ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

PMAY-G പദ്ധതിക്ക് കീഴിൽ 12 സംസ്ഥാനങ്ങൾക്കായി 10,021 കോടി രൂപയുടെ പ്രാരംഭ അനുമതി നൽകി ശിവരാജ് സിംഗ് ചൗഹാൻ

പോസ്റ്റഡ് ഓണ്‍: 28 MAY 2026 5:00PM by PIB Thiruvananthpuram

2029 മാർച്ചോടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായി, പ്രധാൻ മന്ത്രി ആവാസ് യോജന-ഗ്രാമീൺ (PMAY-G) പദ്ധതിക്ക് കീഴിൽ 12 സംസ്ഥാനങ്ങൾക്കായി 10,021.42 കോടി രൂപയുടെ പ്രാരംഭ അനുമതി (Mother Sanction) കേന്ദ്ര ഗ്രാമീണ വികസന മന്ത്രി  ശിവരാജ് സിംഗ് ചൗഹാൻ പുറപ്പെടുവിച്ചു. കേന്ദ്ര ഗ്രാമീണ വികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനിയുടെ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് തുക അനുവദിച്ചത്.

വീഡിയോ കോൺഫറൻസ് വഴി നടന്ന  പരിപാടിയിൽ ഉത്തർപ്രദേശ് ഗ്രാമീണ വികസന മന്ത്രി കേശവ് പ്രസാദ് മൗര്യ, രാജസ്ഥാൻ മന്ത്രി ഡോ. കിരോരി ലാൽ മീണ, അസം മന്ത്രി  അതുൽ ബോറ, ജാർഖണ്ഡ് മന്ത്രി  ദീപിക പാണ്ഡെ, ഗ്രാമീണ വികസന വകുപ്പ് സെക്രട്ടറി  രോഹിത് കൻസൽ എന്നിവരും കേന്ദ്ര-സംസ്ഥാനങ്ങളിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

 


 

അസം, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവയാണ് പ്രാരംഭ അനുമതി ലഭിച്ച 12 സംസ്ഥാനങ്ങൾ.

രാജ്യത്തെ ഒരാളും  മൺവീടിനുള്ളിൽ  താമസിക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി  നരേന്ദ്ര മോദി പ്രതിജ്ഞാബദ്ധനാണെന്ന്  ചടങ്ങിൽ കേന്ദ്ര ഗ്രാമീണ വികസന മന്ത്രി  ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഈ ദീർഘവീക്ഷണം മുൻനിർത്തിയാണ് 2016-ൽ പ്രധാൻ മന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് കീഴിൽ ലക്ഷ്യമിട്ട 4.95 കോടി വീടുകളിൽ 3.91 കോടി വീടുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ടെന്നും 3.05 കോടിയിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.

 



 “നല്ലൊരു വീടുണ്ടാകുമ്പോൾ ജീവിതം കൂടുതൽ എളുപ്പമാകും. നമ്മൾ വെറുമൊരു വീട് നിർമ്മിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് റോഡുകൾ, വൈദ്യുതി, കുടിവെള്ളം, എൽ.പി.ജി  കണക്ഷനുകൾ, ശൗചാലയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഭവനങ്ങൾ ഒരുക്കുകയാണ്.” ശ്രീ ചൗഹാൻ പറഞ്ഞു.വിവിധ ക്ഷേമപദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ട് ഗ്രാമീണ കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഇന്ത്യാ ഗവണ്മെൻ്റ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന നൂതനമായ ആശയങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഹെൽപ്പ് ലൈനുകൾ, പരാതി പരിഹാര സംവിധാനങ്ങൾ, മഴവെള്ള സംഭരണം, സ്വയംസഹായ സംഘങ്ങൾ  വഴിയുള്ള ജീവനോപാധി വികസനം, കെട്ടിട നിർമ്മാണ തൊഴിലാളികളുടെ  പരിശീലന പരിപാടികൾ തുടങ്ങിയ മാതൃകാപരമായ നിരവധി പദ്ധതികൾ പല സംസ്ഥാനങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും ഇത് പദ്ധതിയുടെ ലക്ഷ്യം വേഗത്തിൽ കൈവരിക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, പി.എം.എ.വൈ -ജി പദ്ധതിക്ക് കീഴിൽ അനുവദിച്ച വീടുകളിൽ ഏകദേശം 75 ശതമാനവും സ്ത്രീകളുടെ പേരിലോ അല്ലെങ്കിൽ സംയുക്ത ഉടമസ്ഥതയിലോ  ഉള്ളതാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇത് സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും സാമൂഹിക സുരക്ഷയും വർദ്ധിപ്പിക്കുന്നു.

പാവപ്പെട്ട കുടുംബങ്ങൾക്ക് ഭൂമിയില്ലാത്ത സാഹചര്യങ്ങളിൽ വീട് നിർമ്മാണം തടസ്സപ്പെടുന്നുണ്ടെന്ന് ശ്രീ ചൗഹാൻ ചൂണ്ടിക്കാട്ടി. ഇത്തരം ഗുണഭോക്താക്കൾക്ക് ഭൂമി നൽകുന്നതിനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും പ്രത്യേക മുൻകൈ എടുക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

 



നിലവിലുള്ള പരാതികൾ സമയബന്ധിതമായി പരിഹരിക്കാനും, നിർമ്മാണത്തിലിരിക്കുന്ന വീടുകൾ വേഗത്തിൽ പൂർത്തിയാക്കാനും, അനുവദിച്ച ഫണ്ട് ഉടനടി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങൾ 2024-25, 2025-26 വർഷങ്ങളിലെ തങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള അനുമതികൾ  ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് നിരീക്ഷിച്ച അദ്ദേഹം, 2026 ജൂൺ 30-നകം ഈ നടപടികൾ പൂർത്തിയാക്കാൻ അഭ്യർത്ഥിച്ചു.

 വീഡിയോ കോൺഫറൻസിനിടെ, 2026 ജൂൺ 5-ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഏക് പെഡ് മാ കെ നാം’ (അമ്മയുടെ പേരിൽ ഒരു തൈ) കാമ്പയിന്റെ ഭാഗമായി ഓരോ പി.എം.എ.വൈ -ജി ഗുണഭോക്താവും കുറഞ്ഞത് ഒരു തൈയെങ്കിലും നടണമെന്ന്  കേന്ദ്രമന്ത്രി പറഞ്ഞു.

PMAY-G പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങൾ മികച്ച സഹകരണമാണ് നൽകിയതെന്ന് ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറി രോഹിത് കൻസൽ പറഞ്ഞു. 2026-27 സാമ്പത്തിക വർഷത്തിലേക്ക് 11,121 കോടി രൂപയുടെ പ്രാരംഭ അനുമതി നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്നും, ഇപ്പോൾ 10,021 കോടിയിലധികം രൂപയുടെ അധിക അനുമതി കൂടി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നടപ്പു വർഷത്തെ ഭവന നിർമ്മാണ ലക്ഷ്യം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നും കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളുടെ . ഏകോപിത ശ്രമങ്ങളിലൂടെ ഇത് സമയബന്ധിതമായി കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം.എ.വൈ -ജി പദ്ധതി ഗ്രാമീണ ഇന്ത്യയിൽ അതിന്റെ വലിയ മാറ്റങ്ങളുടെ പ്രയാണം തുടരുകയാണ്. അർഹതപ്പെട്ട ഒരു ഗ്രാമീണ കുടുംബത്തിന് പോലും കോൺക്രീറ്റ് വീട് ഇല്ലാതിരിക്കില്ലെന്ന് ഉറപ്പാക്കാനും, അന്തസ്സുള്ള ജീവിതത്തിന് ആവശ്യമായ  സൗകര്യങ്ങൾ എല്ലാ കുടുംബങ്ങൾക്കും ലഭ്യമാക്കാനും ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

 

***


( റിലീസ് ഐ.ഡി: 2266444) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati , Kannada