യുവജനകാര്യ, കായിക മന്ത്രാലയം
'വികസിത ഇന്ത്യക്കായി യുവത - മൈ ഭാരത് യുവ കൺവെൻഷൻ' 2026 ജൂൺ 6-ന് ഡൽഹി ത്യാഗരാജ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും
प्रविष्टि तिथि:
05 JUN 2026 11:07AM by PIB Thiruvananthpuram
'വികസിത ഇന്ത്യ @2047' എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിൻ്റെ പ്രയാണത്തിൽ യുവാക്കളെ പ്രധാന ചാലകശക്തിയായി മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തിന് കരുത്തുപകർന്ന്, കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് (മൈ ഭാരത്) കൺവെൻഷൻ സംഘടിപ്പിക്കുന്നു. 'വികസിത ഇന്ത്യക്കായി യുവത - മൈ ഭാരത് യുവ കൺവെൻഷൻ’ ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ നടക്കും.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 6,000-ത്തിലധികം യുവപ്രതിനിധികൾ പങ്കെടുക്കും. വിദ്യാർത്ഥികൾ, യുവ പ്രൊഫഷണലുകൾ, യുവതികൾ, സംരംഭകർ, ഉള്ളടക്ക നിർമ്മാതാക്കൾ, നവസംരംഭകർ, വളർന്നുവരുന്ന യുവനേതാക്കൾ, വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവർ തുടങ്ങി വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടാകും.
കേന്ദ്ര യുവജനകാര്യ കായികമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖാ ഗുപ്ത എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. ഭാവി ഇന്ത്യയുടെ ശില്പികളെ ഇന്നത്തെ വിജയികളുമായി ഒന്നിപ്പിക്കുന്ന തരത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ, വിശിഷ്ട വ്യക്തികൾ, യുവ പ്രതിഭകൾ എന്നിവർ പരിപാടിയ്ക്ക് മാറ്റുകൂട്ടും. ദേശീയ വികസനത്തിലും പൊതുനേതൃത്വത്തിലും ഒന്നിച്ച് പ്രവർത്തിക്കാനുള്ള മനോഭാവം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് ഈ സംഗമം.
കൺവെൻഷനിൽ രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമേകിയ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിക്കാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്. 100 മീറ്ററിലെ നിലവിലെ ദേശീയ റെക്കോർഡ് ജേതാവും ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ താരവുമായ ഗുരീന്ദർവീർ സിംഗ്, പ്രമുഖ ബ്രാൻഡായ 'boAt'-ൻ്റെ സഹസ്ഥാപകനും സി.എം.ഒയുമായ സംരംഭകൻ അമൻ ഗുപ്ത, ഒളിമ്പിക് മെഡൽ ജേതാവ് അമൻ സെഹ്‌രാവത് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഇവർക്ക് പുറമെ യു.പി.എസ്.സി പരീക്ഷകളിൽ ഉന്നത വിജയികളും ദശലക്ഷങ്ങളെ സ്വാധീനിച്ച പ്രമുഖ ദേശീയ ഉള്ളടക്ക നിർമാതാക്കളായ മൽഹാർ കലാംബെ, ആർ.ജെ റൗണക് തുടങ്ങിയവരും പങ്കെടുക്കും. കായികരംഗം, സംരംഭകത്വം, ഭരണ നിർവ്വഹണം, ഉള്ളടക്ക നിർമാണം എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വളർന്നുവരുന്ന യുവപ്രതിഭകളെ ചടങ്ങിൽ ആദരിക്കും.
യുവജന മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകർന്നുകൊണ്ട്, മേരാ യുവ ഭാരത് അടുത്തിടെ സ്വന്തമാക്കിയ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിൻ്റെ ആഘോഷവും ഈ കൺവെൻഷൻ്റെ ഭാഗമാകും. 'വികസിത ഇന്ത്യ യങ് ലീഡേഴ്സ് ഡയലോഗ്' ക്വിസ് മത്സരത്തിലൂടെ "ഒരു ആഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ഓൺലൈൻ ക്വിസ് മത്സരം" എന്ന ലോക റെക്കോർഡാണ് മേരാ യുവ ഭാരത് സ്വന്തമാക്കിയത്.
രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 50 ലക്ഷത്തിലധികം യുവാക്കളാണ് ഈ ക്വിസ് മത്സരത്തിൽ പങ്കാളികളായത്. ഇതിൽ ഔദ്യോഗിക മൂല്യനിർണ്ണയ സമയത്തിനുള്ളിൽ 3,90,812 പേർ ക്വിസ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് പുതിയ ലോക റെക്കോർഡ് പിറന്നത്.
'വികസിത ഇന്ത്യ @2047' എന്ന ലക്ഷ്യത്തിൽ രാജ്യത്തെ യുവതലമുറയ്ക്കുള്ള അഭൂതപൂർവ്വമായ താല്പര്യവും പങ്കാളിത്തവുമാണ് ഈ നേട്ടം അടിവരയിടുന്നത്. രാഷ്ട്ര നിർമ്മാണത്തിൽ യുവശക്തിക്ക് അർത്ഥവത്തായ സംഭാവനകൾ നൽകാൻ സാധിക്കുന്ന മികച്ചൊരു വേദിയായി 'മേരാ യുവ ഭാരത്' മാറിയിരിക്കുന്നു എന്നതിൻ്റെ തെളിവുകൂടിയാണ് നേട്ടം.
2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം കുതിക്കുമ്പോൾ, രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളുടെയും നേട്ടങ്ങളുടെയും പരിവർത്തന ശേഷിയുടെയും ആഘോഷമായി 'മൈ ഭാരത് യൂത്ത് കൺവെൻഷൻ' മാറും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യുവ പ്രതിഭകളെ ഒന്നിപ്പിക്കുന്ന പരിപാടി രാഷ്ട്ര നിർമ്മാണത്തിൽ സജീവ പങ്കാളികളാകാനുള്ള ‘അമൃതതലമുറയുടെ’ കൂട്ടായ ദൃഢനിശ്ചയത്തെ ഊട്ടിയുറപ്പിക്കുന്ന വേദിയായി മാറും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്വയംപര്യാപ്തവുമായ ഇന്ത്യ എന്ന വീക്ഷണം യാഥാർത്ഥ്യമാക്കുന്നതിൽ രാജ്യത്തെ യുവശക്തിക്കുള്ള പങ്കും പ്രാധാന്യവും ഈ കൺവെൻഷൻ അടിവരയിടും.
****
(रिलीज़ आईडी: 2269357)
आगंतुक पटल : 7