം, ഉചിതമായ ജനന ആസൂത്രണം, സങ്കീർണതകൾ നേരിടാനുള്ള തയ്യാറെടുപ്പ് എന്നിവയെക്കുറിച്ചുള്ള കൗൺസിലിങ്.
25 ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണ (എച്ച്.ആർ.പി.) വിഭാഗങ്ങൾ: എച്ച്.ഐ.വി., സിഫിലിസ്, കടുത്ത വിളർച്ച, ഗർഭധാരണം മൂലമുണ്ടാകുന്ന രക്താതിമർദ്ദം, ഗർഭകാല പ്രമേഹം (ജി.ഡി.എം.), ഹൈപ്പോതൈറോയിഡിസം, ക്ഷയം, മലേറിയ, മുമ്പ് ഗർഭപാത്രത്തിൻ്റെ താഴെ ഭാഗത്ത് മുറിവുണ്ടാക്കി ശസ്ത്രക്രിയ നടത്തിയ പ്രസവം (ലോവർ സെഗ്മെൻ്റ് സിസേറിയൻ സെക്ഷൻ), പ്രസവ സമയത്ത് അമ്മയുടെ ഇടുപ്പെല്ലിൻ്റെ അളവും കുഞ്ഞിൻ്റെ തലയുടെ വലിപ്പവും തമ്മിലുള്ള പൊരുത്തക്കേട് (സെഫാലോ-പെൽവിക് അസന്തുലിതാവസ്ഥ), മോശം പ്രസവ ചരിത്രം, ഇരട്ടകൾ അല്ലെങ്കിൽ ഒന്നിലധികം ഗർഭധാരണം; ഹെപ്പറ്റൈറ്റിസ് ബി, ഗർഭസ്ഥ ശിശുവിൻ്റെ അസാധാരണമായ ഹൃദയമിടിപ്പ്, കൗമാര ഗർഭധാരണം, ഉയർന്ന പനി, പ്രത്യുൽപാദന വ്യവസ്ഥയിലെ അണുബാധകൾ/ലൈംഗികമായി പകരുന്ന അണുബാധകൾ (ആർ.ടി.ഐ./എസ്.ടി.ഐ.), ഗർഭാവസ്ഥയിൽ കുഞ്ഞ് മരണപ്പെട്ട മുൻകാല അനുഭവം, ജനന വൈകല്യം, നെഗറ്റീവ് രക്തഗ്രൂപ്പ് (ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിൽ ആർ.എച്ച്. ഫാക്ടർ പ്രോട്ടീൻ ഇല്ലാത്ത രക്തഗ്രൂപ്പുകൾ), ഏർലി പ്രൈമി (കുറഞ്ഞ പ്രായത്തിലുള്ള ആദ്യ ഗർഭം), എൽഡേർലി പ്രൈമി (35 വയസ്സിന് ശേഷമുള്ള ആദ്യ ഗർഭം), അഞ്ചോ അതിലധികോ പ്രസവം നടത്തിയവർ (ഗ്രാൻഡ് മൾട്ടിപാര), ഉയരക്കുറവ്, മറ്റ് നിർദ്ദിഷ്ട ആരോഗ്യപ്രശ്‌നങ്ങൾ അല്ലെങ്കിൽ പ്രസവ സംബന്ധ അവസ്ഥകൾ.

ഗർഭിണികളുടെ അവസ്ഥയും അപകടസാധ്യതയും സൂചിപ്പിക്കുന്ന ഒരു സ്റ്റിക്കർ ഓരോ സന്ദർശനവേളകളിലും മാതൃ-ശിശു സംരക്ഷണ കാർഡുകളിൽ ചേർക്കുന്നു:
ആർക്കൊക്കെ പി.എം.എസ്.എം.എ. സേവനങ്ങൾ അഭിഗമ്യമാവും:
രണ്ടാം ത്രൈമാസത്തിൽ (13-27 ആഴ്ച) അല്ലെങ്കിൽ മൂന്നാം ത്രൈമാസത്തിൽ (28 ആഴ്ച മുതൽ പ്രസവം വരെ) ഉള്ള ഗർഭിണികൾ.
എല്ലാ മാസവും 9-ാം തീയതി അംഗീകൃത ഗവണ്മെൻ്റ് ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാൻ സന്നദ്ധരായ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ.
ഉയർന്ന അപകടസാധ്യതയുള്ള ഗർഭകാല അവസ്ഥകൾക്ക് മുൻഗണനാ ശ്രദ്ധയും തുടർ പരിചരണവും ലഭിക്കുന്നു.
പതിവ് പ്രസവാനന്തര പരിചരണത്തിൽ നിന്ന് ഇടയ്ക്ക് വെച്ച് പിൻമാറിയ സ്ത്രീകളെ പങ്കെടുക്കാൻ സജീവമായി പ്രോത്സാഹിപ്പിക്കുന്നു.
ഡോക്ടർ സന്നദ്ധസേവന സംവിധാനം (ഡോക്ടർ വൊളൻ്റീയർ സിസ്റ്റം)
ഓരോ മാസവും 9-ാം തീയതി സ്വകാര്യ മേഖലയിലെ ഗൈനക്കോളജിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, ഫിസിഷ്യൻമാർ എന്നിവരെ സന്നദ്ധ സേവനത്തിനായി സമയം ചെലവഴിക്കാൻ ഈ പരിപാടി സ്വാഗതം ചെയ്യുന്നു. ഡോക്ടർമാരോട് വർഷത്തിൽ കേവലം 12 ദിവസം ഇതിനായി നീക്കിവെക്കാൻ 'മൻ കി ബാത്ത്' അഭിസംബോധനയിൽ പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്തു. ഔദ്യോഗിക പി.എം.എസ്.എം.എ. പോർട്ടൽ വഴി ഡോക്ടർമാർക്ക് ഇതിനായി രജിസ്റ്റർ ചെയ്യാം. 'ഐ പ്ലഡ്ജ് ഫോർ നയൻ' അച്ചീവേഴ്സ് പുരസ്‌കാരങ്ങൾ മുഖേന ഈ സന്നദ്ധസേവകർ അവരുടെ സംഭാവനകൾക്കായി അംഗീകരിക്കപ്പെടുന്നു.
ഇന്ത്യയിലുടനീളമുള്ള പരിധി വ്യാപനം:


ലക്ഷ്യബോധമുള്ള ഒരു മാതൃ ആരോഗ്യ ഇടപെടലായി ആരംഭിച്ച ഒന്ന്, ഇന്ന് രാജ്യവ്യാപകമായ ഒരു പ്രസ്ഥാനമായി വളർന്നിരിക്കുന്നു. ആവിർഭാവം മുതൽ ജില്ലകൾ, ആരോഗ്യ കേന്ദ്രങ്ങൾ, സമൂഹങ്ങൾ എന്നിവിടങ്ങളിൽ പി.എം.എസ്.എം.എ അതിൻ്റെ വ്യാപനം ക്രമാനുഗതമായി വിപുലീകരിച്ചിട്ടുണ്ട്.

മാതൃ മരണ അനുപാതത്തിൽ ഇന്ത്യ 43 പോയിൻ്റുകളുടെ കുറവ് കൈവരിച്ചു. കുഞ്ഞുങ്ങൾ ജീവനോടെ ജനിച്ച ഒരു ലക്ഷം പ്രസവങ്ങളിലെ മാതൃമരണ നിരക്ക് 2014-16 നും 2022-24 നും ഇടയിൽ 130 ൽ നിന്ന് 87 ആയി കുറച്ചുകൊണ്ടുവന്നു.
വിപുലീകൃത പി.എം.എസ്.എം.എ: തുടർ പരിചരണം ശക്തിപ്പെടുത്തൽ

ഉയർന്ന അപകടസാധ്യതയുള്ള ഗർഭാവസ്ഥകളെ തിരിച്ചറിയുന്നത് ആദ്യപടി മാത്രമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, തുടർ പരിചരണം ശക്തിപ്പെടുത്തുന്നതിനായി ഗവണ്മെൻ്റ് 2022 ജനുവരിയിൽ വിപുലീകൃത പി.എം.എസ്.എം.എ. കാര്യനയം ആരംഭിച്ചു. ഉയർന്ന അപകടസാധ്യതയുള്ളതായി തിരിച്ചറിഞ്ഞ സ്ത്രീകൾക്ക് ഗർഭകാലം മുഴുവൻ അധിക പ്രസവപൂർവ്വ പരിശോധനകൾ, തുടർച്ചയായ നിരീക്ഷണം, സമയബന്ധിതമായ വൈദ്യസഹായം എന്നിവ ലഭിക്കുന്നുണ്ടെന്ന് ഈ സംരംഭം ഉറപ്പാക്കുന്നു.
സുരക്ഷിതമായ പ്രസവം സാധ്യമാവുന്നത് വരെ ഉയർന്ന അപകടസാധ്യതയുള്ള ഓരോ ഗർഭധാരണവും വ്യക്തിഗതമായി നിരീക്ഷിക്കപ്പെടുന്നു. അതേസമയം, ഗുണഭോക്താവിനും ഒപ്പമുള്ള അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തക(ആശ വർക്കർ) യ്ക്കും മൂന്ന് അധിക സന്ദർശനങ്ങൾ വരെ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു. എച്ച്.ആർ.പി. രജിസ്‌ട്രേഷനും തുടർ സന്ദർശനങ്ങൾക്കുമായി ഗുണഭോക്താവിനും ആശ വർക്കർക്കും എസ്.എം.എസ്. അറിയിപ്പുകൾ അയയ്ക്കുന്നു.
മറ്റ് മാതൃ ആരോഗ്യ സംരംഭങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നു:
പി.എം.എസ്.എം.എ ഒറ്റപ്പെട്ട രീതിയിലല്ല പ്രവർത്തിക്കുന്നത്. കേന്ദ്ര ഗവണ്മെൻ്റ് നടപ്പിലാക്കുന്ന മാതൃ-ശിശു ആരോഗ്യ പരിപാടികളുടെ ഒരു വലിയ ആവാസവ്യവസ്ഥയുടെ ഭാഗമാണിത്.
ജനനി സുരക്ഷാ യോജന (ജെ.എസ്.വൈ) ആശുപത്രികളിലോ മറ്റ് അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളിലോ നടക്കുന്ന (സ്ഥാപനവത്കൃത) പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. 2014-15 മുതൽ, 2025 മാർച്ച് വരെ 11.96 കോടിയിലധികം സ്ത്രീകൾക്ക് ഇത് പ്രയോജനം ചെയ്തു.
ജനനി ശിശു സുരക്ഷാ കാര്യക്രമം (അമ്മമാരുടെയും ശിശുക്കളുടെയും സംരക്ഷണ പദ്ധതി/ജെ.എസ്.എസ്.കെ.) ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നു. 2014-15 മുതൽ, 18.05 കോടിയിലധികം ഗുണഭോക്താക്കൾക്ക് ഈ പദ്ധതിയുടെ കീഴിൽ പിന്തുണ ലഭ്യമാവുന്നു.
സുരക്ഷിത മാതൃത്വ ആശ്വാസൻ (സുരക്ഷിതമായ മാതൃത്വത്തിൻ്റെ ഉറപ്പ്/സുമൻ) 99,290-ലധികം കേന്ദ്രങ്ങളുടെ ഒരു ശൃംഖലയിലൂടെ ഗുണനിലവാരമുള്ള മാതൃ ആരോഗ്യ പരിരക്ഷ ശക്തിപ്പെടുത്തുന്നു.
സമഗ്രമായ പോഷണത്തിനായുള്ള പ്രധാനമന്ത്രിയുടെ സമഗ്ര പദ്ധതി (പോഷൺ അഭിയാൻ), പ്രധാനമന്ത്രി മാതൃ വന്ദന യോജന (പി.എം.എം.വി.വൈ.), പ്രസവമുറി ഗുണനിലവാര മെച്ചപ്പെടുത്തൽ സംരംഭം (ലക്ഷ്യ) തുടങ്ങിയ മറ്റ് സംരംഭങ്ങൾ മാതൃ പോഷകാഹാരം, പ്രസവ ആനുകൂല്യങ്ങൾ, പ്രസവ മുറികളിലെ പരിചരണത്തിൻ്റെ ഗുണനിലവാരം എന്നിവയെ അഭിസംബോധന ചെയ്യുന്നു.
ഈ പരിപാടികൾ ഒരുമിച്ച്, മാതൃ-നവജാത ശിശു ആരോഗ്യത്തിനായി സമഗ്രമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നു.
പി.എം.എസ്.എം.എ. പത്താം വാർഷികം ആഘോഷിക്കുന്നു
പി.എം.എസ്.എം.എ.യുടെ 10 വർഷങ്ങൾ ആഘോഷിക്കുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് ഇനിപ്പറയുന്ന വഴികൾ ആചരിക്കുന്നു:
* 1.8 ലക്ഷം ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിൽ ആയുഷ്മാൻ ആരോഗ്യ ശിബിരങ്ങൾ: രാജ്യത്തെ 1.8 ലക്ഷം ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിൽ ഗുണനിലവാരമുള്ള പ്രസവപൂർവ പരിചരണ (എ.എൻ.സി.) സേവനങ്ങൾ നൽകുന്നു.
* ഗ്രാമ ആരോഗ്യ ശുചിത്വ പോഷകാഹാര ദിന (വി.എച്ച്.എസ്.എൻ.ഡി) ആചരണം, ജൻ ആരോഗ്യ സമിതി (ജെ.എ.എസ്.), സ്വയം സഹായ സംഘങ്ങൾ (എസ്.എച്ച്.ജി) എന്നിവയിലൂടെ സാമൂഹികാവബോധ പരിപാടികൾ സംഘടിപ്പിക്കുന്നു.
* എല്ലാ ജില്ലാ ആശുപത്രികളിലും / ഉപജില്ലാ ആശുപത്രികളിലും / പ്രഥമ റഫറൽ യൂണിറ്റുകളിലും (എഫ്.ആർ.യു.) മറ്റ് അംഗീകൃത പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ കേന്ദ്രങ്ങളിലും പ്രത്യേക പി.എം.എസ്.എം.എ. സെഷനുകൾ നടത്തുന്നു.
പത്ത് വർഷങ്ങൾ, ഭാവിയിലേക്ക് ഉറ്റുനോക്കുന്നു:
കഴിഞ്ഞ ദശകത്തിൽ, പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ രാജ്യത്തെ പ്രസവപൂർവ പരിചരണ സേവനത്തിൽ പരിവർത്തനം വരുത്തി. ഗുണനിലവാരമുള്ള മാതൃ ആരോഗ്യ പരിരക്ഷ ഇപ്പോൾ കൂടുതൽ അഭിഗമ്യവും, വ്യവസ്ഥാപിതവും, പ്രതികരണശേഷിയുള്ളതുമാണ്. ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങളെ നേരത്തേ തിരിച്ചറിയൽ, പതിവായുള്ള നിരീക്ഷണം, സമയബന്ധിതമായ ചികിത്സാ ഇടപെടൽ എന്നിവയിലൂടെ, രാജ്യത്തുടനീളമുള്ള മാതൃ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്താൻ ഈ പരിപാടി സഹായിക്കുകയും അമ്മമാർക്കും നവജാതശിശുക്കൾക്കും ഒരുപോലെ മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.
ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷ ശരിയായ സമയത്ത് സ്ത്രീകളിലേക്ക് എത്തുമ്പോൾ അത് ജീവൻ രക്ഷിക്കുകയും സങ്കീർണതകളെ പ്രതിരോധിക്കുകയും കുടുംബങ്ങൾക്കും ഭാവി തലമുറകൾക്കുമായി ആരോഗ്യകരമായ തുടക്കം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പി.എം.എസ്.എം.എ. തെളിയിച്ചിട്ടുണ്ട്.
2047 ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറവെ, ഓരോ ഗർഭധാരണവും സുരക്ഷിതമാണെന്നും ഓരോ അമ്മയ്ക്കും അർഹമായ പരിചരണം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കിക്കൊണ്ട് പി.എം.എസ്.എം.എ., മാതൃ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നത് തുടരും.
കഴിഞ്ഞ ദശകത്തിൽ മാതൃ മരണ അനുപാതം 130 ൽ നിന്ന് 87 ആയി ഗണ്യമായി കുറഞ്ഞു എന്നത്, ആസൂത്രിതമായ ഇടപെടലുകൾക്ക് ആയിരക്കണക്കിന് ജീവൻ രക്ഷിക്കാൻ കഴിയുമെന്നത് തെളിയിക്കുന്നു. തുടർച്ചയായ പ്രതിബദ്ധതയിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും, ജീവന് ജന്മം നൽകുമ്പോൾ ഒരു സ്ത്രീക്ക് പോലും ജീവൻ നഷ്ടപ്പെടാത്ത ഒരു യുഗത്തിലേക്ക് നയിക്കാൻ പി.എം.എസ്.എം.എ.യ്ക്ക് സാധിക്കും. ഇത് കൂടുതൽ ആരോഗ്യകരവും സമൃദ്ധവുമായൊരു ഇന്ത്യയുടെ അടിത്തറയെ ശക്തിപ്പെടുത്തുന്നു.
അവലംബം:
Press Information Bureau
Prime Minister's Office
Ministry of Health and Family Welfare
Others
Click here to see pdf
***
(रिलीज़ आईडी: 2271053)
आगंतुक पटल : 5