ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

അപകടകരമായതും സ്ഫോടന ശേഷിയുള്ളതുമായ വസ്തുക്കളുടെ ഓൺലൈൻ വിൽപനയ്ക്കും ലിസ്റ്റിംഗിനുമെതിരെ സിസിപിഎ (CCPA) നിയന്ത്രണ നടപടികൾ ആരംഭിച്ചു

പോസ്റ്റഡ് ഓണ്‍: 27 MAY 2026 1:24PM by PIB Thiruvananthpuram
ഉപഭോക്തൃ സംരക്ഷണ നിയമം, 2019-ലെ വ്യവസ്ഥകൾ പ്രകാരം  ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ അപകടകരമായ രാസവസ്തുക്കൾ, സ്ഫോടകവസ്തുക്കൾ, മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയുടെ അനധികൃത ഓൺലൈൻ വിൽപനയ്ക്കും പരസ്യങ്ങൾക്കും എതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA),നിയന്ത്രണ നടപടികൾ ആരംഭിച്ചു. ഉപഭോക്തൃ സുരക്ഷ, പൊതു സുരക്ഷ, ഉത്തരവാദിത്വ പൂർണ്ണമായ ഇ-കോമേഴ്‌സ് രീതികൾ എന്നിവ ശക്തിപ്പെടുത്തുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യമാർട്ട് (IndiaMART),
 ജസ്റ്റ്‌ഡയൽ (Justdial),സിഗ്മ-ആൽഡ്രിച്ച് ഇന്ത്യ (Sigma-Aldrich India),ഡയൽ4ട്രേഡ് (Dial4Trade),എക്സ്പോർട്ടേഴ്സ് ഇന്ത്യ (ExportersIndia) എന്നിവ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ അപകടകരവും നിരോധിച്ചിട്ടുള്ളതുമായ വസ്തുക്കളുടെ ഓൺലൈൻ പരസ്യവും വിൽപനയും നടക്കുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിസിപിഎ നടപടി ആരംഭിച്ചത്.
 
 ഓൺലൈനിൽ ലഭ്യമായ ഉൽപ്പന്നങ്ങളിൽ   പലതും ശരിയായ സുരക്ഷാ സംവിധാനങ്ങളോ പരിശോധനകളോ ഇല്ലാതെ വിൽക്കുകയാണെങ്കിൽ, പൊതുസുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാവും.  സ്ഫോടകവസ്തുക്കളുടെ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും അപകടകരമായ രാസവസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം അപകടകരമായ വസ്തുക്കൾ ഓൺലൈനിലൂടെ അനധികൃതമായി ലഭ്യമാക്കുന്നത് ഗുരുതരമായ അപകടങ്ങളിലേക്കും നിയമവിരുദ്ധമായ വിതരണ ശൃംഖലകളിലേക്കും നയിച്ചേക്കാം.
 
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് അയച്ചു:
ബന്ധപ്പെട്ട ഇ-കോമേഴ്‌സ് സ്ഥാപനങ്ങൾക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും സിസിപിഎ നോട്ടീസ് അയക്കുകയും താഴെ പറയുന്ന വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്:
 * വിൽപനക്കാരുടെ വിവരങ്ങളും ലൈസൻസും 
 * വാങ്ങുന്നയാളെ സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ (Buyer verification)
 * വിറ്റഴിച്ച അളവ്
 * ഇറക്കുമതി വിവരങ്ങൾ
 * ബാധകമായ നിയന്ത്രണ അനുമതികൾ.
 
 ഓൺലൈനിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതോ പരസ്യം ചെയ്യപ്പെട്ടിട്ടുള്ളതോ ആയ പല അപകടകരമായ രാസവസ്തുക്കളും സ്ഫോടകവസ്തുക്കളും പൊതുസുരക്ഷയും അപകടകരമായ വസ്തുക്കളുടെ കൈകാര്യം ചെയ്യലും സംബന്ധിച്ച വിവിധ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിൽ നിയന്ത്രിക്കപ്പെട്ടതോ, നിരോധിക്കപ്പെട്ടതോ ആണെന്ന് പ്രാഥമിക പരിശോധനയിൽ സിസിപിഎ കണ്ടെത്തി.
ഇത്തരം വസ്തുക്കളുടെ ലിസ്റ്റിംഗ്, പരസ്യം, അല്ലെങ്കിൽ വിൽപന എന്നിവ അനുവദിക്കുന്നതിന് മുൻപ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഇടനിലക്കാരും കൃത്യമായ ജാഗ്രത പുലർത്തണമെന്നും ബാധകമായ എല്ലാ നിയമപരവും നിയന്ത്രണപരവുമായ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി .
 
നിരീക്ഷണത്തിലുള്ള അപകടകരമായ വസ്തുക്കൾ:
 അപകടകരവും നിയന്ത്രിക്കപ്പെട്ടതുമായ താഴെ പറയുന്ന ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപന, ലിസ്റ്റിംഗ്, പരസ്യം അല്ലെങ്കിൽ വിതരണ സഹായം എന്നിവയുമായി ബന്ധപ്പെട്ടാണ് നോട്ടീസുകൾ അയച്ചിട്ടുള്ളത്:
 * അമോണിയം നൈട്രേറ്റ് (Ammonium Nitrate)
 * വെടിമരുന്ന് (Gun Powder)
 * പിക്രിക് ആസിഡ് (Picric Acid)
 * പെന്റാഎറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ് (PETN) 
 
 പരിശോധന ശ്രമങ്ങളുടെ തുടർച്ചയായി, നിയന്ത്രിതവും അപകടകരവുമായ വസ്തുക്കൾ ഉൾപ്പെടുന്ന സമാനമായ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സിസിപിഎ ആകെ എട്ട് നോട്ടീസുകൾ നൽകി.
 
പെസോയുമായുള്ള (PESO) ഏകോപനം-
ഏകോപിത നിയന്ത്രണ നടപടിയുടെ ഭാഗമായി, അപകടകരമായതും സ്ഫോടന ശേഷിയുള്ളതുമായ വസ്തുക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമസംവിധാനം പരിശോധിക്കുന്നതിനായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) ഉദ്യോഗസ്ഥരുമായി,സിസിപിഎ യോഗം ചേർന്നു.
 
ബാധകമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി,ഇ-കോമേഴ്‌സ് സ്ഥാപനങ്ങൾ നൽകിയ വിൽപനക്കാരുടെ പട്ടിക പെസോയ്ക്ക് (PESO) കൈമാറിയിട്ടുണ്ട്.
 
അപകടകരമായ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആരംഭിച്ചു.:
 
സിസിപിഎയുടെ ഇടപെടലിനെയും കർശന നടപടികളെയും തുടർന്ന്, പല ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും അപകടകരമായ രാസവസ്തുക്കളും സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട പരസ്യങ്ങളും ഉൽപ്പന്ന വിശദാംശങ്ങളും നീക്കം ചെയ്യാനും നിരോധിക്കാനും നിയന്ത്രിക്കാനും ആരംഭിച്ചിട്ടുണ്ട്.
ഡിജിറ്റൽ വിപണികൾ നിയമവിരുദ്ധമായോ ഉപഭോക്തൃ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചോ അപകടകരമായ വസ്തുക്കൾ ലഭ്യമാക്കുന്നില്ല എന്ന് ഉറപ്പാക്കാനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയെ ഈ നടപടികൾ എടുത്തുപറയുന്നു .
 
വേഗത്തിൽ വളരുന്ന ഇ-കോമേഴ്‌സ് വ്യവസ്ഥിതിയിൽ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സുരക്ഷിതമായ ഡിജിറ്റൽ വിപണികൾ ഉറപ്പാക്കുന്നതിനും, അനുചിതമായ വ്യാപാര രീതികൾ തടയുന്നതിനും, ഉപഭോക്തൃ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും സിസിപിഎ പ്രതിജ്ഞാബദ്ധമാണ്.
 
****

( റിലീസ് ഐ.ഡി: 2265920) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil , Kannada