സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

രണ്ടാമത് ബ്രിക്സ് സാംസ്കാരിക പ്രവർത്തക സമിതി യോഗത്തിന് വാരാണസിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും

പോസ്റ്റഡ് ഓണ്‍: 01 JUN 2026 6:33PM by PIB Thiruvananthpuram

രണ്ടാമത് ബ്രിക്സ് സാംസ്കാരിക പ്രവർത്തക സമിതി യോഗം 2026 ജൂൺ 4, 5 തീയതികളിൽ ഉത്തർപ്രദേശിലെ വാരാണസിയിൽ നടക്കുമെന്ന് സാംസ്കാരിക മന്ത്രാലയ സെക്രട്ടറി ശ്രീ വിവേക് അഗർവാൾ അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐജിഎൻസിഎ മെമ്പർ സെക്രട്ടറി ഡോ. സച്ചിദാനന്ദ് ജോഷി, അഡീഷണൽ സെക്രട്ടറി ശ്രീമതി അമിത പ്രസാദ് സാരാഭായ്, ജോയിൻ്റ് സെക്രട്ടറി ഡോ. അരവിന്ദ് കുമാർ എന്നിവരും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. "പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമ്മിതി" എന്ന ഇന്ത്യയുടെ ബ്രിക്സ് 2026 പ്രമേയത്തിന് അനുസൃതമായി, സാംസ്കാരിക സഹകരണത്തെക്കുറിച്ചുള്ള ഘടനാപരമായ ബഹുരാഷ്ട്ര ചർച്ചകൾക്ക് ഈ രണ്ടു ദിവസത്തെ യോഗം വഴിയൊരുക്കും.

 


ചർച്ചയ്ക്കുള്ള മുൻഗണനാ മേഖലകൾ

2026-ലെ ബ്രിക്സ് സാംസ്കാരിക പ്രവർത്തക സമിതിയിലെ ചർച്ചകൾ പ്രധാനമായും മൂന്ന് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്:

1. സർഗ്ഗാത്മക സമ്പദ്‌ വ്യവസ്ഥ, സാംസ്കാരിക-സർഗ്ഗാത്മക വ്യവസായങ്ങൾ, പകർപ്പവകാശവും നിർമ്മിത ബുദ്ധിയും.

2. സാംസ്കാരിക പൈതൃക സംരക്ഷണവും സാംസ്കാരിക സ്വത്തുക്കൾ തിരികെ നൽകലും.

3. സംസ്കാരം, കാലാവസ്ഥ, സുസ്ഥിര വികസനം.

നൂതനാശയങ്ങളോടുള്ള പ്രതിജ്ഞാബദ്ധത, സാംസ്കാരിക മേഖലകളിൽ സാങ്കേതികവിദ്യയുടെ ധാർമ്മിക ഉപയോഗം ഉറപ്പാക്കൽ, സാംസ്കാരിക വൈവിധ്യം നിലനിർത്തൽ, പൈതൃക സംരക്ഷണവും അവ തിരികെ നൽകുന്നതിലെ സഹകരണവും പ്രോത്സാഹിപ്പിക്കൽ, അതോടൊപ്പം 2030-ന് ശേഷമുള്ള ആഗോള സുസ്ഥിര വികസന അജണ്ടയുമായുള്ള സജീവ സഹകരണം എന്നിവയാണ് ഈ മുൻഗണനാ വിഷയങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ബ്രിക്‌സ് സാംസ്കാരിക സഹകരണത്തിൽ ഇന്ത്യയുടെ പങ്ക്

ബ്രിക്സ്  കൂട്ടായ്മയിലെ സാംസ്കാരിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യ എന്നും സജീവമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇന്ത്യ അധ്യക്ഷത വഹിച്ച 2016-ൽ ഗോവയിലും, 2021-ൽ ന്യൂഡൽഹിയിലും  ബ്രിക്സ് സാംസ്കാരിക മന്ത്രിമാരുടെ സമ്മേളനങ്ങൾക്ക് സാംസ്കാരിക മന്ത്രാലയം വിജയകരമായി ആതിഥേയത്വം വഹിച്ചിരുന്നു. ഈ തുടർച്ച നിലനിർത്തിക്കൊണ്ട് 2026-ലെ ബ്രിക്സ് അധ്യക്ഷ പദവിയിലൂടെ ഇന്ത്യ ഈ മേഖലയ്ക്ക് തന്ത്രപരമായ നേതൃത്വം നൽകുന്നത് തുടരുകയാണ്.

2015-ൽ ഒപ്പുവെച്ച 'സാംസ്കാരിക മേഖലയിലെ സഹകരണത്തിനായുള്ള ബ്രിക്സ് അംഗരാജ്യങ്ങളുടെ കരാറി'ൽ നിന്നാണ് ബ്രിക്സ് സാംസ്കാരിക പ്രവർത്തക സമിതിയ്ക്ക് പ്രവർത്തനാധികാരം ലഭിക്കുന്നത്. വർഷങ്ങളായി സാംസ്കാരിക പൈതൃകം, സർഗ്ഗാത്മക വ്യവസായങ്ങൾ, സിനിമകൾ, മ്യൂസിയങ്ങൾ, ആർക്കൈവുകൾ, ഡിജിറ്റൽ സാംസ്കാരിക സംവിധാനങ്ങൾ എന്നിവയിലുടനീളം ഈ കൂട്ടായ്മ സഹകരണം വ്യാപിപ്പിച്ചിട്ടുണ്ട്.

ബ്രിക്സ് കൾച്ചർ ട്രാക്ക് 2026 - യോഗങ്ങളുടെയും പരിപാടികളുടെയും സമയവിവരപ്പട്ടിക:

തീയതി

യോഗം / പരിപാടി വേദി
2026 ഏപ്രിൽ 29 - 30 ഒന്നാമത് ബ്രിക്സ് സാംസ്കാരിക പ്രവർത്തക സമിതി യോഗം വെർച്വൽ രീതിയിൽ (ഓൺലൈൻ)
2026 ജൂൺ 4 - 5 രണ്ടാമത് ബ്രിക്സ് സാംസ്കാരിക  പ്രവർത്തക സമിതി  യോഗം    വാരാണസി, ഇന്ത്യ
2026 ഓഗസ്റ്റ് 5 - 6 മൂന്നാമത് ബ്രിക്സ് സാംസ്കാരിക  പ്രവർത്തക സമിതി   യോഗം ഭോപ്പാൽ, ഇന്ത്യ
2026 ഓഗസ്റ്റ് 6 - 7 ബ്രിക്സ് സാംസ്കാരിക ഉൽസവം  ഭോപ്പാൽ, ഇന്ത്യ
2026 ഓഗസ്റ്റ് 7 - 8 ബ്രിക്സ് സാംസ്കാരിക മന്ത്രിമാരുടെ സമ്മേളനം ഭോപ്പാൽ, ഇന്ത്യ
2026 ഒക്ടോബർ 12 - 14 ബ്രിക്സ് തിയേറ്റർ ഫെസ്റ്റിവൽ ന്യൂഡൽഹി, ഇന്ത്യ

 

 

 

ബ്രിക്സ്  കൂട്ടായ്മയെക്കുറിച്ച്:

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇന്തോനേഷ്യ എന്നിവരാണ് ബ്രിക്സിലെ പൂർണ്ണ അംഗരാജ്യങ്ങൾ. കൂടാതെ 2025-ൽ 10 പങ്കാളിത്ത രാജ്യങ്ങളും  ഈ കൂട്ടായ്മയുടെ ഭാഗമായി. രാഷ്ട്രീയം-സുരക്ഷ, സാമ്പത്തികം-ധനകാര്യം, സംസ്‌കാരം-ജനപ്രാതിനിധ്യം എന്നീ മൂന്ന് പ്രധാന മേഖലകളിലൂന്നിയുള്ള ബഹുരാഷ്ട്ര സഹകരണത്തിനുള്ള വലിയൊരു വേദിയാണ് ബ്രിക്സ്. കൂടുതൽ ഉൾക്കൊള്ളുന്നതും തുല്യതയുള്ളതുമായ ഒരു അന്താരാഷ്ട്ര ക്രമം കെട്ടിപ്പടുക്കുന്നതിനായി ഈ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നു.

 

***


( റിലീസ് ഐ.ഡി: 2267736) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , हिन्दी